UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുപ്രസിദ്ധ മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് എല്‍ ചാപോ പിടിയില്‍

അഴിമുഖം പ്രതിനിധി

ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് രാജാവ് ജ്വോക്വിന്‍ എല്‍ ചാപോ ഗുസ്മാന്‍ അറസ്റ്റിലായി. ഇയാളെ പിടികൂടാനായി മെക്‌സിക്കോയിലെ സുരക്ഷാ ജീവനക്കാര്‍ നടത്തിയ ശ്രമത്തില്‍ നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു.

ആറ് മാസം മുമ്പ് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മെക്‌സിക്കന്‍ അധികൃതര്‍ വ്യാപകമായി തെരച്ചില്‍ നടത്തി വരികയായിരുന്നു. 1993-ലും 2014-ലും ഇയാള്‍ പിടിയിലായിരുന്നുവെങ്കിലും രണ്ടു തവണയും രക്ഷപ്പെട്ടു.

സിനാലോ സംസ്ഥാനത്തിലെ ലോസ് മോച്ചിസില്‍ നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. ഗുസ്മാന്റെ മയക്കുമരുന്ന സാമ്രാജ്യത്തിന്റെ ആസ്ഥാനമാണ് ലോസ് മോച്ചിസ്. കൊക്കെയ്‌നും മരിജുവാനയുമാണ് ഇവിടെ നിന്നുള്ള കപ്പലുകളില്‍ അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റി വിട്ടിരുന്നത്. അമേരിക്കയില്‍ എത്തുന്ന പകുതിയിലധികം ഹെറോയ്‌നും ഇവിടെ നിന്നുള്ളതാണ്.

നഗരത്തിലെ ഒരു വീട്ടില്‍ തോക്കുധാരികള്‍ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് മെക്‌സിക്കന്‍ നാവികസേനാംഗങ്ങള്‍ നടത്തിയ തെരച്ചലിനെ തുടര്‍ന്ന് വെടിവയ്പ്പുണ്ടായി. ഇതില്‍ ഒരു മെക്‌സിന്‍ മറീനിന് പരിക്കേറ്റുവെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

ദൗത്യം പൂര്‍ണമായി, നമുക്ക് അയാളെ കിട്ടി, മെക്‌സിക്കന്‍ പ്രസിഡന്റ് എന്റ്രിക്ക പെനാ നീറ്റോ ട്വീറ്റ് ചെയ്തു. ജ്വോക്വിന്‍ ഗുസ്മാനെ പിടികൂടിയതായി മെക്‌സിക്കക്കാരെ അറിയിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതി ആരോപണങ്ങളിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമങ്ങളിലും ഗുസ്മാന്‍ മെക്‌സിക്കോയിലെ ഏറ്റവും സുരക്ഷിതമായ ജയിലില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തിലും പെട്ട് ഉഴലുകയായിരുന്ന പെനാ നീറ്റോയ്ക്ക് ആശ്വാസമാകുന്നതാണ് ഗുസ്മാന്റെ അറസ്റ്റ്. മെക്‌സിക്കോയിലെ 122 കുപ്രസിദ്ധ കുറ്റവാളികളില്‍ 98 പേര്‍ കൊല്ലപ്പെടുകയോ പിടിയിലാകുകയോ ചെയ്യപ്പെട്ടുവെന്ന് പ്രസിഡന്റ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍