UPDATES

വിദേശം

1959ല്‍ ഇത് ആരെങ്കിലും വിശ്വസിക്കുമായിരുന്നോ?; ഒബാമയുടെ ക്യൂബന്‍ പ്രസംഗം

Avatar

ജൂലിയറ്റ് എയ്ല്‍പെറിന്‍, കരേന്‍ ഡെയങ്
(വാഷിങ്ടണ്‍ പോസ്റ്റ്)

‘യെസ്, വീ കാന്‍’ ഒബാമ ക്യൂബന്‍ ജനതയോടു പറഞ്ഞു. ഒരുമിച്ച് പുതിയ തുടക്കവും ശോഭനമായ ഭാവിയും വാഗ്ദാനം ചെയ്ത് രാജ്യമെമ്പാടുമുള്ള ക്യൂബക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു യുഎസ് പ്രസിഡന്റ് ബാരക് ഒബാമ.

‘പഴയകാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ സമയമായി,’ അലംകൃതമായ അധിനിവേശകാല തിയറ്ററില്‍ ക്ഷണിക്കപ്പെട്ട സദസിനോടും ടിവിയില്‍ തന്റെ പ്രസംഗം കേള്‍ക്കുന്നവരോടുമായി ഒബാമ പറഞ്ഞു. ‘അത് എളുപ്പമാകില്ല. സമയമെടുക്കും. എങ്കിലും സുഹൃത്തുക്കളെന്ന നിലയിലും അയല്‍ക്കാരെന്ന നിലയിലും കുടുംബമെന്ന നിലയിലും നമുക്ക് ഈ യാത്ര നടത്താനാകും.’

വര്‍ഷങ്ങളായി ക്യൂബക്കാര്‍ കേള്‍ക്കുന്ന പ്രസംഗങ്ങള്‍ പോലെയായിരുന്നില്ല ഇത്. ക്യൂബയിലുള്ളവരും യുഎസിലേക്ക് പുതുജീവിതം തേടിപ്പോയെന്ന കാരണത്താല്‍ വഞ്ചകരെന്നു വിളിക്കപ്പെട്ട ക്യൂബക്കാരും തമ്മിലുള്ള ‘ വേദനാജനകവും പലപ്പോഴും അക്രമം നിറഞ്ഞതുമായ’ വേര്‍പിരിയല്‍ അവസാനിപ്പിക്കണമെന്ന വികാരഭരിതമായ അപേക്ഷയാണ് ഒബാമ നടത്തിയത്. ക്യൂബന്‍ വൈദഗ്ധ്യത്തിന്റെയും യുവാക്കളുടെയും മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും വാര്‍ത്താവിനിമയത്തിനും വാതില്‍ തുറക്കണമെന്ന് ഒബാമ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ക്യൂബയിലെ യുഎസ് എംബസിയില്‍ ദ്വീപിലെ പ്രമുഖരായ 13 രാഷ്ട്രീയവിമതരുമായും ഒബാമ കൂടിക്കാഴ്ച നടത്തി. ഇവരില്‍ ജോസ് ഡാനിയേല്‍ ഫെറെര്‍, എലിസാര്‍ഡോ സാഞ്ചെസസ്, അന്റോണിയോ റോഡിലെസ്, ബെര്‍ട്ട സോലെര്‍ എന്നിവരുള്‍പ്പെടുന്നു. 

‘ഈ മേശയ്ക്കു ചുറ്റും ഇരിക്കുന്നവരെല്ലാം അസാധാരണ ധൈര്യം കാണിച്ചിട്ടുള്ളവരാണ്,’ രഹസ്യമായി നടന്ന കൂടിക്കാഴ്ചയ്ക്കു മുന്‍പ് ഒബാമ പറഞ്ഞു.

ചര്‍ച്ചയ്ക്കുമുന്‍പ് വിമതര്‍ അവരുടെ കൈകള്‍ ചുവപ്പ്, വെളുപ്പ്, നീല നിറങ്ങളിലൊന്നില്‍ മുക്കി രണ്ടു രാജ്യങ്ങളുടെയും പതാകകളുടെ രൂപരേഖ ഉള്‍പ്പെടുന്ന കലാരൂപത്തില്‍ പതിച്ചു. ക്യൂബന്‍ കലാകാരനായ മിഷേല്‍ മോറാബലിന്റേതാണ് കലാരൂപം. സമാനമായ ഒന്ന് വാഷിങ്ടണിലെ ക്യൂബന്‍ എംബസിക്കും മോറാബല്‍ നല്‍കിയിട്ടുണ്ട്.

പുതുക്കിപ്പണിത തിയറ്ററിലെ സ്വര്‍ണനിറത്തിലുള്ള ചിത്രപ്പണികള്‍ നിറഞ്ഞ ബാല്‍ക്കണികളില്‍ ഒബാമയുടെ പ്രസംഗം കേള്‍ക്കാന്‍ തിങ്ങിനിറഞ്ഞത് സര്‍ക്കാരിന്റെ ക്ഷണം ലഭിച്ച സ്വാധീനമുള്ള ക്യൂബക്കാരാണ്. ഒപ്പം പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും. ഒബാമയ്‌ക്കൊപ്പം വന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ബിസിനസ് പ്രമുഖര്‍ക്കും ക്യൂബന്‍ അമേരിക്കക്കാര്‍ക്കുമായിരുന്നു അമേരിക്കന്‍ പക്ഷത്തുനിന്ന് ക്ഷണം.

പലപ്പോഴും പ്രസംഗത്തോടുള്ള സദസ്യരുടെ പ്രതികരണം വ്യത്യസ്തമായിരുന്നു. ‘പൗരന്മാര്‍ക്ക് ഭയമില്ലാതെ സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു’വെന്ന് ഒബാമ പറഞ്ഞപ്പോള്‍ അമേരിക്കന്‍ പക്ഷത്തുനിന്നുള്ളവര്‍ കയ്യടിച്ചു. എന്നാല്‍ ക്യൂബന്‍ പക്ഷത്ത് കനത്ത നിശബ്ദതയായിരുന്നു.

ബ്രസല്‍സില്‍ ബോംബ് ആക്രമണത്തിന് ഇരകളായവര്‍ക്ക് അനുശോചനം അര്‍പ്പിച്ചും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാട്ടം തുടരുമെന്ന് ആവര്‍ത്തിച്ചുമാണ് ഒബാമ പ്രസംഗം തുടങ്ങിയത്.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന്റെ പ്രധാന ഭാഗമായ പ്രസംഗത്തില്‍ ഏറെയും ഒബാമ തന്റെ പഴയരീതി തുടര്‍ന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ ക്വോട്ടുകളും മനുഷ്യ സാധ്യതകളില്‍ തനിക്കുള്ള വിശ്വാസം ആവര്‍ത്തിച്ചുറപ്പിക്കലുമായിരുന്നു ഉടനീളം. തന്റെ മുന്നിലുള്ള സദസിനുവേണ്ടി ക്യൂബയുടെ സ്വാതന്ത്ര്യസമരനായകന്‍ ജോസ് മാര്‍ട്ടിയെപ്പറ്റിയുള്ള പരാമര്‍ശങ്ങളും നടത്തി. സ്വാതന്ത്ര്യം എന്നാല്‍ ‘ഓരോ മനുഷ്യനും സത്യസന്ധനായിരിക്കാനും ചിന്തിക്കാനും കാപട്യമില്ലാതെ സംസാരിക്കാനും കഴിയുക’ എന്നതാണെന്ന ജോസ് മാര്‍ട്ടിയുടെ നിര്‍വചനമായിരുന്നു പരാമര്‍ശ വിഷയം.

വടക്കുനിന്ന് ഒരു ഭീഷണിയും ക്യൂബയ്ക്കില്ലെന്ന് ഒബാമ ആവര്‍ത്തിച്ചു. ‘ക്യൂബയില്‍ മാറ്റം കൊണ്ടുവരാനുള്ള കഴിവോ ഉദ്ദേശ്യമോ യുഎസിന് ഇല്ലെന്ന് ഞാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. മാറ്റം ക്യൂബയിലെ ജനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.’

‘നമ്മുടെ ബന്ധങ്ങളില്‍നിന്ന് ചരിത്രത്തിന്റെ നിഴല്‍ നീക്കിക്കഴിഞ്ഞതിനാല്‍ വിശ്വസിക്കുന്ന കാര്യങ്ങളെപ്പറ്റി സത്യസന്ധമായി ഞാന്‍ സംസാരിക്കണം. ഞങ്ങള്‍ അമേരിക്കക്കാര്‍ വിശ്വസിക്കുന്ന കാര്യങ്ങളെപ്പറ്റി.’

ക്യൂബ നടപ്പാക്കുന്ന സൗജന്യ വിദ്യാഭ്യാസത്തെയും ആരോഗ്യപദ്ധതിയെയും അഭിനന്ദിച്ച ഒബാമ ഇങ്ങനെ തുടര്‍ന്നു. ‘ഭയമില്ലാതെ സംസാരിക്കാനും സംഘടിക്കാനും സര്‍ക്കാരിനെ വിമര്‍ശിക്കാനും തടഞ്ഞുവയ്ക്കപ്പെടാതെ പ്രതിഷേധിക്കാനും പൗരന്മാര്‍ക്ക് സ്വാതന്ത്ര്യമുണ്ടാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പുകളിലൂടെ സ്വന്തം സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ പൗരന്മാര്‍ക്കു കഴിയണമെന്നും ഞാന്‍ വിശ്വസിക്കുന്നു.’

‘നമ്മുടെ സര്‍ക്കാരുകള്‍ തമ്മില്‍ ഇതില്‍ പലതിലും അഭിപ്രായഭിന്നതയുണ്ട് എന്നത് രഹസ്യമല്ല. ഞങ്ങളുടെ സംസാരത്തില്‍ അമേരിക്കന്‍ സംവിധാനത്തിലെ പാളിച്ചകള്‍ കാസ്‌ട്രോ ചൂണ്ടിക്കാട്ടി. സാമ്പത്തിക അസമത്വം, വധശിക്ഷ, വംശ വിവേചനം, വിദേശത്തെ യുദ്ധങ്ങള്‍. ഇത് ചിലതു മാത്രമാണ്. അദ്ദേഹത്തിന്റെ പക്കല്‍ വലിയൊരു പട്ടികയുണ്ട്’.

‘ഞങ്ങളുടെ സമൂഹത്തില്‍ വളരെയധികം പ്രശ്‌നങ്ങളുണ്ട്. അവ എങ്ങനെ പരിഹരിക്കുന്നു എന്നതിലാണ് തര്‍ക്കം. അത് എപ്പോഴും മനോഹരമായിരിക്കില്ല. പക്ഷേ അതാണ് ജനാധിപത്യപ്രക്രിയ.’

‘ക്യൂബന്‍ ജനത ഇതു മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തുറന്ന സംവാദത്തെയും ചര്‍ച്ചയെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. അത് ആരോഗ്യകരമാണ്.’

ക്യൂബയുടെ കമ്യൂണിസ്റ്റ് നേതാക്കള്‍ ഇതിനോട് യോജിച്ചോ എന്നു സംശയമാണ്. കാസ്‌ട്രോയും പിന്‍ഗാമി മിഗുവേല്‍ ഡയാസ് കാനലും മറ്റ് ഉദ്യോഗസ്ഥരും പ്രസംഗത്തിലുടനീളം വികാരഭേദമില്ലാതെ ഇരിക്കുകയായിരുന്നു. അവരുടെ രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ, ലിംഗസമത്വ നയങ്ങളെ ഒബാമ പ്രശംസിച്ചപ്പോള്‍ അവര്‍ മര്യാദയ്ക്കുവേണ്ടി കയ്യടിക്കുന്നതാണ് ടിവിയില്‍ കാണിച്ചത്.

കാസ്‌ട്രോയെ നേരിട്ട് അഭിസംബോധന ചെയ്ത് ഒബാമ ഇങ്ങനെ പറഞ്ഞു: ‘ക്യൂബന്‍ ജനതയുടെ ഭിന്നാഭിപ്രായങ്ങളെ നിങ്ങള്‍ ഭയക്കേണ്ട കാര്യമില്ലെന്ന് എനിക്ക് ഉറപ്പുണ്ട്’.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും കുഴപ്പം പിടിച്ച പ്രശ്‌നം – ഗ്വാണ്ടനാമോയിലെ യുഎസ് സാന്നിദ്ധ്യം – ഒബാമ പരാമര്‍ശിച്ചതേയില്ല. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ യുഎസ് ഗ്വാണ്ടനാമോ വിടുകയും വാണിജ്യ വിലക്ക് പിന്‍വലിക്കുകയും ചെയ്യുന്നതുവരെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണഗതിയിലാകില്ലെന്നാണ് കാസ്‌ട്രോ പറഞ്ഞത്.

വാണിജ്യ വിലക്കിനെപ്പറ്റി ‘ ക്യൂബന്‍ ജനതയ്ക്കും ക്യൂബയില്‍ നിക്ഷേപം നടത്താനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന അമേരിക്കക്കാര്‍ക്കും മേലുള്ള കാലഹരണപ്പെട്ട ഭാര’മെന്നായിരുന്നു ഒബാമയുടെ പ്രതികരണം. അമേരിക്കന്‍ കോണ്‍ഗ്രസാണ് വിലക്ക് നീക്കേണ്ടത്.

‘ഞങ്ങള്‍ വിലക്ക് നീക്കിയാലും ക്യൂബയില്‍ തുടര്‍മാറ്റങ്ങളുണ്ടാകുന്നില്ലെങ്കില്‍ ജനതയ്ക്ക് അവരുടെ സാധ്യതകള്‍ അറിയാനാകില്ല.’

‘ഇത് നിങ്ങളുടെ ഇഷ്ടമാണ്. സുഹൃത്തെന്ന നിലയില്‍ ഞാന്‍ നിങ്ങളോടു പറയുന്നു, 21ാം നൂറ്റാണ്ടില്‍ സ്ഥായിയായ പുരോഗതി നേടണമെങ്കില്‍ ആരോഗ്യസുരക്ഷ, സ്ഥായിയായ പരിസ്ഥിതി, വിദ്യാഭ്യാസം എന്നിവ കൂടിയേ തീരൂ. എന്നാല്‍ ഈ പുരോഗതി സ്വതന്ത്രവും സുതാര്യവുമായ ആശയവിനിമയത്തിനെയും ആശ്രയിച്ചാണിരിക്കുന്നത്.  ഇതില്ലാതെ നിങ്ങള്‍ക്ക് കഴിവിന്റെ പരമാവധിയിലെത്താനാകില്ല. സമയം പിന്നിടുംതോറും യുവാക്കളുടെ പ്രതീക്ഷ നശിക്കും.’

ഒബാമയുടെ പരാമര്‍ശങ്ങള്‍ അമേരിക്കയില്‍ വിമര്‍ശനങ്ങളുയര്‍ത്തി. ‘അധികാരമേറ്റയുടന്‍ ആരംഭിച്ച ലോക ക്ഷമാപണ യാത്രയിലെ മറ്റൊരു സ്റ്റോപ് മാത്രമാണ് ക്യൂബ സന്ദര്‍ശന’മെന്നാണ് റിപ്പബ്ലിക്കന്‍ നാഷനല്‍ കമ്മിറ്റി പറഞ്ഞത്.  കാസ്‌ട്രോയുടെ വിമര്‍ശനത്തെ സ്വാഗതം ചെയ്യുക വഴി ‘കഴിഞ്ഞ എട്ടുവര്‍ഷമായി പരാജയപ്പെട്ട വിദേശനയത്തിന്റെ മുഖമുദ്രകളായ ദൗര്‍ബല്യങ്ങളും ധാര്‍മിക വ്യക്തതയുടെ അഭാവവും വീണ്ടും ദൃശ്യമായെ’ന്ന് ആര്‍എന്‍സി പറഞ്ഞു.

‘രണ്ട് മുന്‍ ശത്രുക്കള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെപ്പറ്റി പറയുമ്പോള്‍ എന്തുകൊണ്ട് ഇപ്പോള്‍ എന്നാണ് പലരും ചോദിക്കുന്നതെന്ന് ‘ക്യൂബന്‍ ജനതയ്‌ക്കൊപ്പം അമേരിക്കയിലെ തന്റെ വിമര്‍ശകരോടുമായി ഒബാമ പറഞ്ഞു.

‘ഉത്തരം ലളിതമാണ്. അമേരിക്ക ചെയ്തത് ഫലപ്രദമായില്ല. ആ സത്യം അംഗീകരിക്കാനുള്ള ധൈര്യം നമുക്കുണ്ടാകണം. മാറ്റത്തെ ഭയപ്പെടുകയല്ല, സ്വീകരിക്കുകയാണു വേണ്ടത്.’

ഇരുപക്ഷത്തെയും ചിരിപ്പിക്കാനും ഒബാമയ്ക്കായി. ഈ വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായ രണ്ട് ക്യൂബന്‍ അമേരിക്കക്കാര്‍ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റിനെ വിമര്‍ശിക്കും വിധമാണ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രസരിപ്പ് എന്നായിരുന്നു പരാമര്‍ശം. പ്രൈമറികളില്‍ വിജയിക്കുന്ന റിപ്പബ്ലിക്കന്‍ അവസാനം  നേരിടേണ്ടിവരിക ‘ഒരു വനിതയെയോ ഡമോക്രാറ്റിക് സോഷ്യലിസ്റ്റിനെയോ’ ആകും എന്നും ഒബാമ പറഞ്ഞു.

‘1959ല്‍ ഇത് ആരെങ്കിലും വിശ്വസിക്കുമായിരുന്നോ?’ ഒബാമ ചോദിച്ചു. 1961ലെ ‘ബേ ഓഫ് പിഗ്‌സ്’ ആക്രമണവും ഒബാമ പരാമര്‍ശിച്ചു. ക്യൂബയുടെ വിജയം മൂലം ഇവിടെ അതിന് പ്രാധാന്യമുണ്ട്. 1962ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ മനസിലുണ്ടായ ഭയവും ഒബാമ ഓര്‍മിപ്പിച്ചു.

ഒബാമയുടെ ശുഭാപ്തിവിശ്വാസത്തിനിടയിലും പ്രസംഗത്തിന്റെ ചിട്ടവട്ടങ്ങള്‍ ക്യൂബയില്‍ പൊതുസംഭാഷണം നടത്തുമ്പോള്‍ അമേരിക്ക നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ക്ക് ഉദാഹരണമായി.

തുറന്ന സ്ഥലത്ത്, കൂടുതല്‍ സാധാരണ പൗരന്മാര്‍ക്ക് പ്രവേശനം അനുവദിച്ച് പ്രസംഗം നടത്തണമെന്നായിരുന്നു അമേരിക്കക്കാരുടെ ആഗ്രഹം. തെരുവുകളില്‍ ഒബാമയെക്കാണാന്‍ വന്‍ ജനക്കൂട്ടമുണ്ടായിരുന്നു.

ലാറ്റിന്‍ അമേരിക്കയും യുഎസുമായുള്ള ബന്ധത്തില്‍ ക്യൂബയോടുള്ള നിലപാടുമാറ്റം എങ്ങനെ ഗുണം ചെയ്തു എന്നത് ഉയര്‍ത്തിക്കാട്ടാനും ഒബാമ ഉദ്ദേശിച്ചിരുന്നു. യുഎസും ക്യൂബയും എബോള പോലുള്ള രാജ്യാന്തര ആരോഗ്യപ്രതിസന്ധികളില്‍ ഒരുമിച്ചുപ്രവര്‍ത്തിച്ചതു ചൂണ്ടിക്കാട്ടി പുതിയ ദിശകളില്‍ ഈ സഹകരണം വളര്‍ത്താനും ഒബാമ ആഹ്വാനം ചെയ്തു.

വിമതരുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്ന് ക്യൂബന്‍ ദേശീയ ടീമും ടംപാ ബേ റേയ്‌സും തമ്മിലുള്ള ഒരു  ബേസ്‌ബോള്‍ മത്സരം കാണാനും ഒബാമ ഉദ്ദേശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ പൊതുവായ സാംസ്‌കാരിക മൂല്യങ്ങള്‍ വഴി അവരുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

തിങ്കളാഴ്ചത്തെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഒബാമ തന്റെ ക്യൂബ നയത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്: ‘എനിക്ക് ജനങ്ങളില്‍ വിശ്വാസമുണ്ട്. നിങ്ങള്‍ ഇവിടെ ക്യൂബക്കാരെ കാണുകയും ക്യൂബക്കാര്‍ അമേരിക്കക്കാരെ കാണുകയും അവര്‍ സംസാരിക്കുകയും ഇടപഴകുകയും ഒരുമിച്ച് ജോലി ചെയ്യുകയും സ്‌കൂളില്‍ പോകുകയും പരസ്പരം പഠിക്കുകയും ചെയ്താല്‍ അവര്‍ ജനങ്ങളെ ജനങ്ങളായി കാണും.’

ഇരുരാജ്യങ്ങളും തമ്മില്‍ സന്മനസുണ്ടാക്കാനുള്ള ശ്രമമാണ് ബേസ്‌ബോള്‍ മത്സരം എങ്കിലും അതിന് സാമ്പത്തികവശവുമുണ്ട്. ക്യൂബന്‍ കളിക്കാരെ അമേരിക്കയിലും കാനഡയിലുമുള്ള ടീമുകള്‍ക്കുവേണ്ടി കളിക്കാന്‍ അനുവദിക്കുന്ന കാര്യം മേജര്‍ ലീഗ് ബേസ്‌ബോളും ക്യൂബന്‍ സര്‍ക്കാരും ആലോചിച്ചുവരികയാണ്.

വിമതരുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം സന്ദര്‍ശനത്തിന്റെ അടിസ്ഥാനസത്യം പുറത്തുകൊണ്ടുവന്നു. ക്യൂബന്‍ സര്‍ക്കാര്‍ എതിരാളികളെ തടങ്കലിലാക്കുകയും വിമര്‍ശകരെ പീഡിപ്പിക്കുകയും ചെയ്യുന്നതു തുടരുന്ന കാലത്താണ് ക്യൂബയില്‍ നിക്ഷേപം നടത്താനും അടുത്ത ബന്ധം സ്ഥാപിക്കാനും ഭരണകൂടം ശ്രമിക്കുന്നത്.

സമാധാനപരമായി പ്രതിഷേധിച്ച ‘ലേഡീസ് ഇന്‍ വൈറ്റ് ‘ സംഘടനാ പ്രവര്‍ത്തകരെ ഒബാമ വന്ന ദിവസം പൊലീസ് തെരുവില്‍ വലിച്ചിഴച്ചത് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് വൈറ്റ് ഹൗസ് ഡപ്യുട്ടി നാഷനല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ബെന്‍ റോഡ്‌സിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. ‘നിര്‍ഭാഗ്യവശാല്‍, പ്രതീക്ഷിച്ചിരുന്നു. കാരണം വളരെക്കാലമായി ഇതാണ് ഇവിടെ നടന്നുവരുന്ന രീതി.’ എട്ടുമണിക്കൂറോളം തടഞ്ഞുവച്ച സ്ത്രീകളെയും അവരെ പിന്തുണയ്ക്കുന്നവരെയും പിന്നീട് വിട്ടയച്ചു. ഞായറാഴ്ചകളില്‍ രാവിലെ നടക്കുന്ന മാര്‍ച്ചുകളുടെ പതിവുരീതിയാണിത്.

‘ഈ രീതി ഇല്ലാതാകണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ രണ്ടു സര്‍ക്കാരുകളും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുകയാണെന്നും റോഡ്‌സ് പറഞ്ഞു.

റിപ്പോര്‍ട്ടര്‍മാരുമായുള്ള സംവാദത്തില്‍ ദീര്‍ഘകാല രാഷ്ട്രീയ തടവുകാരുണ്ടെന്നത് കാസ്‌ട്രോ നിഷേധിച്ചു. അവരുടെ പേര് വെളിപ്പെടുത്താന്‍ റിപ്പോര്‍ട്ടര്‍മാരെ വെല്ലുവിളിക്കുകയും ചെയ്തു.

‘പട്ടികകളോ വ്യക്തിഗത സംഭവങ്ങളോ ചൂണ്ടിക്കാണിക്കാത്ത ഒരു ചര്‍ച്ച പോലുമില്ല,’ റോഡ്‌സ് പിന്നീട് പറഞ്ഞു. ‘ഇത് മുന്നോട്ടു പോകും. ആ തടവുകാര്‍ രാഷ്ട്രീയ തടവുകാരാണെന്ന കാര്യം ക്യൂബ നിഷേധിക്കുന്നു. ക്യൂബന്‍ നിയമം ലംഘിച്ച സാധാരണ കുറ്റവാളികളാണ് അവരെന്നാണ് വാദം.’

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണക്ക് അനുസരിച്ച് ഇത്തരം ധാരാളം ദീര്‍ഘകാല തടവുകാരുണ്ട്.

ഭൂരിപക്ഷം ക്യൂബക്കാരും അമേരിക്കക്കാരെപ്പോലെ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ജോര്‍ജ് ഡബ്ലിയു ബുഷിന്റെ കാലത്ത് കോമേഴ്‌സ് സെക്രട്ടറിയായിരുന്ന കാര്‍ലോസ് ഗുട്ടിയെറെസ് പറയുന്നു.

‘ജീവനോപാധി കണ്ടെത്താനുള്ള അവകാശം യുഎസിലെ വളരെ വിലപിടിപ്പുള്ള അവകാശമാണ്. അതാണ് ക്യൂബയില്‍ സംഭവിക്കുന്നത്,’ ഒബാമയ്‌ക്കൊപ്പം വലിയൊരു സംഘം അമേരിക്കന്‍ ബിസിനസുകാരെ കൊണ്ടുവരികയും ക്യൂബന്‍ സ്വകാര്യമേഖലാ കമ്പനികളുമായി ചര്‍ച്ച നടത്തുകയും ചെയ്യാന്‍ മുന്‍കയ്യെടുത്ത യുഎസ് ചേംബര്‍ ഓഫ് കോമേഴ്‌സ് ക്യൂബ ബിസിനസ് ഔട്ട്‌റീച്ച് പ്രോഗ്രാം തലവനായ ഗുട്ടിയെറെസ് പറഞ്ഞു.

ഞായറാഴ്ച രാത്രി ക്യൂബയിലെത്തിയ ഒബാമ തിങ്കളാഴ്ച ക്യൂബന്‍ സ്വാതന്ത്ര്യ സമര നായകനായ ജോസ് മാര്‍ട്ടിയുടെ പ്രതിമയ്ക്കുമുന്നില്‍ റീത്ത് സമര്‍പ്പിച്ചാണ് സന്ദര്‍ശനത്തിനു തുടക്കമിട്ടത്. കാസ്‌ട്രോയുമായുള്ള ദീര്‍ഘമായ കൂടിക്കാഴ്ചയ്ക്കും വാര്‍ത്താസമ്മേളനത്തിനും ശേഷം ഒരു ബിസിനസ് ഫോറത്തില്‍ സംസാരിച്ച ഒബാമ കാസ്‌ട്രോയുടെ ഔദ്യോഗിക വിരുന്നിലും പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍