UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒ രാജഗോപാല്‍; നേമത്ത് തിരുത്തി എഴുതപ്പെട്ട ആ പ്രവചനം

Avatar

വി ഉണ്ണികൃഷ്ണന്‍

കഴിഞ്ഞ വര്‍ഷം അരുവിക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണ് എന്നായിരുന്നു പ്രതിയോഗികള്‍ അഭിപ്രായപ്പെട്ടത്. അങ്ങനെ തന്നെയാവും സംഭവിക്കുക എന്ന് മിക്കവരും വിധിയെഴുതി. എന്നാല്‍ ഇന്ന് നേമത്ത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ കൊടി പാറുമ്പോള്‍ തിരുത്തിയെഴുതപ്പെട്ടത് ആ പ്രവചനമാണ്. പ്രമുഖര്‍ പലരും തോല്‍വിയുടെ വേദനയറിഞ്ഞപ്പോള്‍ കേരളത്തില്‍ അപ്രതീക്ഷിതമായി ബിജെപിയ്ക്ക് പിടിവള്ളിയായത് രാഷ്ട്രീയ രംഗത്തെ സൗമ്യസാന്നിധ്യമായ ഒ രാജഗോപാലിന്റെ വിജയമാണ്.

രാജഗോപാലിന്റെ വിജയത്തോടെ കേരളത്തിലെ ആദ്യ താമരയും വിരിഞ്ഞിരിക്കുകയാണ്. ബിജെപി ആദ്യ അക്കൌണ്ട് തുറക്കുമ്പോള്‍, വ്യക്തമാവുന്നത് പാര്‍ട്ടിയുടെ സ്വാധീനത്തെക്കാള്‍ ഉപരി ഓലഞ്ചേരി രാജഗോപാല്‍ എന്ന ഒ രാജഗോപാലിന്റെ വ്യക്തിപ്രഭാവത്തെയാണ്‌. കേരളത്തിലെ ജനങ്ങളുടെ മാനസികാവസ്ഥയെ ബിജെപി എന്ന പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന ലേബലിനും അപ്പുറം സ്വാധീനിക്കാന്‍ കഴിഞ്ഞ ഒരു വ്യക്തിയാണ് ഒ രാജഗോപാല്‍ എന്ന് പറയേണ്ടി വരും. 

പാലക്കാടു നിന്നും കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് രാജഗോപാലിന്റെ അരങ്ങേറ്റം. പ്രമുഖരായ പല രാഷ്ട്രീയ പ്രവര്‍ത്തകരോടൊപ്പം വിക്ടോറിയ കോളേജില്‍ പഠിച്ചപ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെയോ ചിന്താരീതിയെ സ്വാധീനിക്കാന്‍ സാധിക്കുകയുണ്ടായില്ല. മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കിയ രാജഗോപാല്‍ പാലക്കാട് അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കുകയും ചെയ്തു. അതേ സമയം തന്നെയാണ് വിമോചന സമരത്തിനായി കര്‍ഷകരെ സംഘടിപ്പിക്കുകയും അറസ്റ്റ് വരിക്കുകയുമുണ്ടായത്.

1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന സമയം മാറ്റം ഉണ്ടായത് രാജഗോപാലിന്റെ രാഷ്ടീയ പാതയില്‍ക്കൂടിയാണ്.  ഭാരതീയ ജനസംഘത്തിന്റെ ആചാര്യന്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായെ നേരിട്ട് കാണുകയും പുതിയ മാനവികതയെക്കുറിച്ചുള്ള ദീനദയാലിന്‍റെ നിലപാടുകളില്‍ ആകൃഷ്ടനാവുകയും ചെയ്തു.

തുടര്‍ന്ന് പി പരമേശ്വരനോടും കെ രാമന്‍പിള്ളയോടുമൊപ്പം രാജഗോപാല്‍ ജനസംഘത്തിലെത്തി. ഏതാനും മാസങ്ങള്‍ക്കു ശേഷം ദീനദയാല്‍ മരിച്ചതോടെ അദ്ദേഹം ഒരു പ്രതിജ്ഞയെടുത്തു. ദീനദയാല്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തിന്റെ സാക്ഷാല്‍ക്കാരത്തിനു വേണ്ടി ജീവിക്കുക. അതോടെ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് മുഴുവന്‍ സമയരാഷ്ട്രീയത്തിലേക്ക് രാജഗോപാല്‍ പ്രവേശിച്ചു.

പാലക്കാട് പുതുക്കോട് സ്വദേശിയായ ഒ രാജഗോപാല്‍ 1982ലും 2006ലും പാലക്കാട് നിയമസഭാമണ്ഡലത്തില്‍ മത്സരിച്ചു. 1998ല്‍ വാജ്പേയി മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയുമായിരുന്നു.

 

കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങിയ പാതവിട്ട് സഞ്ചരിച്ച കേന്ദ്രമന്ത്രിയായിരുന്നു രാജഗോപാല്‍ .വാജ്‌പേയി സര്‍ക്കാരില്‍, നഗരവികസനം, റയില്‍വേ, പ്രതിരോധം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന്റെ  ആവശ്യങ്ങളോട് അദ്ദേഹം പുലര്‍ത്തിയ ആത്മാര്‍ത്ഥത ഇന്നും ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്. രാജഗോപാല്‍ റയില്‍വേ സഹമന്ത്രിയായിരുന്ന 22 മാസം കേരളത്തില്‍ റയില്‍വെ വികസനത്തില്‍ വന്ന വര്‍ധനവ് തള്ളിക്കളയാനാവാത്തതാണ്. ഹഡ്‌കോയുടെ ബ്ലാക്ക് ലിസ്റ്റില്‍ നിന്ന് കേരളം ഒഴിവാക്കപ്പെട്ടതും തിരുവനന്തപുരത്ത് ഹാബിറ്റാറ്റ് സെന്റര്‍ പണിയാന്‍ കവടിയാറില്‍ ഹഡ്‌കോ സ്ഥലം കണ്ടെത്തിയതും നെടുമ്പാശ്ശേരി വിമാനത്താവളം നിര്‍മ്മിക്കാന്‍ ധനസഹായം അനുവദിച്ചതും രാജഗോപാല്‍ നഗരവികസന വകുപ്പിന്റെ ചുമതല വഹിച്ചപ്പോഴാണ്. പ്രതിരോധവകുപ്പില്‍ സഹമന്ത്രിയായി ചുമതലയേറ്റ ദിവസം രാജഗോപാല്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് ഒന്നാം സ്ഥാനം നല്‍കി. 

ജനസംഘം സംസ്ഥാന പ്രസിഡന്റ്, ജനതാപാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി, ബി ജെ പിയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റ്, ദേശീയ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലെല്ലാം രാജഗോപാല്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ അംഗീകാര പ്രശ്‌നം മുന്‍നിര്‍ത്തി നടത്തിയ സമരത്തില്‍ പങ്കെടുത്ത് തിഹാര്‍ ജയില്‍, മലപ്പുറം ജില്ലാ വിരുദ്ധ സമരം നയിച്ച് കണ്ണൂര്‍ ജയില്‍ എന്നിടങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്. വാജ്‌പേയി മന്ത്രിസഭയില്‍ തന്റെ പ്രവര്‍ത്തനകാലം കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ അനുമതിയോടെ സന്യാസത്തിലേക്ക് കടക്കണം എന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിനെ ആ വഴിക്ക് വിടാന്‍ പാര്‍ട്ടി ഒരുക്കവുമല്ലായിരുന്നു.

സാധാരണ രാഷ്ട്രീയപ്രവര്‍ത്തകരെപ്പോലെ തീപ്പൊരി പ്രസംഗങ്ങള്‍ രാജഗോപാലില്‍ നിന്നും ഉണ്ടാവാറില്ല. എന്നാല്‍ ആഴത്തില്‍ പഠിച്ച ശേഷമേ അദ്ദേഹം ഓരോ വിഷയത്തെക്കുറിച്ചും സംസാരിക്കാറുള്ളൂ. രാജഗോപാലിന്റെ പ്രസംഗങ്ങള്‍ ഒരു അദ്ധ്യാപകന്‍ ക്ലാസ് പോലെയെന്നാണ് എതിര്‍പക്ഷത്തുള്ളവര്‍ പോലും അഭിപ്രായപ്പെടുക. ടിപ്പിക്കല്‍ രാഷ്ടീയപ്രവര്‍ത്തകന്റെ മാനറിസങ്ങളില്‍ നിന്നും വേഷഭൂഷാദികളില്‍ നിന്നും ഏറെ വ്യത്യസ്തനാണ് രാജഗോപാല്‍.

8671 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ  രാജഗോപാല്‍ എന്ന അണികളുടെ രാജേട്ടന്‍ ഇത്തവണ ജയിച്ചു കയറുമ്പോള്‍ അഞ്ചു വര്‍ഷത്തിനിടെ അഞ്ചാമത്തെ പൊതു തെരഞ്ഞെടുപ്പിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. അതില്‍ നാലും തലസ്ഥാനത്ത് തന്നെയും. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്തും 2012 മാര്‍ച്ചില്‍ നടന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലും 2014 മേയില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും 2015 ജൂണ്‍ 27ന് നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിലും രാജഗോപാല്‍ സ്ഥാനാര്‍ഥിയായിരുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്തും 2014ലെ തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിലുമാണ് രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയത്. 2011ലെ നിയമസഭാ തെരഞ്ഞൈടുപ്പില്‍ നേമത്തു 6,415 വോട്ടുകള്‍ക്കാണ് രാജഗോപാല്‍ പരാജയപ്പെട്ടത്

2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഒ. രാജഗോപാലായിരുന്നു രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിലെ ഡോ. ശശി തരൂര്‍ 15,470 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ച തെരഞ്ഞെടുപ്പില്‍ രാജഗോപാല്‍ നേടിയത് 2,82,336 വോട്ടുകളാണ്. നെയ്യാറ്റിന്‍കരയിലെ സിപിഎം എംഎല്‍എ ആയിരുന്ന ആര്‍. ശെല്‍വരാജ് കോണ്‍ഗ്രസിലേക്ക് മാറിയതോടെ 2012 മാര്‍ച്ച് ഒമ്പതിനു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അഞ്ചു വര്‍ഷത്തിനിടെ രണ്ടാം മത്സരത്തിന് രാജഗോപാല്‍ ഇറങ്ങിയത്. ശെല്‍വരാജ് 6,334 വോട്ടുകള്‍ക്ക് വിജയിച്ച തെരഞ്ഞെടുപ്പില്‍ 30,507 വോട്ടുകള്‍ നേടി രാജഗോപാല്‍ മൂന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിലെ എഫ്. ലോറന്‍സ് 46,194 വോട്ടും വിജയിയായ ശെല്‍വരാജ് 52,528 വോട്ടും നേടി.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തിന് വിശ്വാസ പൂര്‍വം പറയാന്‍ പറ്റുന്ന ഒരേ പേര് ഒ രാജഗോപാലിന്റെതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നതോ ജയമോ പരാജയമോ തന്നെ ബാധിക്കുന്നതേയല്ല എന്ന ഭാവമാണ് രാജഗോപാലില്‍ പലപ്പോഴും കാണാന്‍ കഴിയുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍