UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒബാമയും മോദിയും ‘വാഴക്കുല’യും ആണവബാധ്യതയും- സി.ആര്‍ നീലകണ്ഠന്‍ എഴുതുന്നു

Avatar

സി.ആര്‍.നീലകണ്ഠന്‍

ദില്ലിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്ര മോദിയെ സഹായിക്കാനാണ് ബരാക് ഒബാമ വന്നതെന്നും അന്തിമമായി ‘മതനിരപേക്ഷത’ വേണം എന്ന ഒരടി നല്‍കിയാണ് അദ്ദേഹം രാജ്യം വിട്ടതെന്നും ഒരു വിരുതന്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ ഒബാമയുടെ വരവ് ഗുണം ചെയ്തില്ലെങ്കിലും മറ്റൊരു വിഷയത്തില്‍ വലിയൊരു ‘മുന്നേറ്റം’ നടന്നതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. 2008-ല്‍ ഒപ്പിട്ട ഇന്ത്യ-യു.എസ്. ആണവക്കരാര്‍ നടപ്പിലാക്കാന്‍ ഏറെ തടസ്സമായി നിന്നിരുന്ന ഒരു ‘കീറാമുട്ടി’ ഒഴിവാക്കാന്‍ മോദി-ഒബാമ ചര്‍ച്ചയ്ക്കായത്രേ! ഈ ‘ഒത്തുതീര്‍പ്പ്’ എന്താണെന്ന് ആദ്യമൊന്നും സര്‍ക്കാര്‍ പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വസ്തുതകള്‍ തുറന്നുപറയേണ്ടി വന്നിരിക്കുന്നു. ആണവബാധ്യതാ നിയമത്തിലെ 17 (ബി) വകുപ്പിന്റെ ബാധ്യതയില്‍ നിന്നും ആണവനിലയ നിര്‍മ്മാണ കമ്പനികളെ ഒഴിവാക്കാനും പകരം ആ ബാധ്യത നമ്മുടെ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികളും സര്‍ക്കാരും ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തതോടെ (ഒരു സിനിമയില്‍ പറയുമ്പോലെ) ”എല്ലാം കോംപ്ലിമെന്റ്‌സ് ആയി?”. ഇനി യു.എസ്, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് ആറിടങ്ങളില്‍ സ്ഥാപിക്കാനുള്ള ആണവനിലയങ്ങള്‍ ഇറക്കുമതി ചെയ്യാം. ഈ കരാര്‍ സംബന്ധിച്ച് നിരവധി ആശങ്കകള്‍ കടക്കാനുണ്ട്. ഇന്ത്യക്ക് ഉടനെ വൈദ്യുതി ആവശ്യമെന്നും അതിനുള്ള കരാര്‍ ഒപ്പിടണമെന്നും ഘോരഘോരം വാദിച്ചവര്‍ ഇന്ന് വളരെ ദൂരെയാണ്. അന്ന് ഭരണകക്ഷിയെ എതിര്‍ത്ത കൂട്ടരിപ്പോള്‍ നാടു ഭരിക്കുന്നു. പക്ഷെ, അന്ന് പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞ ഒരു കാര്യവും ഇപ്പോള്‍ അവര്‍ക്കോര്‍മ്മയില്ല കേട്ടോ….

എന്തായിരുന്നു പ്രധാന ചോദ്യങ്ങള്‍? 1950 മുതല്‍ ഇന്ത്യന്‍ ഭരണകൂടം കൊണ്ടുനടന്ന സ്വാശ്രയ ആണവവികസന പദ്ധതി (മൂന്നുഘട്ട പദ്ധതി) തകര്‍ന്നടിഞ്ഞു. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്ത നിലയങ്ങള്‍ വാങ്ങുന്നു. അതും സമ്പുഷ്ട യുറേനിയം ഉപയോഗിക്കുന്ന നിലയം. സമ്പുഷ്ടീകരണത്തിന് ഇന്ത്യക്ക് ഇന്ന് ശേഷിയില്ല. ഒരു കാലത്തും ആ സാങ്കേതികവിദ്യ ഇന്ത്യ ഉണ്ടാക്കില്ലെന്ന് നാം ‘ഉറപ്പും’ കൊടുത്തു. ഫലത്തില്‍ വിദേശരാജ്യങ്ങളെ മാത്രം ആശ്രയിച്ച് ഇന്ധനവും യന്ത്രഭാഗങ്ങളും ലഭിക്കുന്ന നിലയം തന്നെ നാം സ്ഥാപിച്ചു. പ്രകൃതിദത്ത യുറേനിയം ഉപയോഗിക്കുന്ന നിലയം സ്വന്തമായുണ്ടാക്കിയെടുക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്. അതല്ല ഇറക്കുമതി ചെയ്യുന്നത്. ഇത് സമ്പൂര്‍ണ്ണ പരാശ്രിതത്വമാണ്. യു.എസും സഖ്യകക്ഷികളും പറയുന്ന തരത്തില്‍ വിദേശനയം രൂപപ്പെടുത്താമെന്ന ഉറപ്പിലാണ് – ഇതിനെ ഹൈഡ് നിയമം എന്നുപറയുന്നു – ഇന്ത്യയുമായി യു.എസ്. ഒപ്പിട്ടിരിക്കുന്നത്. അതിലെ ഒരു വ്യവസ്ഥ, ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ യു.എസ്.താല്‍പ്പര്യത്തിനെതിരായി നിന്നാല്‍ അവര്‍ക്കെതിരെ യു.എസ്. നടത്തുന്ന പോരാട്ടത്തില്‍ ഇന്ത്യ പങ്കാളിയാകണം എന്നതാണ്!

ഇത്രയൊക്കെ തരംതാണിട്ടും നാം വാങ്ങുമെന്നു പറയുന്ന എല്ലാ നിലയങ്ങളും സ്ഥാപിച്ചാലും 2032 ല്‍ അന്നത്തെ ആവശ്യത്തിന്റെ ആറ് ശതമാനം പോലും ഉണ്ടാകില്ല. ആണവനിലയത്തിന്റെ മാലിന്യം എങ്ങനെ പതിനായിരക്കണക്കിന് വര്‍ഷത്തേക്ക് സുരക്ഷിതമായി സൂക്ഷിച്ചുവയ്ക്കുമെന്ന ചോദ്യത്തിനും ആര്‍ക്കും മറുപടിയില്ല! ഈ നിലയങ്ങളുടെ ചെലവ് അതിഭീമമായിരിക്കുമെന്നും വൈദ്യുതി വില വളരെ ഉയര്‍ന്നതായിരിക്കുമെന്നും തീര്‍ച്ച. സര്‍ക്കാര്‍ സ്വന്തം പണം സബ്‌സിഡി നല്‍കി വില കുറയ്ക്കുമായിരിക്കും! ഇവിടെ സബ്‌സിഡി കിട്ടുന്നത് വിദേശകമ്പനികള്‍ക്കാണ്.

സുരക്ഷിതത്വമാണ് പ്രധാന പ്രശ്‌നം 
ആണവനിലയങ്ങള്‍ അങ്ങേയറ്റം സുരക്ഷിതമാണെന്ന് നമ്മുടെ പല പ്രമുഖ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ അത്ര ഉറപ്പ് ആ നിലയങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്കില്ല; രാജ്യങ്ങള്‍ക്കുമില്ല. വിദേശത്തുനിന്നും നിലയങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അവരുടെ രൂപകല്‍പ്പനയിലോ നിര്‍മ്മാണത്തിലോ ഉള്ള തകരാറുകൊണ്ട് അപകടമുണ്ടായാല്‍ അവരില്‍ നിന്നും നമ്മുടെ നഷ്ടം പരിഹരിക്കാന്‍ പണം ഈടാക്കുകയെന്നത് ഒരു സ്വാഭാവിക നീതിയാണല്ലോ. ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പുണ്ടായപ്പോഴാണ് മുന്‍ സര്‍ക്കാര്‍ 2010ല്‍ അത്തരമൊരു നിയമം ഇന്ത്യയില്‍ ഉണ്ടാക്കിയത്. സിവില്‍ (സൈനികേതരം) ആണവബാദ്ധ്യതാനിയമം എന്നാണിതിന്റെ പേര്. നിലയം നല്‍കുന്ന കമ്പനികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ആ കമ്പനിയോ രാജ്യമോ നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ ഏറ്റവും കൂടിയ പരിധി 1500 കോടി രൂപയാണെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഒരാളുടെ തകരാറുകൊണ്ട് മറ്റൊരാള്‍ക്ക് നഷ്ടമുണ്ടായാല്‍ അതിന് ‘മേല്‍ പരിധി’ എങ്ങനെ നിശ്ചയിക്കുമെന്ന് ചോദ്യമുണ്ട്. ഭോപ്പാല്‍ കേസിലും എം.സി.മേത്തയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസിലും മറ്റും സുപ്രീംകോടതി തന്നെ പറയുന്ന ഒന്നാണ് ‘കേവലബാധ്യത’ എന്ന തത്വം. നഷ്ടം മുഴുവന്‍ പരിഹരിക്കാനും പുനരധിവാസം നല്‍കാനും കമ്പനികള്‍ ബാധ്യസ്ഥരാണെന്നതാണതിനര്‍ത്ഥം. അതിനു മുമ്പ് നിയമത്തിലുണ്ടായിരുന്ന ‘നിര്‍ബന്ധിത ബാധ്യത’യെന്ന തത്വത്തെക്കാള്‍ കര്‍ശനമാണിത്. 

ഈ തുക വളരെ കൂടുതലാണെന്ന് ചില വായനക്കാരെങ്കിലും സംശയിച്ചേക്കാം. അതിനായി ചില കണക്കുകള്‍ പറയേണ്ടതുണ്ട്. ഇവിടെ ഇറക്കുമതി ചെയ്യപ്പെടുന്ന ഓരോ നിലയത്തിനും 60,000 കോടിരൂപ വരെ വിലയുണ്ട്. അത്ര പണം നല്‍കി വാങ്ങുന്ന ഒരു നിലയത്തിന്റെ തകരാറ് മൂലം ഒരു ദുരന്തമുണ്ടായാല്‍ ഈ പണം കൈപ്പറ്റിയ കമ്പനി നല്‍കേണ്ട പരമാവധി തുക 1500 കോടി രൂപയെന്നതില്‍ തന്നെ ഒരു പ്രശ്‌നമില്ലേ? ഈയടുത്തകാലത്തുണ്ടായ ഒരു ആണവദുരന്തമാണ് ജപ്പാനിലെ ഫുക്കുഷിമയിലേത്. ആ ആപകടം മൂലം മലിനമായ പ്രദേശം ശുദ്ധീകരിക്കാന്‍ മാത്രം വേണ്ട ചെലവായി ജപ്പാന്‍ സെന്റര്‍ ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് കണക്കാക്കുന്നത് 200 കോടി ഡോളറാണ്. (1,20,000 കോടി രൂപ). മറ്റു പുനരധിവാസ ചെലവുകള്‍ വേറെ. ജപ്പാനിലെ ‘എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റ്’ മാസികയാണ് ഈ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ സ്ഥാനത്താണ് 1500 കോടി രൂപ നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെടുന്നത്. ജപ്പാനില്‍ ശക്തമായ ഒരു ആണവബാധ്യതാ നിയമം ഉണ്ടായിരുന്നെങ്കില്‍ ഈ നഷ്ടം നല്‍കാനുള്ള ബാധ്യത, നിയമം സ്ഥാപിച്ച യു.എസ്.കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിനാകുമായിരുന്നു. 

ആണവനിലയം സുരക്ഷിതമാണെന്നും അതിനെതിരെ പറയുന്നവര്‍ സാങ്കേതിക വിദ്യ അറിയാത്തവരാണെന്നും പറയുന്നവര്‍ ഒരൊറ്റ കാര്യം മാത്രം ഓര്‍ക്കുക. 2011 മാര്‍ച്ച് മാസത്തിലാണല്ലോ ഫുക്കുഷിമാ ദുരന്തമുണ്ടായത്. അതിനെത്തുടര്‍ന്ന് ജപ്പാനില്‍ പ്രവര്‍ത്തിക്കുന്ന 48 ആണവനിലയങ്ങളും അടച്ചുപൂട്ടി. ശക്തമായ ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു അത്. ജപ്പാന്റെ വൈദ്യുതി ഉത്പാദനത്തിന്റെ മൂന്നിലൊന്ന് (31 ശതമാനം) ആയിരുന്നു ആണവനിലയങ്ങളില്‍ നിന്നുള്ളത്. ഈ മൂന്നിലൊന്നുല്‍പ്പാദനം ഒറ്റയടിക്കു നിര്‍ത്തി. ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഒരൊറ്റ നിലയം പോലും ഇതുവരെ തുറന്നിട്ടില്ല. ഒരു നിലയമെങ്കിലുമൊന്നു തുറക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ആഞ്ഞുശ്രമിച്ചിട്ടും കഴിയുന്നില്ല. ജപ്പാന്‍കാര്‍ സാങ്കേതികവിദ്യയെപ്പറ്റി അറിയാത്തവരാണെന്നാരും പറയില്ലല്ലോ. സാങ്കേതികവിദ്യയുടെ ദുരന്തങ്ങള്‍ നന്നായറിയാവുന്നതിനാലാണത്. ഫുക്കുഷിമ പോലൊരു ദുരന്തം കൂടി ഉണ്ടായാല്‍ എന്താകും ജപ്പാന്റെ സ്ഥിതിയെന്നവര്‍ ഓര്‍ക്കുന്നു. 

ഇന്ത്യയുടെ മൊത്തം വൈദ്യുതാവശ്യത്തിന്റെ മൂന്നുശതമാനം പോലുമില്ല ആണവവൈദ്യുതി. ഇവിടെ പുതിയ നിലയങ്ങള്‍ വേണ്ടെന്നുവച്ചാലും നമുക്കൊരു നഷ്ടവുമില്ല. ജപ്പാന്റെ മറ്റൊരു സമീപനമാണ് യു.എസിന്റേത്. 1978 നുശേഷം ഒരൊറ്റ പുതിയ ആണവനിലയത്തിനുപോലും നിര്‍മാണാനുമതി കിട്ടിയിട്ടില്ല യു.എസില്‍. റഷ്യയടക്കം പല രാജ്യങ്ങളിലും പാതിവഴിക്ക് നിര്‍ത്തിവച്ച നിലയങ്ങള്‍ ധാരാളമുണ്ട്. ഒരൊറ്റ ദിവസം പ്രവര്‍ത്തിച്ച് നിര്‍ത്തിയ നിലയങ്ങളുമുണ്ട്. യു.എസിനും ജപ്പാനും സ്വന്തം നാട്ടില്‍ വേണ്ടാത്ത നിലയങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കാന്‍ ബഹുഉത്സാഹമാണ്. അതായത് ലോകത്തിലെ മഹാഭീമന്‍മാരായ കമ്പനികളായ യു.എസിലെ ജനറല്‍ ഇലക്ട്രിക്, വെസ്റ്റിംഗ് ഹൗസ് ഫ്രാന്‍സിലെ അറിവ, ജപ്പാനിലെ മിക്‌സുബിഷി, ഹിറ്റാച്ചി, ചില റഷ്യന്‍ കമ്പനികള്‍ ഇവയെല്ലാം ഇന്ന് ഓര്‍ഡറില്ലാതെ വലയുന്നു. എത്ര ഉയര്‍ന്ന കൈക്കൂലി നല്‍കാനും (ക്ഷമിക്കുക കമ്മീഷന്‍) അവര്‍ തയ്യാര്‍. ഈ നിലയവില്‍പ്പനയ്ക്കായി വന്‍ലോബികള്‍ രംഗത്തുണ്ട്. ഈ ഉത്സാഹകമ്മിറ്റിക്കാരാണ് ‘ആണവനിലയം അപകടരഹിതം’ എന്ന് വിളിച്ചുപറയുന്നത്. 

സ്വന്തം രാജ്യത്ത് വേണ്ടാത്തവയെന്നു മാത്രമല്ല പ്രശ്‌നം. നിലയങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുമ്പോള്‍ ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ തയ്യാറല്ല. ഇന്ത്യയിലെ മുന്‍പു പറഞ്ഞ ‘ആണവബാധ്യതാ നിയമം’ അവര്‍ക്ക് സ്വീകാര്യമല്ല. ഈ പറയുന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ആര്‍ക്കാണ് വിഷമം? ആരും വാങ്ങാന്‍ തയ്യാറല്ലാത്തതും പതിനായിരക്കണക്കിന് കോടി വിലയുള്ളതുമായ ഈ മാരണം നമ്മുടെ നാട്ടില്‍ സ്ഥാപിച്ച് അതിന് (കമ്പനിക്കാരുടെ തകരാറുകൊണ്ട്) അപകടമുണ്ടായാല്‍ പത്തുപൈസ അവര്‍ തരില്ലെന്നു പറയുമ്പോള്‍ തന്നെ ‘ആണവസുരക്ഷ’ എത്രയെന്നു നമുക്കു ബോധ്യമാകില്ലേ? ഈ നിലയത്തിന്റെ സുരക്ഷയ്ക്കു സാക്ഷ്യം പറയന്‍ ആണവമേഖലയുമായി ഒരു ബന്ധവുമില്ലാത്ത ബഹിരാകാശ സാങ്കേതിക വിദഗ്ധനായ എ.പി.ജെ. അബ്ദുല്‍ കലാം എന്ന മുന്‍ രാഷ്ട്രപതിയെ കൊണ്ടുവന്നു നാണംകെടുത്തണോ? 

നിലവിലുള്ള നിയമം മറികടന്ന് നിലയം കൊണ്ടുവരണമെന്നാണ് യു.പി.എ -എന്‍.ഡി.എ. സര്‍ക്കാരുകളുടെ നിലപാട്. എന്നാല്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബി.ജെ.പി. പറഞ്ഞത് ഇങ്ങനെയല്ല. ‘ബാദ്ധ്യതകളില്‍ ഇളവുനല്‍കാന്‍ ശ്രമിക്കുകവഴി കോണ്‍ഗ്രസ് എന്ന പുള്ളിപ്പുലിയുടെ പുള്ളി (സാമ്രാജ്യത്വദാസ്യം) മാഞ്ഞുപോകില്ല.’ എന്നായിരുന്നു. ഇതു പറഞ്ഞ അരുണ്‍ ജെയ്റ്റ്‌ലി മോദി മന്ത്രിസഭയില്‍ അംഗമാണ്. ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ ആണവസാധ്യതാ നിയമം സംബന്ധിച്ച് ഉണ്ടായ ‘ഒത്തുതീര്‍പ്പ്’ എന്താണെന്ന് പറയാന്‍ അരുണ്‍ ജെയ്റ്റ്‌ലി തയ്യാറാകുമോ? ഇപ്പോള്‍ കിട്ടുന്ന വിവരമനുസരിച്ചാണെങ്കില്‍ അന്നത്തെ യു.പി.എ. സര്‍ക്കാരിന്റെ ശരീരത്തിലുള്ളതിനേക്കാള്‍ കട്ടിയുള്ള പുള്ളിയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ശരീരത്തിലുള്ളത്. 

ആണവബാധ്യതാ നിയമം ഒഴിവാക്കണമെന്നതാണ് യു.എസ്., റഷ്യ, ജപ്പാന്‍, ഫ്രാന്‍സ് രാഷ്ട്രത്തലവന്‍മാരും പ്രതിനിധികളും നിരന്തരം ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഇതിനു കാരണം വ്യക്തം. അപകടസാധ്യത അവര്‍ തള്ളിക്കളയുന്നില്ല. തന്നെയുമല്ല ഈ നിലയങ്ങള്‍ക്ക് 1500 കോടി രൂപയുടെ തുകയ്ക്ക് ഇന്‍ഷ്വര്‍ ചെയ്യാന്‍ ഒരു സ്ഥാപനവും തയ്യാറല്ല. അത്തരമൊരു സാഹചര്യത്തില്‍ കമ്പനി തന്നെ നല്‍കണം. അല്ലെങ്കില്‍ രാജ്യം നല്‍കണം! നേരത്തെ പറഞ്ഞതുപോലെ ഫുക്കഷിമ പോലൊരു ദുരന്തമുണ്ടായാല്‍ (ഇന്ത്യയിലെ മരണനിരക്ക് വളരെ ഉയര്‍ന്നതാകും) അതു വൃത്തിയാക്കാന്‍ 1,20,000 കോടി രൂപ വേണമെങ്കില്‍… അതില്‍ 1500 കോടി പോലും തരാന്‍ തയ്യാറല്ലെങ്കില്‍… അതു വേണ്ടായെന്നു പറയുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യയ്ക്കുണ്ടാകുന്നുവെങ്കില്‍… നാമെന്തുതരം ജനാധിപത്യത്തിലാണ് ജീവിക്കുന്നത്? 

അതാണിവിടെ സംഭവിച്ചത്. ഇവിടെ അപകടമുണ്ടായാല്‍ അതിന്റെ ബാധ്യത ഇന്ത്യന്‍ ഭരണകൂടം തന്നെ ഏറ്റെടുക്കുന്നു! ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ തലയില്‍ വച്ചുകെട്ടാനായിരുന്നു ആദ്യ ശ്രമം. നിലവിലുള്ള നിയമമനുസരിച്ച് പരമാവധി 750 കോടി രൂപയുടെ ‘ബാധ്യത’യേ അവര്‍ക്ക് ഏറ്റെടുക്കാനാകൂ. അപ്പോള്‍ പിന്നെന്തു വഴി? ബാക്കി ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനായി. ഫലത്തില്‍ ഇന്ത്യയില്‍ നിലയനിര്‍മാതാക്കളുടെ തകരാറുകൊണ്ട് ഒരപകടമുണ്ടായാല്‍ അതിന്റെ ബാധ്യത ഇന്ത്യയിലെ നികുതിദായകര്‍ക്കായി. വിദേശകമ്പനികളെ ബാധ്യതയില്‍ നിന്നൊഴിവാക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് വിദേശകാര്യവകുപ്പ് ഒരു വിശദീകരണക്കുറിപ്പ് ഇറക്കിയിരിക്കുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി എന്ന രീതിയിലാണ് വിശദീകരണം. 

ആണവബാധ്യതാ നിയമത്തിലെ 17 (ബി) വകുപ്പനുസരിച്ച് ഇന്ത്യയിലെ നിലയ ഉടമസ്ഥ കമ്പനിയായി എന്‍.പി.സി.ഐ.എല്‍. ഒരു വിദേശകമ്പനിയില്‍ നിന്ന് നിലയം വാങ്ങുമ്പോള്‍ നഷ്ടപരിഹാരത്തിനുള്ള ‘നിയമനടപടിക്കുള്ള അധികാരം’ (റൈറ്റ് ടു റിസ്‌കോഴ്‌സ്) നിലനിര്‍ത്തണമെന്നത് നിര്‍ബന്ധിത (മാന്‍ഡേറ്ററി) വ്യവസ്ഥയാണ്. ഇതിനെ യു.എസ്. കമ്പനികളും മറ്റും എതിര്‍ക്കുന്നതുമൂലം ഈ വകുപ്പിലെ ‘നിര്‍ബന്ധിതം’ എന്നത് ഒഴിവാക്കുന്നു. ‘ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ ആ വ്യവസ്ഥ പ്രയോഗിക്കാം’ എന്നാക്കുന്നു. ഫലത്തില്‍ ഒരു കമ്പനിയും അതിനു തയ്യാറാകില്ലെന്നു നന്നായറിയാവുന്നതിനാല്‍ ആണവബാധ്യത അവരില്‍ നിന്നും എടുത്തുമാറ്റിയെന്നതാകും ഫലം. 

അല്‍പം പഴയ ഒരു കാര്യം നോക്കാം. 2013 ല്‍ (യു.പി.എ. ഭരണകാലത്ത്) ഇതേ രീതിയില്‍ ബാധ്യത മാറ്റാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ്. ഇടതുപക്ഷത്തോടൊപ്പം അതിനെ എതിര്‍ക്കാന്‍ രംഗത്ത് വന്ന കക്ഷിയാണ് ബി.ജെ.പി. അന്ന് പ്രതിപക്ഷനേതാവും ഇന്ന് ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി എഴുതിയ ഒരു ലേഖനത്തിലെ വരികള്‍ ഇങ്ങനെയാണ്. (ആണവ നിലയനിര്‍മാണ കമ്പനികളുടെ ബാധ്യതയില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരെ) ”ഒരു പൊതുമേഖലാ സ്ഥാപനം വിദേശനിര്‍മാണകമ്പനിയില്‍ നിന്നും വാങ്ങല്‍ കരാര്‍ ഒപ്പിടുമ്പോയള്‍, ബാധ്യതാ നിയമത്തിലെ 17 (ബി) വകുപ്പ് അനുസരിച്ചുള്ള, കേസ് പോകാനുള്ള അവകാശം ഉപേക്ഷിക്കുകയും ചെയ്താല്‍, അത് ആണവബാധ്യതാ ലംഘനം മാത്രമല്ല അഴിമതി നിരോധന നിയമത്തിലെ 13 (1) (ഡി) വകുപ്പിലെ ലംഘനം കൂടിയാകും.” ഒരു പൊതുമേഖലാ സ്ഥാപനം അറിഞ്ഞുകൊണ്ട് സ്വയം നഷ്ടം വരുത്തിതീര്‍ക്കുന്നതിനുള്ള ശ്രമമാണ് അഴിമതി നിരോധന നിയമത്തിലെ 13 (1) (ഡി) വകുപ്പ്. പക്ഷെ ഇപ്പോള്‍ അതേ ജെയ്റ്റ്‌ലിയുടെ സര്‍ക്കാര്‍ അതുതന്നെ ചെയ്യുന്നു. ഇതാണ് ജനാധിപത്യം- ഭരണപക്ഷത്തും പ്രതിപക്ഷത്തുമിരിക്കുമ്പോള്‍ ‘കാഴ്ചപ്പാടുകള്‍’ വ്യത്യസ്തമാകും. ഭരണത്തില്‍ നിന്നും പുറത്തായ കോണ്‍ഗ്രസ് ദുര്‍ബലമായി പറയുന്നുണ്ട്- പാര്‍ലമെന്റില്‍ ഞങ്ങള്‍ ചോദിക്കുമെന്ന്. ഇല്ല, കോണ്‍ഗ്രസിനതിന് കഴിയില്ല. 2013 ല്‍ അവര്‍ ചെയ്യാന്‍ ശ്രമിച്ചത് ഇപ്പോള്‍ ബി.ജെ.പി.ചെയ്യുന്നുവെന്നേയുള്ളു. ഇപ്പോള്‍ ഭരണകര്‍ത്താക്കളുടെ സ്ഥിരം വാദങ്ങള്‍ – നമുക്ക് വൈദ്യുതി വേണ്ടേ, ചിലവുകുറഞ്ഞതും മലിനീകരണമില്ലാത്തതുമായ ആണവവൈദ്യുതി… മുതലായ സംസ്‌കൃതവാദങ്ങള്‍ അവര്‍ ഉയര്‍ത്തുന്നു. 

ഈ ‘ഒത്തുതീര്‍പ്പില്‍’ കൂടി വലിയൊരു നേട്ടം ഇന്ത്യയ്ക്കുണ്ടായത്രേ! ഇന്ത്യന്‍ നിലയങ്ങള്‍ നേരിട്ടു പരിശോധിക്കാന്‍ അമേരിക്കയ്ക്കുള്ള അധികാരം അവര്‍ ഉപേക്ഷിച്ചുവെന്നതണ് നേട്ടം! ഗംഭീരം. പകരം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയായിരിക്കും പരിശോധിക്കുക! നാമോര്‍ക്കുക… ഇറാനിലും വടക്കന്‍ കൊറിയയിലും മുമ്പ് ഇറാക്കിലും യു.എസ്. ദാസ്യത്തില്‍ പരിശോധന നടത്തിയവരാണിവര്‍. എന്നാല്‍ ആണവായുധ ശേഷിയുണ്ടെന്ന് ഏതാണ്ടെല്ലാവര്‍ക്കുമറിയുന്ന ഇസ്രായേലില്‍ ഇവര്‍ പോകുകയില്ല. കാര്യം വ്യക്തം. 

വാല്‍ക്കഷണം: ചങ്ങമ്പുഴയുടെ ‘വാഴക്കുല’യില്‍ നായകന്‍ നട്ടുനനച്ച് ലാളിച്ചു വളര്‍ത്തിയ വാഴക്കുല പാകമാകുമ്പോള്‍ ജന്മി വന്ന് വെട്ടിക്കൊണ്ടുപോയ രംഗം ഓര്‍ക്കുക. അന്ന് ആ പാവം, ആ ജന്മി പോയപ്പോഴെങ്കിലും പറഞ്ഞു. ”ഇതിനൊക്കെ പ്രതികാരം…” എന്ന്. ഇവിടെ പുതിയ അടിയാന്‍ പറയുന്നു. ”ജന്മി എത്ര നല്ലവന്‍..!! 19 പ്രാവശ്യം എന്നെ പേരു വിളിച്ചില്ലേ…” എന്ന്.

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍