UPDATES

പ്രവാസം

കോണ്‍ക്രീറ്റ് കാലത്ത് കാട് വച്ചുപിടിപ്പിക്കുന്ന ഒരു പ്രവാസി മലയാളി

Avatar

നെയ്താന്‍

കോണ്‍ക്രീറ്റ് സൗധങ്ങളില്‍ കഴിയുന്നവരുടെ പ്രകൃതി സംരക്ഷണം സാമൂഹ്യ മാധ്യമങ്ങളുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തനായി തന്റെ വീടിനടുത്ത് ഫലവൃക്ഷങ്ങളുടെ ഒരു തോട്ടം തന്നെ നിര്‍മിച്ചിരിക്കുകയാണ് ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ ടി മുഹമ്മദ് റബീഹ് റബിയുള്ള.

 

മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി കഴിയേണ്ടതിന്റെ ആവശ്യകതയാണ് ഇദ്ദേഹം തന്റെ പ്രവര്‍ത്തിയിലൂടെ ചൂണ്ടിക്കാട്ടുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റബിയുള്ള മലപ്പുറത്ത് കോട്ടൂരില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് തോട്ടം നിര്‍മിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചത്. ഇന്നത് ഏകദേശം എണ്ണൂറോളം ഫലവൃക്ഷങ്ങള്‍ വളരുന്ന ഒരു ചെറിയ കാടു തന്നെ ആയിക്കഴിഞ്ഞു.

ചക്ക, മാങ്ങ, പേര, നെല്ലി, ഇരുമ്പ പുളി, ചാമ്പക്ക തുടങ്ങി വിദേശ ഇനമായ റാംബൂട്ടാന്‍ വരെ ഇന്നീ തോട്ടത്തില്‍ വിളയുന്നു. തോട്ടം നോക്കാന്‍ സര്‍വ സന്നദ്ധനായി ഒരാളും ഇവിടെയുണ്ട്, അബു ഇല്ലത്തൊടി. അബുവിന്റെ നേതൃത്വത്തില്‍ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നാണ് തൈകളെല്ലാം ഇവിടെയെത്തിച്ചത്. തുടക്കത്തില്‍ കാര്‍ഷിക രംഗത്തെ വിദഗ്ധരുടെ സേവനവും തേടിയിരുന്നു. പിന്നീട് അബു തനിച്ചായി സംരക്ഷണം.

വിദേശ വ്യവസായിയായ റബിയുള്ള വീട്ടിലെത്തുമ്പോഴെല്ലാം തിരക്കുകള്‍ക്കിടയിലും തോട്ടത്തില്‍ ചെലവിടാന്‍ സമയം കണ്ടെത്തും. വൃക്ഷങ്ങളുടെ ആരോഗ്യവും, പഴങ്ങളുടെ നിലവാരവും എല്ലാം ഉറപ്പുവരുത്തിയിട്ടേ അദ്ദേഹം തിരിച്ചു പോകാറുള്ളുവെന്ന് അബു പറയുന്നു.

ഈ ഫലവൃക്ഷങ്ങളില്‍ നിന്ന് ഇതുവരെ ഒരു ഫലം പോലും പണം വാങ്ങി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. അടുത്തുള്ളവര്‍ക്കും, സ്വന്തക്കാര്‍ക്കും, സുഹൃത്തുകള്‍ക്കും സൗജന്യമായി ഇവ വിതരണം ചെയ്യുന്നതാണ് റബിയുള്ളയുടെ സന്തോഷം.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ റബിയുള്ള പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പ്രചരണവും ആരംഭിച്ചിട്ടുണ്ട്. സ്വന്തം ജീവിതം തന്നെ മാതൃകയാക്കിയാണ് അദ്ദേഹത്തിന്റെ പ്രകൃതി സംരക്ഷണ പ്രചാരണം.

ഈ തോട്ടത്തിലുണ്ടാകുന്ന ഫലങ്ങള്‍ക്ക് മനുഷ്യനും പക്ഷി മൃഗാദികളും തുല്യ അവകാശികളാണെന്ന് റബിയുള്ള പറയുന്നു. തോട്ടത്തില്‍ സ്വതന്ത്രമായി വിലസുന്ന ജീവികളും പക്ഷികളും ഇത് ശരിവെക്കുന്നു.

പൂര്‍ണമായും ജൈവ വളം ഉപയോഗിച്ചാണ് ഇവിടുത്തെ കൃഷി. ചാണകമാണ് പ്രധാന വളം. വേനല്‍ക്കാലത്ത് പറമ്പ് നനക്കാനായി ഒരു കുളവും ഇവിടെയുണ്ട്. ശാസ്ത്രീയമായി നോക്കുന്നതിന്റെ ഗുണവും ഈ തോട്ടത്തിനുണ്ട്. കഴിഞ്ഞ വര്‍ഷം ഇവിടെ നിന്ന് ലഭിച്ചത് ഒരു ക്വിന്റലിലേറെ മാമ്പഴമാണ്.

ഈ ഭാഗത്തെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതില്‍ റബിയുള്ളയുടെ ഈ തോട്ടത്തിന് വളരെയധികം പ്രാധാന്യമുണ്ട്. എത്ര ചൂടിലും ഈ തോട്ടത്തിനുള്ളില്‍ തണുപ്പ് നിലനില്‍ക്കുമെന്ന് അബു പറയുന്നു. കൃത്രിമവളവും കീടനാശിനിയും ഉപയോഗിക്കാത്തതിന്റെ ഗുണം.

പ്രകൃതി സംരക്ഷണത്തോടൊപ്പം തന്നെ നാട്ടിലെ യുവാക്കളുടെ ആരോഗ്യകാര്യത്തിലും റബിയുള്ള ശ്രദ്ധാലുവാണ്. കളിക്കളങ്ങളുടെ അഭാവം നാട്ടിലെ യുവാക്കളുടെ കായികക്ഷമത കുറക്കുന്നുവെന്നും, വിവിധ രോഗങ്ങളുടെ പിടിയിലേക്ക് അവര്‍ വീഴുന്നുവെന്നും മനസിലാക്കിയ റബിയുള്ള വീടിനടുത്ത് രണ്ടേക്കര്‍ സ്ഥലം വാങ്ങി ഒരു കളിക്കളം നിര്‍മിച്ച് നാടിന് സമര്‍പ്പിച്ചു. ഇപ്പോള്‍ ഇതാണ് ഇവിടെയുള്ളവര്‍ പ്രധാനമായും ഒത്ത് കൂടുന്ന സ്ഥലം. മൈതാനം വന്നതിനു ശേഷം കൂടുതല്‍ പേരെ അങ്ങോട്ടു ആകര്‍ഷിക്കാനും, നാട്ടിലൊരു കായിക സംസ്‌ക്കാരം വളര്‍ത്താനും റബിയുള്ളയ്ക്ക് കഴിഞ്ഞു.

 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍