സാംസ്‌കാരിക രംഗങ്ങളിലേക്കുള്ള സംഘപരിവാര്‍ കടന്നു കയറ്റത്തിനെതിരായ പ്രാദേശിക പ്രതിരോധത്തിന്റെ ഭാഗമാണ് പരിപാടിയെന്നാണ് യുത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
സംഘപരിവാറിനെ നേരിടാന്‍ മൂവര്‍ണ്ണ രാഖിയുമായി യൂത്ത് കോണ്‍ഗ്രസ്. ആര്‍എസ്എസ് വര്‍ഗീയതയ്‌ക്കെതിരെ ദേശരക്ഷാ ബന്ധന്‍ എന്ന പേരിലാണ് യുത്ത് കോണ്‍ഗ്രസ് രാഖി പ്രചാരണത്തിന് ഒരുങ്ങുന്നത്. സ്വാതന്ത്ര ദിനമായ ഓഗസ്റ്റ് 15 മുതല്‍ ഒരാഴ്ചയായിരിക്കും ദേശരക്ഷാ ബന്ധന്‍ പരിപാടി സംഘടിപ്പിക്കുക. കണ്ണൂരിലെ കടമ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് സംഘപരിവാറിനെതിരേ ത്രിവര്‍ണ രക്ഷാ ബന്ധന്‍ എന്ന ആശയവുമായി മുന്നോട്ട് വന്നിട്ടുള്ളത്. ഇതിനായ് കടമ്പൂരില്‍ മാത്രം ആയിരത്തോളം രാഖികളാണ് നേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ മത വിഭാഗത്തില്‍പ്പെടുന്നവരെ ഉള്‍പ്പെടുത്തിയായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. രാമായണ മാസാചരണം സംഘടിപ്പിക്കാനുള്ള കെപിസിസി തീരുമാനം വിവാദമാവുകയും, പരിപാടിയില്‍ നിന്നും പാര്‍ട്ടി പിന്നോട്ട് പോവുകയും ചെയ്തതിന് പിറകെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ത്രിവര്‍ണ രാഖി വാര്‍ത്തയില്‍ ഇടം പിടിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, സാംസ്‌കാരിക രംഗങ്ങളിലേക്കുള്ള സംഘപരിവാര്‍ കടന്നു കയറ്റത്തിനെതിരായ പ്രാദേശിക പ്രതിരോധത്തിന്റെ ഭാഗമാണ് പരിപാടിയെന്നാണ് യുത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ പ്രചാരണം യുത്ത് കോണ്‍ഗ്രസ് നേരിട്ട് നടത്തുന്നതല്ലെന്ന് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അഴിമുഖത്തോട് പ്രതികരിച്ചു. പരിപാടി സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കാന്‍ നിലവില്‍ പദ്ധതില്ലെന്നും റിജില്‍ മാക്കുറ്റി അഴിമുഖത്തോട് പ്രതികരിച്ചു. സൗഹൃദം, സംസ്‌കാരം കൂട്ടായ്മ എന്നിവ ഉയര്‍ത്തിപ്പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍എസ്എസ് കയ്യേറുന്ന സംസ്‌കാരിക പരിപാടികളുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കടമ്പൂര്‍ യൂത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വര്‍ഷങ്ങളായി നടത്തി വരുന്നതാണെന്നും റിജില്‍ പ്രതികരിച്ചു. സാഹോദര്യത്തിന്റെ പ്രതീകമായാണ് യുത്ത് കോണ്‍ഗ്രസ് ഇതിനെ കാണുന്നത് മതപരമായ ചടങ്ങായിട്ടില്ല. മത ചടങ്ങുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. രാമായണ മാസാചരണം സംബന്ധിച്ച വിവാദങ്ങളുമായി ദേശരക്ഷാ ബന്ധന്‍ കാംപയിനെ ബന്ധിപ്പിക്കേണ്ടെന്നും റിജില്‍ കൂട്ടിച്ചേര്‍ത്തു പറഞ്ഞു.