UPDATES

വിദേശം

ആഗസ്റ്റ് 6, 1945: മരണം പെയ്തിറങ്ങിയ ആ പ്രഭാതത്തിന്റെ ഓര്‍മ്മയ്ക്കായി

Avatar

ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ നടത്തിയ പ്രസംഗം.  

എഴുപത്തൊന്ന് വര്‍ഷം മുമ്പ് മേഘരഹിതമായ ഒരു തെളിഞ്ഞ പ്രഭാതത്തില്‍ ആകാശത്തുനിന്നും മരണം താഴേക്കു പതിച്ചു, ലോകം മാറിപ്പോയി. കണ്ണഞ്ചിക്കുന്ന വെളിച്ചവും തീതിരമാലയും ഒരു നഗരത്തെ നശിപ്പിച്ചു. സ്വയം ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ മനുഷ്യരാശിയുടെ പക്കലുണ്ടെന്ന് അത് തെളിയിച്ചു.

എന്തിനാണ് നമ്മളീ സ്ഥലത്ത്, ഹിരോഷിമയില്‍ എത്തിയിരിക്കുന്നത്? അത്ര വിദൂരമല്ലാത്ത ഭൂതകാലത്ത് അഴിച്ചുവിട്ട ഒരു വിനാശകാരിയായ ശക്തിയെക്കുറിച്ച് ചിന്തിക്കാനാണ് നാം വന്നത്. ജപ്പാന്‍കാരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരുലക്ഷത്തിലേറെ മരിച്ചുപോയ മനുഷ്യരെക്കുറിച്ച്, ആയിരക്കണക്കിന് കൊറിയക്കാരെക്കുറിച്ച്, യുദ്ധതടവുകരായ ഒരു ഡസന്‍ അമേരിക്കക്കാരെക്കുറിച്ച് വിലപിക്കാനാണ്  നാമിവിടെ വന്നത്.

അവരുടെ ആത്മാക്കളാണ് നമ്മോടു സംസാരിക്കുന്നത്. അവര്‍ നമ്മളോട് നമ്മുടെ ഉള്ളിലേക്ക് നോക്കാന്‍ ആവശ്യപ്പെടുന്നു. നമ്മളാരെന്നും നമ്മളാരാകുമെന്നും വിലയിരുത്താന്‍.

യുദ്ധ വസ്തുതകളല്ല ഹിരോഷിമയെ മാറ്റിനിര്‍ത്തുന്നത്. ആദിമാനവനൊപ്പം അക്രമാസക്തമായ സംഘര്‍ഷവും പ്രത്യക്ഷപ്പെട്ടു എന്ന് ചരിത്രം നമ്മോടു പറയുന്നു. നമ്മുടെ പൂര്‍വസൂരികള്‍ കല്ലില്‍ നിന്നും കത്തിയും മരത്തില്‍ നിന്നും കുന്തവും ഉണ്ടാക്കിയത് വേട്ടയാടാന്‍ മാത്രമല്ല, മറ്റ് മനുഷ്യര്‍ക്കെതിരെ ഉപയോഗിക്കാനുമായിരുന്നു. എല്ലാ ഭൂഖണ്ഡങ്ങളിലും നാഗരികതയുടെ ചരിത്രം യുദ്ധം കൊണ്ട് നിറഞ്ഞിരിക്കുന്നു; അത് ഭക്ഷ്യക്ഷാമം കൊണ്ടാകാം, സ്വര്‍ണത്തോടുള്ള ആര്‍ത്തിയാകാം, അതിദേശീയതയോ മതഭ്രാന്തോ കൊണ്ടാകാം. സാമ്രാജ്യങ്ങള്‍ ഉയരുകയും തകരുകയും ചെയ്തു. ജനതകള്‍ അടിമകളാക്കപ്പെടുകയും വിമോചിതരാവുകയും ചെയ്തു. ഓരോ സന്ദര്‍ഭത്തിലും നിരപരാധികള്‍ ദുരിതം പേറി. എണ്ണമറ്റവര്‍, അവരുടെ പേരുകള്‍ കാലത്തില്‍ വിസ്മൃതങ്ങളായി.

നാഗസാക്കിയിലും ഹിരോഷിമയിലും അതിന്റെ പൈശാചികമായ അന്ത്യത്തില്‍ എത്തിയ ലോകയുദ്ധം ധനികരും ശക്തരുമായ രാജ്യങ്ങള്‍ തമ്മില്‍ പോരടിച്ചതായിരുന്നു. അവരുടെ നാഗരികതകള്‍ ലോകത്തിന് സുന്ദരമായ നഗരങ്ങളും മഹത്തായ കലയും നല്കി. അവരുടെ ചിന്തകര്‍ നീതിയുടെയും സമത്വത്തിന്റെയും സത്യത്തിന്റെയും ആശയങ്ങളെ മുന്നോട്ടുകൊണ്ടുപോയി. എന്നിട്ടും പഴയ ഗോത്രസംഘര്‍ഷങ്ങളെ പ്രചോദിപ്പിച്ചിരുന്ന മേല്‍ക്കോയ്മക്ക് വേണ്ടിയുള്ള അതേ ഹീനമായ ചോദനകളാല്‍, പഴയ ഘടന പുതിയ ശേഷികളാല്‍ പെരുപ്പിക്കപ്പെട്ടും പുതിയ നിയന്ത്രണങ്ങള്‍ ഇല്ലാതെയും യുദ്ധം പെരുകി.

കുറച്ചുകൊല്ലങ്ങള്‍ക്കിടയില്‍ 60 ദശലക്ഷത്തോളം പേര്‍ മരിച്ചു. പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, നമ്മളില്‍ നിന്നും ഒരു വ്യത്യാസവുമില്ലാത്തവര്‍. വെടിവെച്ച്, മര്‍ദ്ദിച്ച്, പലായനം ചെയ്യിച്ച്, ബോംബിട്ട്, തടവിലാക്കി, പട്ടിണിക്കിട്ട്, പുകച്ചുകൊന്നവര്‍. ഈ യുദ്ധത്തിന്റെ കഥ പറയുന്ന നിരവധി സ്മാരകങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ധീരതയുടെയും സാഹസികതയുടെയും കഥ പറയുന്ന സ്മാരകങ്ങള്‍. പറയാനാകാത്ത ദുരിതത്തിന്റെ പ്രതിധ്വനികളുമായി കുഴിമാടങ്ങളും ഒഴിഞ്ഞ തടങ്കല്‍ പാളയങ്ങളും.

എന്നിട്ടും ഈ ആകാശത്തേക്കുയര്‍ന്ന പുകമേഘക്കൂണുകള്‍ മനുഷ്യരാശിയുടെ കാതലായ വൈരുദ്ധ്യത്തെക്കുറിച്ച് നമ്മെ തീക്ഷ്ണമായി ഓര്‍മ്മിപ്പിക്കുന്നു. നമ്മെ ഒരു ജീവിവിഭാഗം എന്ന നിലയില്‍ വേര്‍തിരിച്ചുനിര്‍ത്തുന്ന നമ്മുടെ ചിന്തകള്‍, സങ്കല്പങ്ങള്‍, ഭാഷ, ഉപകരണനിര്‍മാണം-അതെല്ലാം സമാനതകളില്ലാത്ത വിനാശത്തിനും നമുക്ക് ശേഷി നല്കുന്നു.

എത്ര തവണയാണ് ഈ ഭൌതിക മുന്നേറ്റവും സാമൂഹ്യ പുരോഗതിയും നമ്മെ സത്യത്തെ കാണാനാകാത്ത വിധം അന്ധരാക്കിയത് ? എന്തെങ്കിലും വലിയ ലക്ഷ്യത്തിന്റെ പേരില്‍ അക്രമത്തെ ന്യായീകരിക്കാന്‍ എത്ര എളുപ്പമാണ് നാം പഠിക്കുന്നത്?

എല്ലാ മതങ്ങളും സ്നേഹത്തിലേക്കും സമാധാനത്തിലേക്കുമുള്ള പാതകളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിട്ടും കൊന്നൊടുക്കാനുള്ള അനുമതിക്ക് വിശ്വാസത്തെ ന്യായമാക്കുന്നതില്‍ ഒരു മതത്തെയും അനുയായികള്‍ ഒഴിവാക്കുന്നില്ല.

സമര്‍പ്പണത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങള്‍ കൂട്ടിക്കെട്ടിയ ജനതകളുടെ കഥയാണ് രാഷ്ട്രങ്ങള്‍. പക്ഷേ അതേ കഥകള്‍ മറ്റുള്ളവരെ അടിച്ചമര്‍ത്താനും അപമാനവീകരിക്കാനും നിരന്തരം ഉപയോഗിച്ചുകൊണ്ടിരുന്നു.

ശാസ്ത്രം നമ്മെ കടലുകള്‍കടന്നുള്ള ആശയവിനിമയത്തിന് സഹായിച്ചു; മേഘങ്ങള്‍ക്ക് മുകളില്‍ പറക്കാന്‍; രോഗങ്ങള്‍ മാറ്റാന്‍;പ്രപഞ്ചത്തെ അറിയാന്‍. പക്ഷേ അതേ കണ്ടുപിടിത്തങ്ങളെ കൂടുതല്‍ കാര്യക്ഷമമായ കൊലപാതക യന്ത്രങ്ങളാക്കി മാറ്റാനും കഴിയും.

ആധുനികകാലത്തെ യുദ്ധങ്ങള്‍ നമ്മെ ഈ സത്യം പഠിപ്പിക്കുന്നു. ഹിരോഷിമ ഈ സത്യം പഠിപ്പിക്കുന്നു. മനുഷ്യ സ്ഥാപനങ്ങളില്‍ സമാനമായ പുരോഗതിയുണ്ടാക്കാത്ത സാങ്കേതിക പുരോഗതി നമ്മെ നശിപ്പിച്ചേക്കും. ഒരു അണുവിനെ വിഭജിക്കുന്ന ശാസ്ത്രീയ വിപ്ലവത്തിന് ഒരു ധാര്‍മിക വിപ്ലവം കൂടി കൂടെവേണം.

അതുകൊണ്ടാണ് നമ്മളിവിടെ വന്നത്. നാമീ നഗരത്തിന്റെ നടുവില്‍ നിന്ന്  ആ ബോംബ് വീണ നിമിഷം എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കുകയാണ്. തങ്ങളെന്താണ് കാണുന്നതെന്ന് അമ്പരന്ന ആ കുട്ടികളുടെ ഭയം അനുഭവിക്കാന്‍ നാം കഷ്ടപ്പെടുകയാണ്. ഒരു നിശബ്ദമായ കരച്ചില്‍ നമുക്ക് കേള്‍ക്കാം. ആ ഭയാനകമായ യുദ്ധത്തിലും, അതിനു മുമ്പുണ്ടായ യുദ്ധങ്ങളിലും വരാനിരുന്ന യുദ്ധങ്ങളിലും കൊല്ലപ്പെടുന്ന നിരപരാധികളെ നാമോര്‍ക്കുന്നു.

ആ സഹനങ്ങള്‍ക്ക് ശബ്ദം കൊടുക്കാന്‍ വെറും വാക്കുകള്‍ മതിയാകില്ല. പക്ഷേ ആ സഹനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വ്യത്യസ്തമായി എന്തുചെയ്യണമെന്ന് ചരിത്രത്തിന്റെ കണ്ണുകളിലേക്ക് നേരിട്ടു നോക്കി ചോദിക്കാന്‍ നമുക്ക് കൂട്ടായ ഉത്തരവാദിത്തമുണ്ട്.

ഒരു ദിവസം സാക്ഷി പറയാന്‍ ഹിബാകുഷയുടെ ശബ്ദങ്ങള്‍  നമ്മോടൊപ്പം ഉണ്ടാകില്ല. പക്ഷേ, 1945 ആഗസ്റ്റ് 6-ലെ പ്രഭാതത്തിന്റെ ഓര്‍മ്മ ഒരിയ്ക്കലും മാഞ്ഞുപോയ്ക്കൂട. ആ ഓര്‍മ്മയാണ് നമ്മെ ആലസ്യത്തിനെതിരെ പൊരുതാന്‍ പ്രേരിപ്പിക്കുന്നത്. അത് നമ്മുടെ ധാര്‍മിക സങ്കല്പങ്ങളെ ജ്വലിപ്പിക്കുന്നു. അത് നമ്മെ മാറ്റിയെടുക്കുന്നു.

ആ വിധിനിര്‍ണായകമായ ദിവസത്തിനുശേഷം നാം നമുക്ക് പ്രതീക്ഷകള്‍ നല്‍കുന്ന തെരഞ്ഞെടുപ്പുകള്‍ നടത്തി. യുനൈറ്റഡ് സ്റ്റേറ്റ്സും ജപ്പാനും യുദ്ധം ഒരിയ്ക്കലും നേടിത്തരാത്ത, നമ്മുടെ ജനതകള്‍ക്ക് ഏറെ നേട്ടങ്ങളുണ്ടാക്കിയ ഒരു സഖ്യം മാത്രമല്ല ഒരു സൌഹാര്‍ദവും സൃഷ്ടിച്ചു. യൂറോപ്പിലെ രാഷ്ട്രങ്ങള്‍, പോരാട്ടഭൂമികള്‍ക്ക് പകരം വാണിജ്യത്തിന്റെയും  ജനാധിപത്യത്തിന്റെയും ബന്ധങ്ങളുള്ള ഒരു സംഘം ഉണ്ടാക്കി. അടിച്ചമര്‍ത്തപ്പെട്ട ജനതകളും രാജ്യങ്ങളും വിമോചിതരായി. യുദ്ധങ്ങള്‍ ഒഴിവാക്കാനും ആണവായുധങ്ങള്‍ നിയന്ത്രിക്കാനും അന്തിമമായി ഇല്ലാതാക്കാനും ലക്ഷ്യമിടുന്ന സ്ഥാപനങ്ങളും ഉടമ്പടികളും അന്താരാഷ്ട്ര സമൂഹം സൃഷ്ടിച്ചു.

എന്നിട്ടും, ദേശങ്ങള്‍ക്കിടയിലെ ഓരോ സംഘര്‍ഷവും, നമുക്കും ചുറ്റും ഈ ലോകത്ത് കാണുന്ന ഭീകരപ്രവര്‍ത്തിയുടെയും, അഴിമതിയുടെയും ക്രൂരതയുടെയും അടിച്ചമര്‍ത്തലിന്റെയും ഓരോ സന്ദര്‍ഭവും നമ്മുടെ ജോലി ഒരിയ്ക്കലും തീര്‍ന്നിട്ടില്ലെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തിന്മ ചെയ്യാനുള്ള മനുഷ്യന്റെ ശേഷിയെ ഇല്ലാതാക്കാന്‍ നമുക്കാകുമായിരിക്കില്ല. അതുകൊണ്ട് നമ്മുടെ രാഷ്ട്രങ്ങള്‍ക്കും സഖ്യങ്ങള്‍ക്കും സ്വയം പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാകണം.  പക്ഷേ എന്റെ രാജ്യത്തെപ്പോലെ ആണവായുധങ്ങളുടെ കൂമ്പാരമുള്ള ആ രാജ്യങ്ങള്‍ക്കിടയ്ക്ക് ഭീതിയുടെ യുക്തികളെ കളഞ്ഞ് അതില്ലാത്ത ഒരു ലോകത്തിനായി മുന്നോട്ടുപോകാനുള്ള ധൈര്യം നമുക്കുണ്ടാകണം.

എന്റെ ജീവിതകാലത്ത് ഈ ലക്ഷ്യം നമുക്ക് നേടാനാകില്ല. പക്ഷേ നിരന്തരമായ ശ്രമങ്ങള്‍ക്ക് സര്‍വവിനാശത്തിന്റെ സാധ്യതകളെ തടയാനാകും. ഈ ആയുധകൂമ്പാരങ്ങളെ നശിപ്പിക്കാനുള്ള ഒരു വഴി സൃഷ്ടിക്കാനാകും. സര്‍വനാശത്തിനുള്ള ആയുധങ്ങള്‍ പുതിയ രാഷ്ട്രങ്ങള്‍ക്കും ഭീകരവാദികള്‍ക്കും ലഭിക്കുന്നത് തടയാനാകും.

എന്നാലും ഇതൊന്നും മതിയാകില്ല. വെറും സാധാരണ തോക്കുകളും നാടന്‍ ബോംബുകളും പോലും ഭീകരമായ വിധത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതെങ്ങിനെയെന്ന് നാം നിത്യവും ലോകത്ത് കാണുന്നുണ്ട്. യുദ്ധത്തെക്കുറിച്ച് നമ്മുടെ മനോനില തന്നെ മാറണം. നയതന്ത്രത്തിലൂടെ തര്‍ക്കങ്ങള്‍ തടയാനും സംഘര്‍ഷങ്ങള്‍ തുടങ്ങിയാല്‍ അതിനെ നിയന്ത്രിക്കാനും കഴിയണം. വളര്‍ന്നുവരുന്ന നമ്മുടെ പരസ്പരാശ്രിതത്വത്തെ മത്സരത്തിനായല്ല സമാധാനപരമായ സഹകരണത്തിനുള്ള കാരണമായാണ് കാണേണ്ടത്. ദേശങ്ങളെ നിര്‍വചിക്കേണ്ടത് നശിപ്പിക്കാനുള്ള അവയുടെ ശേഷി വെച്ചല്ല, കെട്ടിപ്പടുക്കാനുള്ള ശേഷികൊണ്ടാണ്. ഒരു പക്ഷേ, എല്ലാത്തിനുമപ്പുറം മനുഷ്യരാശിയിലെ അംഗങ്ങളെന്ന നിലയില്‍ നാം തമ്മിലുള്ള ബന്ധത്തെയും നമ്മള്‍ പുന:സങ്കല്‍പ്പിക്കണം.

ഇതിന്നുകൂടിയാണ് ഒരു ജീവിവര്‍ഗം എന്ന നിലയില്‍ നാം തനതായിരിക്കുന്നത്. ഭൂതകാലത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കാനുള്ള ജനിതകമായ വാസനകള്‍ നമ്മിലില്ല. നമുക്ക് പഠിക്കാനാകും. തെരഞ്ഞെടുക്കാനുമാകും. നമുക്ക് നമ്മുടെ കുട്ടികളോട് വ്യത്യസ്തമായൊരു  കഥ പറയാം; യുദ്ധങ്ങളെ സ്വീകരിക്കാത്ത, ക്രൂരതയെ എളുപ്പം സ്വീകരിക്കാത്ത പൊതുമാനവികതയുടെ കഥ.

ഹിബാകുഷയില്‍  ഈ കഥകള്‍ നാം കേള്‍ക്കുന്നു. അണുബോംബിട്ട വിമാനം പറത്തിയ വൈമാനികന് മാപ്പുകൊടുത്ത സ്ത്രീയുടെ കഥ. കാരണം അവര്‍ വെറുത്തത് യുദ്ധത്തെയായിരുന്നു. ഇവിടെ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ കുടുംബങ്ങളെ തേടിയ ഒരാളുടെ കഥ. കാരണം അവരുടെ ദുഖവും തന്റെതിന് സമാനമാണെന്ന് അയാള്‍ വിശ്വസിച്ചു.

എന്റെ സ്വന്തം രാജ്യത്തിന്റെ കഥയും ലളിതമായ വാക്കുകളിലാണ് തുടങ്ങിയത്: നമ്മുടെ സൃഷ്ടാവ് എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് തുല്യരായും ജീവന്‍, സ്വാതന്ത്ര്യം, സന്തോഷത്തിനുള്ള അവകാശം തുടങ്ങി എടുത്തുകളയാനാകാത്ത അവകാശങ്ങളോടും കൂടിയാണ്. ആ ആശയം തിരിച്ചറിയുക എളുപ്പമല്ല. ഞങ്ങളുടെ സ്വന്തം അതിര്‍ത്തിക്കുള്ളില്‍പ്പോലും, ഞങ്ങളുടെ പൌരന്‍മാര്‍ക്കിടയില്‍പ്പോലും. പക്ഷേ അതിനോടു സത്യസന്ധത പാലിക്കുക എന്നതാണു പ്രധാനം. അത് കയ്യെത്തിപ്പിടിക്കേണ്ട ഒരാശയമാണ്. ഭൂഖണ്ഡങ്ങളെയും സമുദ്രങ്ങളെയും മറികടക്കുന്ന ഒരാദര്‍ശം. ഒരു മനുഷ്യന്റെയും മൂല്യം, എല്ലാ ജീവിതവും അമൂല്യമാണെന്ന വസ്തുത, നാമൊരൊറ്റ മാനവ കുടുംബത്തിലെ അംഗങ്ങളാണെന്ന ചിന്ത-അതാണ് നാമെല്ലാവരും പറയേണ്ട കഥ.  

അതുകൊണ്ടാണ് നമ്മള്‍ ഹിരോഷിമയിലേക്ക് വന്നത്. അതുകൊണ്ടാണ് നാം സ്നേഹിക്കുന്നവരെപ്പറ്റി ആലോചിക്കുന്നത്. പ്രഭാതത്തില്‍ നമ്മുടെ കുട്ടികളുടെ ആദ്യപുഞ്ചിരി. അടുക്കളമേശയ്ക്കപ്പുറത്ത് ജീവിതപങ്കാളിയുടെ ഒരു നനുത്ത സ്പര്‍ശം. അച്ഛന്റെ/അമ്മയുടെ ഒരു ആശ്വാസാലിംഗനം. അതിനെക്കുറിച്ചെല്ലാം നമുക്കാലോചിക്കാം, 71 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ അമൂല്യ നിമിഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്നും.

മരിച്ചവര്‍ നമ്മെപ്പോലുള്ളവരായിരുന്നു. സാധാരണ മനുഷ്യര്‍ക്ക് ഇത് മനസിലാകും എന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ ഇനിയും യുദ്ധം ആഗ്രഹിക്കുന്നില്ല. ജീവിതം ഇല്ലാതാക്കാനല്ല, അതിനെ മെച്ചപ്പെടുത്താനാണ് അവര്‍ക്ക് ശാസ്ത്രത്തിന്റെ അത്ഭുതങ്ങള്‍ വേണ്ടത്. രാഷ്ട്രങ്ങള്‍ തീരുമാനമെടുക്കുമ്പോള്‍, നേതാക്കള്‍ തീരുമാനമെടുക്കുമ്പോള്‍ ഈ ലളിതമായ യുക്തി പ്രതിഫലിച്ചാല്‍ ഹിരോഷിമയുടെ പാഠം ഉള്‍ക്കൊണ്ടു എന്നു സാരം.

ലോകം ഇവിടെ എന്നേക്കുമായി മാറി. പക്ഷേ ഇന്നീ നഗരത്തിലെ കുട്ടികള്‍ അവരുടെ ദിനങ്ങള്‍ സമാധാനപരമായി കഴിയുന്നു. എന്തൊരു വിലപ്പെട്ട കാര്യമാണത്. അതിനെ സംരക്ഷിക്കണം, അതിനെ ഓരോ കുഞ്ഞിനും ലഭ്യമാക്കണം. അതാണ് നമുക്ക് തെരഞ്ഞെടുക്കാവുന്ന ഭാവി. ഹിരോഷിമയും നാഗസാക്കിയും ആണവ യുദ്ധത്തിന്റെ പ്രാരംഭ ഭൂമികളല്ല. നമ്മുടെ ധാര്‍മ്മിക ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തുടക്കമായിട്ടു വേണം ഭാവിയില്‍ കരുതപ്പെടേണ്ടത്. 

കടപ്പാട്: ന്യൂ യോര്‍ക് ടൈംസ് 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍