UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടികജാതിക്കാരിയാണെന്ന് തെളിയിക്കണം: രോഹിത് വെമുലയുടെ അമ്മയ്ക്ക് കളക്ടറുടെ നോട്ടീസ്

15 ദിവസത്തിനകം പട്ടിക ജാതിക്കാരിയാണെന്ന് തെളിയിച്ചില്ലെങ്കില്‍ ഗുണ്ടൂരിലെ മീ സേവ സെന്റര്‍ നല്‍കിയ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പട്ടിക ജാതിക്കാരിയാണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ട് രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയ്ക്ക് വീണ്ടും ജില്ലാ കളക്ടറുടെ നോട്ടീസ്. ഇത് മൂന്നാം തവണയാണ് ജാതി തെളിയിക്കാന്‍ ആവശ്യപ്പെട്ട് രാധിക വെമുലയ്ക്ക് നോട്ടീസ് നല്‍കുന്നത്. 15 ദിവസത്തിനകം പട്ടിക ജാതിക്കാരിയാണെന്ന് തെളിയിച്ചില്ലെങ്കില്‍ ഗുണ്ടൂരിലെ മീ സേവ സെന്റര്‍ നല്‍കിയ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം കഴിഞ്ഞ നവംബറില്‍ ഗുണ്ടൂര്‍ കളക്ടറേറ്റില്‍ പോയപ്പോള്‍ തങ്ങളെ അപമാനിച്ചതായും അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചതായും രോഹിത്തിന്റെ സഹോദരന്‍ രാജ വെമുല പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ രോഹിത്തിന്റെ ജാതി സംബന്ധിച്ച് അന്വേഷണത്തിന് കളക്ടര്‍ കാന്തിലാല്‍ ദാന്ദെ ഉത്തരവിട്ടിരുന്നു. രോഹിത് ഒബിസി വിഭാഗമായ വദ്ദേര സമുദായത്തില്‍ പെട്ടയാളാണെന്നും ദളിതല്ലെന്നും വാദമുയര്‍ത്തി അച്ഛന്‍ മണികുമാര്‍ വെമുല രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു ഇത്. ഒക്ടോബറില്‍ അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ രാധികയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. നവംബര്‍ രണ്ടിന് ഇവര്‍ കളക്ടറുടെ ഓഫീസില്‍ ഹാജരായി. തങ്ങള്‍ ദളിതുകളല്ലെന്ന് ആരോപിക്കുന്ന വിധത്തിലും അനാവശ്യ ചോദ്യങ്ങള്‍ കൊണ്ട് അപമാനിച്ചുമായിരുന്നു പെരുമാറ്റമെന്ന് രാജ വെമുല പറയുന്നു. മീ സേവ സെന്ററില്‍ നിന്ന് തന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണ് ചിത്രീകരിക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണാധികാരികള്‍ നടത്തുന്നത്. 2011ല്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ തുടങ്ങിയ ഇ ഗവേണിംഗ് കേന്ദ്രങ്ങളാണ് മീ സേവ സെന്ററുകള്‍. വിവിധ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമെല്ലാം മീ സേവ സെന്ററുകള്‍ വഴി നല്‍കുന്നുണ്ട്.

2015 ജൂണ്‍ 16ന് പട്ടികജാതി വിഭാഗമായ മാല സമുദായത്തില്‍ പെട്ടയാളാണെന്ന് കാണിച്ച് രോഹിത്തിന് ഗുണ്ടൂരിലെ മീ സേവ സെന്റര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഗുണ്ടൂര്‍ മണ്ഡല്‍ തഹസില്‍ദാര്‍ കെ ശിവനാരായണ മൂര്‍ത്തി സര്‍ട്ടിഫിക്കറ്റില്‍ ഒപ്പ് വയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അറിയില്ലെന്നാണ് ശിവനാരായണ മൂര്‍ത്തി പിന്നീട് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍