UPDATES

വായിച്ചോ‌

രോഗനിര്‍ണയത്തിന് ജ്യോത്സ്യന്മാരും; ആരോഗ്യരംഗത്ത് മധ്യപ്രദേശ് സര്‍ക്കാരിന്റെ പരിഷ്‌കാരം

ഇതോടെ ആശുപത്രികളില്‍ ജോത്യന്മാര്‍ക്കും ഭാവി പ്രവചിക്കുന്നവര്‍ക്കും രോഗികളെ ചികിത്സിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്

മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സെപ്തംബര്‍ മുതല്‍ ആശുപത്രികളില്‍ ജോത്സ്യന്മാരെയും നിയോഗിക്കുന്നു. സംസ്ഥാനത്തെ ആശുപത്രികളില്‍ സെപ്തംബര്‍ മുതല്‍ ജ്യോതിഷ ഒപി വകുപ്പുകളും ഉണ്ടായിരിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

ഇതോടെ ആശുപത്രികളില്‍ ജോത്യന്മാര്‍ക്കും ഭാവി പ്രവചിക്കുന്നവര്‍ക്കും രോഗികളെ ചികിത്സിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ഭോപ്പാലില്‍ സര്‍ക്കാര്‍ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന മഹാരാശി പതഞ്ജലി സന്‍സ്‌ക്രിതി സന്‍സ്താന്റെ(എംപിഎസ്എസ്) കീഴിലുള്ള യോഗ്യരായ പ്രവാചകരെയാണ് ആശുപത്രികളില്‍ നിയമിക്കുക. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് വരെ മണിക്കൂര്‍ ജോത്സ്യന്മാരും വാസ്തു വിദഗ്ധരും കൈനോട്ടക്കാരും കര്‍മ്മകാണ്ഡ വേദ പണ്ഡിതന്മാരും രോഗികളുടെ ആയുസ് പരിശോധിക്കും. ആഴ്ച അവസാനങ്ങളിലായിരിക്കും ഇവരുടെ സേവനം.

ഒപി ഡിപ്പാര്‍ട്ടുമെന്റുകളില്‍ സീനിയര്‍ ഡോക്ടര്‍മാരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സഹായിക്കുന്നതുപോലെ അസ്‌ട്രോ ഒപിയില്‍ വിദഗ്ധരായ ജോത്സ്യന്മാരെ തുടക്കക്കാരായ ജോത്സ്യന്മാര്‍ സഹായിക്കും. മുതിര്‍ന്ന ജോത്സ്യന്മാര്‍ തുടക്കക്കാരെ പഠിപ്പിക്കുന്ന അധ്യാപകരായും പ്രവര്‍ത്തിക്കുമെന്ന് എംപിഎസ്എസ് ഡയറക്ടര്‍ പി ആര്‍ തിവാരി അറിയിച്ചു. തുടക്കക്കാരായ ജോത്സ്യന്മാരും വാസ്തു വിദഗ്ധരും പുരോഹിതന്മാരും ഈ വിഷയങ്ങളില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കണം. എംപിഎസ്എസ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഈ കോഴ്‌സുകള്‍ ആരംഭിച്ചിരുന്നു.

ജൂനിയര്‍ ഡോക്ടര്‍മാര്‍ സീനിയര്‍ ഡോക്ടര്‍മാരില്‍ നിന്നും പഠിക്കുന്നതുപോലെ ഈ വിദ്യാര്‍ത്ഥികളും മുതിര്‍ന്ന ജോത്സ്യന്മാരെ സഹായിച്ചുകൊണ്ട് പരിശീലനം നേടും. ജ്യോതിഷ രോഗ നിര്‍ണയം ആവശ്യമുള്ള രോഗികള്‍ അഞ്ച് രൂപ ഫീസ് അടയ്ക്കണം. അസ്‌ട്രോ ഒപികള്‍ സ്ഥാപിക്കപ്പെടുന്നതോടെ ജ്യോതിഷം ഒരു അന്ധവിശ്വാസം അല്ല, പകരം കണക്കുകള്‍ പ്രകാരമുള്ള ശാസ്ത്രമാണെന്ന് തെളിയുമെന്നാണ് തിവാരിയുടെ വാദം.

കൂടുതല്‍ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍