UPDATES

വിദേശം

2015ല്‍ വധശിക്ഷകളുടെ എണ്ണം കൂടി; ഉത്തരവാദികള്‍ ഇറാന്‍, സൌദി, പാക്കിസ്ഥാന്‍

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

ഈയിടെ പ്രസിദ്ധീകരിച്ച ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്റെ വാര്‍ഷിക കണക്കുകള്‍ പ്രകാരം 2015ല്‍ 1,634 പേരാണ് ലോകത്ത് വധശിക്ഷയ്ക്ക് വിധേയരായത്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 50% വര്‍ദ്ധനവ്. മാത്രമല്ല, 1989നു ശേഷം ഈ സ്ഥാപനത്തിന്‍റെ രേഖകളില്‍ ഇത്രയും കൂടിയ എണ്ണം ഉണ്ടായിട്ടില്ല.

ഈ മനുഷ്യാവകാശ സംഘടനയുടെ അഭിപ്രായത്തില്‍ ഇറാന്‍, പാക്കിസ്ഥാന്‍, സൌദി അറേബ്യ എന്നീ മൂന്നു രാജ്യങ്ങള്‍ക്കാണ് 2015ല്‍ നടപ്പാക്കപ്പെട്ട 90% വധശിക്ഷകളുടെയും ഉത്തരവാദിത്വം. മറ്റൊരു സുപ്രധാന കാര്യം ചൈനയുടെ കണക്കുകള്‍ ഇതിലില്ല എന്നതാണ്. അവിടത്തെ വധശിക്ഷകള്‍ രേഖപ്പെടുത്തുന്നത് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ 2009ല്‍ നിര്‍ത്തിയതാണ്; വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങളാണ് കാരണം. ഗവേഷകര്‍ കരുതുന്നത് ചൈനയില്‍ ആയിരക്കണക്കിന് വധശിക്ഷകളാണ് നടപ്പാകുന്നത് എന്നാണ്; ഈ ശിക്ഷാരീതി പിന്തുടരുന്നതില്‍ ലോകത്തിന്‍റെ തലസ്ഥാനമാണ് ബെയ്ജിങ് എന്നും.

കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ലോക രാജ്യങ്ങള്‍ ഇത്രയധികം പേരെ മരണത്തിനു വിധേയരാക്കിയിട്ടില്ലെന്ന് ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ സെക്രട്ടറി ജനറല്‍ സലില്‍ ഷെട്ടി പ്രസ്താവനയില്‍ അറിയിച്ചു. “ഇറാനും പാക്കിസ്ഥാനും സൌദി അറേബ്യയുമൊക്കെ മുന്‍പില്ലാത്ത തരത്തിലാണ് ആളുകളെ വധിച്ചിട്ടുള്ളത്; പലപ്പോഴും അങ്ങേയറ്റം അന്യായമായ വിചാരണകള്‍ക്കു ശേഷം. ഈ കൂട്ടക്കൊല അവസാനിക്കണം.”

ലോകത്ത് വളരെക്കുറച്ച് രാജ്യങ്ങളില്‍ മാത്രമേ വധശിക്ഷ നിലനില്‍ക്കുന്നുള്ളൂ എന്ന് ഷെട്ടി നിരീക്ഷിക്കുന്നു. അമേരിക്കന്‍ രാജ്യങ്ങളില്‍ 2015ല്‍ വധശിക്ഷ നടത്തിയ ഏക രാജ്യമായി യു‌എസ് ശ്രദ്ധ നേടി.

ആംനെസ്റ്റിയുടെ പത്രക്കുറിപ്പില്‍ നിന്ന്‍ മൂന്നു രാജ്യങ്ങളെ കുറിച്ചുള്ള ചില വിവരങ്ങള്‍ ഇതാ (ഇറാന്‍, പാക്കിസ്ഥാന്‍, സൌദി അറേബ്യ ഇവര്‍ക്കു പുറകില്‍ 28 വധശിക്ഷകളോടെ യു‌എസ് ഉണ്ട്):

സിവിലിയന്‍ വധശിക്ഷകളിന്മേലുള്ള ഒരു മൊറട്ടോറിയം 2014 ഡിസംബറില്‍ പിന്‍വലിച്ചതു മുതല്‍ സ്റ്റേറ്റിന്റെ അനുവാദത്തോടെയുള്ള ശിക്ഷാ പരമ്പര പാക്കിസ്ഥാന്‍ തുടരുകയാണ്; 2015ല്‍ 320ലധികം പേരാണ് അവിടെ തൂക്കുമരത്തിലേറിയത്. പാക്കിസ്ഥാനില്‍ ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യ.

ഇറാനും സൌദി അറേബ്യയും പ്രാദേശിക എതിരാളികളാണ്- ആദ്യത്തേത് ഷിയാ വംശജരുള്ള ഒരു മതരാഷ്ട്രം. മറ്റേത് സുന്നി ഇസ്ലാമിന്‍റെ സൂക്ഷിപ്പുകാര്‍ എന്ന് സ്വയം വിശ്വസിക്കുന്ന, രാജഭരണ പ്രദേശം. ജനുവരിയില്‍ സൌദി ഒരു പ്രധാന ഷിയാ പണ്ഡിതനെ വധിച്ചത് ഇറാനുമായി ഗുരുതരമായ ഒരു രാഷ്ട്രീയ പ്രതിസന്ധിക്കു തന്നെ വഴി വച്ചു. ടെഹ്റാനിലെ സൌദി എംബസ്സി പ്രതിഷേധക്കാര്‍ ആക്രമിച്ചു.

2014ല്‍ പെഷാവറില്‍ നടന്ന ഘോരമായ ഒരു ഭീകരാക്രമണത്തോട് പാക്കിസ്ഥാന്‍ പ്രതികരിച്ചത് വധശിക്ഷയിന്മേലുള്ള അനൌദ്യോഗിക മൊററ്റോറിയം എടുത്തു കളഞ്ഞുകൊണ്ടാണ്. പക്ഷേ തുടര്‍ന്നു നടത്തിയ വധശിക്ഷകളില്‍ ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കുറ്റവാളികള്‍ അധികം ഉള്‍പ്പെട്ടിട്ടില്ല എന്ന് ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ സൌത്ത് ഏഷ്യ ഓഫീസിലെ ചംപ പട്ടേല്‍ പറഞ്ഞു.

“ഭൂരിഭാഗം രാജ്യങ്ങളും വധശിക്ഷ നിര്‍ത്തലാക്കുന്ന ഈ കാലഘട്ടത്തില്‍ പാക്കിസ്ഥാന്‍ അതിവേഗം മറുദിശയില്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചു എന്നത് ഭീതിജനകമാണ്,” പട്ടേല്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. “വധശിക്ഷ എപ്പോളും അവകാശങ്ങളുടെ ലംഘനമാണ്. എന്നാല്‍ ന്യായമായ വിചാരണയെ കുറിച്ചു ഗൌരവതരമായ ആശങ്കകള്‍- പ്രത്യേകിച്ചും അഭിഭാഷക സഹായം തേടാനുള്ള തടസ്സങ്ങളും കുറ്റസമ്മതം നടത്തിക്കാനുള്ള പോലീസ് ഭേദ്യവും- നിലനില്‍ക്കുമ്പോള്‍ പാകിസ്ഥാനിലെ ശിക്ഷകള്‍ വളരെയധികം അസ്വസ്ഥതയുളവാക്കുകയാണ്.” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍