UPDATES

പ്രവാസം

വീട്ടാക്കടങ്ങളുടെ കണക്കുകളിലേക്ക് നഴ്സുമാര്‍ തിരിച്ചെത്തുമ്പോള്‍

Avatar

രാകേഷ് നായര്‍

ഒരു ഡോക്ടര്‍ മരുന്നുകൊണ്ട് രോഗിയെ ചികിത്സിക്കുമ്പോള്‍ അടുത്തു നില്‍ക്കുന്ന നഴ്‌സ് കൃത്രിമത്വം ഇല്ലാത്ത പുഞ്ചിരികൊണ്ട് ആ രോഗിയെ സ്വാന്തനിപ്പിക്കുന്നു. വെള്ളക്കുപ്പായം ഇട്ടതുകൊണ്ടുമാത്രമല്ല, നിര്‍മലമായ മനസുകൊണ്ട് വേദനിക്കുന്നവനെ പരിചരിക്കുന്നതുകൊണ്ടുകൂടിയാണ് നമുക്ക് നഴ്‌സുമാര്‍ മാലാഖമാരായത്. എന്നാല്‍ നമ്മള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ അവരെക്കുറിച്ച്? അവരുടെ ജീവിതത്തെക്കുറിച്ച്. ചാനലുകള്‍ക്ക് ഇവര്‍ ബ്രേക്കിംഗ് ന്യൂസുകളാകുമ്പോള്‍ മാത്രമല്ല, അല്ലാതെയും ഇടയ്‌ക്കൊക്കെ നമ്മുടെ നഴ്‌സുമാരെക്കുറിച്ച് ആലോചിക്കണം.  അറിയാതെ പോകേണ്ട ജീവിതമല്ല ആ വെള്ളക്കുപ്പായക്കാരുടേത്.

ഇറാഖിലെ യുദ്ധഭൂമിയില്‍ ഇന്ന് നാട്ടിലെത്തിയ 46 നഴ്‌സുമാര്‍. തിരികെ കിട്ടിയ ജീവനുമായി അവരോരോരുത്തരും പ്രിയപ്പെട്ടവരുടെ കരങ്ങളിലേക്ക് എത്തും. തോക്കുകള്‍ക്കും ബോംബുകള്‍ക്കും അവരെ ഇനി ഒന്നും ചെയ്യാനാകില്ലെന്ന് ഉറപ്പിക്കാം. എന്നാല്‍ അറിയണം, അവര്‍ ഒന്നും നഷ്ടപ്പെടാതെയല്ല ഇവിടെ തിരിച്ചെത്തുന്നത്. ജീവിതത്തെക്കുറിച്ച് അവര്‍ കണ്ട സ്വപ്‌നങ്ങള്‍!  കുടുബത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍! എല്ലാം വിട്ടെറിഞ്ഞാണ് അവര്‍ വിമാനം ഇറങ്ങുന്നത്. അതേ, അവരെ ഓരോരുത്തരേയും കാത്തിരിക്കുന്നത് വലിയ ബാധ്യതകളാണ്.

ലക്ഷങ്ങളുടെ ബാങ്ക് ലോണാണ് ഓരോ നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്കും തന്റെ പഠനം പൂര്‍ത്തിയാക്കേണ്ടതിനായി വേണ്ടി വരുന്നത്. മക്കളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായി തങ്ങള്‍ക്കുള്ളതെല്ലാം ബാധ്യതപ്പെടുത്തുന്ന അച്ഛനമ്മമാര്‍ എല്ലാ പ്രതീക്ഷകളും അര്‍പ്പിക്കുന്നത് ആ മക്കളില്‍ തന്നെ. എന്നാല്‍ ഈ ബാധ്യതകള്‍ തീര്‍ക്കാന്‍ ഉതകുന്ന വരുമാനം ഇവര്‍ക്കാര്‍ക്കും നമ്മുടെ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്നില്ലെന്നത് സര്‍വ്വര്‍ക്കും അറിവുള്ള കാര്യം. അതിനായുള്ള പോരാട്ടങ്ങള്‍ നിരന്തരം തുടരുന്നു. ഇത്തരമൊരു സന്ദിഗ്ധാവസ്ഥ ഇവിടെ നിലനില്‍ക്കുന്നതിനാലാണ് പലരും വിദേശങ്ങളിലേക്ക് പോകുന്നത് തന്നെ. ഇക്കൂട്ടത്തില്‍ ഒട്ടും സുരക്ഷിതമല്ലാത്ത ഇറാഖ് പോലുള്ള പല അറബ്-ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും നമ്മുടെ നഴ്‌സുമാര്‍ പോകാന്‍ തയ്യാറാകുന്നു. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴിമാത്രമല്ല, മുംബൈയിലും ഡല്‍ഹിയിലുമെല്ലാം പ്രവര്‍ത്തിക്കുന്ന അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെ സഹായത്താലും പലരും വിദേശമണ്ണില്‍ എത്തുന്നുണ്ട്. അജ്ഞത കൊണ്ടല്ല, നിവൃത്തികേടു കൊണ്ടാണ്. നാട്ടില്‍ തങ്ങളുടെ വരുമാനം പ്രതീക്ഷിച്ചിരിക്കുന്ന കുടുംബത്തിന്റെ മുഖം ഇവരെ ഏതു റിസ്‌ക് എടുക്കാനും ധൈര്യമുള്ളവരാക്കുന്നു.

ഇറാഖിലെ നഴ്സുമാരുടെ വിഷയത്തില്‍ അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ 

തിക്റിത്തിലെ മാലാഖമാരെ, മലയാളി ആണുങ്ങള്‍ തിരക്കിലാണ്
തിക്രിത്ത് ഏറെ ദൂരെയല്ല, അവര്‍ പാതിമരിച്ചവരുമാണ്; ജാസ്മിന്‍ ഷാ സംസാരിക്കുന്നു
നഴ്സുമാര്‍ നാളെ കേരളത്തിലെത്തുമെന്ന് സൂചന

വിദേശരാജ്യങ്ങളില്‍ നടക്കുന്ന ഏത് വിപത്തും; യുദ്ധമാകാം, പ്രകൃതി ദുരന്തമാകാം നമ്മുടെ മനസ്സിലും ആശങ്കകളുണ്ടാക്കുന്നതിന്റെ ഒരു പ്രധാനകാരണം ആ രാജ്യങ്ങളിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ സുരക്ഷിതത്വം തന്നെയാണ്. ഇറാഖിന് മുമ്പ് ലിബിയയും സിറിയയുമൊക്കെ നമുക്ക് മുന്നില്‍ ഉദാഹരണങ്ങളായിരുന്നു. ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെയോ എംബിഎക്കാരനെയോ പോലെ അമേരിക്കയേയോ യൂറോപ്യന്‍ രാജ്യങ്ങളെയോ മാത്രമല്ല നമ്മുടെ നഴ്‌സുമാര്‍ തിരഞ്ഞെടുക്കുന്നത്. ലോകത്തിന്റെ ഏതുകോണിലും ജോലി ചെയ്യാന്‍ അവര്‍ തയ്യാറാണ്.

നാട്ടില്‍ ജോലി ചെയ്താല്‍ കിട്ടുന്ന ശമ്പളം വിദേശ രാജ്യങ്ങളില്‍ ഒരുമാസം കൊണ്ട് കിട്ടുന്നു. സ്വന്തം കടബാധ്യത ഇവിടെ നിന്നാല്‍ തീര്‍ക്കാവുന്നതിനേക്കാള്‍ വേഗത്തില്‍ മറ്റുരാജ്യങ്ങളില്‍ ജോലി ചെയ്തു വീട്ടാന്‍ കഴിയുന്നു. ഈ ലക്ഷ്യം മനസ്സില്‍ ഉള്ളതുകൊണ്ടാണ് സ്വന്തം നാടും പ്രിയപ്പെട്ടവരേയും വിട്ട് അന്യനാട്ടിലേക്ക് പോകാന്‍ എല്ലാവരും തയ്യാറെടുക്കുന്നത്.

ആപത്തുകളുടെ തടവറകളിലായിരുന്നുഇന്ന് നാട്ടിലെത്തിയ എല്ലാ നഴ്‌സുമാരും കഴിഞ്ഞ കുറെ ദിവസങ്ങളിലായി കഴിഞ്ഞുപോന്നത്. പലര്‍ക്കും മാസങ്ങളായി ശമ്പളം കിട്ടിയിരുന്നില്ല. അവര്‍ വന്നിരിക്കുന്നത് അഭയാര്‍ഥികളെപ്പോലെയാണ്. സ്വന്തം മണ്ണിലേക്ക് നിസ്സഹായരായി അവരെത്തുമ്പോള്‍ കാത്തിരിക്കുന്നത് ഇനിയും വീട്ടാത്ത കടങ്ങളുടെ കണക്കുകള്‍. സ്വന്തം മക്കളെ ജീവനോടെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിനപ്പുറം മറ്റൊന്നിന്റെയും ഭാരം ഇപ്പോള്‍ ഒരു അച്ഛനുമമ്മയ്ക്കും കാണില്ലെങ്കിലും യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ല.

നഴ്സുമാരെ തിരിച്ചു കൊണ്ടുവരാന്‍ നമ്മുടെ ഗവണ്‍മെന്‍റ് കാണിച്ച ശുഷ്കാന്തിയും തന്ത്രജ്ഞതയും ജനിച്ച മണ്ണില്‍ അഭിമാനത്തോടെ ജോലി ചെയ്യാന്‍ അവര്‍ക്ക് അവസരം സൃഷ്ടിക്കുന്നതില്‍ ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. അതോ നെടുമ്പാശേരിയില്‍ വന്നിറങ്ങുന്ന നഴ്സുമാരുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിലും താത്ക്കാലിക ധന സഹായം അനുവദിക്കുന്നതിലും മാത്രം ഒതുങ്ങിപ്പോകുമോ എന്നും. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍