UPDATES

Avatar

കാഴ്ചപ്പാട്

കെ എസ് ബിനു

ന്യൂസ് അപ്ഡേറ്റ്സ്

ഈ നീക്കം അപകടകരം; Occupy UGC – ഗവേഷകക്കൂട്ടം

കെ എസ് ബിനു

നോണ്‍-നെറ്റ് ഫെല്ലോഷിപ്പുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച് ഗവേഷകക്കൂട്ടം നടത്തുന്ന പ്രസ്താവന

 

ഗവേഷണ ഫെല്ലോഷിപ്പ് സംബന്ധിച്ച വിഷയത്തില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യു.ജി.സി) കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും സ്വീകരിക്കുന്ന സമീപനങ്ങള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതുസമൂഹത്തിനും വളരെയധികം ആശങ്ക ജനിപ്പിക്കുന്നതാണ്. രാജ്യത്തെ കേന്ദ്ര സര്‍വ്വകലാശാലകളിലെ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തുവരുന്ന നോണ്‍-നെറ്റ് ഫെല്ലോഷിപ്പ് അടുത്ത വര്‍ഷം മുതല്‍ നിര്‍ത്തലാക്കുമെന്ന് യു.ജി.സി ഒക്ടോബര്‍ ഏഴിന് എടുത്ത തീരുമാനമാണ് വിവാദ വിഷയമായിരിക്കുന്നതെങ്കിലും, ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തുടര്‍ന്നുവരുന്ന വാണിജ്യവല്‍ക്കരണ ശ്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നു കരുതാനുള്ള കാരണങ്ങള്‍ നിരവധിയാണ്. അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള യു.ജി.സി തീരുമാനത്തിനെതിരെ വാര്‍ത്ത പുറത്തുവന്ന ഒക്ടോബര്‍ 21 മുതല്‍ വിദ്യാര്‍ഥികള്‍ ന്യൂഡല്‍ഹിയിലെ യു.ജി.സി ആസ്ഥാനത്ത് തമ്പടിച്ച് സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. ‘ഒക്കുപൈ യു.ജി.സി’ എന്ന ബാനറില്‍ സമാധാനപരമായി സമരം ചെയ്യുന്ന വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇതിനകം പലതവണ പോലീസ് ബലപ്രയോഗവും നേരിട്ടു.

 

പ്രശ്നപരിഹാരത്തിനായി ഒക്ടോബര്‍ 25-ന് മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നത് കേന്ദ്ര സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഫെല്ലോഷിപ്പ് നിര്‍ത്തലാക്കില്ലെന്നും ഫെല്ലോഷിപ്പ് സംസ്ഥാന സര്‍വ്വകലാശാലകളിലെ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് കൂടി വിതരണം ചെയ്യുമെന്നുമുള്ള പ്രഖ്യാപനത്തിനൊപ്പം ഫെല്ലോഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന് വരുമാനപരിധി അടക്കമുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് ഒരു സമിതിയെ നിയോഗിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ഗവേഷണ മേഖലയില്‍ വിദ്യാര്‍ഥികളെ നിലനിര്‍ത്തുന്നതിന് ഒരുപരിധി വരെ സഹായകമായ ഫെല്ലോഷിപ്പ് സാര്‍വ്വത്രികമാക്കുന്നതിന് പകരം പരിമിതപ്പെടുത്താനുള്ള ഈ നീക്കം തികച്ചും അപലനീയമാണ്. സംസ്ഥാന സര്‍വ്വകലാശാലകളിലെ അടക്കം മുഴുവന്‍ ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഫെല്ലോഷിപ്പ് ലഭ്യമാക്കണമെന്നതും ഫെല്ലോഷിപ്പ് തുക ഉയര്‍ത്തണമെന്നതും നാളുകളായി വിദ്യാര്‍ഥികള്‍ ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യങ്ങളാണ്. കേന്ദ്ര സര്‍വ്വകലാശാലകളിലെ എം.ഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപയും പിഎച്ച്.ഡി വിദ്യാര്‍ഥികള്‍ക്ക് 8000 രൂപയുമാണ് നിലവില്‍ ലഭിക്കുന്നത്. ഗവേഷണ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക പരിമിതം തന്നെയാണ്.

 

യു.ജി.സി നോണ്‍-നെറ്റ് ഫെല്ലോഷിപ്പ് എന്നാണ് പേരെങ്കിലും 2008-ല്‍ ആരംഭിച്ച ഈ പദ്ധതിക്ക് രാജ്യത്തെ കോളേജുകളിലും സര്‍വ്വകലാശാല അദ്ധ്യാപക ജോലി ലഭിക്കുന്നതിനുള്ള നെറ്റ് പരീക്ഷയുമായി ബന്ധമൊന്നുമില്ല. രാജ്യത്ത് ഗവേഷണത്തിന് പ്രോത്സാഹനം നല്‍കുന്നതിനായി ആരംഭിച്ച ഈ പദ്ധതി സാധാരണ അഞ്ച് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഗവേഷണ പഠനത്തിനിടയില്‍ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികമായ ഒരു താങ്ങ് നല്‍കുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ബിരുദാനന്തര ബിരുദം കഴിഞ്ഞ് ചുരുങ്ങിയത് 22 വയസിലാണ് ഒരു വിദ്യാര്‍ഥി ഗവേഷണ പഠനം ആരംഭിക്കുന്നതെന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും.

 

 

ഫെല്ലോഷിപ്പ് സംസ്ഥാന സര്‍വ്വകലാശാലകളിലെ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് കൂടി വിതരണം ചെയ്യുമെന്ന്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ പക്ഷെ, കഴിഞ്ഞ ബജറ്റില്‍ വിദ്യാഭ്യാസ മേഖലയുടെ വിഹിതം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16.5 ശതമാനവും അതില്‍തന്നെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിഹിതം 25 ശതമാനവും വെട്ടിക്കുറക്കുകയാണ് ചെയ്തത് എന്ന വസ്തുതയും ഓര്‍ക്കേണ്ടതാണ്. സംസ്ഥാന സര്‍വ്വകലാശാലകള്‍ക്കുള്ള കേന്ദ്ര വിഹിതത്തിലാകട്ടെ 48 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം ആത്മാര്‍ഥതയുള്ളതാണ് എന്ന പറയാനാകില്ല. അതേസമയം, ഉന്നത വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര വ്യാപാരത്തിന് തുറന്നുകൊടുക്കുന്നതിനായുള്ള മുന്നൊരുക്കമാണ്‌ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് എന്ന സംശയത്തിന് ആക്കം കൂട്ടുന്നതാണ് ഈ നീക്കം. ലോക വ്യാപാര സംഘടന (WTO) യുടെ 2015 ഡിസംബറില്‍ നടക്കുന്ന മന്ത്രിതല സമ്മേളനം സേവന മേഖലയിലെ വ്യാപാരത്തിനായുള്ള പൊതു ഉടമ്പടി ചര്‍ച്ച ചെയ്യുമ്പോള്‍ ഉന്നത വിദ്യാഭ്യാസത്തെ അത്തരത്തിലൊരു സേവനമായി പ്രഖ്യാപിക്കുമെന്ന്‍ കരുതപ്പെടുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്വഭാവം അടിമുടി തിരുത്തിക്കുറിച്ചേക്കാവുന്ന ഒന്നാണ് ഈ ഉടമ്പടി. ഉന്നത വിദ്യാഭ്യാസം പണം നല്‍കി വാങ്ങുന്ന ഉപഭോക്താക്കളായി വിദ്യാര്‍ഥികളെ മാറ്റുകയും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള ക്ഷേമനടപടികള്‍ തുറന്ന വിപണിയുടെ പേരില്‍ ഇല്ലാതാക്കുകയുമായിരിക്കും ഉടമ്പടിയുടെ പ്രത്യക്ഷ ഫലങ്ങള്‍. വിവിധ തരത്തിലുള്ള അസമത്വങ്ങള്‍ രൂക്ഷമായി നിലനില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ഇതുളവാക്കുന്ന പരോക്ഷ ഫലങ്ങളാകട്ടെ, അങ്ങേയറ്റം അപകടകരം തന്നെയാകാം.

 

ഗവേഷണം സാമൂഹ്യനന്മയ്ക്കായിരിക്കണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ഗവേഷകക്കൂട്ട’ത്തിന്, ഫെല്ലോഷിപ്പ് പരിമിതപ്പെടുത്താനും ഉന്നതവിദ്യാഭ്യാസ മേഖലയെ വാണിജ്യവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങളോട് യാതൊരുതരത്തിലും യോജിക്കാനാകില്ല. ഗവേഷണ ഫെല്ലോഷിപ്പ് പരിമിതപ്പെടുത്താനുള്ള യു.ജി.സിയുടേയും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റേയും നടപടികളില്‍ ഗവേഷകക്കൂട്ടം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും യു.ജി.സി ആസ്ഥാനത്ത് തമ്പടിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ലോക വ്യാപാര സംഘടനയുടെ വരുന്ന മന്ത്രിതല സമ്മേളനത്തില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര വാണിജ്യത്തിന് തുറന്നു കൊടുക്കാനുള്ള നീക്കങ്ങളില്‍ നിന്ന്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും ഗവേഷകക്കൂട്ടം ശക്തിയായി ആവശ്യപ്പെടുന്നു. ഇതിനായി പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന സമ്മര്‍ദ്ദം ഉയര്‍ന്നുവരണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.               

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Avatar

കെ എസ് ബിനു

തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍