UPDATES

ലീഗ് എംഎല്‍എ ഷംസുദ്ദീന്‍ സ്ത്രീകളോട് മാപ്പ് പറയണം അല്ലെങ്കില്‍ ഇറങ്ങിപ്പോകണം

കേരളത്തിലെ പ്രാദേശിക ഗവന്‍മെന്‍റുകളെ ചലനാത്മകമാക്കിയതില്‍ കുടുംബശ്രീ സ്ത്രീകള്‍ക്കുള്ള പങ്കിനെ അവഗണിച്ചുകൊണ്ട് ഒരു ഭരണാധികാരിക്കും ഇനി മുന്‍പോട്ട് പോകാന്‍ കഴിയില്ല

അട്ടപ്പാടിയില്‍ ഇന്നലെ നടന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടെ കുടുംബശ്രീ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്റെ പ്രസംഗം സ്ത്രീകളെ അപമാനിക്കുന്നതായിരുന്നു. സ്ത്രീകളുടെ പ്രധാന ജോലി പരദൂഷണം പറച്ചിലാണെന്നും കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവ വന്നശേഷം അവര്‍ക്ക് പരദൂഷണം പറയാന്‍ സമയം കിട്ടുന്നില്ലെന്നുമാണ് ചടങ്ങില്‍ അധ്യക്ഷനായ ഷംസുദ്ദീന്‍ തട്ടിവിട്ടത്. അതേ വേദിയില്‍ ഉണ്ടായിരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് അതിനുള്ള കൃത്യമായ മറുപടി കൊടുത്തെങ്കിലും ഷംസുദ്ദീന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ബോധം കൂടുതല്‍ തുറന്നു കാട്ടപ്പെടേണ്ടതുണ്ട്.

ഇന്നുവരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സംവരണ സീറ്റില്‍ അല്ലാതെ സ്ത്രീകളെ മത്സരിപ്പിക്കാത്ത ഒരു പാര്‍ട്ടിയുടെ ജനപ്രതിനിധിക്ക് അങ്ങനെയല്ലാതെ പറയാന്‍ പറ്റില്ല. അതില്‍ അത്ഭുതപ്പെടാനൊന്നും ഇല്ല താനും. തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡില്‍ തങ്ങളുടെ വനിതാ സ്ഥാനാര്‍ത്ഥികളുടെ ചിത്രത്തിന്റെ ഭാഗം ഒഴിച്ചിട്ടതും ഈ പാര്‍ട്ടി തന്നെയാണ്. നവ മാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഈ കാര്യം. കേരളം രൂപീകരിച്ച് 60 വര്‍ഷം കഴിഞ്ഞിട്ടും ഒരു വനിതയെ പോലും നിയമസഭയില്‍ അയക്കാന്‍ ഷംസുദ്ദീന്‍റെ പാര്‍ട്ടിക്ക് സാധിക്കാത്തതും ഈ മനോഭാവം കൊണ്ടാണ് എന്ന കാര്യത്തില്‍ സംശയമില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സര സന്നദ്ധയായി എത്തിയ ഇ അഹമ്മദിന്റെ മകളെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ ഒരു ഘട്ടത്തില്‍ പോലും പരിഗണിച്ചില്ല എന്നതും ഓര്‍ക്കുക. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാനും കുട്ടികളെ നോക്കാനും തുണിയലക്കാനുമല്ലാതെ  പുറത്തിറങ്ങുന്ന അല്ലെങ്കില്‍ സ്വന്തമായി സാമ്പത്തിക പര്യാപ്തത നേടുന്ന സ്ത്രീകളെ കാണുമ്പോഴുള്ള അസഹിഷ്ണുത തന്നെയാണ് എം എല്‍ എയെക്കൊണ്ട് ഇങ്ങനെ പറയിച്ചത്.

Also Read: സ്ത്രീകള്‍ പരദൂഷണക്കാരെന്ന് ലീഗ് എംഎല്‍എ; മറുപടിയുമായി ബൃന്ദ കരാട്ട്

കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം വീട്ടിനുള്ളില്‍ ഒതുങ്ങിപ്പോയ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് മുന്നേറാനുള്ള വലിയ ഇടങ്ങളാണ് ഉണ്ടാക്കിക്കൊടുത്തത്. പുറത്തിറങ്ങാനും കൂട്ടുകൂടാനും യാത്രകള്‍ ചെയ്യാനും സാമ്പത്തികം കൈകാര്യം ചെയ്യാനും സ്ത്രീകളെ  പര്യാപ്തമാക്കിയ ഒന്നായിരുന്നു കുടുംബശ്രീകള്‍. അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട ഒരു മാതൃകയായിരുന്നു അത്. കേരളത്തില്‍ സ്ത്രീകള്‍ മാത്രമായി വിജയിപ്പിച്ചെടുത്ത ഒരു സംരംഭവും കൂടിയാണത്. കേരളത്തിലെ പ്രാദേശിക ഗവന്‍മെന്‍റുകളെ ചലനാത്മകമാക്കിയതില്‍ ഈ സ്ത്രീകള്‍ക്കുള്ള പങ്കിനെ അവഗണിച്ചുകൊണ്ട് ഒരു ഭരണാധികാരിക്കും ഇനി മുന്‍പോട്ട് പോകാന്‍ കഴിയില്ല.

സ്ത്രീകള്‍ പരദൂഷണം പറയുന്നവരാണെന്നതും അവരെ ഒന്നിന്നും കൊള്ളില്ല എന്നുമൊക്കെ പറയുന്നതു ഉള്ളിലെ ആണധികാര അഹന്ത കൊണ്ടാണ്. വര്‍ഷങ്ങളായി സ്ത്രീകളെ അടിച്ചമര്‍ത്താന്‍ പുരുഷാധിപത്യ പൊതുബോധം ഇത്തരം ചില പ്രതിനിധാനങ്ങള്‍  സ്ത്രീകള്‍ക്ക് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. സ്ത്രീകളെ ഒന്നിന്നും കൊള്ളില്ല എന്ന വ്യംഗ്യാര്‍ത്ഥം കൂടി അതില്‍ ഒളിഞ്ഞിരിപ്പുണ്ട്. പെണ്ണെന്നാല്‍ വെറും ഭോഗവസ്തു മാത്രമല്ലെന്നും അവള്‍ക്കും ആണിനോടൊപ്പം നിന്നു എല്ലാ മേഖലയിലും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും സ്ത്രീകള്‍ തെളിയിച്ച് കഴിഞ്ഞു. വീട്ടിലെ പണി മാത്രമല്ല രാജ്യഭരണവും ബഹിരാകാശ യാത്രയും പര്‍വ്വതാരോഹണവും  എന്നുവേണ്ട എല്ലാ തരം തൊഴിലിലും സ്ത്രീകള്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യാവസ്ഥയില്‍ നിന്നു കൊണ്ടാണ് ഒരു ജനപ്രതിനിധി സ്ത്രീകള്‍ വെറും പരദൂഷണക്കാരാണെന്ന് പറയുന്നതെന്ന് ഓര്‍ക്കണം.

ഷംസുദീന്‍ എം എല്‍ എ തനിക്ക് വോട്ട് ചെയ്ത പരശതം സ്ത്രീകളെയാണ് ഈ പ്രസ്താവനയിലൂടെ അപമാനിച്ചത്. ബഹുമാന്യനായ എം എല്‍ എ തന്റെ മണ്ഡലത്തിലെ മാത്രമല്ല കേരളത്തിലെ സ്ത്രീകളോട് മുഴുവന്‍ മാപ്പ് പറയുകയോ അല്ലങ്കില്‍ സ്ത്രീകള്‍ ഒറ്റക്കെട്ടായി ഇദ്ദേഹത്തോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയോ ചെയ്യേണ്ടതാണ്.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍