UPDATES

പ്രവാസം

പ്രവാസി വോട്ടവകാശം മാത്രമല്ല പ്രശ്നം; തേടേണ്ടത് വിട്ടുനില്‍ക്കുന്നവരെല്ലാം ബൂത്തിലെത്താനുള്ള വഴികള്‍

ജിജി ജോണ്‍ തോമസ്‌

പ്രവാസികള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിനു അവസരം ഒരുക്കണമെന്ന് കേരള സര്‍ക്കാര്‍. പ്രവാസികളില്‍ കൂടുതല്‍ പേരും പിന്തുണയ്ക്കുന്നത് തങ്ങളെ ആയിരിക്കും എന്ന യു ഡി എഫ് കക്ഷികളുടെ വിശ്വാസമാണ് ഈ തെരെഞ്ഞെടുപ്പില്‍ തന്നെ പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഐക്യ ജനാധിപത്യ മുന്നണിയെ പ്രേരിപ്പിക്കുന്ന കാരണം എന്നതില്‍ തര്‍ക്കമില്ല. ഇക്കാരണത്താല്‍ തന്നെയാകാം ഇടതു മുന്നണി പ്രവാസി വോട്ടിനോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നത്. ഏതായാലും, ഇത്തവണത്തെ പഞ്ചായത്ത് – മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പില്‍ ഇതു നടപ്പാക്കുക അപ്രായോഗികമാണെന്ന നിലപാടിലാണ് സംസ്ഥാന തെരെഞ്ഞെടുപ്പു കമ്മീഷന്‍. 

പ്രാതിനിധ്യ സ്വഭാവം അര്‍ഥപൂര്‍ണമായി, ജനാധിപത്യം കരുത്തുറ്റതാവണമെങ്കില്‍ ജനാധിപത്യ പ്രക്രിയകളില്‍ ജനപങ്കാളിത്തം പരമാവധി ഉയരണം എന്നതിനു സംശയമേതുമില്ല. അതുകൊണ്ടുതന്നെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ള വിദേശ ഇന്ത്യാക്കാര്‍ ഉള്‍പ്പടെയുള്ളവരുടെ പങ്കാളിത്തം ഉറപ്പിക്കുവാനുള്ള ഏതു നടപടിയും സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെയാണ്. കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഇത്തരം നടപടികള്‍ കേവലം പ്രവാസി സമൂഹത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടവയുമല്ല. പ്രവാസികള്‍ മാത്രമല്ല എത്താനുള്ള ബുദ്ധിമുട്ട് കാരണം വോട്ട് ചെയ്യാതിരിക്കുന്നത്.

ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങള്‍ക്കു താല്പ്പര്യം കുറഞ്ഞു വരികയാണോ എന്ന ആശങ്ക ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ട് നാളേറെയായി. തെരെഞ്ഞെടുപ്പുകളില്‍ അടിയ്ക്കടി വോട്ടിങ്ങ് ശതമാനം കുറഞ്ഞു വരുന്നതു തന്നെ ഈ ആശങ്കയ്ക്ക് അടിസ്ഥാനം. അത്യധികം വാശിയേറിയ മത്സരം നടക്കുന്ന വേളകളില്‍/ഇടങ്ങളില്‍ ഒഴിച്ചാല്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും മിക്കപ്പോഴും 60 ശതമാനതിനകത്തു മാത്രമേ വോട്ടിങ്ങ്ഉണ്ടാകുന്നുള്ളൂ എന്നതാണ് വാസ്തവം. വോട്ടിങ്ങ് ശതമാനം കുറവുള്ളപ്പോള്‍, സമ്മതിദാനാവകാശം വിനിയോഗിക്കാതെ വിട്ടുനിന്നവരില്‍ ഭൂരിപക്ഷം സാധാരണക്കാരും, വോട്ടുചെയ്തരില്‍ ഒട്ടേറെപ്പേര്‍ വിവിധപാര്‍ട്ടി അനുഭാവികളും ആകാറുണ്ടെന്നും വിലയിരുത്തപ്പെടുന്നു. എല്ലാവരും സമ്മതിദാനവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രസക്തിയും ഇതു തന്നെ.

ജനങ്ങള്‍ വോട്ടുചെയ്യുന്നതിനു താത്പര്യം കുറയുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കാനുള്ള വഴിതേടുകയാണ് ജനാധിപത്യത്തെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത്. എല്ലാ കാരണങ്ങള്‍ക്കും പോംവഴി കണ്ടെത്താനായില്ലെങ്കിലും ഒട്ടുമിക്ക പ്രശ്‌നങ്ങളും മറികടക്കാന്‍ ജനാധിപത്യത്തിനു ഭൂഷണമാകുന്ന ലളിതമായ മാര്‍ഗ്ഗങ്ങളുണ്ടാവും. കാരണങ്ങളിലേക്ക് ശ്രദ്ധപതിപ്പിച്ചെങ്കിലേ ശരിയായ പരിഹാരം എന്തെന്നു കണ്ടെത്താനാവൂ.

നമ്മുടെ നാട്ടില്‍ നിരവധിയാളുകള്‍ ജോലിസംബന്ധിയായി 100 – 120 കിലോമീറ്ററുകള്‍ക്കപ്പുറം താമസിക്കുന്നുണ്ട്. ഇവരില്‍ ഒട്ടനവധിപേര്‍ക്കു വോട്ടവകാശം വിദൂരത്തുള്ള ജന്മനാട്ടിലായിരിക്കും. സ്ഥിരമായി ഒരിടത്തായിരിക്കില്ല ജോലി എന്നതിനാല്‍ ജോലിക്കനുസൃതമായി എപ്പോഴും വോട്ട് താല്‍ക്കാലിക താമസ സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരിക്കുക സാധ്യമല്ല. ദൂരസ്ഥലങ്ങളില്‍ താമസിക്കുന്നവരില്‍ പലരും യാത്രാ ദുരിതവും, യാത്രയ്ക്കാവുന്ന ചെലവുകളും, ഇതര പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം വോട്ടുചെയ്യേണ്ടെന്നു വയ്ക്കുന്നു. വിദൂരതയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും – ലോക്‌സഭ തെരെഞ്ഞെടുപ്പിന് രാജ്യത്തെവിടെ നിന്നും, നിയമസഭാ/ തദ്ദേശസ്ഥാപന തെരെഞ്ഞെടുപ്പുകള്‍ക്ക് സംസ്ഥാനത്ത് എവിടെനിന്നും വോട്ടു ചെയ്യുവാനുള്ള സാഹചര്യം ഒരുക്കണം. പ്രവാസികള്‍ക്കുവരെ വോട്ടവകാശം നല്‍കാന്‍ രാഷ്ട്രം തയ്യാറെടുത്തുവരുമ്പോള്‍ ഇതിനു കഴിയില്ലെന്നു പറയുന്നെങ്കില്‍ അത് അര്‍ത്ഥശൂന്യമാണ്. 

ലോകം വിരല്‍ത്തുമ്പിലെന്നഭിമാനിക്കുന്ന കമ്പ്യുട്ടര്‍ – (മൊബൈല്‍) യുഗത്തില്‍, സമ്മതിദായകര്‍ തങ്ങളുടെ മണ്ഡലത്തിലെ നിഷ്‌കര്‍ഷിത ബൂത്തിലെത്തി വോട്ടു ചെയ്യണമെന്നു ശഠിക്കേണ്ടതില്ല. പരമ്പരാഗത പോളിങ്ങ് ബൂത്തുകള്‍ കമ്പ്യുട്ടറൈസ്ഡ് ഇലക്ട്രോണിക് നെറ്റ് വര്‍ക്ക് ബൂത്തുകള്‍ക്ക് വഴിമാറണം. എ ടി എം മാതൃകയിലുള്ള ഇലക്ട്രോണിക് നെറ്റ്‌വര്‍ക്കിലൂടെ, ഏതൊരു സമ്മതിദായകനും, ലോക്‌സഭാ തെരെഞ്ഞെടുപ്പിന് രാജ്യത്ത് എവിടെനിന്നും, നിയമസഭ / തദ്ദേശസ്ഥാപന തെരെഞ്ഞെടുപ്പിന് സംസ്ഥാനത്ത് എവിടെനിന്നും വോട്ടു ചെയ്യാനുള്ള സംവിധാനമൊരുക്കാന്‍ അനായാസേന കഴിയും. വിരലടയാളവും, നേത്രപടല അടയാളവുമൊക്കെ സൂക്ഷിച്ച് കൃത്രിമത്വം പൂര്‍ണമായി ഇല്ലായ്മ ചെയ്യാം. കള്ള വോട്ടിനും ഒന്നിലധികം മണ്ഡലങ്ങളില്‍ വോട്ടുള്ളതിനുമൊക്കെ ഇതിലൂടെ തടയിടാനാവുകയും ചെയ്യും. ഇതിന്റെ അടുത്തപടിയായി, ഓണ്‍ലൈന്‍ വോട്ടിങ്ങ് പ്രാവര്‍ത്തികമാക്കുന്നതിനെ പറ്റിയും ചിന്തിച്ചു തുടങ്ങാവുന്നതേയുള്ളൂ. ഇത്തരം വിപ്ലവകരമായ മാറ്റങ്ങള്‍ വോട്ടിങ്ങ് ശതമാനത്തില്‍ സൃഷ്ടിക്കുന്ന വളര്‍ച്ച ചിന്താതീതമായിരിക്കും.

ഇത്തരമൊരു സംവിധാനം ഒരുക്കുമ്പോള്‍ പരമ്പരാഗത പോളിങ്ങ് ബൂത്തുകള്‍ ഒറ്റയടിക്കു പിന്‍വലിക്കേണ്ടതില്ല. ആധുനിക സംവിധാനം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി, ആവശ്യമുള്ളത്ര കാലം പരമ്പരാഗത പോളിങ്ങ് ബൂത്തുകള്‍  തുടരണം. അവയ്‌ക്കൊപ്പമാകണം ഈ സംവിധാനം ആവിഷ്‌കരിക്കുന്നത്.

സ്വന്തം വീട്ടില്‍ നിന്നു കിലോമീറ്ററുകള്‍ ദൂരെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അന്നാട്ടിലായിരിക്കും തെരെഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെടുന്നത്. ഭാര്യാ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ തെരെഞ്ഞെടുപ്പു ജോലിക്കു പോകുമ്പോള്‍, കുട്ടികളേയും കൂട്ടി നാട്ടിലെത്തി വോട്ടു ചെയ്യാനുള്ള ബുദ്ധിമുട്ടു മൂലം, മറ്റെയാള്‍ പലപ്പോഴും സമ്മതിദാനാവകാശം വിനിയോഗിക്കേണ്ട എന്നു വയ്ക്കുന്നു. തെരെഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമേ നിലവില്‍ തപാല്‍ വോട്ടു ചെയ്യാന്‍ അര്‍ഹതയുള്ളൂ. മുകളില്‍ പറഞ്ഞ മാര്‍ഗ്ഗം അവലംബിച്ചാല്‍ ഇവര്‍ക്കും വോട്ടുരേഖപ്പെടുത്തുന്നതിനു പ്രയാസമുണ്ടാവില്ല. തെരെഞ്ഞെടുപ്പു ജോലിക്കു വിനിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് തപാല്‍ വോട്ടിനുള്ള അനുമതി നല്‍കുന്നതും സാഹചര്യമനുസരിച്ച് (ഉദാ: ഉദ്യോഗസ്ഥ/ന്‍ ജോലിക്കായി താമസിക്കുന്നിടത്തു നിന്ന് 80 കിലോമീറ്ററിനും ദൂരെയാണ് കുടുംബാംഗങ്ങള്‍ക്ക് വോട്ടവകാശം എങ്കില്‍) പരിഗണിക്കാവുന്നതാണ്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ അനിഷേധ്യ മേല്‍ക്കൈയാലോ സ്ഥാനാര്‍ത്ഥിയായി വരുന്ന നേതാക്കളുടെ ജനസ്വീകാര്യതയാലോ ചില മണ്ഡലങ്ങളില്‍ വിജയം ആര്‍ക്കെന്നത് സുനിശ്ചിതമായിരിക്കുമെന്നത് ആ മണ്ഡലങ്ങളില്‍ വോട്ടുചെയ്യാനെത്താന്‍ ചിലരെയെങ്കിലും വിമുഖരാക്കുന്നു. ഉദാഹരണത്തിന്, സംസ്ഥാനത്തെ 20- 30 നിയമസഭാ മണ്ഡലങ്ങളിലെങ്കിലും വിജയം ആര്‍ക്കെന്ന് – ഏതു രാഷ്ട്രീയ സാഹചര്യങ്ങളിലും – ഉറപ്പായിരിക്കും. വിജയം ഉറപ്പിച്ച ഇവരുടെ അനുഭാവികളില്‍ ചിലരെങ്കിലും തങ്ങള്‍ വോട്ടു ചെയ്തില്ലെങ്കിലും സ്ഥാനാര്‍ഥി ജയിച്ചുകൊള്ളും എന്ന കാരണത്താല്‍ വോട്ടുചെയ്യാന്‍ വിമുഖരാകുമ്പോള്‍, തങ്ങള്‍ എതിര്‍ വോട്ടു ചെയ്താലും തോല്‍ക്കില്ല എന്ന കാരണത്താല്‍ എതിരാളികളില്‍ ചിലരെങ്കിലും വോട്ടു ചെയ്യാന്‍ പോകാന്‍ മടിക്കുന്നു. തങ്ങള്‍ വോട്ടു ചെയ്താലും ഇല്ലെങ്കിലും സ്വന്തം മണ്ഡലത്തില്‍ ആരു ജയിക്കുമെന്നുറപ്പായിരിക്കേ പിന്നെ എന്തിനു വോട്ടുചെയ്യാന്‍ പോകണമെന്ന ചിന്തയാണ് ഇരുകൂട്ടരേയും വോട്ടു ചെയ്യുന്നതില്‍ വിമുഖരാക്കുന്നത്.

പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ നിയമസഭാ – ലോക്‌സഭാ അംഗങ്ങളെ മണ്ഡലാടിസ്ഥാനത്തില്‍ തെരെഞ്ഞെടുക്കുന്നതിനൊപ്പം, നിയമസഭയിലേക്കും ലോക്‌സഭയിലേക്കും അതിന്റെ നിലവിലുള്ള സീറ്റിന്റെ 10% അംഗങ്ങളെ അധികമായി പ്രസിഡന്‍ഷ്യല്‍ രീതിയില്‍ തെരഞ്ഞെടുക്കുന്ന ഒരു സംവിധാനം നടപ്പാക്കാനായാല്‍, മേല്‍ വിവരിച്ച സങ്കീര്‍ണ പ്രശ്‌നത്തിനു പരിഹാരമാകും. അതായത് സംസ്ഥാന നിയമസഭയിലെ 140 അംഗങ്ങളെ അതതു മണ്ഡലങ്ങളിലെ സമ്മതിദായകര്‍ തെരെഞ്ഞെടുക്കുന്നു, കൂടാതെ മറ്റു 14 അംഗങ്ങളെ പ്രസിഡന്‍ഷ്യല്‍ രീതിയില്‍ സംസ്ഥാനത്തെ സകലമാന ജനങ്ങളും ചേര്‍ന്നു തെരെഞ്ഞെടുക്കുന്നു. ലോക്‌സഭയിലേക്ക് ഈവിധം 2 പേരെ (20 സീറ്റിന്റെ 10%) തെരെഞ്ഞെടുക്കാം. ഇത്തരമൊരു ഭരണപരിഷ്‌ക്കാരം നടപ്പാക്കാനായാല്‍ തങ്ങള്‍ വോട്ടു ചെയ്താലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന ബോദ്ധ്യത്താല്‍ വോട്ടു ചെയ്യാന്‍ നിസംഗരാകുന്ന ലക്ഷക്കണക്കിനു സമ്മതിദായകരെ പോളിങ്ങ് ബൂത്തില്‍ എത്തിക്കാനാകും.

വോട്ടുചെയ്യാത്തവരെ അതിനു പ്രേരിപ്പിക്കാനും നിയമത്തിലൂടെ നിര്‍ബന്ധിക്കാന്‍ തന്നെയും ഒരു വശത്ത് ശ്രമിക്കുമ്പോള്‍, വോട്ടു ചെയ്യാന്‍ ആഗ്രഹമുണ്ടായിരിക്കേ മുന്‍പു വിവരിച്ച അസൗകര്യങ്ങളാലും അതല്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാലും വോട്ടു ചെയ്യാനാകാതെ വ്യസനിക്കുന്ന ജനാധിപത്യ ബോധമുള്ള നിരവധി ലക്ഷങ്ങള്‍ ഉണ്ടെന്നതു ബന്ധപ്പെട്ട അധികാരികള്‍ വിസ്മരിച്ചുകൂടാ. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ തെരെഞ്ഞെടുപ്പു ദിവസം കൃത്യമായ രേഖകളുമായെത്തിയാല്‍ അവരുടെപേര്‍ ഉടനടി ചേര്‍ത്ത് വോട്ടു ചെയ്യുവാനുള്ള അവസരം നല്‍കണം. ബന്ധപ്പെട്ടവര്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളൊക്കെ തരണം ചെയ്ത് ഇതു നടപ്പാക്കാന്‍ കഴിയും.

വോട്ടു ചെയ്യാതിരിക്കുന്നവരില്‍ രണ്ടു വിഭാഗമുണ്ട്. ഒന്നാമത്തെ കൂട്ടര്‍ അത്യാവശ്യം വിദ്യാഭ്യാസവും രാഷ്ട്രീയകാര്യവിവരവും ഉള്ളവരാണ്. മുന്‍പു സൂചിപ്പിച്ച വിവിധ കാരണങ്ങളേതെങ്കിലും കൊണ്ട് വോട്ടു ചെയ്യാത്ത ഈ വിഭാഗത്തെ ഏതെങ്കിലും വിധത്തില്‍ പ്രേരിപ്പിച്ച്  വോട്ടു ചെയ്യിപ്പിക്കാനായാല്‍ അഥവാ അവര്‍ വോട്ടു ചെയ്യാതിരിക്കാനുള്ള കാരണം കണ്ടെത്തി പരിഹാരക്രിയ ചെയ്താല്‍ അവരുടെ സ്വന്തം ഇച്ഛ തന്നെയാവും അപ്പോഴും അവരുടെ വോട്ടില്‍ പ്രതിഫലിക്കുന്നതെന്നുറപ്പിക്കാം. എന്നാല്‍ രാഷ്ട്രീയം, ഭരണം ഇവയൊന്നിനേയും പറ്റി ഒരു ധാരണയും ഇല്ലാത്തവരാണ് രണ്ടാമത്തെ വിഭാഗം. ഇവരുടെ പങ്കാളിത്തവും ഉറപ്പാക്കേണ്ടത് തന്നെയെങ്കിലും, ഇവരില്‍ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടത്.

ജനാധിപത്യ പ്രക്രിയയെപ്പറ്റി കാര്യമായ അവബോധം സൃഷ്ടിക്കാതെ ഇക്കൂട്ടരെ ഏതെങ്കിലും വിധത്തില്‍ പ്രേരിപ്പിച്ചോ, പ്രലോഭിപ്പിച്ചോ, നിര്‍ബന്ധിച്ചോ പങ്കാളികളാക്കുന്നത് ഗുണകരമാകണമെന്നില്ല. തീര്‍ത്തും നിരക്ഷരകുക്ഷികളായ താഴെക്കിടയിലുള്ളവര്‍ കഥയറിയാതെ ആട്ടം കാണുമ്പോള്‍, അവരെ ബൂത്തിലെത്തിച്ചവരുടെ പാര്‍ട്ടി താല്പര്യങ്ങള്‍ക്കനുസൃതമായി വോട്ടു ചെയ്യും എന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല എന്നതു തന്നെ പ്രശ്‌നം.

എന്തു തന്നെ ആയാലും, ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നത് ആശങ്കാജനകമാണ്. ജനാധിപത്യ പ്രക്രിയകളില്‍ പങ്കാളിയാകാന്‍ താല്‍പര്യം ഉണ്ടായിരിക്കേ തന്നെ പ്രായോഗികമായ വൈഷമ്യതകളാല്‍ വോട്ടുചെയ്യാനെത്താന്‍ കഴിയാതെ വരുന്നവരുടെ പ്രശ്‌നം പരിഹരിച്ച് അവരുടെ പങ്കാളിത്തം ഉറപ്പിക്കാന്‍ അതിനിടയിലും ഭരണകൂടങ്ങള്‍ക്ക് കഴിയാതെ പോകുന്നത് കുറ്റകരമായ അനാസ്ഥയുമാണ്. ജനാധിപത്യ പ്രക്രിയ അര്‍ഥപൂര്‍ണമാകണമെങ്കില്‍, പ്രവാസികളുടെ മാത്രമല്ല, ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുന്ന ഏവരുടെയും പങ്കാളിത്തം ഉറപ്പിക്കാനുള്ള മാര്‍ഗ്ഗം സര്‍ക്കാര്‍ ആരായുക തന്നെ വേണം.

(മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങള്‍ എഴുതാറുള്ള ജിജി ജോണ്‍ തോമസ് തിരുവല്ല സ്വദേശിയാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍