UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉദ്ഘാടനമാണോ കൊച്ചി മെട്രോയുടെ ഇന്ധനമെന്ന് എന്‍എസ് മാധവന്‍

ഉദ്ഘാടനമാണ് കൊച്ചി മെട്രോയുടെ ഇന്ധനമെങ്കില്‍ അത് പതുക്കെ നടത്തിയാല്‍ മതി

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തെക്കുറിച്ച് തുടരുന്ന വിവാദങ്ങളെ വിമര്‍ശിച്ച് പ്രശസ്ത എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം മെട്രോയുടെ ഉദ്ഘാടനത്തെക്കുറിച്ചുള്ള വിവാദങ്ങളെ വിമര്‍ശിക്കുന്നത്.

‘ഉദ്ഘാടനമാണ് കൊച്ചി മെട്രോയുടെ ഇന്ധനമെങ്കില്‍ അത് പതുക്കെ നടത്തിയാല്‍ മതി. ദയവായി പണവും സമയവും നഷ്ടമാക്കരുത്. ചടങ്ങിന് വേണ്ടി കാത്തിരിക്കാം, ട്രെയിന് വേണ്ടി കാത്തിരിക്കാനാകില്ല’- എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നത്. ഇന്ന് രാവിലെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈമാസം മുപ്പതിന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വെളിപ്പെടുത്തിയത്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം ഉടന്‍കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ മെയ് മുപ്പതിന് പ്രധാനമന്ത്രി വിദേശത്താണെന്നും അത് ഒരുമാസം മുമ്പ് തന്നെ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നതാണെന്നും അല്‍പ്പം കഴിഞ്ഞപ്പോള്‍ സംസ്ഥാന ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം പ്രധാനമന്ത്രിയെ ഉദ്ഘാടനത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിവിധ ബിജെപി നേതാക്കള്‍ ആരോപിച്ചു. ഇതോടെ മെട്രോ റെയിലിന്റെ ഉദ്ഘാടനം വിവാദത്തിലാകുകയും ചെയ്തു.

ഇതിന് പിന്നാലെ മെട്രോ റെയിലിന്റെ ഉത്ഘാടന തിയതി നിശ്ചയിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയോട് സമയം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് സൗകര്യമുള്ള സമയം നോക്കിയാകും ഉദ്ഘാടനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. കടകംപള്ളി ഏതോ തെറ്റിദ്ധാരണയുടെ പുറത്താണ് പ്രസ്താവന നടത്തിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍