UPDATES

വിദേശം

ഐ എസിന് പിന്തുണ; ആന്‍ജെം ചൗദരി കുറ്റക്കാരന്‍

Avatar

അന്തോണി ഫെയോല
(വാഷിങ്ടണ്‍ പോസ്റ്റ്)

ബ്രിട്ടനിലെ വിവാദ ഇസ്ലാമിക് പ്രാസംഗികന്‍ ആന്‍ജെം ചൗദരിയെ ഇസ്ലാമിക് സ്റ്റേറ്റിനുള്ള പിന്തുണ വ്യാപിപ്പിക്കുന്നതില്‍ കുറ്റക്കാരനെന്നു കണ്ടെത്തി. ആഭ്യന്തര ഭീകരതയെ നേരിടുന്നതിലെ നാഴികക്കല്ലെന്നാണ് ഇതിനെ അധികൃതര്‍ വിശേഷിപ്പിച്ചത്.

യൂറോപ്പില്‍ ചെറുപ്പക്കാരെ തീവ്രവാദത്തിലേക്കു നയിക്കുകയും ഇസ്ലാമിക് സ്റ്റേറ്റിന്റെ ചീയര്‍ ലീഡറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നാല്‍പത്തിയാറുകാരനായ ചൗദരി കുറ്റക്കാരനെന്നു തെളിയുന്നത് ഇതാദ്യമാണ്. ബ്രിട്ടനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഉദാഹരണമാണ് ചൗദരിക്കെതിരെയുള്ള നടപടി. ഭീകരതയ്ക്കു പ്രേരിപ്പിക്കുന്നവരും നിയമത്തിന്റെ പിടിയിലാകുമെന്നു വ്യക്തമാക്കുന്നു ഈ സംഭവം.

ചൗദരിയുടെ അടുത്ത സഹായി മുഹമ്മദ് റഹ്മാനും കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടുണ്ട്. ഇരുവര്‍ക്കും 10 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാം. അവര്‍ എതിര്‍ക്കുന്ന അതേ ജനാധിപത്യത്തിന്റെ പഴുതുകളിലൂടെ വര്‍ഷങ്ങളായി നിയമത്തിന്റെ പിടിയിലാകാതെ കഴിയുകയായിരുന്നു ഇരുവരും. അഭിഭാഷക ബിരുദമുള്ള ചൗദരി തന്റെ വിവാദപ്രസ്താവനകളെ – ബ്രിട്ടനില്‍ കര്‍ശനമായ ഇസ്ലാമിക് നിയമങ്ങള്‍ ഏര്‍പ്പെടുത്തുക, ബക്കിങ്ഹാം കൊട്ടാരം മോസ്‌ക്കാക്കുക – അഭിപ്രായസ്വാതന്ത്ര്യമായാണ് വ്യാഖ്യാനിച്ചിരുന്നത്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പരസ്യമായി പിന്തുണയ്ക്കുക വഴി പരിധി ലംഘിച്ചത് നിയമത്തിനു തുണയായി.

സമൂഹമാധ്യമങ്ങളിലും യു ട്യൂബിലും പ്രഭാഷണങ്ങളും പ്രസ്താവനകളും വഴി ഇയാള്‍ യുവാക്കളോട് ഐഎസില്‍ ചേരാന്‍ ആവശ്യപ്പെട്ടു. ഐഎസിന്റെ യുദ്ധ കുറ്റകൃത്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടന്നവയല്ലെന്നു പറയുകയും ചെയ്തു. ഭീകരനെന്നു സംശയിക്കുന്ന ഒരാളുമായുള്ള സംഭാഷണത്തില്‍ ഐഎസിനോടു തനിക്കുള്ള കൂറ് ഇയാള്‍ പ്രഖ്യാപിച്ചു.

‘ഇരുവരും പൂര്‍ണ അറിവോടെ ഒരു ഭീകരസംഘടനയെ ന്യായീകരിക്കുകയും അതിനെ പിന്തുണയ്ക്കാന്‍ മറ്റുള്ളവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു,’ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസില്‍ ഭീകരതയ്ക്കതിരെയുള്ള വിഭാഗം തലവന്‍ സൂ ഹെമ്മിങ് പറഞ്ഞു. ‘ഇത്തരം സന്ദേശങ്ങളാല്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ളവരെ ആകര്‍ഷിക്കാന്‍ അവര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചു.’

ജൂണ്‍ 28ന് കുറ്റക്കാരെന്നു തെളിഞ്ഞെങ്കിലും ചൊവ്വാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ആറിന് ശിക്ഷ വിധിക്കും.

പരമ്പരാഗത മുസ്ലിം വസ്ത്രങ്ങള്‍ ധരിക്കുന്ന, കുറ്റിത്താടിയും സൗമ്യഭാഷണവുമുള്ള ചൗദരി യൂറോപ്പിലെങ്ങും ആഭ്യന്തര ഭീകരത വളര്‍ത്തുന്നവരില്‍ നേതൃസ്ഥാനത്താണെന്നും മുസ്ലിം യുവാക്കളെ മധ്യപൂര്‍വേഷ്യയില്‍ പോരാടാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഭീകരതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

‘വളരെക്കാലമായി ഇവരുടെ പ്രവര്‍ത്തനം ‘നിയമത്തിനകത്താണെന്നു മാത്രം’ എന്ന നിലയിലായിരുന്നു. ഭീകരതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും അവരുടെ സ്വാധീനത്തെയോ അവര്‍ പരത്തുന്ന വിദ്വേഷത്തെയോ ഭീകരസംഘടനകളില്‍ ചേരാന്‍ അവരാല്‍ പ്രേരിതരായ ആളുകളെയോ പറ്റി സംശയമുണ്ടായിരുന്നില്ല,’ മെട്രോപ്പൊലീറ്റന്‍ പൊലീസിലെ കൗണ്ടര്‍ ടെററിസം കമാന്‍ഡ് തലവന്‍ ഡീന്‍ ഹെയ്ഡന്‍ പറയുന്നു.

അന്വേഷണത്തില്‍ 20 വര്‍ഷത്തോളം വരുന്ന തെളിവുകളാണ് പരിഗണിച്ചതെന്ന് ഹെയ്ഡന്‍ അറിയിച്ചു. 333 ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്നുള്ള വിവരങ്ങളും ഇതില്‍പ്പെടും. 2014 ജൂലൈയില്‍ ചൗദരിയും റഹ്മാനും ഇന്‍ഡോനേഷ്യയില്‍ കുറ്റക്കാരനെന്നു തെളിഞ്ഞിട്ടുള്ള ഭീകരന്‍ മുഹമ്മദ് ഫാഷ്‌റിയെ കാണുകയും ഐഎസ് നേതാവ് അബു ബക്കര്‍ അല്‍ ബാഗ്ദാദിയോടുള്ള കൂറ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളും വഴി ചൗദരി പരസ്യമായി അറിയപ്പെടുന്ന ഭീകരരെ ന്യായീകരിക്കുകയും ഇസ്ലാമിക് നിയമത്തിന്റെ വ്യാപനം ആവശ്യപ്പെടുകയും ചെയ്തിരുന്നു.  പ്രസ്താവനകളിലെ പൊങ്ങച്ചത്തിന്റെ അളവ് വളരെ കൂടുതലാണെന്നതിനാല്‍ പ്രശസ്തി നേടുകയാണ് ചൗദരിയുടെ ലക്ഷ്യമെന്ന് പലരും കരുതിയിരുന്നു.

‘ഇസ്ലാം ലോകത്തെ പൂര്‍ണമായും കീഴടക്കുമെന്ന് ഞങ്ങള്‍ കരുതുന്നു,’ 2014ല്‍ ചൗദരി വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞു. ‘അത് ജയിംസ് ബോണ്ട് ചിത്രം പോലെ തോന്നിയേക്കാം. എന്നാല്‍ ഞങ്ങള്‍ അത് വിശ്വസിക്കുന്നു.’

കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷുകാരില്‍ ഭൂരിപക്ഷവും ചൗദരിയുടെ സംശയകരമായ സംഘടനകളിലെ അംഗങ്ങളോ അനുയായികളോ ആയിരുന്നുവെന്ന് ഭീകരതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 2013ല്‍ ലണ്ടന്‍ തെരുവില്‍ ബ്രിട്ടീഷ് പട്ടാളക്കാരന്‍ ലീ റിഗ്ബിയെ കൊലപ്പെടുത്തിയ രണ്ടുപേരും ഇതില്‍ ഉള്‍പ്പെടും.

ചൗദരിക്കെതിരെ നിരവധി ആരോപണങ്ങള്‍ മുന്‍പുതന്നെ ഉണ്ടെങ്കിലും നിയമവിരുദ്ധമായി പ്രകടനം നടത്തിയെന്ന ഒന്നൊഴികെ മറ്റൊന്നും തെളിയിക്കപ്പെട്ടില്ല.

2014 സെപ്റ്റംബറിലാണ് ചൗദരിക്കെതിരെ ഗൗരവമായ കുറ്റം ചുമത്താന്‍ ബ്രിട്ടീഷ് അധികൃതര്‍ക്കായത്. ഭീകരതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ‘ഹേറ്റ് നോട്ട് ഹോപ്’എന്ന സംഘടന തയാറാക്കിയ വിശദപഠനത്തില്‍ ചൗദരിയുമായും അയാളുടെ അല്‍ മുഹാജിറോന്‍ ശൃംഖലയുമായും ബന്ധമുള്ള നൂറിലധികം ബ്രിട്ടീഷുകാര്‍ സിറിയയില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയതായി കണ്ടു. കണ്ടാല്‍ മാന്യനെങ്കിലും ഭീകരതയുമായി ആഴത്തിലുള്ള ബന്ധം ചൗദരിക്കുണ്ടെന്നും കണ്ടെത്തി.

യുദ്ധത്തിനു പോകാന്‍ ജിഹാദികളെ ഒരിക്കലും പ്രേരിപ്പിച്ചിട്ടില്ലെന്നാണ് ചൗദരിയുടെ നിലപാട്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ‘മതപരമായ ഉട്ടോപിയ’ എന്ന നിലയില്‍ പുകഴ്ത്തുക അയാളുടെ പതിവായിരുന്നു.

‘ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലുള്ള പ്രദേശം നിങ്ങള്‍ നോക്കിയാല്‍ യൂദന്മാരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും സുരക്ഷിതരായി ഒരുമിച്ചു ജീവിക്കുന്നതു കാണാം,’ ചൗദരി ഗാര്‍ഡിയനോടു പറഞ്ഞു. ‘ആളുകളെ കൊന്നൊടുക്കുന്നു എന്നതു ശരിയല്ല. എന്നാല്‍ മുന്‍ഭരണകൂടവുമായി ബന്ധമുള്ളവര്‍ക്കും മുസ്ലിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നവര്‍ക്കും എതിരെ പോരാട്ടം നടക്കുമെന്നത് ഉറപ്പാണ്.’

ശരിയ ഫോര്‍ ബെല്‍ജിയം തുടങ്ങി യൂറോപ്പിലെ അനവധി തീവ്രവാദസംഘടനകളുമായി ചൗദരിക്ക് ദീര്‍ഘകാലബന്ധമുണ്ട്. ചെറുപ്പക്കാരെ ഐഎസില്‍ ചേരാനും ആഭ്യന്തര ഭീകര വളര്‍ത്താനും സഹായിക്കുന്നു എന്നു കണ്ടതിനാല്‍ ശരിയ ഫോര്‍ ബെല്‍ജിയം ബെല്‍ജിയത്തില്‍ നിരോധിത സംഘടനയാണ്.

‘ഈ വര്‍ഷമത്രയും അയാളെ തുടരാന്‍ അനുവദിച്ചു എന്നത് അവിശ്വസനീയമാണ്,’ ഹേറ്റ് നോട്ട് ഹോപ്പിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നിക്ക് ലോലസ് പറയുന്നു. ‘ഇത് അയാളുടെ സംഘടനയെ അവസാനിപ്പിക്കും. മറ്റുള്ളവര്‍ അയാളുടെ സ്ഥാനം ഏറ്റെടുക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്ക് ഇയാളുടെയത്ര വിശ്വസനീയതയോ മാധ്യമ പ്രതിച്ഛായയോ ഉണ്ടാകില്ല.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍