UPDATES

ട്രെന്‍ഡിങ്ങ്

ദുരന്തത്തിന്റെ ആറാം ദിവസം വന്ന പ്രധാനമന്ത്രിയുടെ ആദ്യ ഒഖി ട്വീറ്റ്; പേടിപ്പിക്കുന്നത് തെരഞ്ഞെടുപ്പോ?

ഗുജറാത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസമില്ലാത്തതിനാലാണോ സര്‍ക്കാരിനെ വിട്ട് ബിജെപിയോട് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയതെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതുണ്ട്‌

കേരളത്തിലും തമിഴ്‌നാട്ടിലും തീരദേശങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ച ഒഖി ചുഴലിക്കാറ്റ് ഗുജറാത്തിലെ തീരത്തേക്ക് പ്രവേശിക്കാന്‍ പോകുന്നു എന്നാണ് കലാവസ്ഥാ നീരീക്ഷണ കേന്ദ്രം പറയുന്നത് ഒഖി മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും റാലികള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇതിനിടെ ഒഖി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ
ട്വീറ്റുകള്‍ ഇന്നലെ (ഡിസംബര്‍ 5) പ്രത്യക്ഷപ്പെട്ടു.’ഒഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരങ്ങളിലേക്ക്. സംസ്ഥാനത്തെ ജനങ്ങളെ സഹായിക്കാന്‍ ഗുജറാത്തിലെ ബിജെപി കാര്യകര്‍ത്താക്കള്‍ മുന്നോട്ട് വരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സാധരണക്കാര്‍ക്ക് വേണ്ടി സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ നമ്മുടെ കാര്യകര്‍ത്താക്കള്‍ സ്വയം സമര്‍പ്പിക്കുകയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുരയും ചെയ്യണം’. എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

 

മേല്‍ ട്വീറ്റിന് ഒരു മിനുട്ട് മുന്‍പ് ചെയ്ത മറ്റൊരു ട്വീറ്റിലാണ് ആദ്യമായി ഒഖി ദുരന്തത്തെ കുറിച്ചു പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ വാളിലൂടെ പ്രതികരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒഖി ദുരന്തത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ആ ട്വീറ്റ്.

 

എന്തായാലും ‘രാഷ്ട്രീയ ദോഷൈകദൃക്കുകള്‍’ക്ക് ചില സംശയങ്ങള്‍ ഉണ്ടാക്കുന്നതാണ് മേല്‍ ട്വീറ്റുകള്‍. നവംബര്‍ 30നു ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ രണ്ട് തെക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ ആളപായവും കനത്ത നാശനഷ്ടങ്ങളും ഉണ്ടായിട്ടും 5 ദിവസം കാത്തിരിക്കേണ്ടി വന്നോ നവമാധ്യമങ്ങളുടെ നല്ല ചങ്ങാതിയായ പ്രധാനമന്ത്രിക്ക് പ്രതികരിക്കാന്‍ എന്നത് ഒന്നാമത്തെ ചോദ്യം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ ഒഖിയെ കുറിച്ചുള്ള രണ്ടാമത്തെ ട്വീറ്റിന് ബലം പകരാന്‍ വേണ്ടിയായിരുന്നോ സംസ്ഥാനങ്ങളുടെ പേര് പറയാതെയുള്ള ആദ്യ ട്വീറ്റ് എന്നതാണു രണ്ടാമത്തെ സംശയം. എന്തുകൊണ്ടാണ് ഗുജറാത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യാതെ രാജ്യത്തിന്റെ പ്രധാനമന്ത്രി ബിജെപി കാര്യകര്‍ത്താക്കളെ അഭിസംബോധന ചെയ്തത് എന്നത് മൂന്നാമത്തെ ചോദ്യം.

ഗുജറാത്തിലെ മുന്‍മുഖ്യമന്ത്രിയെന്ന നിലയ്ക്ക് സ്വന്തം നാടായ ഗുജറാത്തിലെ തീരങ്ങളിലേക്കെത്തിച്ചേരുന്ന ഒഖിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കയെ വിലകുറച്ചുകാണുന്നുമില്ല. കേരളത്തിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും സംഭവിച്ചതുപോലെ ഗുജറാത്തിലും ഈ ചുഴലിക്കാറ്റ് കനത്ത നാശങ്ങളൊന്നും വിതയ്ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തീര്‍ച്ചയായും സഹായിക്കും. എന്നാല്‍ ഇതുപോലൊരു ആഹ്വാനം രണ്ടു മൂന്നു ദിവസം മുന്‍പ് നടത്തുകയും കൂടുതല്‍ കേന്ദ്ര സേനയെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്ര മനുഷ്യ കുരുതി നടക്കുമായിരുന്നോ? ദുരന്തമുണ്ടായി നാലു ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകയും സേനകളുടെ അധിപയുമായ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തമിഴ്നാട്ടിലും കേരളത്തിലും എത്തി ‘കോപപ്പെടാതുങ്കോ’ എന്നു നാട്ടരോട് അഭ്യര്‍ത്ഥിച്ചത്. കേരളത്തിലും തമിഴ്നാട്ടിലും നാല്‍പ്പതിലധികം പേര്‍ മരിച്ചിട്ടും ഒരു അനുശോചന സന്ദേശം പോലും അദ്ദേഹത്തിന്റെ നവമാധ്യമ ഭിത്തിയില്‍ പതിക്കപ്പെട്ടില്ല എന്നത് അദ്ദേഹത്തിന്റെ നടപ്പ് രീതികള്‍ക്ക് ഒരുതരത്തിലും യോജിക്കാത്തതാണ്.

ഗുജറാത്തില്‍ ബിജെപിക്ക് കാര്യങ്ങള്‍ അത്ര ശുഭമല്ല, ഈ രാജ്യം പേടിക്കേണ്ടതുണ്ട്

രണ്ടാമത്തെ ട്വീറ്റില്‍ ഗുജറാത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളോടോ ജനങ്ങളോടൊ അല്ല മുന്‍മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിലും മോദിയുടെ ട്വീറ്റ് വഴിയുള്ള അഭ്യര്‍ത്ഥനയെന്നതും ശ്രദ്ധേയമാണ്. പകരം അവിടുത്തെ ബിജെപി പ്രവര്‍ത്തകരോടാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. ആത്യന്തികമായി ഒരു ബിജെപി പ്രവര്‍ത്തകനാണെങ്കിലും താന്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന കാര്യം അദ്ദേഹം മറന്നുപോയെന്ന് വേണം ഇവിടെ മനസിലാക്കാന്‍.

കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഓഖി ചുഴലിക്കാറ്റിനെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ഏറ്റവും മുഖ്യമായും നേരിട്ടത്. അതേക്കുറിച്ച് ഡല്‍ഹിയിലെത്തിയ ശേഷം മറുപടി പറയാമെന്ന ഉറപ്പ് നല്‍കിയാണ് അവര്‍ മടങ്ങിയത്. എന്നാല്‍ ഇതുവരെയും കേന്ദ്രസര്‍ക്കാരില്‍ നിന്നും അതേക്കുറിച്ച് ഒരു മറുപടിയും ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ ദുരന്തത്തിനെതിരെ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്ന ഒരു പ്രസ്താവന മാത്രമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. എന്നാല്‍ കേരളത്തെക്കുറിച്ച് ഇത്തരത്തില്‍ യാതൊരു പ്രസ്താവനകളുമുണ്ടായിട്ടില്ല. കേരളവും തമിഴ്‌നാടും മോദി ഭരിക്കുന്ന ഇന്ത്യയുടെ ഭാഗമല്ലേയെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

 

ഒഖി ചുഴലിക്കാറ്റ് കേരള തീരത്ത് ദുരന്തം വിതച്ചു തുടങ്ങിയ ദിവസം അതായത് നവംബര്‍ മുപ്പതിന് ലോകസുന്ദരി മാനുഷി ഛില്ലാറിനും അവരുടെ കുടുംബത്തിനുമൊപ്പമുള്ള ചിത്രമാണ് പ്രധാനമന്ത്രി തന്റെ ട്വിറ്ററില്‍ പങ്കുവയ്ക്കുന്നത്. ഡിസംബര്‍ രണ്ടിന് കേന്ദ്രആരോഗ്യമന്ത്രി ജെപി നഡ്ഡയ്ക്ക് പിറന്നാള്‍ സന്ദേശം നല്‍കിക്കൊണ്ടുള്ള ട്വീറ്റും പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. തന്റെ സഹപ്രവര്‍ത്തകന് ദീര്‍ഘായുസും ആരോഗ്യവും നേരുന്ന ഈ പോസ്റ്റ് വരുമ്പോഴും കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ ആയിരങ്ങള്‍ കടലില്‍ പോയിരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവര്‍ മടങ്ങിവരുന്നതിനായി കാത്തിരിക്കുകയായിരുന്നു. നവംബര്‍ നാലിന് ശശി കപൂറിന്റെ മരണത്തില്‍ പ്രധാനമന്ത്രി ട്വീറ്റിലൂടെ അനുശോചനം നടത്തിയപ്പോഴേക്കും നിരവധി പേര്‍ ഓഖി ദുരന്തത്തില്‍ മരിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ ഇതിനൊന്നും ഒരു അനുശോചനം പോലും അദ്ദേഹം തന്റെ ട്വീറ്റുകളിലൂടെ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചിത്രങ്ങളും വാചകങ്ങളും അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഭിത്തി സമ്പന്നമായിരുന്നു. കൂടാതെ യുപി തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച മേയര്‍മാരോടൊപ്പമുള്ള ചിത്രങ്ങളും നിരവധി.

ഗുജറാത്തിലെ കണക്കുകള്‍ ബിജെപിയെ പേടിപ്പിക്കുന്നുണ്ട്; വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍