UPDATES

സിനിമ

മഞ്ജു വാര്യര്‍ എന്ന ടെംപ്ലേറ്റ്

Avatar

സഫിയ ഒ സി 

രണ്ടാം വരവിലെ മഞ്ജു വാര്യര്‍ ഒരു ടെംപ്ലേറ്റാണ്. അല്ലെങ്കില്‍ ഒരേ അച്ച്. 14 വര്‍ഷത്തെ നിശബ്ദമായ ദാമ്പത്യ സഹനത്തിന് ശേഷം പൊതു മണ്ഡലത്തിലേക്ക് തിരിച്ചു വരികയും ഒരു നര്‍ത്തകി എന്ന നിലയിലും നടി എന്ന നിലയിലും ആരാധകരെ ആനന്ദിപ്പിക്കാന്‍ കഴിയുകയും അതോടൊപ്പം സ്ഥൈര്യത്തിന്റെയും ധൈര്യത്തിന്റെയും ബ്രാന്‍ഡ് അംബാസിഡര്‍ ആവുകയും ചെയ്ത മഞ്ജു വാര്യര്‍ സമീപകാലത്തെ ഏറ്റവും ചര്‍ച്ചാ വിഷയമായ വ്യക്തിത്വമായിരുന്നു. വിനോദ വ്യവസായവും പരസ്യ വിപണിയും അവരുടേതായ രീതിയിലും സര്‍ക്കാരും മാധ്യമങ്ങളും അവരുടേതായ രീതിയിലും മഞ്ജുവിന്റെ മൂല്യത്തെ ഉപയോഗിച്ചു. വെറുമൊരു നര്‍ത്തകി അല്ലെങ്കില്‍ സിനിമാ നടി എന്നതില്‍ കവിഞ്ഞു അവര്‍ ഒരു സാമൂഹിക വ്യക്തിത്വമായി മാറി. അവര്‍ പലര്‍ക്കും പ്രചോദനവും മാര്‍ഗ്ഗദര്‍ശകയുമായി.

ഈ അടുത്തകാലത്ത് മഞ്ജു അഭിനയിച്ച സിനിമകളുടെ പൊതു സ്വഭാവവും പ്രചോദന/ഉപദേശി ഭാവമായിരുന്നു. ഹൌ ഓള്‍ഡ് ആര്‍ യുവിലെ ഭര്‍ത്താവിനോട് കലഹിക്കുന്ന മധ്യ വയസിലേക്ക് നീങ്ങുന്ന സര്‍ക്കാര്‍ ഗുമസ്തയായ ജൈവ പച്ചക്കറി കൃഷിക്കാരിയും എന്നും എപ്പോളില്‍ ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം നേടി ഒറ്റയ്ക്ക് മകളെ പോറ്റുന്ന സാമൂഹിക പ്രസക്തയായ വക്കീലും റാണി പത്മിനിയില്‍ പ്രത്യേകിച്ചു കാരണമൊന്നും ഇല്ലാതെ തന്നെ വിവാഹ മോചനം ചെയ്യുന്ന ഭര്‍ത്താവിനെ തേടി ഹിമായത്തിലേക്ക് യാത്ര പുറപ്പെടുന്ന നാട്ടിന്‍ പുറത്തുകാരി ഭാര്യയും ഒക്കെ മോട്ടിവേഷണല്‍ സിനിമകളുടെ ചുറ്റുവട്ടത്തു നിന്നു കറങ്ങി കളിക്കുന്നവയാണ്. സ്ത്രീ സ്വാതന്ത്ര്യം ഘോഷിക്കുമ്പോഴും ഒടുവില്‍ കുടുംബത്തില്‍ ശാന്തി കണ്ടെത്തുന്നവളാണ്. അതോടൊപ്പം ഈ നായികമാരെല്ലാം തന്നെ ഭര്‍ത്താവിനോട് വിമത സ്വഭാവം പ്രകടിപ്പിക്കുന്നവരാണ് എന്നതിലൂടെ മഞ്ജുവിന്‍റെ സ്വകാര്യ ജീവിതവും ആവര്‍ത്തിക്കുന്നത് കാണാം.

നായക സ്വരൂപമില്ലാതെ മഞ്ജുവിന്‍റെ സോളോ പെര്‍ഫോമന്‍സിലൂടെ മുന്നോട്ട് പോകുന്ന ജോ ആന്‍ഡ് ദി ബോയ് ഇതുവരെ വന്ന മൂന്ന് മഞ്ജു സിനിമകളിലെ ചില ആവര്‍ത്തനങ്ങളെ ഒഴിവാക്കുമ്പോഴും തനിക്ക് ചുറ്റുമുള്ളവരെ പ്രചോദിപ്പിപ്പിക്കുക എന്ന പതിവ് പരിപാടിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. കാഴ്ചക്കാരന്റെ ഇമോഷന്‍സിനെ മനസിലാക്കാന്‍ കെല്‍പ്പുള്ള അതിനനുസരിച്ച് പെരുമാറുന്ന ആനിമേഷന്‍ കഥാപാത്രത്തെ സൃഷ്ടിക്കുക എന്ന കുഞ്ഞുനാളിലെ ഉള്ള ആഗ്രഹത്തെ എത്തിപ്പിടിക്കാനുള്ള നിശ്ചയദാര്‍ഡ്യത്തില്‍ വിവാഹവും ജോലിയും വേണ്ടെന്ന് വെച്ചു കഴിയുകയാണ് ജോ. വല്ലാത്തൊരു അഭിനിവേശത്തോടെ ആനിമേഷനെയും ഫോട്ടഗ്രാഫിയെയും കൊണ്ടുനടക്കുകയാണ് അവള്‍. അമ്മയുടെ മനസിലെ എം ബി എക്കാരനായ അമേരിക്കന്‍ പയ്യനോ അപ്പന്‍റെ ഹോം സ്റ്റേ അഭ്യാസങ്ങളോ ഒന്നും തന്നെ അവളെ വഴിതെറ്റിക്കുന്നില്ല.

അങ്ങനെയിരിക്കെയാണ് ക്രിസ് എന്ന കുറുമ്പുകാരനായ കുഞ്ഞുചെറുക്കന്‍ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അത് അവളുടെ ആനിമേഷന്‍ സ്വപ്നത്തിലെ പുതിയ വഴിത്തിരിവാകുന്നു. പതിയെ സിനിമ വളരെ രസകരവും കൌതുകകരവുമായ ട്രാക്കിലേക്ക് കടക്കുന്നു. ഒരു ആനിമേറ്ററും അവള്‍ സൃഷ്ടിക്കുന്ന കഥാപാത്രവും അതിന്റെ മൂലവ്യക്തിത്വവും തമ്മിലുള്ള ത്രികോണ ബന്ധം സൃഷ്ടിക്കുന്ന നാടകീയതകളിലൂടെയാണ് കഥയുടെ സഞ്ചാരം. പാതി വഴിയോളം രസച്ചരട് മുറിയാതെ കൊണ്ടു പോകാന്‍ കഴിഞ്ഞ സംവിധായകന് പ്രമേയം അതിന്റെ ഗൌരവ തലത്തിലേക്ക് കടന്നപ്പോള്‍ പിഴയ്ക്കുന്നതാണ് പിന്നീട് കണ്ടത്. ഒടുവില്‍ മലയാള സിനിമ എന്നും ചെന്നു പതിക്കാറുള്ള മേലോ ഡ്രാമയുടെ അതിവൈകാരികതയിലേക്ക് ജോ ആന്‍ഡ് ദി ബോയിയും ചെന്നു വീഴുന്നു.

സിനിമയുടെ ക്രാഫ്റ്റില്‍ പരാജയപ്പെടുമ്പോഴും എടുത്തു പറയേണ്ട ചില സവിശേഷതകള്‍ സിനിമയില്‍ ഉണ്ട്. അതിലൊന്ന് ഒരു നായകനില്ലാതെ പൂര്‍ണ്ണമായും നായികയുടെ ചുമലില്‍ കഥ ഏല്‍പ്പിച്ചു കൊണ്ട് സംവിധായകന്‍ ചാടിയ വളയമില്ലാ ചാട്ടമാണ്. ആ കാര്യത്തില്‍ സംവിധായകന്റെ പ്രതീക്ഷകളോട് ഒട്ടൊക്കെ നീതി പുലര്‍ത്താന്‍ മഞ്ജു വാര്യര്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരു ഇരുപതു കാരിയുടെ കളിയും ചിരിയുമായി നിറഞ്ഞു നില്ക്കാന്‍ ശ്രമിക്കുമ്പോഴും നമ്മുടെ മുന്‍പിലെ നായികയുടെ പ്രായം 37 ആണെന്ന കൊളുത്തി വലി ഉണ്ടാവുന്നുണ്ട് ചിലപ്പോഴൊക്കെ. ചിലയിടങ്ങളില്‍ പതറുന്നുണ്ടെങ്കിലും ഒരു പരിധി വരെ തന്റെ സ്ക്രീന്‍ ഏജിനോട് നീതി പുലര്‍ത്താന്‍ മഞ്ജു വാര്യര്‍ക്ക് സാധിക്കുന്നുണ്ട്. രണ്ടാമത്തെ കാര്യം ഫിലിപ്പ് ആന്ഡ് ദി മങ്കിപെന്നിലെ പോലെ വീണ്ടും ഒരു കുട്ടിയെ മുഖ്യ കഥാപാത്രങ്ങളിലൊന്നായി അവതരിപ്പിച്ചു എന്നുള്ളതാണ്. കുട്ടികളും വൃദ്ധന്മാരും ഇല്ലാതാകുന്ന മലയാള സിനിമയില്‍ ധീരമായ നിലപാടാണ് റോജിന്‍ തോമസ് എന്ന യുവ സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്.

ഇനി വീണ്ടും തുടക്കത്തില്‍ പറഞ്ഞ കാര്യത്തിലേക്ക് വരാം. മഞ്ജു സിനിമകളുടെ മോട്ടിവേഷണല്‍ ഹാംഗ്ഓവര്‍ തന്നെയാണ് ഇവിടെയും പ്രധാന പ്രശ്നം. സ്വപ്നത്തിന് എക്സ്പെയറി ഡേറ്റ് ഉണ്ടെന്ന് വിശ്വസിക്കാത്ത, സ്വപ്നം വെടിപ്പിടിക്കാന്‍ കുതിക്കുന്ന നായിക ഇതിലും ആവര്‍ത്തിക്കുന്നു എന്നതു തന്നെയാണ് സിനിമയെ ഒരു പരിധി കഴിയുമ്പോള്‍ ബോറടിപ്പിക്കുന്നത്. തന്‍റെ ജീവിതം കൊണ്ട് സാധിച്ചത് ഓരോ കാഥാപാത്രത്തിലൂടെയും മഞ്ജു വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. കൂട്ടത്തില്‍ സ്റ്റീവ് ജോബ്സിന്‍റെ വചനങ്ങളും സ്റ്റീവിനെ പോലെ തോന്നിക്കുന്ന അപ്പന്‍ എന്ന വിളിപ്പേരുള്ള സംരംഭകനും സിനിമയുടെ ഈ ഒരു സൂചനയെ ഉറപ്പിക്കുകയും ചെയ്യുന്നു. 

തിയറ്ററില്‍ കണ്ടത്; തൊട്ടടുത്തിരിക്കുന്ന ഒരു മൂന്നൂ വയസുകാരന്‍ ഇടവേള വരെയും അതിന് കുറച്ചു ശേഷവും ആനിമേഷന്‍ കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന രസച്ചരടില്‍ തൂങ്ങിയാടുന്നതും പൊട്ടിച്ചിരിക്കുന്നതും എനിക്കു കേള്‍ക്കാമായിരുന്നു. ഒടുവില്‍ സിനിമ അവസാനിച്ചു ഇറങ്ങുമ്പോള്‍ അവന്‍ അച്ഛന്റെ ചുമലില്‍ തല വച്ച് ഉറങ്ങുന്നതാണ് കണ്ടത്. ഈ സിനിമ നേരിടുന്ന പ്രശ്നവും ഇത് തന്നെയാണ്. ആരെയാണോ ജോ ആന്‍ഡ് ദി ബോയ് രസിപ്പിക്കാന്‍ ഉദ്ദേശിച്ചത് അവരെ ഒടുവില്‍ ഉറക്കുന്ന തരത്തിലേക്ക് സിനിമ മാറിപ്പോയി.  

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് സഫിയ)   

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍