UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിക്രിത്ത് ഏറെ ദൂരെയല്ല, അവര്‍ പാതിമരിച്ചവരുമാണ്; ജാസ്മിന്‍ ഷാ സംസാരിക്കുന്നു

Avatar

ഇറാഖ് കത്തുകയാണ് അതിനൊപ്പം നമ്മുടെ ഹൃദയവും. യുദ്ധസമാന അന്തരീക്ഷം നിറഞ്ഞ ആ നാട്ടില്‍ കുടുങ്ങി കിടക്കുന്ന മലയാളി നഴ്‌സുമാരുടെ അവസ്ഥ എന്താണെന്നതില്‍ പുറത്തു നില്‍ക്കുന്ന നമുക്കാര്‍ക്കും വൃക്തമായ അറിവില്ല. എത്രപേര്‍ ഉണ്ടെന്നുപോലും കൃത്യമായ കണക്കില്ല. അധികാരികളുടെ ‘എല്ലാം ശുഭമാകും’ എന്ന സ്ഥിരം പല്ലവിയില്‍ എത്രകണ്ട് ആശ്വാസം കണ്ടെത്താനാകും? യുണൈറ്റെഡ് നഴ്സസ് അസോസിയേഷന്‍ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ അഴിമുഖം പ്രതിനിധി രാകേഷ് നായരോട് സംസാരിക്കുന്നു. 

മലയാളി നഴ്‌സുമാരെല്ലാം സുരക്ഷിതരാണെന്ന് ചാനലുകളിലും പത്രങ്ങളിലൂടെയുമെല്ലാം പലരും പറയുന്നു. എന്നാല്‍ ഈ സുരക്ഷിതത്വം അവരുടെ ജീവനുമാത്രമാണ്, ജീവിതത്തിനില്ല. പാതിമരിച്ച അവസ്ഥയിലാണ് അവിടെ കുടിങ്ങിക്കിടക്കുന്നവര്‍. എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന അനിശ്ചിതാവസ്ഥ. ഈ അവസ്ഥ മരണം പോലെ ഭീകരമാണ്. 

തിക്രിത്തില്‍ നിന്നുള്ള നഴ്‌സുമാരാണ് ഇപ്പോള്‍ നാട്ടിലേക്ക് ബന്ധപ്പെടുന്നത്. വാര്‍ത്താവിനിമയ സംവിധാനം ശരിയാകുന്ന ഏതെങ്കിലും നേരത്ത് മാത്രം. ബാഗ്ദാദില്‍ നിന്നുള്ള ചില നഴ്‌സുമാരും ബന്ധപ്പെടാറുണ്ട്. എന്നാല്‍ ഇവിടെ മാത്രമല്ല മലയാളി നഴ്‌സുമാര്‍ ഉള്ളതെന്ന കാര്യം നാം അറിയാതെ പോകരുത്. ഗവണ്‍മെന്റ് പുറത്തു വിട്ട ആദ്യത്തെ കണക്കുപ്രകാരം ഇരുപത്തിയൊന്നു പേരായിരുന്നു ഇറാഖില്‍ കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍ കേരളത്തിലെ നഴ്‌സിങ് അസോസിയേഷനുമായി ബന്ധപ്പെട്ടതിനുശേഷം ആ കണക്ക് നാല്‍പ്പതിലേറെയായി ഉയര്‍ന്നു. നിജസ്ഥിതി അതുമാകില്ല. ഈ പറയുന്നതിലും ഏറെപ്പേര്‍ ഇറാഖിലെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. ആ കണക്കുകള്‍ ആരുടെ പക്കലുമില്ല. എത്ര മലയാളി നഴ്‌സുമാര്‍ ഇറാഖില്‍ ജോലി ചെയ്യുന്നുണ്ടെന്ന കണക്ക് നമ്മുടെ എംബസിയുടെ പക്കല്‍ ഇല്ല. അനധികൃതവും നിയമാനുസൃതവുമല്ലാതെ നടക്കുന്ന റിക്രൂട്ട്‌മെന്റിലൂടെ വിദേശരാജ്യങ്ങളില്‍ എത്തുന്ന നഴ്‌സുമാരുടെ എണ്ണം ഏറെയാണ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് ഇത്തരം റിക്രൂട്ട്‌മെന്റ് നടക്കുന്നത്. 

ബാഗ്ദാദില്‍ ജോലി ചെയ്യുന്ന ഒരു മലയാളി നഴ്‌സ് നാട്ടില്‍ വന്നു തിരികെ പോകുമ്പോള്‍ അതേ വിമാനത്തില്‍ അമ്പത്തിയാറോളം നഴ്‌സുമാര്‍ ഇറാഖിലെ വിവിധ ആശുപത്രികളിലേക്ക് ജോലിക്കായി പോകാന്‍ ഉണ്ടായിരുന്നതായി കേരളത്തിലെ അസോസിയേഷനെ അറിയിച്ചിരുന്നു. ഇങ്ങിനെ പല സ്ഥലങ്ങളില്‍ നിന്നും എത്തുന്ന നിരവധിപേര്‍ അവിടെ ഉണ്ട്. അവരുടെയെല്ലാം അവസ്ഥ എന്താണെന്ന് ഒരു പിടിയുമില്ല. ഉയര്‍ന്ന ശമ്പളം എന്ന പ്രതീക്ഷ തന്നെയാണ് പലരേയും വിമാനം കയറാന്‍ നിര്‍ബന്ധിതരാക്കുന്നത്. തങ്ങളുടെ ബാധ്യതകള്‍ നികത്താന്‍ അവര്‍ക്ക് ഇതൊരു രക്ഷാമാര്‍ഗ്ഗം തന്നെയാണ്. നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടി ശമ്പളം അവര്‍ക്കവിടെ ലഭിക്കുന്നു. അശാന്തി വിളയാടുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും പോകുന്നത് സുക്ഷിച്ചുവേണമെന്ന മുന്നറിയിപ്പുപോലും അവഗണിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതും മെച്ചപ്പെട്ട ശമ്പളവും കുടുംബത്തിന്റെ സുരക്ഷിതത്വവും തന്നെ. അതിനുവേണ്ടി സ്വന്തം സുരക്ഷ അവര്‍ ആലോചിക്കുന്നില്ല.

തിക്റിത്തിലെ മാലാഖമാരെ, മലയാളി ആണുങ്ങള്‍ തിരക്കിലാണ്

ഇറാഖി പട്ടണമായ തിക്രിത്തിലെ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ചില മലയാളി നഴ്‌സുമാര്‍ കേരളത്തിലെ അസോസിയേഷനുമായി ബന്ധപ്പെടുന്നുണ്ട്. ഇതുവരെ തങ്ങള്‍ സുരക്ഷിതരാണെങ്കിലും ഏതു നിമിഷവും തങ്ങളും ആക്രമിക്കപ്പെടാനുള്ള സാഹചര്യം അവര്‍ തള്ളിക്കളയുന്നില്ല. ആ ഭീതിയിലാണ് അവരവിടെ കഴിയുന്നത്. ഹോസ്പിറ്റലില്‍ കുടുങ്ങിക്കിടക്കുയാണവര്‍. അവിടെ നിന്ന് പുറത്തിറങ്ങിയിട്ട് ദിവസങ്ങളായി. ഇവര്‍ താമസിച്ചിരുന്നത് ആശുപത്രിക്ക് രണ്ടര കിലോമിറ്റര്‍ അകലെയായാണ്. എന്നാല്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ താമസസ്ഥലത്തേക്ക് പോകാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. ശരിയാംവണ്ണം ഭക്ഷണം കഴിച്ചിട്ടുപോലും ദിവസങ്ങളായി. മാറാന്‍ വസ്ത്രങ്ങള്‍പോലും ഇല്ല. വൈദ്യുതിബന്ധം ഭാഗികമായി നിലച്ച സ്ഥിതി. കടുത്ത ചൂട്. പുറത്ത് മുഴങ്ങുന്ന വെടിയൊച്ചകളും നിലവിളികളും. നമ്മുടെ പെണ്‍കുട്ടികള്‍ ജീവച്ഛവമായാണ് അവിടെ താമസിക്കുന്നതെന്ന് ഈ അവസ്ഥകള്‍ വിളിച്ചു പറയുന്നു. സന്മനസുള്ള ചില തദ്ദേശവാസികള്‍ നല്‍കുന്ന ഭക്ഷണമാണ് ഇവരുടെ ആകെയുള്ള ആശ്രയം. അതുതന്നെ ഒരാള്‍ക്ക് മതിയാവുന്നതിന്റെ ചെറിയൊരളവുമാത്രം. രണ്ടും കല്‍പ്പിച്ച് താമസിക്കുന്നിടത്തേക്ക് പോകാമെന്നുവച്ചാല്‍ ലക്ഷ്യത്തിലെത്താനാകുമെന്നതിന് ഒരുറപ്പുമില്ല. പുറത്തിറങ്ങിയാല്‍ ആരെങ്കിലും തട്ടിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പാണ് ഇവര്‍ക്ക് കിട്ടുന്നത്. ഇതിനൊപ്പം ചില തദ്ദേശീയരില്‍ നിന്ന് ഭീഷണികളും  നേരിടേണ്ടി വരുന്നുണ്ട്. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള വെടിവയ്പ്പ് നേരില്‍ കാണേണ്ടി വന്നതിന്റെ മരവിപ്പും പലര്‍ക്കുമുണ്ട്. എങ്ങിനെയെങ്കിലും ഒന്നു നാട്ടിലെത്തുക; അതുമാത്രമാണ് ഇവരുടെ പ്രാര്‍ത്ഥന. എന്നാല്‍ ഈ യാചന കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നില്ല എന്നതാണ് ദുഃസ്ഥിതി.

മറ്റു രാജ്യങ്ങളില്‍ നിന്നു വന്നിട്ടുള്ള നഴ്‌സുമാരെയെല്ലാം അവരവരുടെ എംബസികള്‍ ഒഴിപ്പിച്ചു കൊണ്ടുപോയി എന്നാണ് മലയാളി നഴ്‌സുമാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. അവരൊക്കെ ഒരുപക്ഷേ സ്വന്തം നാട്ടിലുമെത്തിക്കാണാം. എന്നാല്‍ നമ്മുടെ പെണ്‍കുട്ടികള്‍ മാത്രം ഭീതി തിന്ന് അന്യനാട്ടില്‍ ഇപ്പോഴും കഴിയുന്നു. നോര്‍ക്കയും മറ്റും ഇപ്പോഴും പറയുന്നത് മലയാളി നഴ്‌സുമാര്‍ സുരക്ഷിതരെന്നും അവര്‍ ആശുപത്രികളില്‍ ഡ്യൂട്ടി ചെയ്യുകയാണെന്നുമാണ്. പക്ഷേ, ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസഥയിലായിപ്പോയവരെ കുറിച്ചാണ് ഡ്യൂട്ടി ചെയ്യുന്നു എന്ന് പറയുന്നത്. യന്ത്രത്തോക്കുകളുമായി പാഞ്ഞുനടക്കുന്ന ഭീകരരുടെ നിഷ്ഠൂരത നമ്മള്‍ കേള്‍ക്കുന്നതാണ്. അവര്‍ക്ക് സൈനികനോ നഴ്‌സോ എന്ന വേര്‍തിരിവൊന്നും കാണില്ല. എന്തെങ്കിലും സംഭവിച്ചിട്ട് ഇടപെടാന്‍ കാത്തിരുക്കയാണോ നമ്മുടെ അധികാരികള്‍. അതോ ശക്തമായൊന്നും അപലപിക്കാനുള്ള അവസരം പാര്‍ത്തിരിക്കുകയോ? നഷ്ടപ്പെടുന്നത് അവര്‍ക്കല്ലല്ലോ!

ആദ്യസമയത്ത് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുമ്പോള്‍ അനുകൂലമായ പ്രതികരണം പോലും ഈ പാവങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. എംബസിയില്‍ ജോലി ചെയ്യുന്ന ചില മലയാളികളുടെ ഇടപെടലുകളാണ് ഇവര്‍ക്ക് ആശ്വാസമായിത്തീര്‍ന്നത്. റോഡ് വഴിയുള്ള ട്രാന്‍സ്‌പോട്ടേഷന്‍ സാധ്യമാകുമ്പോള്‍ നഴ്‌സുമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാം എന്നാണ് നമ്മുടെ അധികാരികള്‍ പറയുന്നത്. എന്തൊരു ഭോഷ്‌ക് ആണത്. യുദ്ധം നടക്കുന്ന ആ രാജ്യത്തെ റോഡുകളെല്ലാം ബ്ലോക്ക് ആണ്. പോരാത്തതിന് ഭീകരരോ പട്ടാളക്കാരോ പല റോഡുകളിലും മൈനുകള്‍ പാകിയിട്ടുണ്ടാകാം. ഇതെല്ലാം ക്ലിയര്‍ ചെയ്ത് റോഡുകള്‍ സുരക്ഷിതമാകുന്ന കാലം വരെ നമ്മുടെ നഴ്‌സുമാര്‍ കിടക്കുന്നിടത്ത് കിടന്നോട്ടെ എന്നാണോ?

മറ്റുരാജ്യങ്ങള്‍ തങ്ങളുടെ ഹെലികോപ്റ്ററുകളുമായി വന്ന് അവരുടെ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപാകുന്നുണ്ടത്രേ. ഇത്തരം റെസ്‌ക്യൂ ഓപ്പറേഷനുകളോട് ഇതുവരെ അക്രമണകാരികള്‍ എതിര്‍പ്പ് കാണിച്ചിട്ടുമില്ല. നമുക്ക് ഇത്തരം വഴികള്‍ക്കൊന്നും പ്രാപ്തിയില്ലേ?

നമ്മുടെ പല നഴ്സുമാരുടെയും വിസ കാലാവധി കഴിഞ്ഞിരിക്കുന്നതായും അവിടെയുള്ള ചില നഴ്‌സുമാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പോരാത്തതിന് നാട്ടിലേക്ക് പോരേണ്ടവര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കുകയും വേണം. ഇതിന് ബന്ധപ്പെട്ട അധികാരികള്‍ എവിടെയാണെന്നുപോലും അറിയില്ല. എല്ലാവരും ഭയന്നോടിയിരിക്കുന്നു. ഓടാന്‍ വഴിയില്ലാത്തവര്‍ മുന്നിലുള്ളത് ജീവിതമോ മരണമോ എന്നറിയാതെ ഭയന്നുനില്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍