UPDATES

കുമ്മനത്തിന് പിന്നാലെ കണ്ണൂരില്‍ അഫ്‌സ്പ വേണമെന്ന ആവശ്യവുമായി ഒ രാജഗോപാലും

ഗവര്‍ണറെ കണ്ടു

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പിന്നാലെ കണ്ണൂരില്‍ അഫ്‌സ്പ വേണമെന്ന ആവശ്യവുമായി മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാലും രംഗത്ത്. ആക്രമങ്ങള്‍ തുടര്‍ക്കഥയായ കണ്ണൂരില്‍ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ(ആംഡ് ഫോഴ്‌സ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്) ഏര്‍പ്പെടുത്തണമെന്നാണ് രാജഗോപാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്ഭവനില്‍ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിയിലുള്ള നിയന്ത്രണം നഷ്മായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരില്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സമാധാന ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചതാണ്. ഈ ഉറപ്പാണ് സിപിഎം അട്ടിമറിച്ചത്. കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വകവയ്ക്കുന്നില്ല. ആ സാഹചര്യത്തില്‍ അക്രമങ്ങള്‍ക്ക് തടയിടാന്‍ അഫ്‌സ്പ ഏര്‍പ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാകില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കണ്ണൂരില്‍ മാത്രം 14 കൊലപാതകങ്ങളുണ്ടായി. അതില്‍ 13 പേരും ബിജെപി പ്രവര്‍ത്തകരായിരുന്നു. സമാധാനപരമായി പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണ് കണ്ണൂരിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘപരിവാറിന്റെ പ്രധാന പ്രവര്‍ത്തകരെ വകവരുത്താന്‍ കണ്ണൂരിലെ സിപിഎം നേതൃത്വം ശ്രമിക്കുന്നതാണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണം. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അഫ്‌സ്പ ഏര്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ക്രിമിനലുകളാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് ആരോപിച്ചു. ഇതിന് പോലീസിന്റെ ഒത്താശയുണ്ടായിരുന്നു. കൊലപാതകികളെ സഹായിച്ച പോലീസുകാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. അതേസമയം പിണറായിക്ക് കീഴിലുള്ള പോലീസില്‍ വിശ്വാസമില്ലാത്തതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ഇതേ ആവശ്യവുമായി കുമ്മനവും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം എടുത്ത സമാധാന നടപടികളെ സിപിഎം ഏകപക്ഷീയമായി അട്ടിമറിച്ചിരിക്കുകയാണെന്നും ക്രിമിനലുകളുടെ തേര്‍വാഴ്ച തടയാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കിലെന്നും കുമ്മനം പറഞ്ഞു.

ബിജുവിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നു ആര്‍ എസ് എസ് ആവശ്യപ്പെട്ടു. സംസ്ഥാന പോലീസില്‍ വിശ്വാസമില്ല എന്നും ആര്‍ എസ് എസ് പറഞ്ഞു. ഇന്നലെയാണ് പയ്യന്നൂര്‍ കക്കംപാറ സ്വദേശി ആര്‍ എസ് എസ് മണ്ഡല്‍ കാര്യവാഹക് ബിജു വെട്ടേറ്റ് മരിച്ചത്. പയ്യന്നൂര്‍ ധന്‍രാജ് വധ കേസിലെ പ്രതിയാണ് ബിജു.

ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍