UPDATES

പ്രവാസം

പ്രവാസി വോട്ട്; കോടതിയല്ല, പാര്‍ലമെന്‍റാണ് തീരുമാനിക്കേണ്ടത്

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

മാനവശേഷി വിതരണമാണ് ശതകോടീശ്വരനായ രവി പിള്ളയുടെ കച്ചവടത്തിന്റെ കാതല്‍. പുള്ളി ആ ജോലി വളരെ കൃത്യമായി നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ തൊഴില്‍സേന ഇക്കഴിഞ്ഞ മാര്‍ച്ചോടെ ഒരു ലക്ഷം കവിഞ്ഞു എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ പകുതിയിലേറെപ്പേരും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യുന്നവരുമാണ്.

തന്റെ തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കാറുണ്ടന്നും അവര്‍ സംതൃപ്തരാണെന്നും അദ്ദേഹം അവകാശപ്പെടുമ്പോഴും കേള്‍ക്കുന്ന കഥകള്‍ അങ്ങനെയല്ല സാക്ഷ്യപ്പെടുത്തുന്നത്. ഒരു കല്യാണത്തിനോ ബന്ധുവിന്റെ മരണത്തിനോ അടിയന്തിരമായി നാട്ടിലേക്ക് പോകുന്നതിന് തൊഴിലാളികള്‍ക്ക് ലീവ് അനുവദിച്ച് കിട്ടാന്‍ എംപിമാരുടെയോ എംഎല്‍എമാരുടെയോ മന്ത്രിമാരുടെയോ ശുപാര്‍ശ ആവശ്യമാണെന്നാണ് ശ്രുതി. ഇത് പിള്ള ഗ്രൂപ്പിന്റെ മാത്രം പ്രശ്‌നമല്ല താനും. യൂസഫലിയുടെ ലുലു ഗ്രൂപ്പ് പോലെയുള്ള വലിയ മനുഷ്യര്‍ നടത്തുന്ന കമ്പനികളിലെല്ലാം ഇത് തന്നെയാണ് സ്ഥിതി.

ഈ സാഹചര്യത്തില്‍ വേണം വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള നിര്‍ദ്ദേശത്തെ കുറിച്ച് പരിശോധിക്കാന്‍. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം, 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരവും 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരവും തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും വിദേശ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വഹിക്കുന്നതിന് കൂടുതല്‍ യുക്തിസഹമായ വഴികള്‍ കണ്ടെത്തുന്നതിനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഇ-പോസ്റ്റല്‍ ബാലറ്റ് സംവിധാനം അല്ലെങ്കില്‍ മുക്ത്യാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശമാണ് സമിതി മുന്നോട്ട് വച്ചിരിക്കുന്നത്. ബാലറ്റ് പേപ്പറുകള്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിദേശ ഇന്ത്യക്കാര്‍ക്ക് എത്തിക്കുകയും വോട്ട് രേഖപ്പെടുത്തിയ ശേഷം സാധാരണ തപാലിലൂടെ തിരികെ എത്തിക്കുകയും ചെയ്യുന്നതാണ് ഇ-പോസ്റ്റല്‍ ബാലറ്റ് സംവിധാനം. ചില ഔദ്യോഗിക നടപടിക്രമങ്ങളിലൂടെ നാട്ടിലുള്ള ഒരാളെ പ്രതിപുരുഷനായി നിയോഗിക്കുകയും വിദേശ ഇന്ത്യക്കാരുടെ ഭൗതികസാന്നിധ്യം ഇല്ലാതെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുകയും ചെയ്യുന്നതാണ് മുക്ത്യാര്‍ വോട്ട് രേഖപ്പെടുത്തല്‍.

ഈ രണ്ട് നിര്‍ദ്ദേശങ്ങളും ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ദശലക്ഷക്കണക്കിന് വരുന്ന വിദേശ ഇന്ത്യക്കാരുടെ വോട്ടവകാശത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം നിര്‍ണായകമാവും. ഇന്ത്യയിലെ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അവരുടെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍, അവരുടെ നയതന്ത്രകാര്യാലയത്തില്‍ പോയി വോട്ട് രേഖപ്പെടുത്തുകയോ അല്ലെങ്കില്‍ അവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം അതാത് എംബസികള്‍ ഒരുക്കിക്കൊടുക്കുകയോ ആണ് ചെയ്ത് വരുന്നത്. വിദേശ ഇന്ത്യക്കാര്‍ വോട്ടവകാശം വിനിയോഗിക്കുന്നതിന് അത്തരം ഒരു സൗകര്യം ഒരുക്കുന്ന കാര്യം എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിന് ആലോചിച്ചുകൂടാ?

പ്രവാസികാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏകദേശം പത്ത് മില്യണില്‍ കൂടുതല്‍ വിദേശഇന്ത്യക്കാരുണ്ട്. എന്നാല്‍ 2014ലെ വോട്ടര്‍മാരുടെ പട്ടിക പ്രകാരം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്രവാസി വോട്ടര്‍മാരുടെ എണ്ണം വെറും 11,846 മാത്രമാണ്. പാസ്‌പോര്‍ട്ടും മറ്റ് രേഖകളും ആവശ്യമായി വരുമ്പോള്‍ പലരും രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്നു. ആദ്യം അവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം. രണ്ടാമത്തെ കാര്യമാണ് വളരെ പ്രധാനം. സമീപകാലത്തെ പത്രവാര്‍ത്തകള്‍ പ്രകാരം ദേശീയ ജനസംഖ്യ രജിസ്റ്ററിനെ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കാണുന്നു. അതായത് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളത് കൊണ്ട് മാത്രം ഇനി മുതല്‍ വോട്ടവകാശം ലഭിക്കില്ലെന്നാണ് ഇതിന്റെ അര്‍ത്ഥം. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നത് തദ്ദേശവാസികളുടെ മാത്രം ഒരു പട്ടികയാണ്. അതില്‍ വിദേശ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നില്ല. അങ്ങനെ വരുമ്പോള്‍ എങ്ങനെയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററുമായി വോട്ടര്‍ പട്ടികയെ ബന്ധിപ്പിക്കുകയും അതേ സമയം തന്നെ വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനും സാധിക്കുക?

കേരളത്തിലെ വോട്ടര്‍മാരില്‍ 20 ശതമാനത്തിലേറെയും പ്രവാസികളാണ്. അവരില്‍ ഭൂരിപക്ഷം പേരും ചില തൊഴില്‍കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്നവരാണ്. ഒരു കരാറുകാരന്റെ കീഴില്‍തന്നെ ഏകദേശം 25000 മുതല്‍ 30000 പേര്‍ വരെയെങ്കിലും ഇത്തരം കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്നുണ്ടാവും. അവരുടെ വിവാഹത്തിന് പോലും ഇന്ത്യയിലേക്ക് വരാന്‍ പലര്‍ക്കും അനുവാദം കിട്ടാറില്ല.  ഇത്തരം സാഹചര്യത്തില്‍ ചിലര്‍ക്ക് ഇലക്ട്രോണിക് വോട്ടവകാശം നല്‍കിയാല്‍, അവരുടെ വോട്ടുകള്‍ വില്‍പനയ്ക്ക് വിധേയമാകും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ കരാറുകാരനോ തൊഴിലുടമയ്‌ക്കോ 25,000 മുതല്‍ 30000 വോട്ടുകള്‍ വരെ വില്‍ക്കാന്‍ സാധിക്കും. ഇത് രാഷ്ട്രീയ ജനസംഖ്യാനുപാതത്തെ ശക്തമായി ബാധിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആര്‍ജ്ജവം നിലനിറുത്തുന്നതിനും സംരക്ഷിക്കുന്നതിനും രണ്ട് അടിസ്ഥാന തത്വങ്ങളുണ്ട്. ബാലറ്റിന്റെ രഹസ്യസ്വഭാവവും വോട്ടിംഗ് ബൂത്തിലുള്ള വോട്ടറുടെ സാന്നിധ്യവുമാണവ. അതാണ് നിയമവും. തിരഞ്ഞെടുപ്പിന്റെ ആര്‍ജ്ജവം കാത്തുസൂക്ഷിക്കുക എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സത്തകളില്‍ ഒന്ന്. അതുകൊണ്ട് തന്നെ സുപ്രീം കോടതിയില്‍ ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ട് വിധിക്കായി കാത്തിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കില്ല. നിയമനിര്‍മാണ സഭയുടെ മൂന്നാം തൂണായി സുപ്രീം കോടതിയെ കാണാനും ആവില്ല. നിയമങ്ങള്‍ ചര്‍ച്ചകളിലൂടെ പാര്‍ലമെന്റിലാണ് പാസാക്കപ്പെടേണ്ടത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍