UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ആണവ അന്തര്‍വാഹിനിയുടെ കന്നി യാത്ര, ജെസ്സി ഓവന്‍സിന് ഒളിംപിക്‌സ് സ്വര്‍ണ്ണം

Avatar

1958 ഓഗസ്റ്റ് 3
ലോകത്തിലെ ആദ്യത്തെ ആണവ അന്തര്‍വാഹിനി യുഎസ്എസ് ന്യൂട്ടിലസിന്റെ കന്നി യാത്ര

ലോകത്തിലെ ആദ്യത്തെ ആണവ അന്തര്‍വാഹിനിയായ യുഎസ്എസ് ന്യൂട്ടിലസ് അതിന്റെ കന്നിയാത്ര ഉത്തര ധ്രുവത്തിലെ ആര്‍ട്ടിക് പ്രദേശത്തേക്ക് നടത്തുന്നു. 1950 കളോടെ ആണവ അന്തര്‍വാഹിനികളുടെ പ്രസക്തി ലോകത്തിന് മനസ്സിലാക്കിക്കൊടുത്തു കൊണ്ടായിരുന്നു യുഎസ്എസ് ന്യൂട്ടിലസിന്റെ കന്നിയാത്ര. ഈ സമയം പരമ്പരാഗത ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികളാകട്ടെ പ്രതിസന്ധികളുടെ ആഴങ്ങളിലേക്ക് ആണ്ടുകൊണ്ടിരിക്കുകയായിരുന്നു.

 

ദീര്‍ഘനേരം കടലിനടിയില്‍ നങ്കൂരമിട്ടു കിടക്കാന്‍ കഴിവുള്ള ആണവ അന്തര്‍വാഹിനി വീര്യമേറിയൊരു ആയുധമായി മാറി. 1958 ഓഗസ്റ്റ് 3-നായിരുന്നു, യുഎസ്എസ് ന്യൂട്ടിലസ് എന്ന, ലോകത്തിലെ ആദ്യത്തെ പാരമ്പര്യേതര മുങ്ങിക്കപ്പല്‍ വെല്ലുവിളി നിറഞ്ഞ ആര്‍ട്ടിക് ഹിമപ്രദേശത്തേക്കുള്ള യാത്ര തിരിക്കുന്നത്. ആയിരം മൈല്‍ ആര്‍ട്ടിക് ഹിമസാഗരത്തിനടിയിലൂടെ യാത്ര ചെയ്താണ് യു.എസ്.എസ് ന്യൂട്ടിലസ് ആര്‍ട്ടിക് പ്രദേശത്തെ അമേരിക്കന്‍ സംസ്ഥാനമായ അലാസ്‌കയിലെ പോയിന്റ് ബാരോവില്‍ തീരമടുക്കുക വഴി ലോകത്തിന്റെ നെറുകയില്‍ എത്തുന്നത്. ഈ യാത്രയുടെ മറ്റൊരു ചരിത്രനേട്ടമായിരുന്നു അറ്റ്‌ലാന്റിക്കിലേക്കും യൂറോപ്പിലേക്കും പസഫിക് സമുദ്രത്തിലൂടെയുള്ള എളുപ്പ വഴി കണ്ടെത്തിയെന്നത്.

ഓപ്പറേഷന്‍ നോര്‍ത്ത് വെസ്റ്റ് പാസേജ് എന്ന ആര്‍ട്ടിക്കിലേക്കുള്ള ഈ അന്തര്‍വാഹിയുടെ യാത്ര ആണവ അന്തര്‍വാഹിനികളുടെ ചരിത്രത്തിലെ സുപ്രധാനമായൊരു ചുവടുവയ്പ്പായിരുന്നു. 116 പേരടങ്ങിയ ഈ യാത്രയില്‍ കമാന്‍ഡര്‍ വില്യം. ആര്‍ ആന്‍ഡേഴ്‌സണ്‍ ആയിരുന്നു കപ്പല്‍ നിയന്ത്രിച്ചിരുന്നത്. ഹവായിലെ പേള്‍ ഹാര്‍ബര്‍ തുറമുഖത്തു നിന്ന് ബെറിങ് കടലിടുക്കിലൂടെ ആഗസ്ത് 1 നു ആരംഭിച്ച സമുദ്രാന്തര്‍ യാത്ര യാതൊരു തടസങ്ങളും കൂടാതെയാണ് അലാസ്‌കയിലെ പോയിന്റ് ബാരോവിലെത്തിച്ചേര്‍ന്നത്. 25 വര്‍ഷത്തെ സേവനത്തിന് ശേഷം 1980ല്‍ ന്യൂട്ടിലസ്  പിന്‍വലിച്ചു.

1936 ഓഗസ്റ്റ് 3 
ജെസ്സി ഓവന്‍സിന് ബര്‍ലിന്‍ ഒളിംപിക്സില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം

ലോകപ്രശസ്ത അത്‌ലറ്റ് ജെയിംസ് ക്ലീവെലന്‍ഡ് ഓവന്‍സ് എന്ന ‘ജെസ്സി’ ഓവന്‍സ് ലോകത്തിന്റെ നെറുകയിലേക്ക് ഓടിയെത്തിയത് 1936 ല്‍ നടന്ന ബെര്‍ലിന്‍ ഒളിംപിക്‌സില്‍ നാലു സ്വര്‍ണ്ണ മെഡലുകള്‍ നേടിയായിരുന്നു. 100 മീറ്റര്‍, 200 മീറ്റര്‍, ലോംഗ് ജമ്പ് , 4×100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലായിരുന്നു ആ സുവര്‍ണ്ണ നേട്ടങ്ങള്‍. ആര്യന്മാരുടെ ആധിപത്യം ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള ജര്‍മ്മന്‍ സേച്ഛ്വാധിപതി ഹിറ്റ്‌ലറുടെ സ്വപ്‌നമെന്ന നിലയില്‍ വിവാദപൂര്‍ണമായ ബര്‍ലിന്‍ ഒളിംപിക്സിലായിരുന്നു ഓവന്‍സിന്റെ സ്വര്‍ണ്ണവേട്ട എന്നതാണ് പ്രസക്തം . ഹിറ്റ്ലര്‍ അന്ന് മത്സരങ്ങളില്‍ വിജയിച്ച ജര്‍മ്മന്‍ താരങ്ങള്‍ക്ക് മാത്രമെ ഹസ്തദാനം നല്‍കാന്‍ പോലും തയ്യാറായിരുന്നുള്ളൂ.

1936 ഓഗസ്റ്റ് 3 നായിരുന്നു ജെസ്സി ഓവന്‍സ് തന്റെ സ്വര്‍ണ്ണവേട്ടയ്ക്ക് തുടക്കം കുറിക്കുന്നത്. അന്ന് 10.3 സെക്കന്‍ഡ് കൊണ്ട് 100 മീറ്റര്‍ പൂര്‍ത്തിയാക്കി ഓവന്‍സ് സ്വര്‍ണ്ണമണിഞ്ഞു. അടുത്ത ദിവസം നടന്ന ലോംഗ്ജമ്പില്‍ 26.5 അടി ചാടി തന്റെ രണ്ടാം സ്വര്‍ണ്ണവും അദ്ദേഹം സ്വന്തമാക്കി. ഓഗസ്റ്റ് 5 ന് നടന്ന 200 മീറ്റര്‍ ഓട്ടത്തില്‍ 20.7 സെക്കന്‍ഡ് കൊണ്ട് ഒന്നാം സ്ഥാനത്തെത്തിയാണ് മൂന്നാം സ്വര്‍ണ്ണമെഡലിന് ജെസ്സി ഓവന്‍സ് അര്‍ഹനാകുന്നത്. നാലാം സ്വര്‍ണ്ണ മെഡല്‍ ഈ താരത്തിന്റെ കഴുത്തില്‍ വീഴുന്നത് ഓഗസ്റ്റ് 9 ന് നടന്ന 4×100 മീറ്റര്‍ റിലേയിലാണ്. ലോംഗ് ജംമ്പിലും റിലേയിലും ലോക റെക്കോര്‍ഡ് കുറിച്ചുകൊണ്ടായിരുന്നു ജെസ്സി ഓവന്‍സ് സ്വര്‍ണ്ണനേട്ടം സ്വന്തമാക്കിയത്. റിലേയില്‍ ജെസ്സി ഓവന്‍സ് സ്ഥാപിച്ച റെക്കോര്‍ഡ് 1984 ല്‍ കാള്‍ ലൂയിസ് ഭേദിക്കുന്നതുവരെ നിലനിന്നു.

ബര്‍ലിന്‍ ഒളിംപിക്‌സിന് എത്തുന്നതിനും മുന്നേ ജെസ്സി ഓവന്‍സ് തന്റെ പ്രതിഭയെന്തെന്ന് ആന്‍ ആര്‍ബറില്‍ 1935 ല്‍ നടന്ന ബിഗ് ടെണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തെളിയിച്ചിരുന്നു. ആ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു ലോക റെക്കോര്‍ഡുകളാണ് വെറും 45 മിനിട്ടിനുള്ളില്‍ ജെസ്സി ഓവന്‍സ് സ്ഥാപിച്ചത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡിന്റെ ചരിത്രത്തില്‍ ആ 45 മിനിട്ട് ഇന്നും വലിയൊരു നേട്ടമായി നിലകൊള്ളുകയാണ്. 100 മീറ്ററില്‍ 9.4 സെക്കന്‍ഡ് കൊണ്ട് ഫിനിഷ് ചെയ്ത ഓവന്‍സ് ലോക റെക്കോര്‍ഡ് കുറിച്ചു.  200 മീറ്ററിലും ലോംഗ് ജമ്പിലും റിലേയിലും പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍