UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നൃത്തത്തില്‍ ഒബാമയെ വെല്ലാന്‍ ആരുണ്ട്? വീഡിയോ കാണൂ..

Avatar

ജെന്നി സ്റ്റാര്‍സ്
(വാഷിംഗ്ടന്‍ പോസ്റ്റ്)

നൃത്തവേദിയെ എങ്ങനെ ഉത്സാഹഭരിതമാക്കണം എന്ന് പ്രസിഡന്‍റ് ഒബാമയ്ക്കറിയാം. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ അദ്ദേഹം ഈയിടെ നടത്തിയ പ്രകടനം കണ്ടാല്‍ ഒരു മത്സരം വന്നാലും വിരണ്ടു പോകുന്ന ആളല്ലെന്നും മനസിലാവും.

അര്‍ജന്‍റീനയില്‍ ബുധനാഴ്ച നടന്ന സ്റ്റേറ്റ് ഡിന്നറില്‍ ഒരു പ്രഫഷണല്‍ നര്‍ത്തകിക്കൊപ്പം ഒബാമ ടാങ്കോ നൃത്തം (പങ്കാളിയോടൊപ്പം ചെയ്യുന്ന ഒരു നൃത്തരൂപം) പരീക്ഷിച്ചു. പ്രഥമ വനിതയായ മിഷേല്‍ ഒബാമയും മറ്റൊരു വിദഗ്ദ്ധ നര്‍ത്തകനൊപ്പം ക്ഷണം സ്വീകരിച്ച് ചുവടുകള്‍ വച്ചു.

ടാങ്കോയില്‍ അത്ര മിടുക്കില്ലെങ്കില്‍ കൂടെ ഡാന്‍സ് ചെയ്യാനുള്ള അവസരം പൊതുവേ ഒബാമ പാഴാക്കാറില്ല. കഴിഞ്ഞ വര്‍ഷം കെനിയയില്‍ ചെയ്ത ലൈന്‍ ഡാന്‍സ് വാര്‍ത്തയായിരുന്നു. 2014ലെ ക്രിസ്തുമസ് ട്രീ ലൈറ്റിങ്ങിലെ ‘ഡാഡ് മൂവ്സ്’ രാജ്യത്തു വലിയ തരംഗമായി (മക്കളും കൌമാരക്കാരികളുമായ മലിയയും സാഷയും പക്ഷേ കണ്ണുരുട്ടിക്കാണണം).

എല്ലാ വര്‍ഷവും നടത്തുന്ന “ഇന്‍ പെര്‍ഫോമന്‍സ് അറ്റ് ദി വൈറ്റ്ഹൌസ്” സീരീസില്‍ അദ്ദേഹം കാണികളെ കൊണ്ടും ഡാന്‍സ് കളിപ്പിക്കാറുണ്ട്. 2008ല്‍ “എലന്‍ ഡിജെനറസ് ഷോ”യില്‍ നൃത്തം ചെയ്തു രംഗപ്രവേശനം നടത്തി കാഴ്ച്ചക്കാരെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു. എല്ലാ പ്രായത്തിലും തലത്തിലുമുള്ള ആളുകളുമായും അദ്ദേഹം നൃത്തത്തിന് കൂടാറുണ്ട്: അലാസ്കയിലെ ചെറുപ്പക്കാര്‍ മുതല്‍ അര്‍ജന്‍റീനയിലെ വിദഗ്ദ്ധര്‍ വരെ. വാഷിംഗ്ടന്‍ ഡി‌സിയിലെ ചുറുചുറുക്കുള്ള ഒരു 106 വയസ്സുകാരി അമ്മൂമ്മയും അദ്ദേഹത്തിന്‍റെ ഡാന്‍സ് പാര്‍ട്ണര്‍ ആയിട്ടുണ്ട്.

ആകപ്പാടെ നോക്കുമ്പോള്‍ വൈറ്റ്ഹൌസിലെത്തിയ പ്രസിഡന്‍റുമാരില്‍ ഡാന്‍സ് കളിയ്ക്കാന്‍ ഏറ്റവും താല്‍പര്യം കാണിച്ചിട്ടുള്ളത് ഒബാമ തന്നെയാണ്.

നവംബര്‍ അടുത്തെത്താറായ സ്ഥിതിക്ക് ഇനി ഈ ചുമതല അടുത്ത ആള്‍ക്ക് കൈമാറണം. നിലവിലെ സ്ഥാനാര്‍ത്ഥികളില്‍ പലരുടേയും ചരിത്രം ഇക്കാര്യത്തില്‍ മോശമല്ല.

സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നപ്പോള്‍ താന്‍ അതിലൊട്ടും മോശമല്ല എന്ന് ഹിലരി ക്ലിന്‍റണ്‍ തെളിയിച്ചിട്ടുള്ളതാണ്. 2012ല്‍ ദക്ഷിണാഫ്രിക്കന്‍ ഡാന്‍സ് ഫ്ലോറില്‍ നടത്തിയ പരീക്ഷണം എല്ലാവരെയും ഇളക്കി മറിച്ചിരുന്നു. അതില്‍പ്പിന്നെ നൃത്തം ചെയ്യേണ്ട അവസരങ്ങളില്‍ ഒരു പരിഭ്രമവും അവര്‍ പ്രകടിപ്പിച്ചിട്ടില്ല. നമ്മുടെ ‘ചീഫ് ഡാന്‍സറെ’ പോലെ വരില്ലെങ്കിലും ചുവടു വയ്ക്കാനുള്ള താല്‍പര്യം “എലന്‍ ഡിജെനറസ് ഷോ”യില്‍ ഹിലരി ക്ലിന്‍റണും കാണിച്ചു; എളുപ്പം പിടി തരാത്ത “Whip Nae Nae” ചെയ്തു കൊണ്ടായിരുന്നു അത്.

ഹിലരി ക്ലിന്‍റന്‍റെ എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്സാണെങ്കില്‍ പലതരം സ്റ്റെപ്പുകള്‍ പ്രചാരണത്തിലുടനീളം അവതരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ അണികള്‍ യുവത്വത്തിന്‍റെ ആവേശം നിറഞ്ഞ “ബേര്‍ണീ ബംപ്”, “ബിഗ് ബേണ്‍” ഒക്കെയാണ് റാലികളില്‍ കൊണ്ടുവരുന്നത്. നാടോടി ഗായകന്‍ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്‍റെ കഴിവുകള്‍ “വാംപയര്‍ വീക്കെന്‍ഡി”നൊപ്പം (ഒരു അമേരിക്കന്‍ റോക്ക് ബാന്‍ഡ്) ആടിപ്പാടിയപ്പോള്‍ കണ്ടതുമാണ്. പക്ഷേ തന്‍റെ 1987ലെ ഹിറ്റ് ഗാനം എ‌ബി‌സിക്കു വേണ്ടി ഒന്നുകൂടി പാടാന്‍ തയ്യാറാവാത്തതിനാല്‍ കുറച്ചു പോയിന്‍റുകള്‍ ബേര്‍ണി സാന്‍ഡേഴ്സിന് നഷ്ടപ്പെടും.

റിപ്പബ്ലിക്കന്‍ നിരയിലെ പ്രധാനി ഡൊണാള്‍ ട്രംപാണെങ്കില്‍ ഒന്നിലധികം തവണ ഡാന്‍സ് കളിച്ചു കാണിച്ചു തന്നിട്ടുണ്ട്. ‘ഡ്രേക്കി’ന്‍റെ (കനേഡിയന്‍ റാപ്പര്‍) “ഹോട് ലൈന്‍ ബ്ലിങ് (Hotline Bling)” പാരഡി കണ്ടാല്‍ ഡാന്‍സിന്റെ ഭാവി ട്രംപ് ഉള്ള വൈറ്റ്ഹൌസില്‍ സുരക്ഷിതമാണെന്ന് മനസിലാവും. മാത്രമല്ല, മുന്‍ഭാര്യയും “ഡാന്‍സിങ് വിത്ത് ദി സ്റ്റാര്‍സി”ലെ (Dancing with the Stars- എ‌ബി‌സിയിലെ ഒരു ഡാന്‍സ് മത്സര പരിപാടി) മത്സരാര്‍ത്ഥിയുമായ മാര്‍ല മേപ്പിള്‍സില്‍ നിന്ന് ഏതാനും സ്റ്റെപ്പുകള്‍ പഠിച്ചെടുക്കുകയുമാവാം.

ഒഹായോ ഗവര്‍ണറായ ജോണ്‍ കേസിക് ഈ വര്‍ഷാരംഭം മിഷിഗണിലെ ഒരു റാലിയില്‍ തന്‍റെ അണികള്‍ക്കായി പാട്ടുകള്‍ക്കൊത്ത് നൃത്തം ചെയ്തിരുന്നു. മത്സരം കടുപ്പമാകുകയും കൂടുതല്‍ മാധ്യമശ്രദ്ധ തന്നിലേക്കാവുകയും ചെയ്തതോടെ അതിനു തല്‍ക്കാലം വിരാമമായി.

ഈ മാസം ആദ്യം നടന്ന സി‌എന്‍‌എന്നിന്‍റെ റിപ്പബ്ലിക്കന്‍ ഡിബേറ്റില്‍ സെനറ്റര്‍ ടെഡ് ക്രൂസ് തന്‍റെ മകള്‍ക്കൊപ്പം ചില ചുവടുകള്‍ വച്ചെങ്കിലും ഇതുവരെ ഒബാമയെ വെല്ലുന്ന പെര്‍ഫോമന്‍സൊന്നും നടത്തിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍