UPDATES

വിദേശം

ഒബാമ, ക്യൂബയിലേക്കുള്ള യാത്ര തമാശയല്ല

Avatar

കാരേന്‍ ഡേ യങ്, നിക് മിറോഫ്, ജൂലിയറ്റ് ഈല്‍പേരിന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യു.എസ് പ്രസിഡണ്ട് ഒബാമ ഞായറാഴ്ച്ച വൈകിട്ട് ക്യൂബയിലെത്തി. യു.എസ് തീരത്തുനിന്നും വെറും 90 മൈല്‍ അകലം മാത്രമുള്ള ഈ യാത്ര പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് അരനൂറ്റാണ്ടെടുത്തു.

മഴ ചാറുന്ന അന്തരീക്ഷത്തില്‍ ക്യൂബന്‍ മണ്ണിലിറങ്ങിയ ഒബാമ ഭാര്യ മിഷേലിന് നനയാതിരിക്കാന്‍ ഒരു കുട നിവര്‍ത്തിപ്പിടിച്ചിരുന്നു. മുതിര്‍ന്ന ക്യൂബന്‍ അധികൃതര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

ഒബാമക്കൊപ്പം ഭാര്യ മിഷേലും രണ്ടു പെണ്‍മക്കളും ഭാര്യാമാതാവും ഉണ്ടായിരുന്നു. ക്യൂബയുടെ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് അദ്ദേഹത്തെ സ്വീകരിച്ചു. ക്യൂബന്‍ പ്രസിഡണ്ട് റൌള്‍ കാസ്ട്രോയുമായി തിങ്കളാഴ്ച്ച ഒബാമ കൂടിക്കാഴ്ച്ച നടത്തും.

1928-നു ശേഷം ഇതാദ്യമായി ഒരു യു.എസ് പ്രസിഡണ്ട് ക്യൂബ സന്ദര്‍ശിക്കുമ്പോള്‍ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും അവിടുത്തെ പ്രതിപക്ഷവും ഏറെ പ്രതീക്ഷകളോടെയാണ് ഈ സന്ദര്‍ശനത്തെ നോക്കിക്കാണുന്നത്. തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്താതെ കൂടുതല്‍ കാര്യങ്ങള്‍ നേടാമെന്ന് സര്‍ക്കാര്‍ കരുതുമ്പോള്‍ മാറ്റത്തിന്റെ വേഗം കൂട്ടാനാണ് ദ്വീപിലെ വിമതര്‍  ആഗ്രഹിക്കുന്നത്.

തന്റെ വിശാലമായ വിദേശകാര്യ നയത്തിന്റെ ഊട്ടിയുറപ്പിക്കലായി ഈ സന്ദര്‍ശനത്തെ കാണുന്ന ഒബാമ, യു.എസിന്റെ ചിരകാല വൈരികളായ ഈ ദ്വീപ് രാഷ്ട്രത്തിലെ തലമുറമാറ്റത്തിന് ഇത് പ്രോത്സാഹനമാകും എന്നും കരുതുന്നു. ഒബാമ എത്തുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പായി മാറ്റം അത്ര എളുപ്പമാകില്ലെന്ന പതിവു സൂചനകള്‍ വന്നുതുടങ്ങി.

ഞായറാഴ്ച്ച രാവിലെ ഹവാനായിലെ സാന്റ റീത്ത പള്ളിയിലെ പ്രഭാത കുര്‍ബാനയ്ക്ക് ശേഷം വെള്ള കുപ്പായമിട്ട ഒരു കൂട്ടം സ്ത്രീകള്‍ വരിയായി തെരുവിലൂടെ നടക്കാന്‍ തുടങ്ങി. കുറച്ചകലെയായി നൂറുകണക്കിന് സുരക്ഷാ സൈനികര്‍ നിരന്നുനിന്നു. സാധാരണ വേഷത്തില്‍ കുറെപ്പേരും.

തെരുവിലെ മൂലയില്‍ വെച്ചു സംഘര്‍ഷമായി. വെള്ളക്കുപ്പായക്കാരി സ്ത്രീ മുടന്തിവീണ് വിളിച്ചുപറഞ്ഞു;“സ്വാതന്ത്ര്യം, സ്വാതന്ത്ര്യം.” അവര്‍ ലഘുലേഖകള്‍ അന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞു. സുരക്ഷാ സൈനികര്‍ അവരെ വലിച്ചിഴച്ചും എടുത്തുപൊക്കിയും വണ്ടിയിലേക്കിട്ടു.

സ്ത്രീകള്‍ക്കൊപ്പം പ്രകടനത്തിലുണ്ടായിരുന്ന പുരുഷന്മാരെ വിലങ്ങുവെച്ചു. പ്രതിഷേധക്കാരെ കയറ്റിയ ബസുകള്‍ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ പ്രതിഷേധക്കാര്‍ അഴികള്‍ക്കിടയിലൂടെ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച്. തെരുവിലെ ജനം തിരിച്ചു പറഞ്ഞു,”ഇത് ഫിദലിന്റെ തെരുവാണ്.”

വെള്ളക്കുപ്പായക്കാരായ സ്ത്രീകളുടെ ഞായറാഴ്ച്ച രാവിലെയുള്ള പ്രതിഷേധം ഹവാനായിലെ പതിവാണ്. എന്നാല്‍ ഇത്രയും വലിയ സുരക്ഷാ സൈനികരും അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങളുടെ ക്യാമറയും പതിവില്ലാത്തതും.

ക്യൂബയിലെ അടിയൊഴുക്കുകളും വൈരുദ്ധ്യങ്ങളും യു.എസുമായുള്ള മാറുന്ന ബന്ധവുമെല്ലാം കഴിഞ്ഞ രണ്ടു ദിവസമായി വിശദമായ വാര്‍ത്തകളിലാണ്. വെള്ളിയാഴ്ച്ച ഒരു ചങ്ങാടത്തില്‍ കയറി ഫ്ലോറിഡയില്‍ ഇറങ്ങാന്‍ ശ്രമിച്ച 18 ക്യൂബക്കാരെ യു.എസ് തീര സംരക്ഷണ സേന പിടികൂടിയിരുന്നു. യാത്രക്കിടയില്‍ മറ്റ് 9 പേര്‍ മുങ്ങിപ്പോയെന്ന് പിടിയാലയവര്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച്ച ദ്വീപില്‍ മൂന്നു ഹോട്ടലുകള്‍ തുടങ്ങാന്‍ സ്റ്റാര്‍വുഡ് ഹോട്ടല്‍ ശൃംഖല ക്യൂബന്‍ സര്‍ക്കാരുമായി കരാറില്‍ ഒപ്പിട്ടു. കഴിഞ്ഞ 60 കൊല്ലത്തിനിടയില്‍ ക്യൂബയിലെ വിനോദസഞ്ചാര മേഖലയില്‍ ആദ്യത്തെ യു.എസ് വ്യാപാര സംരഭം.

ഞായറാഴ്ച്ച രാവിലെയാണ് ക്യൂബയിലെ ഏറെ ജനപ്രിയനായ ഹാസ്യതാരവുമായി ഒബാമയുടെ ഒരു സരസമായ ഫോണ്‍ സംഭാഷണം ക്യൂബക്കാര്‍ കേട്ടത്.അതിട്ടത്.

“ഞങ്ങള്‍ക്ക് ഫലങ്ങള്‍ കാണാനാണ് ആഗ്രഹം,” ക്യൂബയിലെ ഏറ്റവും വലിയ വിമതസംഘമായ ക്യൂബന്‍ ദേശാഭിമാന സംഘടനയുടെ മേധാവി ജോസ് ഡാനിയല്‍ ഫെറര്‍ പറഞ്ഞു. “പക്ഷേ അത്ഭുതകരമായ ഒന്നുമ്മ് പ്രതീക്ഷിക്കരുതെന്ന് ഒബാമ തന്നെ പറഞ്ഞിട്ടുണ്ട്… അത് കൃത്യമായും ശരിയാണ്.”

ഞായറാഴ്ച്ച രാവിലെ ഒത്തുകൂടിയ ഫെറര്‍ അടക്കമുള്ള വിമത നേതാക്കള്‍ മാറ്റത്തിന്റെ ഗതിവേഗത്തെക്കുറിച്ചും സര്‍ക്കാരിന്റെ കടുംപിടിത്തത്തെക്കുറിച്ചും ചര്‍ച്ചചെയ്തു. ചൊവ്വാഴ്ച്ച രാവിലെ ഒബാമയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച്ചയ്ക്ക് ഇവരെ ക്ഷണിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ഉദാരവത്കരണ സാധ്യതകള്‍ അവരാരും പ്രതീക്ഷിക്കുന്നില്ല. യു.എസ് സമര്‍ദ്ദവും ക്യൂബയുടെ നേതൃത്വത്തിലെ തലമുറ മാറ്റം സൃഷ്ടിക്കുന്ന കുഴപ്പങ്ങളും ചേര്‍ന്ന് ഈ വ്യവസ്ഥ താഴെവീഴും എന്നുതന്നെയാണ് അവര്‍ കരുതുന്നത്.

“ഫിദലിനെ വിമര്‍ശിക്കുന്നതിനേക്കാള്‍ എളുപ്പമാണ് റൌളിനെ വിമര്‍ശിക്കാന്‍,” ഫെറര്‍ പറഞ്ഞു. “അടുത്തയാളെ ഇതിലും എളുപ്പമാകും.” 2018-ല്‍ താന്‍ സ്ഥാനമൊഴിയുമെന്ന് റൌള്‍ കാസ്ട്രോ പറഞ്ഞിട്ടുണ്ട്.

“ദീര്‍ഘകാലത്തില്‍ സര്‍ക്കാരിനെ സംബന്ധിച്ചു ഇത് വിഷം ചേര്ത്ത ഭക്ഷണമാണ്,” സാധാരണഗതിയിലാകുന്ന ബന്ധത്തെക്കുറിച്ച് അയാള്‍ പറയുന്നു. “അത് നല്ലതാണെന്ന് തോന്നും. പക്ഷേ കാലക്രമേണ അത് വയറുവേദന ഉണ്ടാക്കും.”

സമഗ്രാധിപത്യ വിരുദ്ധ വേദിയുടെ തലവന്‍ ഗുലീര്‍മോ ഫാരിനാസ് പറയുന്നതു ഫിദലിന് 90 വയസാകുന്നു എന്നും റൌളും ഏതാണ്ടാ പ്രായത്തിലേക്കാണ് എന്നതും ഒബാമ ഭരണകൂടം മനസിലാക്കുന്നു എന്നാണ്. ഇപ്പോഴുള്ള ക്യൂബക്കാരില്‍ മിക്കവരും ജനിക്കുന്നതിന് മുമ്പുള്ള ജനകീയ വിപ്ലവത്തിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള ധാര്‍മിക അധികാരം അവകാശപ്പെടാനില്ലാത്ത ഒരു പുതിയ തലമുറയാണ് വരാന്‍ പോകുന്നത്.

ഒബാമയുമായി ഒരു ഡസനോളം വിമതരാണ് കൂടിക്കാഴ്ച്ച നടത്താന്‍ പോകുന്നത്. ഇവരെ കൂടിക്കാഴ്ചയ്ക്ക് രണ്ടുമണിക്കൂര്‍ മുമ്പായി അവരവരുടെ വീടുകളില്‍ നിന്നും യു.എസ് അധികൃതര്‍ യു.എസ് നയതന്ത്രകാര്യാലയത്തിലേക്ക് കൊണ്ടുപോകും. സര്‍ക്കാര്‍ തടസങ്ങള്‍ ഉണ്ടാക്കാതിരിക്കാനുള്ള മുന്‍കരുതലാണിത്.

അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് എന്നു കേട്ടിട്ടാകും ഒബാമയോട് എന്തുപറയണമെന്ന് തീരുമാനിക്കുക എന്ന് അവരില്‍ മിക്കവരും പറഞ്ഞു. “ഇതൊരു നിര്‍ണായക മുഹൂര്‍ത്തമാണ്. സര്‍ക്കാരുമായി കൂട്ടുചേരാത്ത ഒരു ചിത്രമാണോ അദ്ദേഹം നല്‍കുന്നതെന്നറിയാന്‍ ഓരോ ക്യൂബക്കാരനും കാത്തിരിക്കുകയാണ്,” ഫെറാര്‍ പറയുന്നു.

പ്രതിഷേധങ്ങളില്‍ നിന്നും ഏറെയകലെ മിരാമറിലെ മലിയ ഹബാന ഹോട്ടലിലേക്കാണ് ഒബാമയും കുടുംബവും പോയത്.  അവിടെ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു.

ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ പഴയ ഹവാന സന്ദര്‍ശിക്കവേ ചാറ്റല്‍മഴക്കിടയില്‍ ആളുകള്‍ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു,“യു.എസ്.എ, യു.എസ് എ.”

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള രഹസ്യചര്‍ച്ചയില്‍  നിര്‍ണായക പങ്കുവഹിച്ച കര്‍ദിനാള്‍ ജെയ്മെ ഓര്‍ടെഗയുമായി ഒബാമ ദമ്പതികള്‍ കൂടിക്കാഴ്ച്ച നടത്താന്‍ എത്തിയപ്പോഴും നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു.

പഴയ ഹവാനയുടെ സഞ്ചാരികള്‍ അധികം എത്താത്ത ഒരു ഭാഗത്താണ് ഒബാമ സന്ദര്‍ശനം നടത്തിയത്. “യു.എസിലെ ആളുകള്‍ കരുതുന്നതുപോലെ ഒരു ദുരന്തഭൂമിയല്ല ക്യൂബയെന്ന്” ഒബാമയുടെ സന്ദര്‍ശനം കാണിക്കുമെന്ന പ്രതീക്ഷയാണ് ഒരു ഭക്ഷണശാലയിലെ പാചകക്കാരന്‍, 35-ക്കാരനായ പ്രദേശവാസി ആല്‍ബെര്‍റ്റോ മോരീനോ പ്രകടിപ്പിച്ചത്. “ഒരുപക്ഷേ തനിക്കെതിരെ ആരും പ്രതിഷേധവുമായി വരാത്ത ഒബാമയുടെ  ആദ്യ രാജ്യസന്ദര്‍ശനം ഇതായിരിക്കും.” പ്രകടനങ്ങള്‍ നിരോധിച്ച സ്ഥിതിക്ക് അയാള്‍ പറഞ്ഞത് ഏതാണ്ട് സത്യമാണ്.

തന്റെ സന്ദര്‍ശനത്തിന് മുമ്പായി ഒരു അനുകൂല കാലാവസ്ഥ ഉണ്ടാക്കിയെടുക്കാന്‍ ക്യൂബയിലെ ജനപ്രിയ ഹാസ്യതാരം പാന്‍ഫിലോയുമായി ഒരു പരിപാടിയില്‍ ഒബാമ പങ്കെടുത്തിരുന്നു. ഇത്രയും ശക്തനായ നേതാവ് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത് താന്‍ ആദ്യമായാണ് കാണുന്നതെന്ന് പറഞ്ഞ ഹവാനായിലെ 28-കാരന്‍ ദേറോയ് അപ്പൊന്‍റെ “അതെന്നില്‍ വലിയ മതിപ്പുണ്ടാക്കി” എന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ക്യൂബ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്കക്കാരില്‍ ഈ വൈരുദ്ധ്യങ്ങള്‍ അത്ര നിസാരമല്ല.

വെള്ളക്കുപ്പായക്കാരായ സ്ത്രീകളുടെ, സംഘര്‍ഷത്തില്‍ അവസാനിച്ച ആ ജാഥയില്‍ ഉയര്‍ത്തിപ്പിടിച്ച തുണിയില്‍ ഇങ്ങനെ എഴുതിയിരുന്നു,“ഒബാമ: ക്യൂബയിലേക്കുള്ള യാത്ര തമാശയല്ല. ഇനിയും മനുഷ്യാവകാശലംഘനങ്ങള്‍ വേണ്ട.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍