UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നഴ്‌സുമാരെ ചൂഷണം ചെയ്യുന്നത് സര്‍ക്കാര്‍ കാണുന്നുണ്ടോ?- സുപ്രീം കോടതി

അഴിമുഖം പ്രതിനിധി

രാജ്യത്തെ നഴ്‌സുമാര്‍ നിശ്ചയിക്കപ്പെട്ട അടിസ്ഥാന ശമ്പളത്തിലും കുറവില്‍ ജോലി ചെയ്യേണ്ടി വരുന്നതിനെതിരെ എന്തുകൊണ്ട് ഗവണ്‍മെന്റ് യാതൊരുവിധ നടപടിയും എടുക്കുന്നില്ലെന്ന് സുപ്രിം കോടതി ചോദിച്ചു. ജസ്റ്റീസ് മദന്‍ ബി ലോകൂര്‍, ഉദയ് യു ലളിത് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെതായിരുന്നു ചോദ്യം. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാര്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങളുടെ വിശദമായ കണക്കുകള്‍ കേന്ദ്ര ആരോഗ്യ-കുടുംബകാര്യ മന്ത്രാലയത്തില്‍ നിന്ന് ശേഖരിക്കാനും കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച കോടതിയുടെ ഭാഗത്ത് നിന്ന് രാജ്യത്തെ മൂന്നുലക്ഷത്തിലേറെ വരുന്ന നഴ്‌സുമാരുടെ ജീവിതാവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശുഭോതര്‍ക്കമായ നിര്‍ദേശങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. കോടതിയില്‍ ഉണ്ടായിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹയോട് പ്രസ്തുതവിഷയത്തില്‍ ഇന്നേവരെ ഗവണ്‍മെന്‍റ് കൈക്കൊണ്ടിട്ടുള്ള നടപടികളുടെ വിശദമായ മറുപടിയുമായി കോടതിയെ സമീപിക്കാന്‍ ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു.

‘ നിങ്ങള്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായോ മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളുമായോ എന്തെങ്കിലും കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടോ? ഇതുമായി ബന്ധപ്പെട്ട് ഒരു കത്തയച്ചിട്ടുണ്ടെന്നുപോലും പറയാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്തൊക്കെ നടന്നെന്നുകൂടി നിങ്ങള്‍ക്ക് അറിയില്ല. കാര്യങ്ങള്‍ കുറച്ചുകൂടി ഗൗരവതരമായി കാണേണ്ടതുണ്ട്- കോടതി കുറ്റപ്പെടുത്തി.

കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ആകെ പറയാനുണ്ടായിരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന രാജ്യത്തെ എല്ലാ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്കും ആരോഗ്യമന്ത്രാലയം കത്തയച്ചിരുന്നുവെന്നതായിരുന്നു. അതിനുശേഷം ഏതെങ്കിലും തരത്തിലുള്ള സംഭവവികാസങ്ങള്‍ ഉണ്ടായോ എന്നകാര്യത്തില്‍ അദ്ദേഹത്തിന് യാതൊരു ഊഹവുമില്ലായിരുന്നു.

നാഷണല്‍ മിനിമം വേജ് ആക്ട്(1948) നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള തുടര്‍നടപടികളുടെ രേഖകള്‍ വിശദീകരിക്കണമെന്നും എഎസ്ജിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ മിനിമം വേജ് ആക്ട് പ്രകാരം 45 ഓളം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മിനിമം വേതന നിയമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലും ഇത് ബാധകമാണ്. എന്നിരുന്നാലും സംസ്ഥാനങ്ങള്‍ക്ക് ഈ 45 പ്രവര്‍ത്തനങ്ങളെ കൂടാതെ 1,600 ഓളം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ കൂടി മിനിമം വേതനം ഏര്‍പ്പെടുത്താന്‍ സ്വാതന്ത്ര്യമുണ്ട്.

എന്നാല്‍ മിനിമം വേതനം നടപ്പാക്കുന്നതില്‍ ആശുപത്രികള്‍ക്ക് മാത്രമായി നിര്‍ദേശങ്ങള്‍ കൊടുക്കാന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കിയ കോടതി, പക്ഷെ കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ ശക്തമായി ഇടപെടാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടി. മിക്ക ആശുപത്രികളും നഴ്‌സുമാരുടെയും യോഗ്യതാ സര്‍ട്ടിഫിക്കെറ്റുകള്‍ തടഞ്ഞുവയ്ക്കുകയും അവരെ കൊണ്ട് ബോണ്ട് വ്യവസ്ഥയില്‍ ജോലി ചെയ്യിപ്പിക്കുകയുമാണെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലെ ആരോപണങ്ങളോട് യോജിക്കുകയാണെന്നും കോടതി പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതിന് കേന്ദ്രസര്‍ക്കാരിന് ചില പരിമിതികളുണ്ടെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കാര്യക്ഷമമായി ഇടപെടാന്‍ കഴിയുന്നതെന്നും അതിനാല്‍ സംസ്ഥാന സര്‍ക്കാരുകളോട് ഈ വിഷയത്തില്‍ നിലപാടുകള്‍ വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെടുന്നതായിരിക്കും നല്ലതെന്ന് അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ തന്റെ വാദത്തിനിടയില്‍ കോടതിയെ അറിയിച്ചു.

പ്രവാസി ലീഗല്‍ സെല്‍, ട്രെയ്ന്‍ഡ് നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവരാണ് ഈ വിഷയത്തില്‍ സുപ്രിം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പൊതു-സ്വകാര്യ ആശുപത്രികളില്‍ നിന്ന് നേരിടേണ്ടി വരുന്ന ചൂഷണങ്ങളില്‍ നിന്ന് നഴ്‌സുമാര്‍ക്ക് വിടുതല്‍ ലഭിക്കാന്‍ സുപ്രീം കോടതിയുടെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപകരിക്കുമെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. നഴ്‌സുമാരെ അവര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള മിനിമം വേതനത്തിനും താഴെ നല്‍കികൊണ്ട് നിര്‍ബന്ധിതമായി ജോലി ചെയ്യിക്കുന്നത് മൗലികാവാകശങ്ങളുടെ ലംഘനമായാണ് കാണേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികളാവശ്യപ്പെട്ട് വ്യക്തിപരമായി പരമോന്നത കോടതിയെ സമീപിക്കാന്‍ അവരവരുടെ സാഹചര്യങ്ങള്‍ അനുവദിക്കില്ല. അതിനാല്‍ കോടതി അവരുടെ സംരക്ഷണത്തിനായി ഇടപെടുകയാണ് വേണ്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ അടുത്തവാദം ഫെബ്രുവരി 27 ന് കേള്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍