UPDATES

ട്രെന്‍ഡിങ്ങ്

ഓഖി ദുരന്തം: പതിനൊന്ന് പേരെ കൂടി രക്ഷപ്പെടുത്തി; തെരച്ചില്‍ ഊര്‍ജ്ജിതം

മരിച്ചവരുടെ എണ്ണത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇതുവരെ 29 പേര്‍ മരിച്ചതായാണ് റവന്യൂവകുപ്പിന്റെ കണക്ക്. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍പ്രകാരം മരണസംഖ്യ 35 ആയിട്ടുണ്ട്.

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് സമീപത്ത് കടലില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് ലക്ഷദ്വീപ് തീരത്ത് എത്തിച്ചു. വൈകാതെ ഈ തൊഴിലാളികളെ തിരുവനന്തപുരത്ത് എത്തിക്കും. രക്ഷപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതിനിടെ, കര്‍ണാടകത്തിന് സമീപം ഒരു ബോട്ട് മുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിവരം മറൈന്‍ എന്‍ഫോഴ്സ്മെന്റ് നാവികസേനയ്ക്ക് കൈമാറിയതായാണ് വിവരം.

കന്യാകുമാരിക്ക് സമീപം ചുഴലിക്കാറ്റില്‍പ്പെട്ട് ഉപേക്ഷിക്കേണ്ടിവന്ന ഒരും ബോട്ടും കണ്ടെത്തി. ബിനോയ് മോന്‍ എന്ന ബോട്ടാണ് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന 13 പേരെ മറ്റൊരു ബോട്ടില്‍ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. കായംകുളത്തിന് പടിഞ്ഞാറുഭാഗത്തുനിന്നാണ് ബോട്ട് കണ്ടെത്തിയത്.

കാണാതയവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാണ്. മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി തീരസംരക്ഷണ സേനയുടെ 12 കപ്പലുകളാണ് ഇന്ന് രംഗത്തുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ എഎന്‍എസ് കല്‍പ്പേനി എന്ന കപ്പല്‍ ഇന്ന് പുറപ്പെടും. ഫിഷറീസ് വകുപ്പിന്റെ അഞ്ച് ബോട്ടുകളും പുറപ്പെടുന്നുണ്ട്. ഇതുവരെ സംയുക്തസേന ഇതുവരെ 359 പേരെ രക്ഷപ്പെടുത്തിയതായാണ് കണക്ക്.

ചുഴലില്‍ക്കാറ്റില്‍ പെട്ട് കടലില്‍ അകപ്പെട്ടവരില്‍ 92 പേരെ മാത്രേമ ഇനിയും കണ്ടെത്താനുള്ളൂവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, തിരുവനന്തപുരം ജില്ലയില്‍മാത്രം 201 പേരെ കടലില്‍ കാണാതായിട്ടുണ്ടെന്ന് ലത്തീന്‍ അതിരൂപത പറയുന്നു. ഇതില്‍ 108 പേര്‍ ചെറുവള്ളങ്ങളിലാണ് പോയതെന്നും ഇവരുടെ സ്ഥിതി സംബന്ധിച്ച് കടുത്ത ആശങ്കയുണ്ടെന്നും അതിരൂപതാ പ്രതിനിധികള്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കൊച്ചിയില്‍ നിന്ന് പോയ 700 തൊഴിലാളികള്‍ മടങ്ങിയെത്താനുണ്ടെന്ന് ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി, ലോങ്ലൈന്‍ ബോട്ട്സ് ഏജന്റ്സ് അസോസിയേഷന്‍ എന്നിവര്‍ വ്യക്തമാക്കി. 68 ബോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ലെന്ന് അവര്‍ പറയുന്നു. കടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന് ഇന്നലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളും പറയുന്നു.

മരിച്ചവരുടെ എണ്ണത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇതുവരെ 29 പേര്‍ മരിച്ചതായാണ് റവന്യൂവകുപ്പിന്റെ കണക്ക്. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍പ്രകാരം മരണസംഖ്യ 35 ആയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍