UPDATES

വിദേശം

ട്രംപിനെ സഹായിക്കാന്‍ യുഎസ് തെരഞ്ഞെടുപ്പ് റഷ്യ ഹാക്ക് ചെയ്തു?

Avatar

ആഡം എന്‍റൂസ്, എല്ലാന്‍ നകഷിമ, ഗ്രെഗ് മില്ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യുഎസ് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ രഹസ്യാത്മകതയ്ക്ക് തുരങ്കം വയ്ക്കുക എന്നതിനപ്പുറം വിജയിക്കുന്നതിന് ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ 2016-ലെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടതെന്ന് സിഐഎ. ഇത് സംബന്ധിച്ച് സിഐഎയുടെ ഒരു രഹസ്യ അവലോകനം വിലയിരുത്തിയതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഈ യുഎസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ പ്രകാരം ഹിലരി ക്ലിന്റന്റെ പ്രചരണ വിഭാഗം മേധാവി ഉള്‍പ്പെടെയുള്ളവരെയും, ഡെമോക്രാറ്റിക് പാര്‍ട്ടി ദേശീയ കമ്മിറ്റിയിലുള്ളവരെയും, ഹാക്ക് ചെയ്യപ്പെട്ട ഇ-മെയിലുകള്‍ വിക്കിലീക്‌സിന് ചോര്‍ത്തിക്കൊടുത്ത റഷ്യന്‍ സര്‍ക്കാരുമായി ബന്ധമുള്ള വ്യക്തികളെയും രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്.

രഹസ്യാന്വേഷണ ലോകത്തിന് പരിചയമുള്ളവരും ട്രംപിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ഹിലരിയുടെ സാധ്യതകള്‍ നശിപ്പിക്കാനുമുള്ള റഷ്യയുടെ വിശാലതന്ത്രത്തിന്റെ ഭാഗവുമായിരുന്നു ആ വ്യക്തികളെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.’മറ്റെ സ്ഥാനാര്‍ത്ഥിക്ക് ഉപരിയായി മറ്റെയാളെ പിന്തുണയ്ക്കു, അതായത് ട്രംപിനെ വിജയിക്കാന്‍ സഹായിക്കുക എന്നതായിരുന്നു റഷ്യയുടെ ലക്ഷ്യമെന്നാണ് രഹസ്യാന്വേഷണ സമൂഹം വിലയിരുത്തുന്നത്’, എന്ന് യുഎസ് സെനറ്റര്‍മാര്‍ക്കുള്ള രഹസ്യാന്വേഷണ അവതരണത്തില്‍ വിശദീകരണം നല്‍കിയ ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഇതായിരുന്നു എല്ലാവരും അംഗീകരിച്ച കാഴ്ചപ്പാട്.’

ഹിലരിയുടെ പ്രചാരണത്തെ സഹായിക്കുന്നുവെന്ന ആരോപണം നേരിടുന്നതിനോടൊപ്പം മോസ്‌കോയുമായുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനെ കുറിച്ച് വൈറ്റ് ഹൗസ് ആശങ്കപ്പെട്ടിരുന്നെങ്കിലും, ആരോപിക്കപ്പെട്ട റഷ്യന്‍ കടന്നുകയറ്റത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് മാസങ്ങളായി ഒബാമ ഭരണകൂടം ചര്‍ച്ച ചെയ്യുകയായിരുന്നു. സെപ്ംതബറില്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ഒരു രഹസ്യ വിശദീകരണത്തിനിടയില്‍, രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ സത്യാവസ്ഥയെ കുറിച്ച് കെന്‍റകിയില്‍ നിന്നുള്ള റിപബ്ലിക്കന്‍ പാര്‍ട്ടി അംഗവും സെനറ്റിലെ ഭൂരിപക്ഷത്തിന്റെ നേതാവുമായ മിച്ച് മക്കോണല്‍ സംശയം പ്രകടിപ്പിച്ചിരുന്നതായി യോഗത്തില്‍ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വെള്ളിയാഴ്ച പുറത്തിറക്കിയ ഒരു ചെറിയ പ്രസ്താവനയിലൂടെ ഇപ്പോഴത്തെ കണ്ടെത്തലുകളെ ട്രംപിന്റെ അധികാരമാറ്റ സംഘം തള്ളിക്കളഞ്ഞു. ‘സദ്ദാം ഹുസൈന്റെ കൈവശം നശീകരണ ആയുധങ്ങളുടെ വന്‍ശേഖരമുണ്ടെന്ന് പറഞ്ഞത് ഇതേ ആളുകള്‍ തന്നെയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഇലക്ട്രല്‍ കോളേജ് വിജയത്തിന് സാക്ഷിയായ തിരഞ്ഞെടുപ്പ് അവസാനിച്ചിട്ട് കാലം കുറെയായി. മുന്നോട്ട് നീങ്ങാനും ‘അമേരിക്കയെ വീണ്ടും ശക്തമാക്കാനും’ ഉള്ള സമയമായിരിക്കുന്നു,’ എന്ന് പ്രസ്താവനയില്‍ പറയുന്നു.

റഷ്യ നടത്തിയ ഹാക്കിംഗിനെ കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തലുകളെ ട്രംപ് തുടര്‍ച്ചയായി നിരാകരിച്ചിരുന്നു. ‘അവര്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,’ എന്ന് അദ്ദേഹം ഈയാഴ്ച ടൈം മാസികയോട് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഹാക്കിംഗ് നടത്തിയത്, ‘റഷ്യയാവാം. അത് ചൈനയാവാം. ന്യൂജേഴ്‌സിയിലെ തന്റെ വീട്ടിലിരുന്ന് ഏതെങ്കിലും വ്യക്തി ചെയ്തതുമാകാം.’

കഴിഞ്ഞയാഴ്ച കാപിറ്റോള്‍ ഹില്ലില്‍ പ്രധാന സെനറ്റര്‍മാരോട് പുതിയ വിലയിരുത്തലുകളെ കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍, വിവിധ സ്രോതസുകളില്‍ നിന്നുള്ള വലിയ തോതിലുള്ള രഹസ്യവിവരങ്ങള്‍ സിഐഎ ഉദ്യോഗസ്ഥര്‍ നിരത്തിയതായാണ് വിവരം. ട്രംപ് തിരഞ്ഞെടുക്കപ്പെടുക എന്നതായിരുന്നു റഷ്യയുടെ ലക്ഷ്യമെന്ന് ഇപ്പോള്‍ ‘കൂടുതല്‍ വ്യക്തമായിരിക്കുകയാണ്’ എന്ന് ഏജന്‍സി സെനറ്റര്‍മാരോട് വിശദീകരിച്ചതായി, രഹസ്യാന്വേഷണ വിഷയമായതിനാല്‍ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മൊത്തത്തിലുള്ള 17 രഹസ്യാന്വേഷണ ഏജന്‍സികളുടെയും വിവരങ്ങള്‍ ചേര്‍ത്തുവച്ച് നിര്‍മ്മിച്ച യുഎസിന്റെ ഔദ്ധ്യോഗിക വിലയിരുത്തലുമായി റഷ്യയുടെ ഉദ്ദേശങ്ങളെ സംബന്ധിച്ച് സിഐഎ സെനറ്റര്‍മാക്ക് നല്‍കിയ വിശദീകരണത്തിന് ചില പൊരുത്തക്കേടുകളുണ്ട്. ഏജന്‍സിയുടെ വിലയിരുത്തലിനെ കുറിച്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചില ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്നും അത് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാത്തതിനാലാണെന്നും ഒരു മുതിര്‍ യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉദാഹരണത്തിന്, ഡെമോക്രാറ്റുകളുടെ ഇ-മെയിലുകള്‍ വിക്കിലീക്‌സിന് നല്‍കാന്‍ തിരിച്ചറിയപ്പെട്ട വ്യക്തികളോട് ക്രെംലിന്‍ ഉദ്യോഗസ്ഥര്‍ ‘നിര്‍ദ്ദേശിക്കുന്നതായി’ തെളിയിക്കുന്ന കൃത്യമായ വിവരങ്ങളൊന്നും രഹസ്യാന്വേഷണ ഏജന്‍സികളുടെ കൈയില്‍ ലഭ്യമല്ലെന്ന് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും വ്യത്യസ്തമായി റഷ്യന്‍ സര്‍ക്കാരില്‍ നിന്നും ‘ഒരു ചുവട്’ അകലം പാലിക്കുന്നവരാണ് ആ വ്യക്തികളെന്നാണ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിശദീകരണം. സത്യമെന്ന് തോന്നുന്ന തരത്തിലുള്ള നിഷേധത്തിന് സാധ്യതയുള്ളതിനാല്‍ നിര്‍ണായക ചാര പ്രവര്‍ത്തനങ്ങള്‍ക്ക് മധ്യവര്‍ത്തികളെ മുമ്പും റഷ്യ പങ്കെടുപ്പിച്ചിട്ടുണ്ട്.

‘റഷ്യന്‍ സര്‍ക്കാരല്ല സ്രോതസ്സെന്ന്,’ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസിലെയും സിഐഎയിലെയും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ മോസ്‌കോ എന്താണ് കൃത്യമായി ചെയ്തതെന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്ന കോണ്‍ഗ്രസ് സമ്മര്‍ദം രൂക്ഷമായതിനെ തുടര്‍ന്ന് പ്രചാരണ സമയത്തെ റഷ്യന്‍ ഹാക്കിംഗിനെ കുറിച്ച് ‘പൂര്‍ണമായി പരിശോധിക്കാന്‍’ പ്രസിഡന്റ് ഒബാമ ഉത്തരവിട്ടതായി വെള്ളിയാഴ്ച വൈറ്റ് ഹൗസ് വ്യക്തമാക്കി. ‘ഞങ്ങള്‍ ഒരു പുതിയ അന്വേഷണത്തിന് ആരംഭം കുറിക്കുകയാണ്. അതിന്റെ കണക്കെടുക്കലും പുനഃപരിശോധിക്കലും ചില തുടര്‍ നടപടികള്‍ സ്വീകരിക്കലും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കലും അതിന് ശേഷം പഠിച്ച പാഠങ്ങളില്‍ ചിലത് വെളിപ്പെടുത്തലും ഞങ്ങളുടെ കടമയായി തീര്‍ന്നിരിക്കുന്നു’, എന്ന് ഒബാമയുടെ തീവ്രവാദവിരുദ്ധ, ആഭ്യന്തര സുരക്ഷ ഉപദേശക ലിസ മൊണാക്കോ ക്രിസ്ത്യന്‍ സയന്‍സ് മോണിറ്റര്‍ സംഘടിപ്പിച്ച പ്രഭാതഭക്ഷണ വേളയില്‍ പറഞ്ഞു. 

തന്റെ കാലാവധി അവസാനിക്കുന്ന ജനുവരി 20-ന് മുമ്പ് റിപ്പോര്‍ട്ട് വേണമെന്ന് ഒബാമ ആവശ്യപ്പെട്ടതായും മൊണാക്കോ പറഞ്ഞു. അധികാരമൊഴിയുന്ന ദേശീയ രഹസ്യാന്വേഷണ ഡയറക്ടര്‍ ജെയിംസ് ക്ലാപ്പറാവും പുനഃപരിശോധനയ്ക്ക് നേതൃത്വം നല്‍കുക.

നേരത്തെ പുറത്തായിട്ടില്ലാത്ത സിഐഎ വിലയിരുത്തലിനെ സംബന്ധിച്ച മൊണാക്കോ പരാമര്‍ശിച്ചില്ല. നുഴഞ്ഞുകയറ്റത്തെ കുറിച്ചുള്ള വിശദാംശങ്ങളും എന്തുകൊണ്ടാണ് ഇതിന് പിന്നില്‍ ക്രെംലിന്‍ ആണെന്ന് വിശ്വസിക്കുന്നതെന്നും പരസ്യപ്പെടുത്താന്‍ ഏഴ് ഡമോക്രാറ്റിക് സെനറ്റര്‍മാര്‍ കഴിഞ്ഞ ആഴ്ച ഒബാമയോട് ആവശ്യപ്പെട്ടിരുന്നു. സിഐഎയുടെ അവതരണത്തിന്റെ ഭാഗങ്ങള്‍ പരസ്യപ്പെടുത്താന്‍ സെനറ്റര്‍മാര്‍ കൃത്യമായി വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടതായി വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലിനെ കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിനിധിസഭയിലെ മുതിര്‍ന്ന ഡമോക്രാറ്റിക് അംഗങ്ങള്‍ ഈ ആഴ്ച ഒബാമയ്ക്ക് കത്ത് അയയ്ക്കുകയും ചെയ്തിരുന്നു.

പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ കുറിച്ചും അദ്ദേഹത്തോട് അടുപ്പമുള്ളവരെ കുറിച്ചും വിശ്വസനീയമായ വിവരങ്ങള്‍ സമ്പാദിക്കുന്നതില്‍ യുഎസ് ദീര്‍ഘകാലമായ ബുദ്ധിമുട്ടുകളെ ന്യായീകരിക്കുന്ന തരത്തില്‍ റഷ്യയുടെ താല്‍പര്യങ്ങളെ വിശദീകരിക്കുന്ന കാര്യത്തില്‍ വളരെ സൂക്ഷിച്ചുള്ള പ്രതികരണങ്ങളാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. 

യുഎസ് തിരഞ്ഞെടുപ്പ് സംവിധാനത്തിലെ രഹസ്യാത്മകതയ്ക്ക് തുരങ്കം വയ്ക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി മുമ്പ് നടന്ന അവലോകനങ്ങളില്‍ സിഐഎയും മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളും വൈറ്റ് ഹൗസിനോടും കോണ്‍ഗ്രസ് നേതാക്കന്‍മാരോടും പറഞ്ഞിരുന്നു. എന്നാല്‍ ട്രംപിനെ തിരഞ്ഞെടുക്കുന്നതില്‍ സഹായിക്കുകയായിരുന്നു യഥാര്‍ത്ഥ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. 

‘രാഷ്ട്രീയ പ്രസ്ഥാനങ്ങളെ’ ഹാക്ക് ചെയ്തുകൊണ്ട് മോസ്‌കോ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ സമൂഹം ഒക്ടോബര്‍ ഏഴിന് കുറ്റപ്പെടുത്തിയിരുന്നു. ഏത് പാര്‍ട്ടിയാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നില്ലെങ്കിലും ഡിഎന്‍സിയുടെയും മറ്റ് ഡെമോക്രാറ്റിക് ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും കമ്പ്യൂട്ടറുകളില്‍ സൈബര്‍ നുഴഞ്ഞുകയറ്റം നടത്തിയതിനെയാണ് ഉദ്യോഗസ്ഥര്‍ ഉദ്ദേശിച്ചതെന്നതെന്ന് വ്യക്തമായിരുന്നു. 

റഷ്യയുടെ ഇടപെടലിനെ പിന്തുണയ്ക്കുന്ന തെളിവുകളുടെ സാംഗത്യത്തെ ചില പ്രധാന റിപബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. 

‘വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനാകുമായിരുന്നു ആദ്യമായി പൊതുജനമധ്യത്തില്‍ വന്ന് റഷ്യയ്ക്ക് നേരെ വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഇപ്പോഴും വ്യക്തമായ തെളിവുകളില്ല,’ എന്ന് കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപബ്ലിക്കന്‍ പ്രതിനിധിയും പ്രതിനിധിസഭയുടെ രഹസ്യാന്വേഷണ കമ്മിറ്റി തലവനും ട്രംപ് അധികാര കൈമാറ്റ സംഘത്തിലെ അംഗവുമായ ഡെവിന്‍ ന്യൂനെസ് ചൂണ്ടിക്കാട്ടുന്നു. ‘ധാരാളം ഊഹാപോഹങ്ങളുണ്ട്, ധാരാളം സാഹചര്യ തെളിവുകളുണ്ട്, അത്ര തന്നെ,’

യുഎസ് ഏജന്‍സികളിലും കമ്പനികളിലും സ്ഥാപനങ്ങളിലും റഷ്യ നേരത്തെ തന്നെ സൈബര്‍ ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, നേരിട്ടല്ലെങ്കിലും സൈബര്‍ മാര്‍ഗ്ഗങ്ങളിലൂടെ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാന്‍ റഷ്യ ശ്രമിക്കുന്നത് ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണെന്ന് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 

ആരോപിക്കപ്പെട്ട റഷ്യന്‍ നുഴഞ്ഞുകയറ്റത്തിനെതിരെ തിരഞ്ഞെടുപ്പ് ദിനത്തിന് മുമ്പ് പ്രതികരിക്കാന്‍ ഒബാമയുടെ വൈറ്റ് ഹൗസ് മടിച്ചത് ഡമോക്രാറ്റുകളെയും ഹിലരിയുടെ പ്രചാരണ സംഘത്തെയും ഒരു പോലെ ഞെട്ടിച്ചിരുന്നു.

ഭരണകൂടത്തിനകത്ത്, പ്രതികരിക്കണോ എന്നതിനെ കുറിച്ചും പ്രതികരിക്കുന്നെങ്കില്‍ എങ്ങനെ എന്നതിനെ കുറിച്ചും വിവിധ ഏജന്‍സികളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലായിരുന്നു. ഒരു ഗൂഢ തിരിച്ചടി പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ ഭയന്നു. അങ്ങനെ സംഭവിച്ചാല്‍ സങ്കീര്‍ണമായ സൈബര്‍ ശേഷികളുള്ള റഷ്യയെക്കാള്‍ കൂടുതല്‍ നഷ്ടം വ്യാപകവും എളുപ്പത്തില്‍ ആക്രണവിധേയമാകാന്‍ സാധ്യതയുള്ളതുമായ ഡിജിറ്റില്‍ അടിസ്ഥാനസൗകര്യങ്ങളുള്ള യുഎസിനാവുമെന്നും അവര്‍ ഭയപ്പെട്ടു. 

അത്തരം ഒരു സാഹസം ഏറ്റെടുക്കാന്‍ വൈറ്റ് ഹൗസ് മടിച്ചതിനെ തുടര്‍ന്ന്, മോസ്‌കോയെ പൊതുജന മധ്യത്തില്‍ കുറ്റപ്പെടുത്തുന്നതിനായി പേര് പറഞ്ഞ് നാണം കെടുത്തുന്നത് പോലെ ലളിതമായ കലാപരിപാടികളില്‍ അഭയം തേടാന്‍ വാഷിംഗ്ടണ്‍ നിര്‍ബന്ധിതമായി. 

കടുത്ത നടപടി സ്വീകരിക്കാന്‍ സെപ്തംബര്‍ മധ്യത്തോടെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ തയ്യാറായി. എന്നാല്‍, തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് ഏകപക്ഷീയമായി, കോണ്‍ഗ്രസിലുള്ള രണ്ടുപാര്‍ട്ടികളുടെയും പിന്തുണയില്ലാതെ അത്തരത്തിലുള്ള ഒരു നീക്കം നടത്തിയാല്‍, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ചു എന്ന ആരോപണത്തിന് ഒബാമ വിധേയനാവുമോ എന്നവര്‍ ആശങ്കപ്പെട്ടു. 

പകരം, പ്രതിനിധി സഭയുടെയും സെനറ്റിലേയും നേതാക്കളും ഇരു സഭകളിലെയും രഹസ്യാന്വേഷണ, ആഭ്യന്തര സുരക്ഷ കമ്മിറ്റിയിലെ അദ്ധ്യക്ഷന്മാരും ഉന്നത അംഗങ്ങളും അടങ്ങുന്ന ഗ്യാങ് 12ന്റെ ഒരു രഹസ്യയോഗം വിളിച്ചുകൂട്ടി പ്രധാന നിയമനിര്‍മ്മാതക്കളുടെ പിന്തുണ ആര്‍ജ്ജിക്കാനുള്ള ഒരു പദ്ധതി അവര്‍ തയ്യാറാക്കി. 

തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെതിരെ ‘ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ഇരുകക്ഷികളുടെയും സമവായം’ ആര്‍ജ്ജിക്കുന്നതിനുമായി മൊണാക്കോ, എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് ബി കോമെ, ആഭ്യന്തര സുരക്ഷ സെക്രട്ടറി ജെഫ് ജോണ്‍സണ്‍ എന്നിവരെ ചുമതലപ്പെടുത്തിയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 

റഷ്യയുടെ സൈബര്‍ കടന്നുകയറ്റത്തില്‍ നിന്നും തങ്ങളുടെ വോട്ടിംഗ് രജിസ്‌ട്രേഷന്‍, ബാലറ്റിംഗ് യന്ത്രങ്ങളെ സംരക്ഷിക്കുന്നതിനായി ഫെഡറല്‍ സഹായം തേടാന്‍ സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരോട് അവശ്യപ്പെടുന്ന ഒരു സംയുക്ത പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പുവെക്കണമെന്നാണ് വൈറ്റ് ഹൗസ് സ്പഷ്ടമായും ആഗ്രഹിച്ചിരുന്നത്. 

ഒരു വ്യവസ്ഥാപിത രീതിയില്‍ തിരഞ്ഞൈടുപ്പ് ഫലങ്ങളെ സ്വാധീനിക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുമോ എന്ന കാര്യത്തില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സംശയമുണ്ടായിരുന്നെങ്കിലും, ജനാധിപത്യത്തിന്റെ അടിസ്ഥാന സംവിധാനത്തെ കുറിച്ച് സംശയം വിതയ്ക്കുകയും വാഷിംഗ്ടണും മോസ്‌കോയും തമ്മിലുള്ള കൂടുതല്‍ അപകടകരമായ സംഘര്‍ഷത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു ശ്രമത്തിന് റഷ്യ മുതിരുമെന്ന് വൈറ്റ് ഹൗസ് ഭയപ്പെട്ടിരുന്നു. 

ചുരുങ്ങിയത് രണ്ട് സംസ്ഥാനങ്ങളിലെങ്കിലും സംഭവിച്ച സൈബര്‍ കടന്നുകയറ്റത്തിലും ഡെമോക്രാറ്റിക് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഇ-മെയിലുള്ള ഹാക്ക് ചെയ്യുന്നതിലും റഷ്യയ്ക്കുള്ള പങ്ക് വ്യക്തമാക്കുന്ന തരത്തില്‍ യുഎസ് ചാര ഏജന്‍സികള്‍ ശേഖരിച്ച തെളിവുകള്‍ വളരെ വ്യക്തമായി തന്നെ കാപ്പിറ്റോളിലെ സുരക്ഷിത മുറിയില്‍ നടന്ന ക്ലാസിഫൈഡ് വിവരങ്ങള്‍ വിശദീകരിക്കുന്ന ഒരു രഹസ്യയോഗത്തില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. 

‘നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഒരു വിദേശ ശക്തി ഇടപെടുന്നത് മൂലമുള്ള വെല്ലുവിളികള്‍’ എന്ന് ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ച സംഭവത്തിനെതിരെ ഇരുപാര്‍ട്ടികളും തമ്മിലുള്ള യോജിച്ച നടപടികള്‍ക്ക് അവര്‍ വാദിക്കുകയും ചെയ്തു. 

ഭീഷണിയെ ഗൗരവമായി എടുക്കേണ്ടതിന്റെ ആവശ്യകത മുറിയിലുണ്ടായിരുന്ന ഡെമോക്രാറ്റിക് നേതാക്കള്‍ ഏകകണ്ഠമായി അംഗീകരിച്ചു. എന്നാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം ഉടലെടുത്തു. മുത്തശ്ശിപ്പാര്‍ട്ടിയിലെ രണ്ട് നിയമനിര്‍മ്മാതാക്കളെങ്കിലും വൈറ്റ് ഹൗസിന്റെ അഭ്യര്‍ത്ഥന അംഗീകരിക്കാന്‍ തയ്യാറായില്ല. 

രഹസ്യവിവരങ്ങളെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ച മക്കോണല്‍, റഷ്യയെ പരസ്യമായ വെല്ലുവിളിക്കാനുള്ള വൈറ്റ് ഹൗസിന്റെ ഏത് നീക്കത്തെയും വിഭാഗീയ രാഷ്ട്രീയമായി താന്‍ കരുതുമെന്ന് ഭരണകൂടത്തോട് വ്യക്തമാക്കുകയും ചെയ്തു എന്ന് നിരവധി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. 

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഇത്തരം സ്‌ഫോടനാത്മകമായ ആരോപണങ്ങളുമായി പൊതുജനമധ്യത്തിലേക്ക് പോവുക എന്ന ആശയത്തെ ചില റിപബ്ലിക്കന്‍മാര്‍ എതിര്‍ത്തു. പൊതുജനത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാനും പന്ത് മോസ്‌കോയുടെ കൈകളില്‍ കൊടുക്കാനുമേ നീക്കം ഉപകരിക്കൂവെന്ന് അവര്‍ വാദിച്ചു. 

വിഷയത്തില്‍ പ്രതികരിക്കാന്‍ മക്കോണലിന്റെ ഓഫീസ് തയ്യാറായില്ല. തിരഞ്ഞെടുപ്പിന് ശേഷം മക്കോണലിന്റെ ഭാര്യ എലൈന ചോയെ ട്രംപ് ഗതാഗത സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. 

പ്രതിയോഗികളെ നേരിടുന്നതില്‍ അമിതമായ മുന്‍കരുതല്‍ എടുക്കുന്നതിനുള്ള മറ്റൊരു ഉദാഹരണമായി അഭിപ്രായ സമന്വയമില്ലാതെ ഇടപെടാന്‍ മടിച്ച വൈറ്റ് ഹൗസ് നടപടിയെ ചില ഹിലരി അനുകൂലികള്‍ കാണുന്നു.

‘റഷ്യന്‍ ഹാക്കിംഗിനെതിരെ ഭരണകൂടത്തിന്റെ പ്രതികരണം ഉണ്ടാവാതിരുന്നതിന്റെ കുറ്റം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെക്കാനാവില്ല,’ എന്ന് സെപ്തംബറിലെ യോഗത്തില്‍ പങ്കെടുത്ത കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയും പ്രതിനിധി സഭയുടെ രഹസ്യാന്വേഷണ കമ്മിറ്റി അംഗവുമായ ആഡം ബി സ്‌കിഫ് പറഞ്ഞു. ‘പ്രതികരിക്കാന്‍ ആവശ്യമായ എല്ലാ ഉപകരണങ്ങളും ഭരണകൂടത്തിന് ലഭ്യമാണ്. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവര്‍ക്ക് സാധിക്കും. പ്രച്ഛന്നമായ നടപടികള്‍ സ്വീകരിക്കാനുള്ള ശേഷിയും അവര്‍ക്കുണ്ട്. റഷ്യയെ ഭയപ്പെടുത്തുന്ന രീതിയില്‍ അവ ഉപയോഗിക്കേണ്ടതില്ല എന്ന് ഭരണകൂടം തീരുമാനിച്ചു. അതാണ് പ്രശ്‌നമെന്ന് ഞാന്‍ കരുതുന്നു.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍