UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി നിങ്ങളെയാരും ഡാ… തടിയാ (തടിച്ചി) എന്ന്‍ വിളിക്കില്ല

Avatar

രമാ ലക്ഷ്മി 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍ ആയ പ്രദീപ് സൊഹ്നെ ഇപ്പോള്‍ പ്ലസ് സൈസ് കടകള്‍ അയയ്ക്കുന്ന ജങ്ക് മെയില്‍ ശ്രദ്ധിക്കാറേയില്ല. പകരം തന്റെ മെലിഞ്ഞ ശരീരം ഡിസൈനര്‍ വേഷങ്ങളില്‍ പൊതിഞ്ഞ് തിളങ്ങുന്ന പച്ച ബി എം ഡബ്ലിയു കാറും ഓടിച്ച് ഡല്‍ഹിയിലൂടെ ചെത്തിനടക്കുകയാണ്. 

നാല്‍പ്പത്തിയൊമ്പതുകാരനായ സോഹ്നെ വയറില്‍ നടത്തിയ ബൈപ്പാസ് സര്‍ജറിയിലൂടെ തന്റെ അമിതമായ ശരീരഭാരം പകുതിയായി കുറച്ചയാളാണ്. 

ബാരിയാട്രിക്‌സിന്റെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ അംബാസഡറായി മാറിയിരിക്കുകയാണ് ആളിപ്പോള്‍. രാജ്യത്തെ അര്‍ബന്‍ ജനത കൂടുതലായി ഇപ്പോള്‍ വയര്‍ ബൈപ്പാസ് ഉള്‍പ്പെടെയുള്ള തടികുറയ്ക്കല്‍ ശാസ്ത്രക്രിയകള്‍ ചെയ്യുന്നുണ്ട്. ആളുകളുടെ വരുമാനം വര്‍ധിച്ചതോടൊപ്പം ഉയര്‍ന്ന മധ്യവര്‍ഗത്തിനിടയില്‍ അമിതവണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഏതാണ്ട് അയ്യായിരം ഡോളര്‍ ചെലവു വരുന്ന ശസ്ത്രക്രിയയും ഇവര്‍ക്ക് താങ്ങാവുന്നതാണ്. 

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏതാണ്ട് 18,000 തടി കുറയ്ക്കല്‍ ശാസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ചു വര്‍ഷം മുന്‍പ് ഇത് വെറും 800 ആയിരുന്നുവെന്നോര്‍ക്കണം. മാക്‌സ് ഹെല്‍ത്ത് കെയര്‍ ഹോസ്പ്പിറ്റല്‍, ന്യൂഡല്‍ഹിയിലെ പ്രധാന ബാരിയാട്രിക്ക് സര്‍ജനും ഒബെസിറ്റി ആന്‍ഡ് മെറ്റാബോളിക്ക് സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമായ പ്രദീപ് ചൗബെ പറയുന്നു. 

സ്വന്തം പ്രമേഹം പരിധിയിലാക്കാനായി ഇന്ത്യന്‍ ഫിനാന്‍സ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ ശാസ്ത്രക്രിയ ചെയ്തതോടെയാണ് ഇന്ത്യയില്‍ ഈ ശാസ്ത്രക്രിയാരീതിക്ക് അപ്രതീക്ഷിതമായ ഒരു പ്രചാരം ലഭിച്ചത്. ഈ ശാസ്ത്രക്രിയ നടത്തിയ മൂന്ന് ഇന്ത്യന്‍ മന്ത്രിമാരില്‍ ഒരാളാണ് അദ്ദേഹം. 

‘പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഈ ശാസ്ത്രക്രിയ നടത്തുന്നതിലൂടെ ഇത് സുരക്ഷിതമാണെന്ന് ആളുകള്‍ക്ക് വിശ്വാസം വരുന്നുണ്ട്.’ ചൗബെ പറയുന്നു. ‘ഇപ്പോള്‍ രോഗികള്‍ വന്നാല്‍ എനിക്ക് ഫിനാന്‍സ് മിനിസ്റ്റര്‍ ചെയ്തത് മതി എന്നൊക്കെ പറയാറുണ്ട്. 

ഇന്ത്യയില്‍ അമിതവണ്ണത്തോടൊപ്പം പ്രമേഹവും വര്‍ധിച്ചുവരുന്നു എന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഏതാണ്ട് അറുപത്തഞ്ചു മില്യന്‍ പ്രമേഹരോഗികളുണ്ട്. അതില്‍ എണ്‍പതുശതമാനം ആളുകളും ഗുരുതരമായ അമിതവണ്ണം ഉള്ളവരാണ്. 

270 മില്യന്‍ ആളുകള്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്ന ഇന്ത്യയുടെ അമിതവണ്ണം ഒരു വിരോധാഭാസമാണ്. ഇന്ത്യയിലെ അര്‍ബന്‍ കുട്ടികളില്‍ രണ്ടിലൊരാള്‍ വീതം തൂക്കക്കുറവ് ഉള്ളവരുമാണ്. 

എന്നാല്‍ ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ ഉയര്‍ച്ച അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ ഒരു തിരമാല തന്നെ ഉയര്‍ത്തിവിട്ടിരിക്കുകയാണ്. ഇതില്‍ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും ഉള്‍പ്പെടും. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ജോണി റോക്കറ്റ്‌സ്, ബര്‍ഗര്‍ കിംഗ് മുതലായവ ഉള്‍പ്പെടുന്ന പല അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളും തുറന്നു. ഇന്ത്യയുടെ ബര്‍ഗര്‍ വിപ്ലവത്തെ മുതലെടുക്കാന്‍ കെഎഫ്‌സിയോടും മക്‌ഡോണാള്‍ഡ്‌സിനോടും ചേരുകയാണിവര്‍. 

ഇന്ത്യയിലെ റെസ്‌റ്റോറന്റ് മാര്‍ക്കറ്റ് 2013ല്‍ 48 ബില്യന്‍ ആസ്തിയുള്ള വ്യവസായമായിരുന്നെങ്കില്‍ 2018ഓടെ അത് 78 ബില്യന്‍ ഡോളര്‍ കടക്കുമെന്നാണ് സൂചന. 

ജങ്ക് ഭക്ഷണവും ഗാഡ്ജറ്റുകളും ഒരു അഡിക്ഷന്‍ ആയതോടെ കൗമാരക്കാര്‍ക്കിടയിലെ അമിതവണ്ണം പേടിപ്പിക്കുന്ന അളവിലെയ്ക്ക് എത്തിയിരിക്കുന്നു എന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. 

ഇന്ത്യയിലെ അര്‍ബന്‍ ജനതയിലെ ഏതാണ്ട് നാല്‍പ്പത് മുതല്‍ അറുപതു ശതമാനം പേര്‍ അമിതവണ്ണം ഉള്ളവരാണ്. മലേറിയയെയും ടിബിയെയുംകാള്‍ വലിയ പ്രശ്‌നമാണിത്.’നാഷണല്‍ ഡയബട്ടീസ്, ഒബിസിറ്റി ആന്‍ഡ് കൊളസ്‌ട്രോള്‍ ഫൗണ്ടേഷന്‍ ചെയര്‍മാനായ അനൂപ് മിശ്ര പറയുന്നു. ‘അമേരിക്കയില്‍ ഇത് സംഭവിച്ചത് എഴുപതുകളിലാണ്. ഇന്ത്യ ഇപ്പോള്‍ ആ അവസ്ഥയിലാണ്.’ 

ഇന്ത്യയില്‍ കഴിഞ്ഞ രണ്ടുദശബ്ദങ്ങളില്‍ ജിമ്മുകളുടെയും യോഗ കേന്ദ്രങ്ങളുടെയും എണ്ണവും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് ന്യൂട്രിസിസ്റ്റം, വെയിറ്റ് വാച്ചെര്‍സ് പോലെയുള്ള വിപണിവല്‍ക്കരിക്കപ്പെട്ട ഡയറ്റ് പദ്ധതികളില്ല. സാമ്പത്തികശേഷിയുള്ളവരുടെ ഏറ്റവും പുതിയ എളുപ്പവഴിയാണ് ബാരിയാട്രിക്ക് ശാസ്ത്രക്രിയ. 

‘ബാരിയാട്രിക്ക് സര്‍ജറി വെറും കൊസ്മറ്റിക്ക് സര്‍ജറിയാണെന്ന ധാരണ തിരുത്തുകയാണ് ഏറ്റവും വലിയ വെല്ലുവിളി.’ ചൗബെ പറയുന്നു. ‘അമിതവണ്ണം നിങ്ങളുടെ ഉള്ളില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. നിങ്ങളുടെ ജീവിതകാലം കുറയും, ഉയര്‍ന്ന പ്രമേഹവും മറ്റു ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഉണ്ടാകും. ഈ സര്‍ജറി സത്യത്തില്‍ ജീവന്‍ രക്ഷിക്കുകയാണ് ചെയ്യുന്നത്.’

ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ സര്‍ക്കാര്‍ ജോലിക്കാരുടെ ഈ ശാസ്ത്രക്രിയാ ചെലവുകളും ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ അത്ര ധനികരല്ലാത്തവര്‍ക്കും സര്‍ജറി സാധ്യമാണ്. 

സര്‍ജറികള്‍ കൂടുന്നുണ്ടെങ്കിലും കൗണ്‍സിലിംഗ് സംഘങ്ങള്‍ കുറവാണെന്ന് രോഗികള്‍ പറയുന്നു. എണ്‍പതുശതമാനം സര്‍ജന്‍മാരും ചെറിയ പട്ടണങ്ങളിലെ നേഴ്സിംഗ് ഹോമുകളില്‍ അധികം സൗകര്യങ്ങള്‍ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. ശരിയായ കൗണ്‍സിലിംഗ് ഉണ്ടാകാറുമില്ല. സര്‍ജറിക്കു ശേഷമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു ചൗബെ പറയുന്നു. ഇതിന്റെ പ്രധാനകാരണം ശസ്ത്രക്രിയയ്ക്ക് ശേഷവും ആരോഗ്യകരമായ ജീവിതചര്യകളില്‍ എത്താന്‍ രോഗികള്‍ക്ക് കഴിയാതെ പോകുന്നതാണ് എന്ന് ചൗബെ കൂട്ടിച്ചെര്‍ക്കുന്നു.

രോഗികളെ സര്‍ജറിക്കു മുന്‍പും ശേഷവും ബോധവല്‍ക്കരിക്കുന്ന ഒരു സെല്‍ഫോണ്‍ ആപ്പ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് അവരുടെ ടീം. 

തൂക്കം കുറയ്ക്കല്‍ സര്‍ജറി നടത്തിയ ആളുകളുടെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സപ്പോര്‍ട്ട് ഗ്രൂപ്പ് തുടങ്ങാനുള്ള ആലോചനയിലാണ് സോഹ്നെ. 

‘സര്‍ജറിക്ക് ശേഷമുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി ധാരണയില്ലാതെ സര്‍ജറി നടത്തുന്ന ധാരാളം പേരുണ്ട്. അവരെ ജീവിതങ്ങളില്‍ വരുന്ന നാടകീയമായ മാറ്റങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കാനും അവരെ പേടിപ്പിക്കാതെ അവര്‍ക്ക് സംഭവിക്കാവുന്ന പ്രശ്‌നങ്ങളെ പറ്റി പറയാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’ സോഹ്നെ പറയുന്നു. 

ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന മെഡിക്കല്‍ ടൂറിസം വ്യവസായത്തില്‍ പതിയെ ബാരിയാട്രിക്ക് സര്‍ജറിയും ഉള്‍പ്പെടുമെന്നാണ് കണക്കുകൂട്ടല്‍.

ബാരിയാട്രിക്ക് സര്‍ജറിയോടൊപ്പം തന്നെ പ്ലാസ്റ്റിക് സര്‍ജറി വ്യവസായവും ഇന്ത്യയില്‍ ഇനി വര്‍ധിക്കും. തടി കുറയുമ്പോള്‍ അയഞ്ഞ തൊലിയെ രൂപപ്പെടുത്താനും ആളുകള്‍ വേണം. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അഭിഭാഷക പറയുന്നു. അവര്‍ രണ്ടുവര്‍ഷം മുന്‍പാണ് സര്‍ജറിയിലൂടെ ഭാരം കുറച്ചത്. ഏഴുമാസം മുന്‍പ് അവര്‍ മാതാപിതാക്കള്‍ കണ്ടെത്തിയ ഒരാളെ വിവാഹവും കഴിച്ചു. 

‘ഓരോ തവണ എന്റെ സര്‍ജറിക്ക് ശേഷമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോഴും എന്റെ മാതാപിതാക്കളുടെ സന്തോഷം കാണാം. അവര്‍ എനിക്ക് ചേരുന്ന ഒരുപാട് ബന്ധങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു.’ 

കൗമാരകാലം മുതല്‍ തടിയുമായി മല്ലിടുന്ന സോഹ്നെ ഇനി ‘ആന’, ‘തടിയന്‍’, ‘സുമോ’ എന്നിങ്ങനെയുള്ള കളിയാക്കലുകള്‍ കേള്‍ക്കേണ്ട എന്ന സന്തോഷത്തിലാണ്. ദിവസേന പ്രമേഹത്തിന് നാല് ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ എടുത്തിരുന്നയാളാണ് അയാള്‍. ഭക്ഷണനിയന്ത്രണവും വ്യായാമവും ഫലം ചെയ്തിരുന്നില്ല. 

അളവില്‍ തയ്പ്പിച്ച് അല്ലാതെ ഒരു കടയില്‍ നിന്ന് ഒരു 34 ഇഞ്ച് ജീന്‍സ് വാങ്ങണമെന്നു ഒരു ദിവസം തോന്നി. സോഹ്നെ ഓര്‍ക്കുന്നു. ഇന്ത്യയില്‍ തുടങ്ങിയ പ്ലസ് സൈസ് കടകള്‍ അത്ര പോര. അവരുടെ പക്കല്‍ ബോറന്‍ നിറങ്ങളും ഡിസൈനുകളും മാത്രമാണുള്ളത്.

ബാരിയാട്രിക്ക് സര്‍ജറികളെപ്പറ്റി ഓണ്‍ലൈന്‍ ആയി മനസിലാക്കിയ ശേഷം അയാള്‍ വെയ്റ്റ് ലോസ് സര്‍ജറി ഫൗണ്ടേഷന്‍ ഓഫ് അമേരിക്കയില്‍ അംഗമാവുകയായിരുന്നു. 

രണ്ടുവര്‍ഷവും ഒരു ബാരിയാട്രിക്ക് സര്‍ജറിയും പല പ്ലാസ്റ്റിക് സര്‍ജറികളും കഴിഞ്ഞ ശേഷം അയാള്‍ തന്റെ ആഗ്രഹിച്ച ശരീരഭാരത്തില്‍ എത്തിയിരിക്കുകയാണ്. 

‘എന്റെ പല സുഹൃത്തുക്കളും എന്നെ തിരിച്ചറിഞ്ഞതുപോലും ഇല്ല. സോഹ്നെ ഓര്‍ക്കുന്നു. എനിക്ക് എന്നെ വീണ്ടും പരിചയപ്പെടുത്തേണ്ടിവന്നു. അവരുടെ മുഖത്തെ ഭാവം കാണാന്‍ എനിക്കിഷ്ടമായിരുന്നു. ഇതൊരു അത്ഭുതമാണ്. ഞാന്‍ ഒരു ഹീറോ ആണെന്നാണ് അവര്‍ കരുതുന്നത്. ‘

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍