UPDATES

ബച്ചു മാഹി

കാഴ്ചപ്പാട്

ബച്ചു മാഹി

ന്യൂസ് അപ്ഡേറ്റ്സ്

‘ഇനി നിനക്കും നമുക്കും തമ്മിൽ ഒന്നുമില്ലെ’ന്ന് സഭ; സിസ്റ്റര്‍ അനീറ്റയുടെ ജീവിതം നമ്മോട് പറയുന്നത്

ബച്ചു മാഹി

മറ്റൊരു കുരിശേറ്റലോടെയാണ് കത്തോലിക്കാ സഭ ഇക്കൊല്ലത്തെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചത്. ഓശാനത്തിരുനാളിന് തലേന്ന്, സിസ്റ്റർ അനീറ്റയെന്ന നീതിമതിയുടെ രക്തം ബലി നൽകി, ചില വിശുദ്ധ പീഡകരുടെ മാനം സുരക്ഷിതമാക്കി. സർവ്വതിനും സാക്ഷിയായ തേലക്കാട്ടച്ചൻ ‘ഇനി നിനക്കും നമുക്കും തമ്മിൽ ഒന്നുമില്ലെ’ന്ന് കൈകഴുകി.

അഞ്ച് വർഷം മുൻപ് മധ്യപ്രദേശിലെ ഒരു സഭാസ്കൂളിൽ അധ്യാപികയായി അയക്കപ്പെട്ട അനീറ്റ, അവിടത്തെ ധ്യാനഗുരുവായ ഇടുക്കി സ്വദേശി വൈദികൻറെ ലൈംഗികമോഹത്തെ ചെറുത്തതിനെ തുടർന്നാണ് പീഡനപർവ്വം ആരംഭിക്കുന്നത്. സംഭവം പുറത്തറിയാതിരിക്കാൻ രായ്ക്കുരാമാനം അവരെ ഇറ്റലിയിലേക്ക് നാട് കടത്തി. അവിടെ ഒരു വൃദ്ധസദനത്തിൽ മൂന്ന് വർഷം അക്ഷരാർഥത്തിൽ അടിമപ്പണി. പട്ടിണിക്കിട്ടതുൾപ്പെടെ വിവിധങ്ങളായ മാനസിക-ശാരീരിക പീഡകൾ. പീഡന ശ്രമം പുറത്ത് പറയാതിരിക്കാൻ ഭീഷണികൾ.

ഒടുക്കം ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഇറ്റലിയിലെ മഠത്തിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന്, മാതൃസ്ഥാപനമായ ആലുവയിലെ കോണ്‍വെന്റിൽ തിരികെ എത്തിയെങ്കിലും അവിടെ പ്രവേശിപ്പിക്കാതെ തെരുവിലേക്ക് തള്ളിയതിനെ തുടർന്നാണ് തന്നെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് അവർ നിരാഹാരം തുടങ്ങിയതും, തുടർന്ന് ഫാ. പോൾ തേലക്കാട്ടിന്റെ അധ്യക്ഷതയിൽ മധ്യസ്ഥ ചർച്ച നടന്നതും. നഷ്ടപരിഹാരമായി 12 ലക്ഷം നൽകി, സഭാവസ്ത്രം ഊരി വാങ്ങി അവരെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. ഒന്നിനെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കരുത് എന്ന വിലക്കുമുണ്ട്.

അഭയക്കേസിൽ അടക്കം അനുവർത്തിച്ചു വന്ന, കുറ്റവാളികളായ പുരോഹിതരെ ഏത് വിധേനയും സംരക്ഷിക്കുക എന്ന നയത്തിൻറെ തുടർച്ച തന്നെയാണിത്. ലൈംഗിക ചൂഷണത്തിനെതിരെ തുറന്നു പറയാൻ മുന്നോട്ട് വരുന്നവരുടെ ഗതി എന്ത് എന്ന് ജെസ്മിയും അനീറ്റയും ഉദാഹരണങ്ങൾ തീർക്കുമ്പോൾ പറയാതെ പോകുന്നവയുടെ വോളിയം ഊഹിച്ചാൽ മതി. മഠങ്ങൾക്ക് ഉള്ളിൽ നടക്കുന്ന അരുതായ്മകൾക്കും അഴിമതികൾക്കും എതിരെ പലപ്പോഴും ചോദ്യചിഹ്നങ്ങൾ ഉയർത്തിയതിൻറെ പേരിൽ, മാനസികരോഗിയാക്കി വരുത്തിതീർത്ത് സ്ഥിരമായി സെല്ലിൽ അടക്കാനുള്ള നീക്കം മണത്തറിഞ്ഞാണ് സിസ്റ്റർ ജെസ്മി പുറത്ത് ചാടുന്നതും, സഭാവസ്ത്രം ഉപേക്ഷിക്കുന്നതും. തന്നെ പുസ്തകരചനയിലേക്ക് നയിച്ച സാഹചര്യത്തെ സിസ്റ്റർ ജെസ്മി ഇങ്ങനെയാണ് വരച്ചിടുന്നത്:

“തങ്ങളുടെ നേർ‌നടുവിൽ സ്ഥിതി ചെയ്യുന്ന കാരാഗൃഹതുല്യമായ അടച്ചുകെട്ടിനുള്ളിൽ എന്താണു സംഭവിയ്ക്കുന്നതെന്നറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്. അവർ (സന്യസ്തർ) തങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിന്റെ നാനാ വശങ്ങളിലേയ്ക്കും കടന്നു ചെന്നു പഠിപ്പിക്കുകയും വഴികാട്ടുകയും പ്രകോപിപ്പിയ്ക്കുകയും സാന്ത്വനിപ്പിയ്ക്കുകയും ചെയ്യുന്നു. എന്നിട്ടും അതേ ആളുകൾക്ക് അവർ നിഗൂഢരായി അവശേഷിയ്ക്കുന്നു. ‘സാധാരണ കാര്യങ്ങളിൽ പോലും നാമിത്ര മാത്രം രഹസ്യം സൃഷ്ടിയ്ക്കുന്നതെന്തിനാണ്’ എന്നതാണ് എന്റെ ആവർത്തിച്ചുള്ള ചോദ്യം. ‘യേശുവിന്റെ മാർഗ’ത്തിലാണു നാം നീങ്ങുന്നതെങ്കിൽ മറയ്ക്കാൻ യാതൊന്നുമില്ല. സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടേണ്ടതുണ്ട്. നമ്മുടെ പ്രവർത്തനങ്ങളിൽ അനീതിയും നെറികേടും അന്യായവും ആയ ഇടപാടുകളുള്ളപ്പോൾ മാത്രമാണു രഹസ്യമാക്കി വയ്ക്കാനുള്ള പ്രവണത ഉദിക്കുന്നത്.”

മഠങ്ങൾക്കുള്ളിൽ നടക്കുന്ന ദുരൂഹമരണങ്ങളിൽ സിസ്റ്റർ അഭയയുടെ കൊലപാതകം ഒന്ന് മാത്രമാണ് പൊതു ചർച്ചക്ക് വിഷയീഭവിച്ചത്. ഇരുപത്തിമൂന്ന് വർഷത്തിനിപ്പുറവും തെളിയിക്കപ്പെടാതെ കിടക്കുന്നുവെങ്കിലും, അതിൻറെ ഉൾപ്പിരിവുകൾ സമൂഹത്തിന് ഏറെക്കുറെ വ്യക്തമാണ്‌. സഭയുടെ അദൃശ്യസ്വാധീനം എവിടെയൊക്കെ പരന്ന് കിടക്കുന്നു എന്ന് ബോധ്യപ്പെടുത്തുക കൂടി ചെയ്തു അഭയ കേസ്. 2008 ആഗസ്റ്റിൽ കൊല്ലം ജില്ലയിലെ കോൺ‌വെന്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സിസ്റ്റർ അനുപമ, തൻറെ മരണത്തിനുത്തരവാദി മദർ സുപ്പിരിയർ സിസ്റ്റർ അൽബീനയാണെന്ന് എഴുതി വെച്ചിരുന്നു. തന്നെയവർ ലൈംഗികമായി പീഡിപ്പിച്ചിരുന്നതാ‍യി സിസ്റ്റർ അമ്മയോടും സഹോദരിയോടും പരാതി പറഞ്ഞിരുന്നത്രെ. പോലീസ് കേസെടുത്തെങ്കിലും അന്വേഷണം തേഞ്ഞ്മാഞ്ഞു പോയി. കോട്ടയത്തെ ഒരു കോൺ‌വെന്റിൽ വിഷം കഴിച്ച് മരിച്ചതായി കാണപ്പെട്ട സിസ്റ്റർ ലിസ… പെട്ടെന്ന് ഓർമ്മയിൽ വന്ന ചില പേരുകൾ. ഇങ്ങനെ വെളിയിൽ വന്നതും അല്ലാത്തതുമായി ഒട്ടനവധി മരണങ്ങൾ.

നമ്മുടെ ഭാവനകൾക്ക്‌ അപ്പുറം നില്ക്കുന്ന സാമ്പത്തിക ചൂഷണം കൂടിയാണത്. ഡോക്ടർ ആയും നഴ്സായും എയിഡഡ് / അണ്‍ എയിഡഡ് സ്കൂൾ / കോളേജുകളിലെ അദ്ധ്യാപകർ ആയുമൊക്കെ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ അനവധിയാണ്. സഭയുടെ സ്ഥാപനങ്ങളിൽ വേതനമില്ലാ സേവനവും സർക്കാർ വേതനം ആണെങ്കിൽ വാങ്ങി സഭയെ / കോൺവെൻറിനെ ഏല്പിക്കണം എന്നുമാണ് ചട്ടം. മാത്രവുമല്ല സന്യസ്ത സമൂഹത്തിൽ അംഗമാകുന്ന വേളയിൽ കുടുംബത്തിലെ വീതം ഉൾപ്പെടെ വാങ്ങി എല്ലാ സ്വകാര്യ ധനവും ആസ്തികളും സഭയിലേക്ക് മുതൽ കൂട്ടണം. എപ്പോൾ വേണമെങ്കിലും സഭക്ക് പുറന്തള്ളാം. സഭ കവർന്നെടുത്ത സ്വത്തോ വർഷങ്ങളുടെ അധ്വാനഫലമോ ഒന്നും കൊടുക്കില്ല. അനീറ്റ പൊതുസമൂഹത്തിന് മുന്നിൽ വരികയും മരണം വരെ നിരാഹാരം ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പ്രഖ്യാപിച്ചത് കൊണ്ട് മാത്രമാണ് നാമമാത്ര നഷ്ടപരിഹാരം നല്കാൻ സമ്മതിച്ചത്.

ദാരിദ്ര്യ വ്രതം എന്ന പേരിലാണ് ഇവരുടെ വേതനം തട്ടിയെടുക്കപ്പെടുന്നത്. അയ്യായിരം മുതൽ ഒന്നര-രണ്ട് ലക്ഷം രൂപ വരെയാകാം ഒരു കന്യാസ്ത്രീക്ക് അർഹമായ / ലഭ്യമായ വേതനം. വിദേശസേവനം ആണെങ്കിൽ അതിലുമെത്രയോ കൂടാം. അവരുടെ വരുമാനം കവർന്ന്, നൂറ് മുതൽ അഞ്ഞൂറ് വരെ രൂപയാണ് അവർക്ക് മാസ അലവൻസ് അനുവദിക്കുന്നത്. തനിക്ക് കിട്ടുന്ന 75 രൂപയിൽ മാസചെലവുകൾ നിവർത്തിക്കണം എന്നതിനാൽ ഒരു ചെരിപ്പ് വാങ്ങാതെ കഷ്ടപ്പെട്ടതിനെ കുറിച്ച് ജെസ്മി വിവരിക്കുന്നുണ്ട്. ഇവിടെയും സാമ്പത്തികഭദ്രതയുള്ള വീടുകളിൽ നിന്ന് വരുന്നവർക്ക് വീട്ടുകാരുടെ സപ്പോർട്ട് കിട്ടാം. തലപ്പത്ത് ഉള്ളവരുടെ പ്രത്യേക പ്രീതിക്ക് പാത്രമായവർക്ക് വഴിവിട്ട ആനുകൂല്യങ്ങൾ കരഗതമാക്കാം.

അവിടെയും കൃത്യമായ ലിംഗവിവേചനമുണ്ട്. പുരുഷ വൈദികർക്ക് ഈ നിബന്ധനകൾ ബാധകമല്ല. അവർക്ക് സുഭിക്ഷജീവിതം നയിക്കാം, എല്ലാ ആഡംബരങ്ങളോടെയും. സ്വകാര്യസ്വത്ത് ആകാം. പള്ളിപ്പണിക്ക് തന്നെയും അവർക്ക് ശമ്പളമുണ്ട്; വിശ്വാസികളിൽ നിന്നുള്ള സംഭാവനകൾ സ്വീകരിക്കുകയുമാകാം. പുറത്ത് ജോലി ചെയ്യുന്നവർക്ക് ആ ശമ്പളം അടിയറ വെക്കേണ്ടതില്ല. വസ്ത്രധാരണ നിഷ്കർഷകളും പുരോഹിതർക്ക് ബാധകമല്ല; കന്യാസ്ത്രീകൾക്ക് കർക്കശമായി പാലിക്കേണ്ടതും. 

പല കന്യാസ്ത്രീകളും എയിഡഡ് മേഖലയിൽ സർക്കാർ ശമ്പളം പറ്റുന്നവരാണ്. സ്കൂൾ ടീച്ചർമാരുടെ ശമ്പളം 25,000 നും 65,000നും ഇടക്ക് ആണെങ്കിൽ, കോളേജ് അധ്യാപകരുടെത് നാല്പത്തി അഞ്ചിനും ഒരു ലക്ഷത്തി പതിനഞ്ചായിരത്തിനും ഇടയ്ക്ക് ആണ്. ഈ പൊതുപണം കന്യാസ്ത്രീകളെ ബലിയാടാക്കി സഭയിലേക്ക് മുതൽ ചേരുകയാണ്. പൊന്മുട്ട ഇടുന്ന താറാവുകൾ / കറവപ്പശുക്കൾ ആണ് സഭക്ക് കന്യാസ്ത്രീകൾ. അപ്പോൾ ഇതര ചൂഷണ കഥകൾ പുറത്തറിഞ്ഞ് പെൺകുട്ടികളെ പട്ടത്തിനു വിടാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാൻ കൂടിയാകണം അത്തരം വാർത്തകൾ എങ്ങനെയും മൂടി വയ്ക്കാൻ സഭ തുനിയുന്നത്.

മുകളിൽ പറഞ്ഞതൊക്കെയും സഭയുടെ വ്യത്യസ്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന, പുറം സമൂഹവുമായി ഇടകലരുന്നവരെക്കുറിച്ചാണെങ്കിൽ, അത്ര തന്നെ ഭാഗ്യവതികൾ അല്ലാത്ത മറ്റൊരു കൂട്ടർ ഉണ്ട്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ഇതര മനുഷ്യജീവികളോട് സഹവാസം ഇല്ലാതെ സാമൂഹ്യജീവിതത്തിൽ നിന്ന് പൂർണ്ണമായി ഉൾവലിഞ്ഞ് ജീവിക്കുന്ന സന്യസ്ത മഠങ്ങളിലെ അന്തേവാസികൾ. ആ കരിങ്കൽ ചുവരുകൾക്കുള്ളിൽ എന്ത് നടന്നാലും അതൊന്നും ഒരിക്കലും പുറത്തറിയാൻ പോകുന്നില്ല.

മറ്റൊരു മാനുഷികപ്രശ്നം കൂടി ഈ വിഷയത്തിൽ സജീവ പരിഗണന അർഹിക്കുന്നുണ്ട്. സഭ നടത്തുന്ന അനാഥാലയങ്ങൾ പലപ്പോഴും കന്യാസ്ത്രീകളെയും വൈദികരെയും വാർത്തെടുക്കുന്ന നഴ്സറികൾ ആയി പരിവർത്തിക്കപ്പെടാറുണ്ട് എന്നതാണത്. പതിനഞ്ചോ പതിനാറോ വയസാകുമ്പോൾ സെമിനാരിയിലെക്കോ കോണ്‍വെന്റുകളിലേക്കോ പറഞ്ഞ് വിടപ്പെടുന്ന കുട്ടികൾ. തങ്ങളുടെ ജീവിതം എങ്ങനെ ആയിത്തീരണം എന്ന് അവർക്ക് സ്വതന്ത്ര തീരുമാനം എടുക്കാൻ നിവൃത്തിയില്ലല്ലോ. അവർക്ക് വേണ്ടി ആരും ചോദിക്കാനും വരില്ല.

‘കന്യാവ്രത’ത്തിൻറെ പേരിൽ ശരീരചോദനകളെ, ലൈംഗികത എന്ന പ്രകൃതിദത്തമായ അവകാശത്തെ സ്വയം നിഷേധിക്കുന്ന ഒരു കന്യാസ്ത്രീക്ക് പക്ഷേ, ‘അനുസരണവ്രത’ത്തിൻറെ പേരിൽ സ്വന്തം ഹിതത്തിന് വിരുദ്ധമായും ബലാൽക്കാരേണയും ബിഷപ്പിൻറെയോ പാതിരിയുടെയോ ധ്യാനഗുരുവിന്റെയോ മദർ സുപ്പീരിയറിന്റെയോ ലൈംഗികചൂഷണങ്ങൾക്കും വൈകൃതങ്ങൾക്കും വഴങ്ങിക്കൊടുക്കേണ്ടി വരുന്ന, എതിർക്കാനോ പരാതിപ്പെടാനോ വയ്യാത്ത വൈരുദ്ധ്യം ഒരു വശത്ത്. ‘ദാരിദ്ര്യവ്രത’ത്തിന്റെ പേരിൽ തങ്ങൾക്ക് അവകാശപ്പെട്ട പണം പോലും കയ്യൊഴിച്ച് നല്ല ഭക്ഷണമോ വസ്ത്രമോ ചെരിപ്പോ പോലും മോഹിക്കാതെ കഴിയുന്നവരെക്കൊണ്ട്, സഭക്ക് വേണ്ടി സാമ്പത്തിക കുറ്റകൃത്യങ്ങളും ക്രമക്കേടുകളും ചെയ്യിക്കുന്ന അവസ്ഥ മറുവശത്ത്.

സേവനത്തിൻറെയും ത്യാഗത്തിൻറെയും പട്ടുകുപ്പായമണിയിച്ച് സഭ സമർത്ഥമായി കൊണ്ട് നടക്കുന്ന ആധുനിക അടിമത്തമാണ് കന്യാസ്ത്രീ സമ്പ്രദായം. ഇവിടെ ചൂഷണം ചെയപ്പെടുന്നത് നിഷ്കളങ്കമായ വിശ്വാസം ഒന്ന് മാത്രമാണ്. പക്ഷേ, അതിൻറെ മനുഷ്യാവകാശ, സ്ത്രീയവകാശ, തൊഴിലവകാശ ആങ്കിളുകൾ ഏറെയൊന്നും ചർച്ച ചെയ്യപ്പെട്ട് കാണാറില്ല. അടിമുടി ഇക്കിളി രസത്തിൽ അഭിരമിക്കുന്ന ഒരു സമൂഹത്തിന് മറക്കെട്ടിനുള്ളിൽ നടക്കുന്ന ‘ലൈംഗികകേളി’കളുടെ ക്ലിപ്പിങ്ങുകളോ ചൂടാർന്ന വിവരണങ്ങളോ കിട്ടുമോ എന്നതിലാണ് ഔത്സുക്യം. സിസ്റ്റർ ജെസ്മിയുടെ ‘അമേൻ’ എന്ന പുസ്തകം ആത്മീയ അന്ത:പുരങ്ങളുടെ അകത്തളങ്ങളിൽ എന്നാൽ ആത്മീയതയെ ഒട്ടും ത്രസിപ്പിക്കാതെ നടന്ന് വരുന്ന അവകാശഹത്യകൾ, ലൈംഗികചൂഷണങ്ങൾ, അഴിമതികൾ, അന്യായങ്ങൾ ഇവ പലതും തുറന്ന് കാട്ടിയെങ്കിലും, നളിനി ജമീലയുടെ ആത്മകഥക്കൊപ്പം തൂക്കമൊപ്പിക്കപ്പെടാൻ ആയിരുന്നു ആത്യന്തിക വിധി.

സഭയെന്നത് ആധുനികയുഗത്തിലെ ഗോലിയാത്ത് ആണ്. പഴയ കഥയിലെ ഗോലിയാത്ത് ശക്തിയുടെ ഏകതാനതയിൽ മാത്രം അഭിരമിച്ചവനായിരുന്നു. മസ്തകം തകർക്കാൻ പാഞ്ഞ ഒറ്റക്കല്ല് മതിയായിരുന്നു അന്ന് ആ ഭീമനെ വീഴ്ത്താൻ. അധികാരത്തിൻറെയും ശക്തിയുടെയും സ്വാധീനത്തിന്റെയും തന്ത്രങ്ങളുടെതുമായ ഒട്ടനവധി തലകൾ ഉള്ള ഇന്നത്തെ ഗോലിയാത്തിനെ, ഭക്തിയുടെയും വിശുദ്ധിയുടെയും ചവണയും കല്ലും കൊണ്ട് സിസ്റ്റർ ജെസ്മിയോ അനീറ്റയോ പോലുള്ള അഭിനവ ദാവീദുമാർക്ക് വീഴ്ത്താൻ ആകില്ല. ഒന്നുകിൽ തൊണ്ടയിൽ നിന്ന് നിലവിളി പുറത്ത് വരാൻ പോലും അനുവദിക്കാതെ ഗോലിയാത്ത് നിങ്ങളെ ഞെരിച്ച് കളയും; അല്ലെങ്കിൽ മാനസികവിഭ്രമമെന്ന് വരുത്തിത്തീർത്ത് ശിഷ്ടജീവിതം വല്ല സെല്ലിലും തള്ളി നീക്കേണ്ടി വരും. അതിനെയും അതിജീവിച്ച് വെളിയിൽ വന്നാലും വിഷയാസക്തി കൊണ്ട് ചാടിയതാണെന്ന് പരിഹസിക്കപ്പെട്ട് സമൂഹഭ്രഷ്ട് നേരിട്ട് മരണതുല്യമായ ജീവിതം നയിക്കാം.

മഠങ്ങൾക്കുള്ളിൽ നടക്കുന്ന ലൈംഗിക പീഡനമോ ക്രമക്കേടുകളോ മാത്രമല്ല പ്രശ്നവൽക്കരിക്കപ്പെടേണ്ടത്; അതിനും മറ്റനവധി ചൂഷണങ്ങൾക്കും ഗ്രൗണ്ട് തീർക്കുന്ന, സിസ്റ്റർ ജെസ്മിയുടെ പ്രയോഗം കടമെടുത്താൽ ‘വെള്ളപ്പരപ്പിലെ വെള്ളത്താമര’ പോലെ പുറംകാഴ്ചക്കാരെ പ്രചോദിപ്പിക്കുന്ന, കന്യാസ്ത്രീ സമ്പ്രദായം തന്നെയാണ്. അതിൽ അന്തർലീനമായ സ്ത്രീവിരുദ്ധതയും ലിംഗവിവേചനവും തൊഴിൽ ചൂഷണവും സാമ്പത്തികചൂഷണവും തുറന്ന്‌ കാട്ടപ്പെടണം. ജീവിതം എന്തെന്നറിയാത്ത പ്രായത്തിൽ, നിർബന്ധിക്കപ്പെട്ടോ സ്വമേധയോ എത്തിപ്പെടുന്ന ‘തെരഞ്ഞെടുപ്പ്’ എന്ന കച്ചിത്തുരുമ്പിൽ മൂടി വെക്കാവതല്ല, കന്യാസ്ത്രീ എന്ന സംജ്ഞയിൽ തന്നെ തുടങ്ങുന്ന ഈ മാനവിക വിരുദ്ധത. സ്വശരീരത്തിന് മേലുള്ള നിർണ്ണയാവകാശവും ലൈംഗികത എന്ന വ്യക്തിഗത സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നത് കേവലം വിശ്വാസസ്വാതന്ത്യ്രത്തിൻറെ പ്രശ്നമായി ചുരുട്ടിക്കെട്ടാനും അനുവദിക്കപ്പെട്ട് കൂടാ.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബച്ചു മാഹി

ബച്ചു മാഹി

മാഹി സ്വദേശിയായ ബച്ചു വിദേശത്തു ജോലി ചെയ്യുന്നു; ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലും മറ്റു പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍