UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

നഗ്നതയ്ക്കും അശ്ലീലത്തിനുമിടയില്‍ വരയ്ക്കുന്ന അതിര്‍വരമ്പുകള്‍

നഗ്‌നത എന്നാല്‍ നമുക്ക് പെട്ടെന്നോര്‍മ്മ വരുന്ന പദം ‘അശ്ലീലം’ എന്നാണ്. ശ്ലീലവും അശ്ലീലവും മറ്റെന്തിലും ഉള്ളത് പോലെ നഗ്‌നതയിലും ഉണ്ട്; അതിനെ തരംതിരിച്ചു മനസിലാക്കാനുള്ള വിവേചനബുദ്ധി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. എല്ലാ നഗ്നതാ പ്രദര്‍ശനനങ്ങളും അശ്ലീലം ആകുന്നില്ല എന്നതുപോലെ എല്ലാം ശ്ലീലവുമാകുന്നില്ല. ഇംഗ്ലീഷ് പദങ്ങള്‍ ‘Nude’ നും ‘Naked’-നും തമ്മിലുള്ള വത്യാസമാണ് അത്. ആദ്യത്തേത് കലാപരമാകുന്നുവെങ്കില്‍ രണ്ടാമത്തേത് വെറും വസ്ത്രബഹിഷ്‌കരണം ആണ്.

കേരളത്തിലെ സാംസ്‌കാരികചരിത്രം തന്നെ പരിശോധിച്ചാല്‍ നാം ഇന്ന് കാണുന്ന രീതിയിലുള്ള വസ്ത്രധാരണം സാധാരണ ജീവിതത്തില്‍ ആരംഭിച്ചത് കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ്. എന്നാല്‍ അതിനും എത്രയോ കാലം മുന്‍പുതന്നെ നമ്മുടെ തനതു കലാരൂപങ്ങളില്‍ കൃത്യമായ അളവുകളില്‍ സ്ത്രീ, പുരുഷ ശരീരം കലാപരമായി പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. തനിക്കു ചുറ്റും കാഴ്ചക്കാരായി ഇരിക്കുന്ന മാറ് മറക്കാത്ത സ്ത്രീകളില്‍ കാണാത്ത സ്ത്രീ ശരീരത്തിന്റെ സൌന്ദര്യം സദസില്‍ നൃത്തം ചെയ്യുന്ന സ്ത്രീയുടെ മുഖത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നതും ഈ രണ്ടു പദങ്ങള്‍ തമ്മിലുള്ള വത്യാസം മൂലമാണ്.

 

കാലക്രമേണ ദൈനംദിന ജീവിതത്തിലെ വസ്ത്രധാരണ രീതികള്‍ മാറുകയും കല അങ്ങനെ തുടരുകയും ചെയ്തതിന്റെ ഫലമാണ് ഇപ്പോള്‍ നമുക്ക് കലയിലെ ചെറു ശരീരപ്രദര്‍ശനം പോലും അശ്ലീലമാകുന്നത്. എന്നാല്‍ ശരീരത്തിന്റെ രാഷ്ട്രീയത്തെ കലയുമായി കൂട്ടിക്കെട്ടുന്നതില്‍ പോരായ്മകള്‍ സംഭവിക്കുന്നുണ്ട്. ശരീരത്തിന് മുകളിലെ അവകാശ പ്രഖ്യാപനം നടത്താന്‍ വേണ്ടി നടത്തുന്ന വസ്ത്രബഹിഷ്‌കരണം ഒരിക്കലും കലാപരം (artistic) അല്ല, അതിനര്‍ഹിക്കുന്ന ബഹുമാനം നല്കുമ്പോഴും കലാരൂപമായി അതിനെ കാണാന്‍ ശ്രമിക്കുമ്പോള്‍ അല്ലെങ്കില്‍ ആ വസ്ത്രബഹിഷ്‌കരണം കലാരൂപമാണ് എന്ന് അവകാശപ്പെടുമ്പോള്‍ ആസ്വദിക്കുന്നവര്‍ അതില്‍ പോരായ്മകള്‍ കണ്ടെത്തുകയും പോരായ്മകള്‍ മാത്രമുള്ള ആ ‘കലാസൃഷ്ടി’ അശ്ലീലമായി മാറുകയും ചെയ്യും.

കലാരൂപങ്ങളില്‍, അതിനി മോഹിനിയാട്ടം മുതല്‍ ന്യൂഡ് ആര്‍ട്ട് ഫോട്ടോഗ്രാഫി വരെ ഏതു കലാരൂപമാണെങ്കിലും സ്ത്രീ/പുരുഷ സൌന്ദര്യം പ്രദര്‍ശിപ്പിക്കുന്നു എങ്കില്‍ കാഴ്ചക്കാര്‍ ആസ്വദിക്കണം എന്നതാണ് അതിന്റെ അടിസ്ഥാന ആവശ്യം. പല തീമുകളിലും മൂഡിലും ഇതിനെ കൊണ്ടുപോകാന്‍ കഴിയും; കേവല ലൈംഗിക വികാരം എന്നതിനപ്പുറം പല തലത്തിലുള്ള ആസ്വാദന തലത്തിലേക്ക് അതിനെ കൊണ്ടുപോകാനും കഴിയുന്നത് കലാകാരന്റെ കഴിവാണ്.

 

 


മോഡല്‍: രശ്മി ആര്‍. നായര്‍

 

ന്യൂഡ് ആര്‍ട്ട് ഫോട്ടോഗ്രഫി എന്നതിലേക്കു മാത്രം വന്നാല്‍ ഞാന്‍ വളരെക്കാലമായി ചെയ്യുന്ന ഒരു ജോലി എന്ന നിലക്ക് വളര കൃത്യതയോടും സൂക്ഷ്മതയോടും ചെയ്യേണ്ട ഒന്നാണ് എന്നും അതില്‍ കലാരൂപത്തില്‍ നിന്നും അശ്ലീലത്തിലേക്കുള്ള വ്യത്യാസം വളരെ നേര്‍ത്ത ഒരു വരയാണെന്നും നിസ്സംശയം പറയാന്‍ കഴിയും. വൈല്‍ഡ് എന്ന തീമില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തീമില്‍ ചെയ്യുന്ന ഒരു ചിത്രം കണ്ടാല്‍ കാഴ്ചക്കാരന് ലൈംഗിക വികാരം മാത്രമാണ് ഉണ്ടാകുന്നതെങ്കില്‍ 90 ശതമാനവും അത് ആ കലാകാരന്റെ പരാജയമാണ് (കലാകാരന്‍ എന്നാല്‍ ആ ചിത്രത്തിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവരും). ബാക്കി 10% മാത്രമാകും ലൈംഗിക ദാരിദ്ര്യം മൂലം അതില്‍ ലൈഗികത കാണാന്‍ ശ്രമിക്കുന്നത്. സംസ്‌കാരവും സമൂഹവും മാറുന്നതിനനുസരിച്ച് ഈ അനുപാതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. അതേ ലോജിക് തന്നെയാണ് ഇറോട്ടിക് തീമില്‍ ഉള്ള ഒരു ചിത്രം കണ്ടിട്ട് ഒരാള്‍ക്ക് ലൈംഗിക വികാരം തോന്നിയില്ല എങ്കില്‍ ആ കലാകാരനാണ് പരാജയപ്പെടുന്നത്. അവിടെയാണ് മുകളില്‍ പറഞ്ഞ വസ്ത്രബഹിഷ്‌കരണം നടത്തുന്നവര്‍ കലയാണ് എന്ന് അവകാശപ്പെടുന്നതില്‍ ഉണ്ടാകുന്ന വിരോധാഭാസം. കലയുടെ കോണില്‍ നിന്ന് നോക്കിയാല്‍ ഇറോട്ടിക് തീമില്‍ മാത്രം ദൃശ്യമാകുന്ന ഒരു ചിത്രം കണ്ടു ലൈംഗിക വികാരം തോന്നിയ പ്രേക്ഷകരോട് നിങ്ങള്‍ക്ക് ഞരമ്പ് രോഗമാണ് എന്ന് പറയുന്നവര്‍ അയാളെ അപമാനിക്കുകയാണ് ചെയ്യുന്നത്. പക്ഷെ ഈ തോന്നിയ വികാരം അത് കലയാണെന്നും ആസ്വദിക്കാന്‍ ഉള്ളതാണെന്നും അതില്‍ കൂടുതല്‍ തന്നിലെ പ്രേക്ഷകന് അതില്‍ യാതൊരു അവകാശവും ഇല്ല എന്നും മനസിലാക്കാന്‍ പ്രേക്ഷകരും തയാറാകണം.

കലാപരമായി ശരീരസൌന്ദര്യം പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനു ലഭിക്കുന്ന പോസിറ്റീവും നെഗറ്റീവുമായ എല്ലാ അഭിപ്രായങ്ങളും സഹിഷ്ണുതയോടെ കേള്‍ക്കാന്‍ തയ്യാറായിരിക്കണം. നെഗറ്റീവ് അഭിപ്രായം പറയുന്നവര്‍ മുഴുവന്‍ ‘ഞരമ്പ്’ രോഗികള്‍ എന്ന് വിലപിച്ചിട്ട് കാര്യമില്ല. സ്ത്രീ ശരീരത്തെ വര്‍ണ്ണിക്കാന്‍ എല്ലാ ഭാഷയിലും ഒരുപാട് പ്രയോഗങ്ങള്‍ ഉണ്ട്, അവയെല്ലാം അശ്ലീലമാണ് എന്ന മുന്‍വിധി പാടില്ല; അതായത് ശരിയായ അര്‍ഥത്തില്‍ അവയെ ഉള്‍ക്കൊള്ളാന്‍ കഴിയണം. ഇത്തരത്തില്‍ കഴിവും അധ്വാനവും വേണ്ട ഒരു കലയെ കേവല പ്രശസ്തിക്കു വേണ്ടി കൂട്ടുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രവണത അടുത്തിടെ കണ്ടു വരുന്നുണ്ട്. കേരള സാഹചര്യത്തില്‍ ഒരുപാട് പ്രചാരമോ അറിവോ ഇല്ലാത്ത ഒരു കാര്യം എന്ന രീതിയില്‍ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയും എന്നതാകും പൊതുവില്‍ ഇത്തരത്തില്‍ ഒരു പ്രവണത ഉണ്ടാകാന്‍ കാരണം. പക്ഷെ അത്തരം കോപ്രായങ്ങള്‍ ഇനി വരുന്ന കാലത്ത് ഒരുപാട് പേര്‍ക്ക് ലൈറ്റിലും ക്യാമറയിലും മായാജാലം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു പ്രൊഫഷനെക്കുറിച്ച് തുടക്കത്തില്‍ തന്നെ ഒരു ‘അശ്ലീല’ബോധം ഉണ്ടാക്കിയെടുക്കാന്‍ മാത്രമേ ഉപകരിക്കൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍