UPDATES

പ്രവാസം

ജീവിക്കാന്‍ ഞങ്ങളിനി എന്തു ചെയ്യണം? യുദ്ധമേഖലയില്‍ നിന്നെത്തിയ നഴ്സുമാര്‍ മനസ് തുറക്കുന്നു

Avatar

രാകേഷ് നായര്‍

“വീട്ടിലെ കാര്യമോര്‍ക്കുമ്പോള്‍ ഇറാഖില്‍ തന്നെ പിടിച്ചുനില്‍ക്കാന്‍ തീരുമാനിച്ചതാണ്. അപ്പായും അമ്മച്ചിയും കരഞ്ഞു പറഞ്ഞപ്പോഴാണ് തിരികെ പോരാന്‍ തീരുമാനിച്ചത്. നാട്ടില്‍ വന്നാല്‍ സര്‍ക്കാരും മറ്റും സഹായം ചെയ്യുമെന്ന് വീട്ടുകാര്‍ പറഞ്ഞു. നോര്‍ക്കയില്‍ ആപ്ലിക്കേഷന്‍ പൂരിപ്പിച്ച് കൊടുത്തിട്ടുണ്ട്. ദിവസങ്ങളെത്ര കഴിഞ്ഞു. ഞാനിപ്പോഴും ജോലി ഇല്ലാതെ നില്‍ക്കുകയാണ്. വലിയ കടമുണ്ട്. ഇറാഖില്‍ മോശമില്ലാത്ത ശമ്പളമുണ്ടായിരുന്നു. അവിടെ നിന്നിരുന്നെങ്കില്‍ ഞങ്ങളുടെ കടങ്ങളൊക്കെ വീട്ടാമായിരുന്നു. രണ്ടുമാസമേ എനിക്ക് അവിടെ നില്‍ക്കാന്‍ പറ്റിയുള്ളൂ. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിക്കുമ്പോള്‍ പേടിയാണ്. തിരികെ അങ്ങോട്ട് തന്നെ പോയാലോ എന്നാണ് ചിന്തിക്കുന്നത്. അല്ലെങ്കില്‍ മറ്റുവഴികളെന്തെങ്കിലും ഉണ്ടാകണം. ഞങ്ങളെന്താ ഇതിനൊക്കെ വേണ്ടി ചെയ്യേണ്ടതെന്ന് അറിയില്ല. പ്രാര്‍ത്ഥിക്കുന്നുണ്ട്”. ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ,  പേരു വെളിപ്പെടുത്തരുതേ എന്ന അപേക്ഷയോടെ കണ്ണൂരുള്ള ഒരു നഴ്‌സ് പറഞ്ഞതാണിത്.  ഈ പെണ്‍കുട്ടിയുടെ അവസ്ഥമാത്രമല്ലിത്. ഇറാഖില്‍ നിന്നും ലിബിയയില്‍ നിന്നുമൊക്കെയായി 500 ഓളം (എണ്ണം ഇതിലും കൂടാം) നഴ്‌സുമാര്‍ കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇനിയെന്ത്?- എന്ന ചോദ്യം അവരെല്ലാം തന്നെ അഭിമുഖീകരിക്കുന്നുമുണ്ട്.

മാധ്യമങ്ങളും ജനപ്രതിനിധികളും ഭരണാധികാരികളും അടുത്തകാലത്ത് ഏറെ ആഘോഷിച്ച ഒന്നായിരുന്നു ഇറാഖില്‍ നിന്നുള്ള 46 നഴ്‌സുമാരുടെ മടങ്ങിവരവ്. യുദ്ധാന്തരീക്ഷം നിറഞ്ഞുനിന്ന ഒരു നാട്ടില്‍ നിന്ന് നമ്മുടെ സഹോദരിമാരെ തിരികെ നാട്ടിലെത്തിക്കാന്‍ മേല്‍പറഞ്ഞവരെല്ലാം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാഭാവികമായും അവരുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കണ്ടതില്‍ ആഹ്ലാദിക്കാനും അവകാശമുണ്ട്. ഈ നയതന്ത്ര വിജയം നേടിയെടുക്കുന്നതിന് രാഷ്ട്രീയം മറന്നുള്ള ഒത്തുചേരല്‍ ഗുണം ചെയ്തു. ദൈവത്തിനോടു നന്ദി പറയുന്ന കൂട്ടത്തില്‍ തങ്ങളുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ ഓരോരുത്തരോടുമുള്ള കടപ്പാട് നഴ്സുമാര്‍ മറച്ചുവച്ചിട്ടുമില്ല.

തിരികെ വന്നവരെ കാത്ത് ആശ്വാസത്തിന്റെ അനവധി വാഗ്ദാനങ്ങള്‍ നമ്മള്‍ ഒരുക്കിയിരുന്നു. പകരം ജോലി (അത് വിദേശത്തോ സ്വദേശത്തോ), താല്‍ക്കാലിക ധനാശ്വാസം- ഇതിനൊക്കെയായി സര്‍ക്കാരും സ്വകാര്യ വ്യക്തികളും പ്രസ്ഥാനങ്ങളും മത്സരിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം മീറ്റിങ്ങുകള്‍, ചര്‍ച്ചകള്‍. ഇതൊക്കെ നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍.  ചിലകാര്യങ്ങള്‍ കൂടി നമുക്ക് അറിയേണ്ടതുണ്ട്.

ഇറാഖില്‍ നിന്ന് മടങ്ങി വന്നത് ആകെ 46 നഴ്‌സുമാര്‍ മാത്രമാണോ? അല്ല, സര്‍ക്കാര്‍ മുഖാന്തിരം 250 ഓളം പേര്‍, അതല്ലാതെ തന്നെ 357 ഓളം പേര്‍. ലിബിയയില്‍ നിന്ന് ഈയടുത്ത ദിവസങ്ങളിലായി തന്നെ 250ല്‍ അധികം പേര്‍ വന്നു കഴിഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ ചെന്നു നിന്നാല്‍ ദിവസേന ലിബിയ, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് വന്നിറങ്ങുന്ന ഒരു നഴ്‌സിനെയെങ്കിലും കാണാം. (അവരൊന്നും അവധിയാഘോഷിക്കാനായി വരുന്നവരല്ലെന്നും മനസ്സിലാക്കുക). കണക്കെടുത്താല്‍ 750നുമേല്‍ നഴ്‌സുമാര്‍ (സ്ത്രീകളും പുരുഷന്‍മാരും) കേരളത്തില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇവരെല്ലാം തന്നെ അതാത് രാജ്യങ്ങളിലെ തങ്ങളുടെ ജോലി രാജിവച്ചിട്ട് വന്നവരാണ്. ഇവര്‍ക്കെല്ലാം ജോലി നല്‍കാന്‍, താല്‍ക്കാലിക ധനാശ്വാസമെന്ന നിലയില്‍ എന്തെങ്കിലും തുകയനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടോ? നമ്മളിപ്പോഴും 46 പേരുടെ കണക്കും വച്ചുകൊണ്ടിരിക്കുകയാണ്. അതിനു മുമ്പും പിമ്പും വന്നവരുണ്ടെന്ന് മനസ്സിലാക്കണം. അവര്‍ക്കൊന്നും മീഡിയ കവറേജ് കിട്ടിയിരുന്നില്ല, അവരെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടായതുമില്ല. ഇതൊന്നും കുറ്റപ്പെടുത്തലുകളല്ല, ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം. ഇവരെയെല്ലാം ഒരുപോലെ പരിഗണിക്കണമെന്നത് മാത്രം ഉദ്ദേശ്യം.

പത്തനംതിട്ട വെണ്മണിയിലുള്ള ഉണ്ണിക്കൃഷ്ണന്‍ ഇറാഖില്‍ നിന്ന് മെയില്‍ മടങ്ങിയെത്തിയതാണ്. “പതിനെട്ടുപേരടങ്ങുന്ന സംഘമായിരുന്നു അന്ന് മുംബൈയില്‍ വിമാനം ഇറങ്ങിയത്. രണ്ടുമാസം ഞങ്ങള്‍ മുംബൈയില്‍ തങ്ങി. അതു കഴിഞ്ഞാണ് 46 പേരടങ്ങുന്ന സംഘം ഇറാഖില്‍ നിന്ന് വരുന്നതും അത് വലിയ വാര്‍ത്തയാകുന്നതും. ഞങ്ങള്‍ തിരികെ വരുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. അതുകൊണ്ടാവാം ആരുമൊന്നും തിരക്കാഞ്ഞത്. പിന്നീട് ഇതൊരു സെന്‍സേഷണല്‍ ഇഷ്യൂ ആയി മാറിയപ്പോഴാണ് ഞങ്ങളും മുന്നോട്ട് വന്നത്. നോര്‍ക്കയുമായി ബന്ധപ്പെട്ടപ്പോള്‍ യാത്ര ചെലവ് തരാമെന്നു പറഞ്ഞു. ഇതുവരെ കിട്ടിയിട്ടില്ലെന്നുമാത്രം.” കോട്ടയം വാഴൂരുള്ള റിന്‍സി ബാഗ്ദാദില്‍ നിന്ന് മടങ്ങിയെത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞതേയുള്ളൂ. “ബാഗ്ദാദിലും കുര്‍ദിസ്ഥാനിലുമൊന്നും വലിയ പ്രശ്‌നങ്ങളില്ല. എന്നാല്‍ പപ്പായും അമ്മച്ചിയും സമ്മതിക്കണില്ലായിരുന്നു. അതുകൊണ്ടാണ് തിരിച്ച് വന്നത്. ഞങ്ങള്‍ വന്നിട്ട് ആരും സ്വീകരിക്കാനുണ്ടായിരുന്നില്ല. 2,500 രൂപ നോര്‍ക്ക തരാമെന്ന് പറഞ്ഞിരുന്നു, കിട്ടിയില്ല”, റിന്‍സി പറഞ്ഞു. റിന്‍സിയെയും ഉണ്ണിക്കൃഷ്ണനെയുംപോലെ ഇറാഖില്‍ നിന്ന് പലഘട്ടങ്ങളിലായി മടങ്ങിയെത്തിയവര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല. ഇവരുടെ ഭാവിയും സര്‍ക്കാരിന് പ്രധാനമാകണം.

ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ 23 പേര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചു കഴിഞ്ഞു. ബി ആര്‍ ഷെട്ടി ഗ്രൂപ്പും സര്‍ക്കാരും കൈകോര്‍ത്താണ് ഇത്രയും പേര്‍ക്ക് ജോലി  ശരിയാക്കിയിരിക്കുന്നത് (എന്നാല്‍ ശമ്പളം ചിലവെല്ലാം കഴിഞ്ഞ് നാല്‍പ്പതിനായിരത്തില്‍ ഒതുങ്ങും. എന്നാലും നാട്ടില്‍ നിന്ന് കഷ്ടപ്പെടുന്നതിലും നല്ലതല്ലേ). ഒമാന്‍, ഖത്തര്‍, സൌദി മുതലായ രാജ്യങ്ങളിലേക്കാണ് ഇവര്‍ പറക്കാന്‍ തയ്യാറായിരിക്കുന്നത്. “നോര്‍ക്കയും ഗവണ്‍മെന്റും നഴ്‌സുമാരുടെ കാര്യത്തില്‍ പ്രതിജ്ഞാബദ്ധരാണ്. അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്കുക തന്നെ ചെയ്യും. കുറച്ച് കാലതാമസം എടുക്കുമെന്നുമാത്രം”, നോര്‍ക്കയിലെ ഒരു ഉദ്യോഗസ്ഥന്റെ ശുഭാപ്തി വിശ്വാസമിങ്ങനെയാണ്. അദ്ദേഹത്തിന്റെ വിശ്വാസം നടപ്പാകട്ടെ! എന്നാലും ഒടുവില്‍ പറഞ്ഞ ആ വാക്കുണ്ടല്ലോ- കാലതാമസം- അതിന്മേലാണ് ഭയം. ഈ കാലതാമസം  എത്രനാള്‍വരെ നീളാം?

“ഇറാഖിലെ പ്രശ്‌നം ഉണ്ടാകുന്നതിനുമൊക്കെ മുന്നേ, കഴിഞ്ഞ വര്‍ഷം ലിബിയിയില്‍ ആഭ്യന്തര യുദ്ധം ഉണ്ടായ സമയം നൂറ്റമ്പതോളം നഴ്‌സുമാര്‍ കേരളത്തിലേക്ക്  തിരികെ പോന്നിരുന്നു.  അന്നവരോടും പറഞ്ഞിരുന്നു- എല്ലാ കാര്യങ്ങളും നോക്കിക്കോളാമെന്ന്. എന്നിട്ടെന്തായി? അവരൊക്കെ ഇപ്പോള്‍ എവിടെയുണ്ടെന്നുപോലും സര്‍ക്കാരിനോ നോര്‍ക്കയ്‌ക്കോ അറിയില്ല”, ചോദ്യം ഉണ്ണികൃഷ്ണന്റെതാണ്. “ഗവണ്‍മെന്റ് ചെയ്യാം എന്ന് പറഞ്ഞാല്‍പ്പോരാ, എത്രയും വേഗം ചെയ്യണം. വെറുംകയ്യോടെ വന്നവരാണ് ഞങ്ങള്‍, കടം മാത്രമാണ് മിച്ചം. കഴിഞ്ഞ ആഴ്ച നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ (വലിയ ആഘോഷമായി കൊണ്ടുവന്ന സംഘത്തില്‍പ്പെട്ട) ചില കുട്ടികള്‍ പറഞ്ഞത് ഒന്നും ഇതുവരെ ശരിയാട്ടില്ലെന്നാണ്. നോര്‍ക്കയില്‍ രജിസ്ട്രര്‍ ചെയ്തതും പിന്നെ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്നതും മാത്രമാണ് ആകെ നടക്കുന്നത്. അവരെല്ലാം വലിയ സങ്കടത്തിലാണ്”.

ആലപ്പുഴ ഹരിപ്പാടുള്ള നീതു ഇറാഖിലെ ദിയാലയില്‍ നിന്ന് മടങ്ങിവന്നിട്ട് മൂന്നുമാസം കഴിഞ്ഞു. പകരം ജോലി എന്നത് ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. എനിയെന്ത് ചെയ്യണമെന്ന് അറിയില്ല എന്ന ആശങ്കയോടെയാണ് നീതു ചില കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയിത്. “തിരിച്ചുവന്നവരില്‍ 23 പേര്‍ക്ക് ഓഫര്‍ ലെറ്റര്‍ കിട്ടിയിട്ടുണ്ടെന്നാണ് അറിഞ്ഞത്. ബാക്കിയുള്ളവരുടെ കാര്യത്തില്‍ എന്തു തീരുമാനം ഉണ്ടാകുമെന്ന് കൃത്യമായൊരു ഉറപ്പില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നതടക്കം ആറ് മീറ്റിങ്ങുകള്‍ കഴിഞ്ഞു. ആദ്യം ഉണ്ടായിരുന്ന ആവേശമൊന്നും ഇപ്പോള്‍ ഗവണ്‍മെന്റിനില്ല എന്നൊരു സംശയം. കഴിഞ്ഞയാഴ്ച ആദ്യം തിരുവനന്തപുരത്ത് നോര്‍ക്കയുടെ നേതൃത്വത്തില്‍ ഒരു മീറ്റംഗ് ഉണ്ടായിരുന്നു. 4 മണിവരെയാണ് സമയം പറഞ്ഞിരുന്നത്. എന്നാല്‍ ഒരു മണിയോടെ നോര്‍ക്ക ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളുമൊക്കെ തന്നെ പോയി. ആദ്യം അവര്‍ ചിലകാര്യങ്ങള്‍ പറഞ്ഞു (തുടക്കം മുതല്‍ പറയുന്നതൊക്കെ തന്നെ). ഞങ്ങള്‍ അങ്ങോട്ട് പല സംശയങ്ങളും ചോദിക്കാന്‍ തുടങ്ങിയതോടെ ഓരോരുത്തരായി പോകാന്‍ തുടങ്ങി. നോര്‍ക്ക മിനിസ്റ്റര്‍ സംസാരിക്കും എന്നു പറഞ്ഞ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആദ്യം തന്നെ വേദിവിട്ടു. കെ.സി ജോസഫ് സാര്‍ ഞങ്ങളോടൊപ്പം കുറച്ച് സമയം ചെലവിട്ടു. നോര്‍ക്ക സിഇഒ ആകട്ടെ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ നേരാവണ്ണം കേള്‍ക്കാന്‍പോലും തയ്യാറായില്ല. സമയം കഴിഞ്ഞെന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യമൊക്കെ കൂടുതല്‍ ഹോസ്പിറ്റല്‍ പ്രതിനിധികള്‍ ഇത്തരം മീറ്റിങ്ങുകളില്‍ പങ്കെടുത്തിരുന്നതാണ്. കഴിഞ്ഞ തവണത്തെ മീറ്റങ്ങില്‍ ഷെട്ടി ഗ്രൂപ്പിന്റെ ആള്‍ക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഭയമാണ്. അവഗണിക്കപ്പെടുകയാണോ എന്ന ഭയം. വേറൊരു മീറ്റിംഗിനായി അവിടെ എത്തിയ ആഭ്യന്തര മന്ത്രിയോടും ഞങ്ങളുടെ ആവലാതികള്‍ പറഞ്ഞിരുന്നു. എല്ലാം ശരിയാക്കും എന്നാണ് പറയുന്നത്. എന്നാണന്ന് മാത്രം അറിയില്ല”.

ഗല്‍ഫിലെ നഴ്സുമാരുടെ വിഷയത്തില്‍ അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

തിക്റിത്തിലെ മാലാഖമാരെ, മലയാളി ആണുങ്ങള്‍ തിരക്കിലാണ്
തിക്രിത്ത് ഏറെ ദൂരെയല്ല, അവര്‍ പാതിമരിച്ചവരുമാണ്; ജാസ്മിന്‍ ഷാ സംസാരിക്കുന്നു
നഴ്സുമാര്‍ നാളെ കേരളത്തിലെത്തുമെന്ന് സൂചന
വീട്ടാക്കടങ്ങളുടെ കണക്കുകളിലേക്ക് നഴ്സുമാര്‍ തിരിച്ചെത്തുമ്പോള്‍

തിരികെ വന്ന നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത് വിദേശത്തോ സ്വദേശത്തോ ജോലിയാണ്. നിരവധി ഹോസ്പിറ്റലുകളും ഇതിനോട് തയ്യാറായി മുന്നോട്ട് വരികയും ചെയ്തിരുന്നു. എന്നാല്‍ ഈ ജോലിവാഗ്ദാനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചില കടമ്പകള്‍ നഴ്‌സുമാര്‍ കടക്കണം. ഓരോ രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിനും കീഴിലുള്ള ആശുപത്രികളില്‍ ജോലിക്ക് കേറണമെങ്കില്‍ അവര്‍ നടത്തുന്ന പരീക്ഷകള്‍ പാസാകണം. അല്ലാതെ കാര്യമില്ല. ആദ്യം പരീക്ഷകള്‍ പാസാകാനാണ് ഇവരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍  ഈ പരീക്ഷകള്‍ ഇവരെ സംബന്ധിച്ച് വലിയ പരീക്ഷണങ്ങള്‍ തന്നെ. ഈ കാര്യത്തില്‍ സര്‍ക്കാരിന് മറ്റൊരു തരത്തില്‍ ഇടപെടാനാകുമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്.

ഹാഡ്, ഡിഎച്എ, പ്രെമെട്രിക്- എന്നീ പരീക്ഷകളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ എഴുതേണ്ടത്. “അന്താരാഷ്ട്ര നിലവാരത്തിലുള്ള ചോദ്യങ്ങള്‍ വരുന്ന ഈ പരീക്ഷകള്‍ വിജയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പരീക്ഷാ ഫീസ് ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനും ഇടയിലാണ്. എക്‌സാം കോച്ചിംഗിന് വേറെ കാശ് ഉണ്ടാക്കണം. പ്രാക്ടിക്കല്‍ നഴ്‌സ് തസ്തികയില്‍ ഞങ്ങളെ വിദേശരാജ്യങ്ങളിലേക്ക് അയക്കാന്‍ സര്‍ക്കാരിന് കഴിയും. അവിടെ എത്തിയശേഷം ഈ എക്‌സാമുകള്‍ എഴുതിയെടുത്താലും മതി. അതിന് സര്‍ക്കാര്‍ ശ്രമിക്കുകയാണ് വേണ്ടത്”, നീതു പറയുന്നു. “കേരളത്തിലെ ആശുപത്രികളില്‍ ജോലി ചെയ്തുകൊണ്ട് പഠിക്കാനാണ് സര്‍ക്കാര്‍ പറഞ്ഞത്. ഇവിടുത്തെ കാര്യം എന്താണ്? എട്ട് മണിക്കൂറാണ് ഒരു നഴ്‌സിന്റെ ഡ്യൂട്ടി സമയം. അടുത്തയാള്‍ക്ക് ഡ്യൂട്ടി കൈമാറി ഇറങ്ങുമ്പോള്‍ എങ്ങിനെയായാലും അത്  ഒമ്പത്, പത്ത് മണിക്കൂറാവും. പിന്നെ എപ്പോള്‍ പോയി പഠിക്കാനാണ്? പലരും വിവാഹം കഴിഞ്ഞവരും അമ്മമാരുമാണ്. അതുകണ്ട് പ്രാക്ടിക്കലായൊരു നിര്‍ദ്ദേശമല്ല സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു കോച്ചിംഗ് സെന്റര്‍പോലും ഇവിടെയില്ല. ചില സ്വകാര്യ ഏജന്‍സികളുണ്ട്. അവര്‍ക്ക് ഇരുപതോ മുപ്പതോ ലക്ഷം കൊടുത്താല്‍ ഏതൊക്കെ എക്‌സാമാണോ അതൊക്കെ പാസ്സാക്കി എവിടെയാണെന്നുവച്ചാല്‍ ജോലി ശരിയാക്കി തരും. അതിനുള്ള ഗതിയുള്ളവരല്ലല്ലോ എല്ലാവരും. ഇങ്ങിനെയുള്ള കാര്യങ്ങളെക്കുറിച്ചൊക്കെ ഞങ്ങള്‍ ചോദിച്ചാല്‍ നോര്‍ക്കയ്ക്കും സര്‍ക്കാരിനുമൊന്നും മിണ്ടാട്ടമില്ല. അതിനു പകരമാണ് ബി.എസ്സ്.സി ന്‌ഴ്‌സുമാര്‍ക്കെങ്കിലും പ്രാക്ടിക്കല്‍ നഴ്‌സ് എന്ന തസ്തികയില്‍ വിദേശത്തുള്ള ആശുപത്രികളില്‍ ജോലി ചെയ്യാനുള്ള സൗകര്യം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.” നീതു കൂട്ടിച്ചേര്‍ക്കുന്നു.

“കഴിഞ്ഞ ദിവസത്തെ മീറ്റിംഗില്‍ ഷെട്ടി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ ഒരു നിര്‍ദ്ദേശം സര്‍ക്കാരിനു മുന്നില്‍ വച്ചിരുന്നു. ഈ എക്‌സാമിന്റെ കോച്ചിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫ്രീ ഓഫ് കോസ്റ്റില്‍ അവര്‍ ചെയ്യാം. ഗവണ്‍മെന്റ് അവര്‍ക്ക് ഫണ്ട് നല്‍കിയാല്‍ മതി. നൂറുശതമാനം ജോലി ഗ്യാരണ്ടിയോടുകൂടി അവര്‍ അത് ചെയ്യാമെന്നും ജോലി കിട്ടിയശേഷം ഞങ്ങളുടെ ശമ്പളത്തില്‍ നിന്ന് ചെലവായ തുക ഈടാക്കി ഗവണ്‍മെന്റിന് തിരിച്ചു നല്‍കാമെന്നുമായിരുന്നു അവരുടെ നിര്‍ദ്ദേശം. എന്നാല്‍ അനുകൂലമായ മറുപടി അവര്‍ക്ക് ലഭിച്ചില്ല”, ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. 

“ലക്ഷങ്ങളുടെ കടം ഇപ്പോഴേ തലയിലുള്ള ഞങ്ങള്‍ ഇനിയും പതിനായിരങ്ങള്‍ മുടക്കണം എന്ന അവസ്ഥയാണ്. കൃത്യമായ കോച്ചിംഗ് കൂടാതെ ഈ എക്‌സാമുകള്‍ അറ്റന്‍ഡ് ചെയ്യ്തിട്ടും കാര്യമില്ല. കാശ് പോകുന്നത് മിച്ചം. മറ്റ് രണ്ട് കാര്യങ്ങള്‍ കൂടിയുണ്ട്- ഈ എക്‌സാം വിജയിച്ചാല്‍ അവയുടെ കാലാവധി ഒന്നുമുതല്‍ രണ്ടു വര്‍ഷം വരെ മാത്രമാണ്. ഇതിനിടയില്‍ ജോലിക്ക് കേറിയിരിക്കണം. രണ്ടാമത്തെ കാര്യം- ഈ എക്‌സാം വിജയിച്ചാല്‍, പിന്നെ സര്‍ക്കാരിന്റെ സഹായം ആവശ്യമില്ലാതെ തന്നെ ജോലി ലഭിക്കും. ഇപ്പോള്‍ പറയുന്നതിലും ഇരട്ടി ശമ്പളവും ലഭിക്കും.നിങ്ങള്‍ എക്‌സാമുകള്‍ വിജയിക്കൂ, എന്നിട്ട് ജോലി ശരിയാക്കി തരാം എന്നു പറയുന്നതില്‍ അവര്‍ക്ക് എന്ത് ക്രെഡിറ്റാണ്? ഒന്നുകില്‍ പ്രാക്ടിക്കല്‍ നഴ്‌സ് തസ്തികയില്‍പ്പെടുത്തി ഞങ്ങള്‍ക്ക് ജോലി ശരിയാക്കി തരണം അല്ലെങ്കില്‍ ഈ പരീക്ഷകള്‍ക്ക് വേണ്ടുന്ന കോച്ചിംഗ് ശരിയാക്കുക, ഫീസ് ഇനത്തില്‍ എന്തെങ്കിലും സബ്‌സിഡി തരുക.” ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

“ഒമാന്‍, ഖത്തര്‍, സൗദി മുതലായ രാജ്യങ്ങളില്‍ പോകാനാണ് ഹാഡ്, ഡിഎച്ച്എ, പ്രെമട്രിക് എക്‌സാമുകള്‍ പാസാകേണ്ടത്. എന്നാല്‍ ഇറാഖ്, ലിബിയ, സിറിയ എന്നീ രാജ്യങ്ങളിലേക്ക് ജോലിക്കുപോകാന്‍ ഈ പരീക്ഷകളൊന്നും നഴ്‌സുമാര്‍ പാസ്സാകേണ്ടതില്ല. അതിന് കാരണം, ആ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന അരാജകത്വം തന്നെ. എപ്പോള്‍ വേണമെങ്കിലും യുദ്ധം നടക്കുന്ന ഈ അറബ് രാജ്യങ്ങളിലേക്ക് ജോലി ചെയ്യാന്‍ പോകാന്‍ എല്ലാവരും മടിക്കുന്നു. അവിടെയയുള്ള ആശുപത്രികളില്‍ വേണ്ടത്ര ജീവനക്കാരെ കിട്ടാതെ വരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്ന്പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് ഇങ്ങോട്ടേക്ക് നഴ്‌സുമാരെ കയറ്റി അയക്കുന്നത്. രണ്ട്, രണ്ടര ലക്ഷം കൊടുത്താല്‍ ഏജന്‍സികള്‍ ജോലി റെഡിയാക്കും. നാല്‍പ്പതിനും അറുപതിനും ഇടയില്‍ ശമ്പളം. ഭൂരിഭാഗവും ഈ ഓഫറുകള്‍ സ്വീകരിക്കുകയാണ്. ഈ ശമ്പളത്തില്‍ ജോലി ചെയ്താല്‍ ഒന്നുരണ്ടു വര്‍ഷം കൊണ്ട് നാട്ടിലെ കടം ഏതാണ്ടൊക്കെ വീട്ടാന്‍ പറ്റും. അതുകൊണ്ട് തന്നെ യുദ്ധം വരുമോ ബോംബ് പൊട്ടുമോ എന്നുള്ളതൊന്നും ആരും കാര്യമാക്കില്ല. ഇങ്ങിനെ പോകുന്നവരില്‍ പലരും കൃത്യമായ രജിസ്‌ട്രേഷന്‍ നടത്താതെയാണ് പോകുന്നത്. പ്രവാസിഭാരതീയ കാര്യാലയത്തിലൊന്നും ഇവര്‍ രജിസ്ട്രര്‍ ചെയ്യുന്നില്ല. ഇതുകാരണം സര്‍ക്കാരിന്റെ കൈയിലോ എംബസിയുടെ പക്കലോ ഇവരെക്കുറിച്ച് അറിവ് കാണില്ല. ഇറാഖിലും മറ്റും ഇനിയും ആയിരത്തിനടുത്ത് മലയാളി നഴ്‌സുമാര്‍ കാണും. ഇത്തരം രജിസ്‌ട്രേഷനുകള്‍ നടത്തിയിരുന്നെങ്കില്‍ തിരികെ പോരുമ്പോള്‍ ഇന്‍ഷ്വറന്‍സ് എങ്കിലും ഇവര്‍ക്ക് കിട്ടുമായിരുന്നു.സ്വകാര്യ ഏജന്‍സികളാണ് ഇവിടെ വില്ലന്‍”, യുണൈറ്റഡ് ന്‌ഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറയുന്നു.

“ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ വച്ചായാരിക്കും ഈ രാജ്യങ്ങളിലേക്കു പോകാന്‍ തയ്യാറായവരെ തിരഞ്ഞെടുക്കുന്നത്. ചില ചോദ്യങ്ങള്‍ മാത്രം. നൂറുപേര് പങ്കെടുത്താല്‍ തൊണ്ണൂറ്റിയെട്ട് പേര്‍ക്കും ജോലി ഉറപ്പ്. ഈ അവസരം നമ്മുടെ കുട്ടികള്‍ ഉപയോഗപ്പെടുത്തുകയാണ്. സ്വന്തം കുഞ്ഞുങ്ങള്‍ പോകുന്നത്  ഭീതിയുടെ നടുവിലേക്കാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ മാതാപിതാക്കള്‍ അവരെ യാത്രയാക്കുന്നത് പ്രാരാബ്ദം ഒന്നുകൊണ്ട് മാത്രം. സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ വേണ്ടതിവിടെയാണ്. നിയമാനുസൃതമല്ലാതെ നിരവധി ഏജന്‍സികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സമഗ്രമായ അന്വേഷണത്തില്‍ ഇവരുടെയെല്ലാം കള്ളക്കളികള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയണം.  ഇറാഖിലേക്ക് പോകുന്ന ഒരു കുട്ടിക്ക് അവിടെ ചെന്നാലല്ലാതെ താന്‍ ഏത് സ്ഥലത്ത്, ഏത് ആശുപത്രിയിലാണ് ജോലി ചെയ്യേണ്ടതെന്ന് അറിയാന്‍ കഴിയില്ല. എന്താണ് ആ ആശുപത്രിയുടെ അവസ്ഥ എന്നുപോലും അറിയാന്‍ വഴിയില്ല. പലരും ഇങ്ങിനെ അബദ്ധത്തില്‍ ചാടിയിട്ടുണ്ട്. ജോലി വേണ്ടെന്ന് പറഞ്ഞ് തിരികെ പോന്നാല്‍ കൊടുത്ത പണം മടക്കി കിട്ടില്ല എന്നറിയാവുന്നതുകൊണ്ട് പലരും എല്ലാം സഹിക്കാന്‍  തയ്യാറാകും. ഇറാഖില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു മാസം പോലും തികയാതെ തിരികെ പോന്നവര്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലുണ്ട്. വീടും പറമ്പും പണയപ്പെടുത്തിയാണവര്‍ പോയത്. തിരികെ വന്നത് ഒരു മാസത്തെ ശമ്പളംപോലും വാങ്ങാന്‍ കഴിയാതെ,” ജാസ്മിന്‍ ഷാ കൂട്ടിച്ചേര്‍ക്കുന്നു.

ഇടുക്കിയിലെ സഹകരണ ബാങ്ക് വഴി തിരികെ വന്നവര്‍ക്ക് 2 ശതമാനം പലിശയില്‍ അഞ്ച് ലക്ഷം രൂപ ലോണ്‍ കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് എല്ലാ ജില്ലകളിലും നടപ്പാക്കണമെന്ന് അവസാനം നടന്ന യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇടുക്കിയില്‍ തനതു ഫണ്ടില്‍ നിന്നാണ് ഈ ലോണ്‍ കൊടുക്കുന്നതെന്നും മറ്റുജില്ലകളില്‍ ചര്‍ച്ചയിലൂടെ മാത്രമേ ഈ കാര്യം നടപ്പാക്കാന്‍ കഴിയുമോയെന്ന് പറയാന്‍ പറ്റൂ എന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്. വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു. കടം എഴുതി തള്ളാനും പലിശയിനത്തില്‍ കൂടുതല്‍ അടച്ചവര്‍ക്ക് ആ തുക തിരികെ തരാനുമാണ് ഗവണ്‍മെന്റ് ഉദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ പലരും ബാങ്കിലെ വിദ്യാഭ്യാസ വായ്പ്പ മറ്റ് ഇടങ്ങളില്‍ നിന്ന് പണം വാങ്ങി അടച്ചു തീര്‍ത്തിരുന്നു. ഇവരുടെ കാര്യത്തില്‍ ഗവണ്‍മെന്റിന്റെ നിലപാട് എന്താണെന്ന് വ്യക്തത വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. “സഹകരണ സംഘത്തില്‍ നിന്ന് കിട്ടിയ പണംകൊണ്ട് ബാങ്കിലെ വിദ്യാഭ്യാസ വായ്പ ഞാന്‍ അടച്ചു തീര്‍ത്തിരുന്നു. എന്നാല്‍ എന്നെയും ഗവണ്‍മെന്റിന്റെ കടം എഴുതിത്തള്ളല്‍  പരിഗണനയില്‍ പെടുത്തുമോ എന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയൊന്നും തന്നില്ല. അങ്ങിനെ എന്തെങ്കിലും ചെയ്താല്‍ വലിയ ആശ്വാസമായേനെ”, ലിന്റു എന്ന നഴ്‌സ് പറയുന്നു.

എല്ലാവര്‍ക്കും എന്താ പുറത്തേക്ക് പോകണം എന്ന വാശി. ഇവിടെ തന്നെ ജോലി തരാമെന്ന് പറഞ്ഞ് ആശുപത്രിക്കാര് വരുന്നുണ്ടല്ലോ? അതെന്താ വേണ്ടാത്തത്? ഈ ചോദ്യം ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെതാണ്. ഒരുതരത്തില്‍ നോക്കിയാല്‍ ന്യായമായ ചോദ്യം. എന്നാല്‍ ഇതിനുള്ള നീതുവിന്റെ മറുപടി കേള്‍ക്കുക- “അഞ്ചും ആറും ലക്ഷം രൂപ കടമുള്ളവരാണ് ഇവിടെയുള്ള 99 ശതമാനം നഴ്‌സുമാരും. ഈ കടം വീട്ടാനാണ് പലരും അറിഞ്ഞുകൊണ്ട് തന്നെ അപകട മേഖലകളിലേക്ക് പോകുന്നത്. ടെന്‍ഷനാണെങ്കിലും നാല്‍പ്പതിനും അമ്പതിനും ഇടയില്‍ ശമ്പളം അവിടെ നിന്ന് കിട്ടും. ഒരു വര്‍ഷം കൊണ്ട് പകുതിയെങ്കിലും കടം വീട്ടാം. നാട്ടിലാണെങ്കിലോ? അഞ്ചും ആറും വര്‍ഷം എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് പോലും കിട്ടുന്നത് 15,000 രൂപയാണ്. അല്ലാത്തവര്‍ക്ക് പന്ത്രണ്ടില്‍ താഴെയും. എങ്ങിനെയാണ് ഈ ശമ്പളവും കൊണ്ട് ജീവിക്കുക?  ചെയ്യേണ്ട ഡ്യൂട്ടിയിലാണെങ്കില്‍ ഒരു കുറവുമില്ല. ഞങ്ങള്‍ക്ക് ജോലി തരാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടുള്ള പല ആശുപത്രികളിലും ഇപ്പോഴും നഴ്‌സുമാരുടെ സമരം നടക്കുകയേല്ലേ? അങ്ങിനെയുള്ള സ്ഥലങ്ങളിലേക്ക് പോകണമെന്നാണോ പറയുന്നത്?ജീവിതകാലം മുഴുവന്‍ വിദേശത്ത് കിടക്കാനല്ല, ഒന്നോ രണ്ടോ വര്‍ഷം ജോലി ചെയ്ത് കടമെല്ലാം ഒന്നൊതുങ്ങിയശേഷം നാട്ടിലേക്ക് വരാന്‍ തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആ മോഹമാണ് ഇപ്പോള്‍ പാതിവഴിയില്‍ മുടങ്ങിയത്. സ്വകാര്യ ആശുപത്രികളില്‍ ജോലി ശരിയാക്കാം എന്ന് സര്‍ക്കാര്‍ പറയുന്നു. എന്തുകൊണ്ട് ഗവണ്‍മെന്റ് ആശുപത്രികളില്‍ ജോലി തരാമെന്ന് പറയുന്നില്ല? പരിയാരം പോലുള്ള ആശുപത്രികളില്‍ ആര്‍ക്കെങ്കിലും ജോലി കൊടുത്തൂടെ? കേരളത്തിലെ ഗവണ്‍മെന്റ് ആശുപത്രികളില്‍ എല്ലായിടത്തും മതിയായ സ്റ്റാഫ് ഉണ്ടോ? എത്രയോ ഇടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുണ്ട്. ഈ ഒഴിവുകളിലേക്ക് ഞങ്ങളെ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലല്ലോ?  പി.എസ്.സി പരീക്ഷയെഴുതി പാസ്സായവര്‍ എത്രപേരാണ് ഇപ്പോഴും പുറത്ത് നില്‍ക്കുന്നത്?”

മൂന്നുമാസത്തോളമായി നാട്ടില്‍ നില്‍ക്കാന്‍ തുടങ്ങിയവര്‍ പലരും തിരികെ പോകാന്‍ തീരുമാനിക്കുകയാണ്. സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ നടന്നുവരുമ്പോള്‍ കൊല്ലമൊന്നെങ്കിലും എടുക്കുമെന്നാണിവര്‍ പറയുന്നത്. അതുവരെ ജീവിതം തള്ളിനീക്കാന്‍ പറ്റില്ല. വീടും നാടും വിട്ടും പോകുന്നതില്‍ വിഷമമില്ലാഞ്ഞിട്ടല്ല, നിവൃകേടുകൊണ്ടാണ്. പോകുന്നത് പൂര്‍ണസുരക്ഷിതമായ ഇടങ്ങളിലേക്കുമല്ല. എന്നാലും പോയേ പറ്റൂ.

“സര്‍ക്കാരിന് ഞങ്ങളുടെ കാര്യം മാത്രം നോക്കിയാല്‍പ്പോര എന്നറിയാം. എത്രയോ പ്രശ്‌നങ്ങളാണ് ഈ നാട്ടില്‍. പുതിയൊരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ സര്‍ക്കാരും മാധ്യമങ്ങളും ജനങ്ങളും എല്ലാം അതിനു പിറകേ പോകും. എല്ലാവരും ഞങ്ങളെ മറക്കും. ഇല്ലെങ്കില്‍ ഞങ്ങള്‍ക്കെല്ലാം ശരിയായെന്ന് ധരിക്കും. മടങ്ങിവന്ന 46 പേര്‍ക്ക് ഏതോ സ്വകാര്യവ്യക്തി 3 ലക്ഷം വീതം നല്‍കിയെന്ന് അറിഞ്ഞു. മടങ്ങിവന്ന എല്ലാവര്‍ക്കും ഇതുപോലെ ലക്ഷങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണ് പലരുടെയും ധാരണ. തരാമെന്ന് പറഞ്ഞ് ചെലവുകാശുപോലും കിട്ടാത്തവരാണ് കൂടുതലും”, തൃശ്ശൂരുകാരന്‍ ജിത്തുവിന്റെ വാക്കുകളാണിത്. 

ആരെയും കുറ്റപ്പെടുത്താനില്ല, ചോദ്യം ചെയ്യുന്നുമില്ല, ജീവിതത്തെക്കുറിച്ച് ഉള്ളില്‍ പുകയുന്ന ആശങ്കകള്‍ അണയ്ക്കാന്‍ ഇനിയും താമസം ഉണ്ടാകരുതെന്നുള്ള അപേക്ഷ മാത്രം. ഞങ്ങള്‍ക്കും ജീവിക്കണം…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍