UPDATES

വായന/സംസ്കാരം

എഴുത്തുകാര്‍ പൊളിറ്റിക്കലി ഇന്‍കറക്ടായി എഴുതണം-എം മുകുന്ദന്‍

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം സമഗ്രമായിട്ട് ആവിഷ്ക്കരിക്കുന്ന ഒരു നോവല്‍; അതായിരിക്കും ഭാവിയില്‍ ആഘോഷിക്കപ്പെടുക

ഒരു ചരിത്രകാരന്‍ ചരിത്രത്തെ സമീപിക്കുന്നത് ഒരു രീതിശാസ്ത്രത്തിലൂടെയാണ്. ആ രീതിശാസ്ത്രത്തിന്‍റെ പരിമിതികള്‍ക്കുള്ളിലും അച്ചടക്കത്തിനുള്ളിലും അതിന്‍റെ ശാഠ്യങ്ങള്‍ക്കുള്ളിലും നിന്നുകൊണ്ടാണ് ചരിത്രകാരന്‍ ചരിത്രത്തെ സമീപിക്കുന്നത്. എഴുത്തുകാരന് അങ്ങനെയൊരു രീതിശാസ്ത്രം ഇല്ല. അതുകൊണ്ട് തന്നെ എഴുത്തുകാരന് സ്വാതന്ത്ര്യം ഉണ്ട്. ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത് എന്നുള്ളതാണ് പ്രശ്നം. ഭാവനയ്ക്ക് അതിരുകള്‍ ഇല്ലല്ലോ. എത്രമാത്രം ഭാവന അതില്‍ കൊണ്ടുവരാം, അതില്‍ എവിടെയാണ് നിയന്ത്രണം കൊണ്ട് വരേണ്ടത് എന്നുള്ളതാണ് ഞാന്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എഴുതുമ്പോള്‍ ആലോചിച്ചത്. അതോടൊപ്പം തന്നെ എനിക്കു ചരിത്ര നോവല്‍ എഴുതാന്‍ ഇഷ്ടമാണ്. ചരിത്രകാരന്‍മാര്‍ കൈകാര്യം ചെയ്യുന്ന ചരിത്രം അക്കാദമിക് തലങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണ്. അത് ജനങ്ങളില്‍ എത്തുന്നില്ല. ഒരു ദേശത്തിന്‍റെ ചരിത്രം അല്ലെങ്കില്‍ ഒരു രാജ്യത്തിന്‍റെ ചരിത്രം ജനങ്ങളില്‍ എത്തുന്നത് നോവലുകളില്‍ കൂടിയാണ്. എഴുത്തുകാര്‍ ഇല്ലായിരുന്നുവെങ്കില്‍ ചരിത്രം എന്നത് അക്കാദമിക് സര്‍ക്കിളില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്നു. അപ്പോള്‍ ചരിത്രത്തെ ജനകീയമാക്കുന്ന ഒരു സത്ക്കര്‍മ്മമാണ് നോവലിസ്റ്റുകള്‍ ചെയ്യുന്നത്.

ചരിത്രത്തെ ഞാന്‍ ആദ്യം മനസ്സിലാക്കുന്നത് ഏതെങ്കിലും ഒരു പുസ്തകത്തില്‍ നിന്നല്ല. ഞാന്‍ ചരിത്രത്തെ മനസ്സിലാക്കുന്നത് തോറ്റങ്ങളില്‍ നിന്നാണ്. ഞങ്ങളുടെ നാട്ടിലൊക്കെ കാവുകള്‍ ഉണ്ട്. അവിടെ തെയ്യങ്ങള്‍ തോറ്റം ചൊല്ലും. ചിലപ്പോള്‍ മണിക്കൂറുകളോളം അവരിത് ചൊല്ലിക്കൊണ്ടിരിക്കും. പിന്നെ കുറെ കര്‍മ്മങ്ങള്‍ ചെയ്യും. ഈ തോറ്റങ്ങളിലാണ് ദേശത്തിന്‍റെ ചരിത്രം വരുന്നത്. നമ്മുടെ നാട്ടില്‍ ചില നാട്ടു ദൈവങ്ങള്‍ ഉണ്ട്. പറശ്ശിനിക്കടവ് മുത്തപ്പന്‍, വയനാടന്‍ കുലവന്‍ ഇങ്ങനെയുള്ള നാട്ടുദൈവങ്ങളെ തോറ്റങ്ങളിലൂടെയാണ് ഞാന്‍ അറിയുന്നത്. തോറ്റങ്ങളില്‍ അവരുടെ കഥയും അവരുടെ ജീവിതവുമാണ് ഉള്ളത്. എന്‍റെ ദൈവ സങ്കല്‍പ്പത്തെ പോലും മാറ്റി മറിച്ച ഒന്നാണ് തോറ്റങ്ങള്‍. കള്ള് കുടിക്കുന്ന ദൈവങ്ങള്‍. പറശ്ശിനിക്കടവ് മുത്തപ്പന്‍ കള്ളാണ് കുടിക്കുന്നത്. നമ്മള്‍ മടപ്പുരയില്‍ ചെല്ലുമ്പോള്‍ പൂക്കളല്ല കൊടുക്കുന്നത്. കള്ളാണ് കൊടുക്കുന്നത്. ഞാന്‍ ഡെല്‍ഹിയില്‍ നിന്നു വരുമ്പോള്‍ പലപ്പോഴും എനിക്കു എംബസിയില്‍ നിന്നു കിട്ടുന്ന സ്കോച്ച് ഞാന്‍ മുത്തപ്പന് കൊണ്ടുപോയി കൊടുക്കാറുണ്ട്. സ്കോച്ച് വിസ്ക്കി ആസ്വദിക്കുന്ന ദൈവത്തിനെ ഞാന്‍ അറിയുന്നതു തോറ്റങ്ങളില്‍ കൂടിയാണ്. അല്ലാതെ അക്കാദമിക് ആയിട്ടുള്ള വലിയ ചരിത്ര ഗ്രന്ഥങ്ങളില്‍ കൂടിയല്ല. സാധാരണക്കാരായ തെയ്യം കെട്ടുന്ന ആളുകള്‍ ചൊല്ലുന്ന തോറ്റങ്ങളില്‍ കൂടിയാണ് ഞാന്‍ ചരിത്രത്തിലേക്ക് കടന്നു പോയത്.

വെള്ളിയാങ്കല്ല്

പിന്നീട് ഈ തോറ്റങ്ങളുടെ ആ മാസ്മരിക ലോകത്ത് നിന്ന് കുറച്ചു കൂടെ വര്‍ണ്ണാഭമായ ചലനാത്മകമായ ലോകത്തിലേക്ക് ഞാന്‍ കടന്നു. അത് മിത്താണ്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവല്‍ നില്‍ക്കുന്നത് മിത്തിലാണ്. വെള്ളിയാങ്കല്ല് എന്ന ആ ഒരു സങ്കല്‍പ്പം ഉള്ളത് കൊണ്ടാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവല്‍ ആളുകള്‍ വായിക്കുന്നത്. അതൊരു ക്ലാസ്സിക് കൃതിയായിട്ട് വന്നതിനുള്ള കാരണം ആ ഒരു സങ്കല്‍പ്പമാണ്, മിത്താണ്. അല്ലെങ്കില്‍ അതൊരു സാധാരണ ചരിത്രനോവലായിട്ട് മാറിപ്പോകുമായിരുന്നു. ആ മിത്ത് പൂര്‍ണ്ണമായിട്ടും അവിടെ ഉള്ളതൊന്നും അല്ല. കുറച്ചൊക്കെ ഞാന്‍ സൃഷ്ടിച്ചതാണ്. എന്നോടു പലരും പറയാറുണ്ട് നിങ്ങള്‍ സൃഷ്ടിച്ച മിത്തല്ലേ അതെന്ന്. അപ്പോള്‍ എന്‍റെ മറുപടി എല്ലാ മിത്തുകളും ആരെങ്കിലും സൃഷ്ടിച്ചതാണ്. ഒരു മിത്ത് മുകുന്ദനും സൃഷ്ടിക്കട്ടെ എന്നാണ്. പക്ഷേ പൂര്‍ണ്ണമായിട്ടും എന്‍റെ സൃഷ്ടിയല്ല അത്. വെള്ളിയാങ്കല്ല് അങ്ങനെയൊന്ന് അവിടെയുണ്ട്. നമുക്ക് പോയി കാണാം. എന്‍റെ കുട്ടിക്കാലത്ത് ആര്‍ക്കും അവിടെ പോകാന്‍ കഴിയില്ലായിരുന്നു. മുക്കുവ സമുദായത്തിലെ ആളുകള്‍ വ്രതം നോറ്റ് ചില അനുഷ്ഠാന കര്‍മ്മങ്ങളൊക്കെ ചെയ്താണ് അവിടെ പോയിരുന്നത്. അത്രമാത്രം ദിവ്യത കല്‍പ്പിച്ചിരുന്നു ആ സ്ഥലത്തിന്. അല്ലാതെയൊന്നും പോകാന്‍ പാടില്ല എന്ന വിശ്വാസം ഉണ്ടായിരുന്നു. കാരണം അവിടെ ആത്മാവുകള്‍ ഉണ്ട് എന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു. വെള്ളിയാങ്കല്ല് ഉണ്ടായിരുന്നത് ഭൂമിയിലും കടലിലും അല്ല മറ്റെവിടെയോ ആണെന്ന ഒരു വിശ്വാസവും സങ്കല്‍പ്പവും ഉണ്ടായിരുന്നു. ആ ഒരു കാലത്താണ് ഞാന്‍ ആ സങ്കല്‍പ്പത്തില്‍ നോവല്‍ എഴുതുന്നത്. ഇന്നിപ്പോള്‍ ആര്‍ക്കും വെള്ളിയാങ്കല്ലിലേക്ക് പോകാന്‍ കഴിയും എന്നായി. പഴയ കാലത്ത് നമ്മള്‍ക്കവിടെ പോകാന്‍ കഴിയില്ല. വളരെ ദൂരെയായിരുന്നു അത്. ഇപ്പോള്‍ മയ്യഴിയിലെ ടൂറിസം വകുപ്പ് അവരുടെ മോട്ടോര്‍ ബോട്ടില്‍ 1500 രൂപ കൊടുത്താല്‍ അവിടെ കൊണ്ട് പോകും. പോകുമ്പോള്‍ മാഹിയില്‍ നിന്നു രണ്ടോ മൂന്നോ കുപ്പികള്‍ കൊണ്ട് പോകാം. അങ്ങനെ കുപ്പികളുമായിട്ട് പോകാവുന്ന ഒരു സ്ഥലമായിട്ട് വെള്ളിയാങ്കല്ല് മാറുകയാണ്. അവിടെ ഇപ്പോള്‍ കല്ലുകളല്ല മദ്യക്കുപ്പികളാണ് ഉള്ളതെന്ന് ഈ അടുത്ത കാലത്ത് എന്നോടൊരാള്‍ പറഞ്ഞു. മിത്തിന്‍റെ ആ സ്വഭാവം മാറി അത് സാധാരണ സ്ഥലമായ ഒരവസ്ഥയിലേക്ക് എത്തുകയാണ്. എനിക്കു സന്തോഷം എന്താണെന്ന് വെച്ചാല്‍ എന്‍റെ നോവലിലെ വെള്ളിയാങ്കല്ലിലേക്ക് ആര്‍ക്കും 1500 രൂപ കൊടുത്തു പോകാന്‍ കഴിയില്ല. ആര്‍ക്കും ഒരു മദ്യക്കുപ്പിയും അവിടെ കൊണ്ട് പോകാന്‍ കഴിയില്ല. ആ മിത്ത് അങ്ങനെ തന്നെ നില്‍ക്കുന്നുണ്ട്. അവിടെ കാലാകാലം തുമ്പികള്‍ പറന്നുകൊണ്ടിരിക്കും. അവിടെ ആത്മാവുകള്‍ ഉണ്ടാകും. എത്രതന്നെ ടൂറിസം വികസിച്ചാലും യന്ത്രബോട്ടുകള്‍ക്ക് എത്ര തന്നെ വേഗത വര്‍ദ്ധിച്ചാലും നാളെ ഒരു പക്ഷേ ഹെലികോപ്റ്ററില്‍ അവിടെ പോയി ഇറങ്ങാന്‍ സൌകര്യം ഉണ്ടായാലും അപ്പോഴും എന്‍റെ നോവലിലെ മിത്തിനെ ഇതൊന്നും ബാധിക്കില്ല. ഒരു സാങ്കേതികമായ പുരോഗതിയും ഒരു ടൂറിസവും ഒന്നും അതിനെ ബാധിക്കില്ല. എന്‍റെ മിത്ത് അതേപോലെ അവിടെ ഉണ്ടാകും. ദാസനും ചന്ദ്രികയും തുമ്പികളായിട്ട് അതേപോലെ അവിടെ ഉണ്ടാകും. അതാണ് ഞാന്‍ ഒരു ചരിത്ര നോവലില്‍ കൂടി ചെയ്തിട്ടുള്ളത്. അതൊരു ചെറിയ കാര്യമാണോ വലിയ കാര്യമാണോ എന്നെനിക്കറിയില്ല. അത് വരും തലമുറകള്‍ തീരുമാനിക്കേണ്ടതാണ്. ഇത്രയെങ്കിലും എനിക്കു ചെയ്യാന്‍ സാധിച്ചതില്‍ എനിക്കു വളരെയധികം സന്തോഷം ഉണ്ട്.

നമ്മള്‍ ചരിത്ര നോവല്‍ എന്നു പറയുമ്പോള്‍ വാസ്തവത്തില്‍ എല്ലാ നോവലുകളിലും ചരിത്രമുണ്ട്. ചരിത്രം ചിതറിക്കിടക്കാത്ത ഏത് നോവലാണ് ഉള്ളത്. നമ്മള്‍ വായിക്കുന്ന എല്ലാ നോവലിലും ചരിത്രമുണ്ട്. പലയിടങ്ങളില്‍ അതിങ്ങനെ ചിതറിച്ചിതറിക്കിടക്കുയാണ്. പഴയകാലത്താണെങ്കില്‍ ചരിത്രം എന്നു പറയുന്നതു വലിയ സാമൂഹ്യ ചലനങ്ങളായിരുന്നു. പ്രധാനമായിട്ടും യുദ്ധങ്ങളായിരുന്നു. ഇപ്പോള്‍ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും അതിനെ ആരും ചരിത്ര നോവല്‍ എന്നു വിളിക്കുന്നില്ല. പക്ഷേ അതില്‍ മുഴുവന്‍ ചരിത്രമാണ്. അവിടത്തെ ഫ്യൂഡല്‍ സിസ്റ്റം പ്രഭുക്കന്മാരുമായിട്ടും നാട്ടുരാജാക്കന്‍ മാരുമായിട്ടും പ്രശ്നങ്ങള്‍. അതൊക്കെയാണ് അതില്‍ പറയുന്നതു. അങ്ങനെ നോക്കുമ്പോള്‍ എല്ലാ കൃതികളിലും സമഗ്രമായിട്ടല്ലെങ്കിലും ചരിത്രം ചിതറിക്കിടക്കുന്നുണ്ട് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ചരിത്രമില്ലാതെ ചരിത്ര ബോധം ഇല്ലാതെ നമുക്ക് എഴുതാന്‍ കഴിയുകയുമില്ല. ഞാനൊരു ബുദ്ധിജീവി അല്ല. ഒരു. സൈദ്ധാന്തികനും അല്ല. സൈദ്ധാന്തികനാകുമ്പോള്‍ ഞാന്‍ നേരത്തെ പറഞ്ഞപോലെ രീതി ശാസ്ത്രത്തിന്‍റെ പ്രശ്നം വരും. സൈദ്ധാന്തികനായിക്കഴിഞ്ഞാല്‍ ചരിത്രം വളരെ റിജിഡായിട്ടുള്ള ഒന്നാകും. അത് ജൈവമായിട്ടുള്ള ഒന്നല്ലാതാകും. ഒരു സൈദ്ധാന്തികന്‍ കൈകാര്യം ചെയ്യുന്ന ചരിത്രം എന്നുള്ളത് അങ്ങനെയുള്ള ഒന്നല്ല. ബുദ്ധിജീവി ആയിക്കഴിഞ്ഞാല്‍ ചരിത്രത്തെ പ്രത്യയശാസ്ത്രപരമായി നിര്‍വ്വചിക്കാന്‍ ശ്രമിക്കും. ബുദ്ധിജീവി അല്ലാതെയും സൈദ്ധാന്തികനല്ലാതെയും ചരിത്രത്തെ നിര്‍വ്വചിക്കുന്ന ഒരു രീതിയാണ് എനിക്കെപ്പോഴും സ്വീകാര്യമായിട്ടുള്ളത്. എന്‍റേതായ ഒരു രീതി, ഭാവനയുടെ ഒരു ലോകം, സങ്കല്‍പ്പത്തിന്‍റെ ഒരു ലോകം അതാണ് എനിക്കിഷ്ടപ്പെട്ട വഴി.

ലോകത്തിന്‍റെ ചരിത്രം, യുദ്ധത്തിന്‍റെ ചരിത്രം, വലിയ സാമൂഹിക ചലനങ്ങളുടെ ചരിത്രം എന്നുള്ളതില്‍ നിന്ന് ഇന്ന് ചരിത്രം ഒരുപാട് മാറിപ്പോയി. പ്രണയത്തിന്‍റെ ചരിത്രമുണ്ട്, വിശപ്പിന്റെ ചരിത്രമുണ്ട്, പ്രാദേശിക ഭാഷയുടെ ചരിതമുണ്ട്, സംഗീതത്തിന്‍റെ ചരിത്രമുണ്ട്. സെക്സിന്റെ ചരിത്രം പോലുമുണ്ട്. ഫൂക്കോവിന്‍റെ ഒരു പുസ്തകത്തിന്‍റെ പേര് ‘ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റി’ എന്നാണ്. അങ്ങനെ ചരിത്രം എന്ന ആ കാഴ്ചപ്പാട് തന്നെ മാറിപ്പോയി. അതായത് സ്ഥൂലതയില്‍ നിന്ന് അതിന്‍റെ സൂക്ഷ്മതയിലേക്ക് മാറിയിട്ടുണ്ട്. നമ്മളിപ്പോള്‍ സ്പെഷലൈസേഷന്‍റെ കാലത്താണല്ലോ ജീവിക്കുന്നത്. അതുപോലെ ചരിത്രത്തിലും സ്പെഷലൈസേഷന്‍ ഉണ്ട്. വെള്ളത്തിന്‍റെ ചരിത്രത്തെ കുറിച്ചുള്ള ഒരു പുസ്തകം ഉണ്ട്. അത് മധ്യയുഗത്തില്‍ വെള്ളം എങ്ങനെ ഉപയോഗിച്ചു എന്നുള്ളതിനെ കുറിച്ചാണ്. ഫുക്കോ സെക്സിന്‍റെ ചരിത്രം പറയുന്നതുപോലെ ഫ്രഞ്ചുകാരന്‍ വെള്ളത്തിന്‍റെ ചരിത്രം പറയുകയാണ്. ചരിത്രം ഇന്ന് എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്. ചരിത്രം എന്നു പറയുന്നതു വളരെ പിറകോട്ട് സേതുവിന്‍റെ ‘ആലിയ’യില്‍ ഉള്ളതുപോലെ ആയിരം കൊല്ലത്തോളം പഴയ കാലത്തിലേക്ക് പോകുന്നതോടൊപ്പം തന്നെ സമീപ കാല ചരിത്രവും നോവലില്‍ നമുക്ക് ആവിഷ്ക്കരിക്കാം. ടി ഡി രാമകൃഷ്ണന്‍റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലില്‍ അടുത്ത കാലത്തുള്ള ചരിത്രമാണ് ഉള്ളത്. ഇങ്ങനെ മിക്കവാറും സമീപ കാലത്ത് നടക്കുന്ന ചരിത്രത്തെ കുറിച്ച് ഇംഗ്ലീഷ് ഭാഷകളില്‍ ഒക്കെ ഒരുപാട് പുസ്തകങ്ങള്‍ ഉണ്ട്. ട്രൂമാന്‍ കപോര്‍ട്ടിന്‍റെ ‘ഇന്‍ കോള്‍ഡ് ബ്ലഡ്’ എന്ന നോവല്‍ അതുപോലെ ഒന്നാണ്. അദ്ദേഹം അതിനെ നോവല്‍ എന്നു വിളിക്കുന്നില്ല. അദ്ദേഹം പറയുന്നതു നോണ്‍ ഫിക്ഷന്‍ നോവല്‍ എന്നാണ്. അങ്ങനെ പറയുമ്പോള്‍ നമ്മള്‍ എങ്ങനെയാണ് അതിനെ മനസ്സിലാക്കേണ്ടത്? കാരണം എല്ലാ നോവലും ഫിക്ഷനാണെന്നാണ് നമ്മുടെ ധാരണ. അതില്‍ അദ്ദേഹം പറയുന്നതു ഒരു കുടുംബത്തിലെ നാലുപേരെ അക്രമികള്‍ കയറി കൊന്നതിനെ കുറിച്ചാണ്. ആരാണ് കൊന്നത് എന്നതിനെ കുറിച്ച് വളരെ വിശദമായിട്ടുള്ള 8 വര്‍ഷം അന്വേഷണം നടത്തിയിട്ടാണ് അദ്ദേഹം അത് എഴുതിയത്. അത് അമേരിക്കയില്‍ ഒരുപാട് വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഒരു പുസ്തകമാണ്.

അങ്ങനെ ഒരുപാട് സാധ്യതകള്‍ ഉണ്ട് നോവലിന്. സേതുവിന്റെ ആലിയ എന്ന നോവല്‍ ഒരുപാട് ശ്രദ്ധിക്കപ്പെടേണ്ട ഒരു പുസ്തകമാണ്. നമ്മളൊക്കെ മറന്നുപോയ ജൂതന്മാരെ കുറിച്ചാണ് ആ പുസ്തകം പറയുന്നത്. നമ്മുടെ നാട്ടില്‍ എന്തെഴുതുമ്പോഴും ശ്രദ്ധിക്കേണ്ട ഒരു വിഷയം ഉണ്ട്. പൊളിറ്റിക്കലി കറക്റ്റാണോന്ന് നോക്കണം. പൊളിറ്റിക്കലി കറക്റ്റല്ലെങ്കില്‍ നിങ്ങള്‍ എന്തു മഹാത്ഭുതങ്ങള്‍ കാണിച്ചാലും കേരളത്തില്‍ നോവല്‍ വിജയിക്കില്ല. കേരളത്തില്‍ നോവല്‍ വിജയിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഭാഷയുടെ അത്ഭുതകരമായ സിദ്ധികള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഭാവനയുടെ ഭൂപടങ്ങള്‍ സൃഷ്ടിക്കേണ്ട ആവശ്യമില്ല. പൊളിറ്റിക്കലി കറക്ടായാല്‍ മതി. സേതുവിന്‍റെ നോവലിന്റെ പ്രധാന പ്രശ്നം അത് പൊളിറ്റിക്കലി ഇന്‍കറക്റ്റാണ്. ജൂതന്മാരെ കുറിച്ച് പറയുമ്പോള്‍ അത് പൊളിറ്റിക്കലി ഇന്‍കറക്ടാണ് കേരളത്തില്‍. പക്ഷേ ഇവിടുന്നു പുറത്തുപോയാല്‍ ഫ്രാന്‍സില്‍ പോയാല്‍ അത് പൊളിറ്റിക്കലി കറക്ടാകും. കാരണം ജൂതന്മാര്‍ അനുഭവിച്ചിട്ടുള്ള സങ്കടങ്ങള്‍, പീഡനങ്ങള്‍ ഒക്കെ നന്നായി അറിയുന്നവരാണ് അവര്‍. ആലിയ കേരളത്തേക്കാള്‍ കൂടുതല്‍ വിജയിക്കുക അവിടെയായിരിക്കും. അവിടെ ഒരുപാട് ജൂതന്മാര്‍ പഴയ ഓര്‍മ്മകളുമായിട്ട് നടക്കുന്നുണ്ട്. അത് വളരെ ബോള്‍ഡായിട്ടുള്ള ഒരു നോവലാണ്. അങ്ങനെയുള്ള നോവലുകളാണ് നമുക്ക് ഇനിയും ആവശ്യം. ചരിത്രത്തെ കണ്ടെത്തുക, പൊളിറ്റിക്കലി ഇങ്കരക്‍റ്റായിട്ട് തന്നെ നമ്മള്‍ എഴുതണം അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അത് ഒരുപാട് പേരെ ഡിസ്റ്റര്‍ബ് ചെയ്യുന്നതായിരിക്കും. പക്ഷേ നമ്മള്‍ അതെഴുതണം. കാരണം പൊളിറ്റിക്കലി കറക്ടായിട്ടുള്ള കാര്യങ്ങള്‍ നമ്മള്‍ എഴുതുമ്പോള്‍ നമ്മള്‍ കൊമ്പ്രമൈസ് ചെയ്യുകയാണ് ചെയ്യുന്നത്. നമ്മള്‍ മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുകയാണ് ചെയ്യുന്നത്. ആ ഒരു ധാരണ പൊളിക്കുന്ന നോവലാണ് സേതു എഴുതിയിട്ടുള്ളത്. രാമകൃഷ്ണന്‍റെ നോവല്‍ വളരെ മനോഹരമായിട്ടുള്ള നോവലാണ്. ചരിത്രത്തെ ജനകീയമാക്കുകയാണ് രാമകൃഷ്ണന്‍ ചെയ്യുന്നത്. കെ വി മോഹന്‍ കുമാറിന്‍റെ പുന്നപ്ര വയലാറിനെ കുറിച്ചുള്ള നോവലുണ്ട്. പിന്നെ പെരുമ്പടവം ശ്രീധരന്‍റെ എഴുത്തച്ചനെ കുറിച്ചുള്ള നോവലുണ്ട്. അങ്ങനെ വിദൂര ചരിത്രവും സമകാലിക ചരിത്രവും അടയാളപ്പെടുത്തുന്ന നിരവധി നോവലുകള്‍ നമ്മുടെ ഭാഷയില്‍ വരുന്നുണ്ട്. പക്ഷേ ഇനിയും ഒരുപാട് വരാനുണ്ട്. എനിക്കു തോന്നുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം അതാണിനി വരേണ്ടത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം സമഗ്രമായിട്ട് ആവിഷ്ക്കരിക്കുന്ന ഒരു നോവല്‍. അതായിരിക്കും ഭാവിയില്‍ ആഘോഷിക്കപ്പെടുന്ന നോവല്‍. അതാരെങ്കിലും എഴുതും എന്നു നമുക്ക് പ്രതീക്ഷിക്കാം.

(ഡി സി ബുക്സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവത്തില്‍ ‘നോവലും ചരിത്രവും’ എന്ന വിഷയത്തില്‍ എം മുകുന്ദന്‍ സംസാരിച്ചത്. തയ്യാറാക്കിയത്: സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എം മുകുന്ദന്‍

എം മുകുന്ദന്‍

പ്രശസ്ത എഴുത്തുകാരന്‍ . ഫ്രഞ്ച്‌ അധീന പ്രദേശമായിരുന്ന മയ്യഴിയിൽ 1942 സെപ്റ്റംബർ 10-നു ജനിച്ചു. ഡെല്‍ഹിയില്‍ ഫ്രഞ്ച് എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്നു. കേരള സാഹിത്യ ആക്കാദമി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍, ഡല്‍ഹി തുടങ്ങി ഇരുപതോളം നോവലുകളും നിരവധി കഥാസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍