UPDATES

മികച്ച ശുചിത്വ സംസ്ഥാനം സിക്കിം; കേരളം രണ്ടാം സ്ഥാനത്ത്; ഗുജറാത്ത് പതിനാലാമത്

അഴിമുഖം പ്രതിനിധി

ദേശീയ തലത്തില്‍ സ്വച്ച ഭാരത്‌ പദ്ധതിയിലൂടെ രാജ്യമാകെ ശുചിത്വം ഉറപ്പുവരുത്താനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലുതവണ മുഖ്യമന്ത്രിയായിരുന്ന ഗുജറാത്ത് ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനു പതിനാലാം സ്ഥാനത്ത്. സിക്കിമാണ് രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള സംസ്ഥാനം. കേരളത്തിനാണ് രണ്ടാം സ്ഥാനം.   കേന്ദ്ര സര്‍ക്കാരിന് കീഴിലെ ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷനാണ് വിവിധ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനങ്ങളുടെ നിലവാരം നിര്‍ണ്ണയിച്ചത്. 

മികച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാനങ്ങളില്‍ കേരളം മൂന്നാമതാണ്. മിസോറാം, ഹിമാചല്‍ പ്രദേശ്, നാഗാലാന്റ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മേഘാലയ, എന്നീ സംസ്ഥാനങ്ങള്‍ വൃത്തിയുടെ കാര്യത്തില്‍ കേരളത്തോടൊപ്പം ആദ്യ പത്ത് സ്ഥാനത്തുണ്ട്. ജാര്‍ഖണ്ഡ് ആണ് ഏറ്റവും പിന്നില്‍. വൃത്തിയുടെ കാര്യത്തില്‍ പിന്നോക്കം പോയ സംസ്ഥാനങ്ങളില്‍ അഞ്ചിടത്തു ബിജെപിയാണ് ഭരിക്കുന്നത്. ഛത്തീസ്ഗഡ്, ഒഡീഷ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണ്ണാടകം, ജമ്മു കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ വൃത്തിയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ്. വൃത്തിയുള്ള ജില്ലകളുടെ പട്ടികയില്‍ രാജസ്ഥാനിലെ ദുംഗാര്‍പൂര്‍, ഗുജറാത്തിലെ പഞ്ചമഹല്‍ എന്നിവയാണ് ഏറ്റവും പിന്നില്‍. ജില്ലകള്‍ തിരിച്ചുള്ള സര്‍വ്വേയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഗ്രാമീണ വികസന മന്ത്രി നരേന്ദ്രസിംഗ് തോമറാണ് ഇന്നലെ ഡല്‍ഹിയില്‍ സര്‍വേ വിവരങ്ങള്‍ പുറത്തു വിട്ടത്. 73,176 വീടുകളിലും, 3,788 ഗ്രാമങ്ങളിലും നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍വെ. ശൌചാലായ സൌകര്യമുള്ള വീടുകള്‍ വൃത്തി നിര്‍ണ്ണയത്തില്‍ പ്രധാനമായിരുന്നു. അക്കാര്യത്തില്‍ നൂറില്‍ 98. 2  മാര്‍ക്ക് സിക്കിം നേടിയപ്പോള്‍ കേരളം 96.4 മാര്‍ക്ക് നേടി. ഗുജറാത്ത്  56. 4 മാര്‍ക്ക് മാത്രമാണ് നേടിയത്. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം ഗുജറാത്ത് 56. 4 മാര്‍ക്ക് നേടി 14 ആം സ്ഥാനത്താണെങ്കിലും മന്ത്രാലയം തയാറാക്കിയ ലിസ്റ്റ് പ്രകാരം ഗുജറാത്ത് 79. 37 മാര്‍ക്ക് നേടി 10 ആം സ്ഥാനത്താണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍