UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മാനസ നിളയില്‍ പൊന്നോളങ്ങള്‍ മഞ്ജീര ധ്വനി ഉണര്‍ത്തി’ നൌഷാദിന്‍റെ ഓര്‍മ്മ

Avatar

കെ പി എസ് കല്ലേരി

ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇന്നും മറയാതെ ജീവിക്കുന്ന നൗഷാദിന്റെ പ്രിയപുത്രനെ അടുത്തുകിട്ടിയപ്പോള്‍ കോഴിക്കോട്ടുകാര്‍ക്ക് ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. പിതാവിനെക്കുറിച്ച്, അദ്ദേഹത്തിന്റെ സംഗീതത്തെക്കുറിച്ച്, അതിലെ മാസ്മരികതയെപ്പറ്റി, ധ്വനിക്കുശേഷം പിന്നീട് മലയാളത്തെ മറന്നതെന്തേ എന്ന്…കോഴിക്കോട്ടെത്തിയത് ഒരു സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമായതിനാല്‍ ഒരുപാടൊന്നും സംസാരിക്കാന്‍  റഹ്മാന്‍  നൗഷാദിന് കഴിഞ്ഞില്ല. എന്നാലും തിരക്കുകള്‍ക്കിടെ വീണുകിട്ടിയ അല്‍പ്പനിമിഷങ്ങളില്‍അദ്ദേഹം തന്‍റെ പിതാവിന്‍റെ ആരാധകര്‍ക്ക് മുന്‍പില്‍ മനസ് തുറന്നു. കുറച്ച് വാക്കുകള്‍ മാത്രം. എങ്കിലും ആ കുറച്ച് പറഞ്ഞതില്‍ കുറെയൊക്കെ ഉണ്ടായിരുന്നു.

പിതാവിനോട് ഇത്രയും സ്‌നേഹമോ…? അത്ഭുതം തോന്നുന്നു. റഫി, മുകേഷ്, കിഷോര്‍,ലതാ മങ്കേഷ്‌ക്കര്‍.. ലോകം ഇപ്പോഴും കേട്ടുകൊണ്ടിരുക്കുകയാണ്. ഇവരുടെയല്ലാം മാസ്മരിക ശബ്ദം ഏറെയും കേട്ടത് പിതാവിലൂടെയാണ്. എന്നിട്ടും അവിടെയൊന്നും കാണാത്തത്രയും ആരാധകര്‍ രാജ്യത്തിന്റെ തെക്കെ അറ്റത്തിരിക്കുന്ന കൊച്ചു കേരളത്തില്‍ പിതാവിന് കിട്ടുന്നു. എങ്ങിനെ അത്ഭുതപ്പെടാതിരിക്കും…(റഹ്മാന്റെ ചുണ്ടുകള്‍ അറിയാതെ മാനസ നിളയില്‍ പൊന്നോളങ്ങള്‍…മൂളി)

എനിക്കും പ്രിയമാണ് ധ്വനിയിലെ പാട്ടുകള്‍…റഫിയേയും കിഷോറിനേയുമൊക്കെ സ്‌നേഹിക്കുമ്പോഴും നിങ്ങളുടെ യേശുദാസ് പാടിയ ധ്വനിയിലെ പാട്ടുകളെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. അതിനുശേഷം എത്രയോ പാട്ടുകള്‍ വന്നുപോയിട്ടും ധ്വനിയിലെ ഗാനങ്ങള്‍ ഇപ്പോഴും മലയാളിക്ക് പ്രിയപ്പെട്ടതാണെന്നറിയുമ്പോള്‍ ഏറെ സന്തോഷമുണ്ട്. ധ്വനിയിലെ ഗാനങ്ങള്‍ ഗാനരചിയിതാവ് യൂസഫലി കേച്ചേരി ഉറുദു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ശേഷം അര്‍ത്ഥം മനസിലാക്കിയാണ് പിതാവ് കമ്പോസ് ചെയ്തത്. വരികളുടെ അര്‍ഥമറിയാതെ ഒറ്റപ്പാട്ടുപോലും അദ്ദേഹം ചെയ്തിട്ടില്ല. മലയാളത്തില്‍ പാട്ടുകള്‍ ചെയ്യുക ഈ രീതിയില്‍ ചിന്തിക്കുന്ന ആളെ സംബന്ധിച്ച് വിഷമകരമായതിനാലാണ് പിതാവ് പിന്നീട് മലയാളത്തിലേക്ക് വരാതിരുന്നത് എന്നാണ് എനിക്ക് തോന്നിയത്. പിന്നെ അക്കാലത്ത് ഹിന്ദിയില്‍ അദ്ദേഹത്തിന് ശ്വാസം വിടാന്‍പോലും സമയവുമുണ്ടായിരുന്നില്ല. ഏഴ് പതിറ്റാണ്ടുകളിലായി നാല് തലമുറകള്‍ക്ക് വേണ്ടിയാണ് പിതാവ് ഗാനങ്ങള്‍ കമ്പോസ് ചെയ്തത്.

മെലഡി ഗാനങ്ങള്‍ക്കു മാത്രമേ കാലങ്ങളെ അതിജീവിച്ച് നിലനില്‍ക്കാനാകുകയുള്ളൂ. വരിക്കും ഭാവങ്ങള്‍ക്കും യോജിച്ച സംഗീതം നല്‍കുന്ന രീതിയില്‍ പിറവിയെടുത്ത ഗാനങ്ങള്‍ക്കാണ് നിലനില്‍പ്പുള്ളത്. ഇപ്പോള്‍ ഇറങ്ങുന്ന പല ഗാനങ്ങള്‍ക്കും പാട്ടിനേക്കാള്‍ പ്രാധാന്യം സംഗീതത്തിനാണ്. അതുകൊണ്ടാണ് അത്തരം ഗാനങ്ങള്‍ പെട്ടെന്ന് വിസ്മരിക്കപ്പെടുന്നത്. സംഗീതത്തിന്റെ കലമ്പല്‍ നല്ല പാട്ടിനേയും നല്ല പാട്ടുകാരനേയും ഇല്ലാതാക്കും.

പിതാവിന്റെ പാതയില്‍ നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ടെങ്കിലും സംഗീതത്തേക്കാള്‍ താല്‍പര്യം റഹ്മാന് സംവിധാനത്തോടാണ്. നാല് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം ശരിയായ രീതിയില്‍ പഠന വിധേയമാക്കിയാണ് താന്‍ സിനിമകള്‍ സംവിധാനം ചെയ്യാറുള്ളത് (തേരി പായല്‍ മേരെ ഗീത്, 1985). പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് അടുത്ത സിനിമ. ഭാഷ അറിയാത്തതിനാലും സമയം വൈകിയതിനാലും മലയാളത്തില്‍ സിനിമ ചെയ്യുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍