UPDATES

നോട്ടിനായി വീടുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കൂ: മോദിയ്ക്കും ആര്‍ബിഐയ്ക്കും നോട്ടിഫിക്കേഷന്‍

അഴിമുഖം പ്രതിനിധി

നോട്ട് പ്രതിസന്ധി ജനജീവിതം വലിയ തോതില്‍ സ്തംഭിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒരേസമയം രോഷം പ്രകടിപ്പിക്കുന്നതും രസകരവുമായ അഭിപ്രായപ്രകടനങ്ങള്‍ വരുന്നു. അത്തരമൊരു അഭിപ്രായപ്രകടനമാണ് അബ്ദുള്‍ കരീം ഉത്തല്‍കണ്ടിയിലിന്‌റേത്. റിസര്‍വ് ബാങ്ക് നിരന്തരം പ്രഖ്യാപിക്കുന്ന ഇളവുകളെ പരിഹസിക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയുമാണ്‌ പോസ്റ്റ്‌.

അബ്ദുള്‍ കരീമിന്‌റെ പോസ്റ്റ്:

റിസര്‍വ് ബാങ്ക് ഓരോ ദിവസവും ‘ഇളവുകള്‍’ പ്രഖ്യാപിച്ചുകൊണ്ടേ ഇരിക്കുകയാണല്ലോ. ഇന്നുമൊരു അടിപൊളി ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നുമുതല്‍ നടത്തുന്ന നിക്ഷേപം പരിധിയില്ലാതെ പിന്‍വലിക്കാം.പക്ഷേ പുതുതായി ഇറക്കിയ നോട്ടുകള്‍ ഉപയോഗിച്ചു നടത്തുന്ന നിക്ഷേപം മാത്രം. പിന്‍വലിക്കുമ്പോള്‍ തരുന്നതും പുതിയ 2000, 500 നോട്ടുകള്‍ ആയിരിക്കും.

പഴയൊരു തമാശയുണ്ട്. ഒരാള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊടുത്ത നോട്ട് പരിശോധിച്ചിട്ട് ബാങ്കിലെ ക്ലാര്‍ക്ക് പറഞ്ഞു: ‘ഇത് കീറിയതാ. എടുക്കാന്‍ പറ്റില്ല’. അപ്പോള്‍ നിക്ഷേപകന്‍: ‘അതിനു തനിക്കെന്താ? എന്റെ അക്കൗണ്ടില്‍ അല്ലേ ഇടുന്നത്’! ഇതിനെ വെല്ലുന്ന തമാശയാണ് ആര്‍ബിഐ ഇപ്പൊ പറയുന്നത്. നമ്മളിടുന്ന 2000, 500 നോട്ടൊക്കെ അവര്‍ നമുക്കായി സൂക്ഷിച്ചുവെക്കുമെന്ന്. ദിവസവും മാറി മാറി നോട്ടിഫിക്കേഷന്‍ ഇറക്കിക്കൊണ്ടിരിക്കുന്ന ആര്‍ബിഐ വിശ്വസിക്കുന്നത് ഇതൊക്കെ നാട്ടുകാര്‍ വെള്ളം തൊടാതെ വിഴുങ്ങുമെന്നാണ്. പുതിയ നോട്ടുകള്‍ ഇട്ടും എടുത്തും കളിച്ചാലെന്താ എന്ന് ചോദിക്കാന്‍ മോഡി ഭക്തര്‍ ഉണ്ടാവുമെന്ന സാധ്യത തള്ളിക്കളയുന്നില്ല.

ആളുകളൊന്നും കിട്ടിയ നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പോലും തിരികെ ബാങ്കില്‍ നിക്ഷേപിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ബാങ്കിംഗ് വ്യവസ്ഥയില്‍ തന്നെ ജനങ്ങള്‍ക്ക് വിശ്വാസ്യത ഇല്ലാതായിരിക്കുന്നു. നോട്ട് നിരോധനം തിരിഞ്ഞു കുത്തുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍. ജനങ്ങളേക്കാള്‍ നോട്ട് ക്ഷാമം നേരിടാന്‍ പോവുന്നത് റിസര്‍വ് ബാങ്കാണ്. ഈ നടപടി കറന്‍സി വിനിമയം സാധിക്കാന്‍ ഒന്നുമല്ല. കുറെ കോര്‍പ്പറേറ്റ് ഭീമന്മാരുടെ ഇന്‍വെസ്റ്റ്മെന്റ് നോട്ട് നിരോധനമെന്ന കുംഭകോണത്തിലുണ്ട്. അതൊക്കെ കൊടുക്കേണ്ടേ. അതിന് കറന്‍സി കടലാസായി തന്നെ വേണം. പ്ലാസ്റ്റിക്കും ഡിജിറ്റലും ഒന്നും പോര.

തിരിച്ചൊരു നോട്ടിഫിക്കേഷന്‍ ഇറക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ പുതിയ നോട്ടുകള്‍ വേണമെങ്കില്‍ മോഡിയോടും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരോടും വീടുകളില്‍ വന്ന് ക്യൂ നില്‍ക്കാന്‍ പറയണം. കുറേനേരം നിര്‍ത്തിയിട്ട് മനസ്സില്ല എന്നു പറയണം. ഇനിയൊരു നോട്ട് നിരോധനം അടുത്ത അമ്പതു വര്‍ഷത്തേക്ക് സാധിക്കില്ല എന്നാണ് അനുമാനം. അതുകൊണ്ട് കഴിയുന്നതും ആരും കിട്ടിയ നോട്ടുകള്‍ തിരികെ ഇടരുത്. അതായിരിക്കും ഒരുപക്ഷേ ചെയ്യാന്‍ സാധിക്കുന്ന ഏക പ്രതിരോധം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍