UPDATES

മാസങ്ങളോളം പൂന്തുറയുടെ മുറിവുണങ്ങില്ല; കുടുംബം നടത്തിയിരുന്ന സ്ത്രീകള്‍ പറയുന്നത് കേള്‍ക്കൂ

കടലിന്റെ തീരങ്ങളിലെ കുടിലുകളിലാണ് ജീവിതങ്ങളുള്ളത്, കടലമ്മ നല്‍കുന്ന ജീവിതങ്ങള്‍. അവരിനിയെന്തു ചെയ്യും?

ഒഖി ചുഴലിക്കാറ്റ് കേരള തീരത്ത് നാശം വിതച്ചിട്ട് എട്ട് ദിവസം പൂര്‍ത്തിയാകുന്നു. പൂന്തുറ തീരത്ത് ആദ്യദിവസങ്ങളിലെ തിരക്കില്ല. ഒട്ടനവധി പേരെ കടലില്‍ നിന്ന് തിരികെയെത്തിക്കുകയും അവര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്സയില്‍ കഴിയുകയുമാണ്. കടല്‍ തീരത്തോട് ചേര്‍ന്നുള്ള പള്ളി മുറ്റത്ത് വേണ്ടപ്പെട്ടവര്‍ക്കായി കാത്തിരുന്ന കുറച്ചുപേരെങ്കിലും ആശ്വാസത്തിന്റെ സ്വരം ഉതിര്‍ത്തു തുടങ്ങി. അതിനാലാണ് ഇവിടെ തിരക്കൊഴിഞ്ഞിരിക്കുന്നത്. ഇനിയും തിരിച്ചെത്താത്ത 29 പേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ നാല് പേരുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ഫ്‌ളക്‌സുകള്‍ പള്ളി മുറ്റത്തും പൂന്തുറയുടെ വിവിധ ഭാഗങ്ങളിലുമായി നിരന്നു കഴിഞ്ഞു. അവരെയാരെയും ഇനി ജീവനോടെ ഈ കരയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷ ഇവര്‍ക്കില്ല. എങ്കിലും കാത്തിരിക്കുന്നവരോട് അങ്ങനെ പറയാനാകില്ലല്ലോ?

ഇനിയുള്ള ദിവസങ്ങള്‍ തങ്ങള്‍ക്കെങ്ങനെയായിരിക്കുമെന്ന ആശങ്കയാണ് പൂന്തുറ സ്വദേശിയായ ബിയാട്രിസിന്റെ വാക്കുകളിലുള്ളത്. കടലില്‍ പോകുന്ന ആണുങ്ങള്‍ കൊണ്ടുവരുന്ന മത്സ്യം മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍ക്കുന്നത് പെണ്ണുങ്ങളാണ്. ഇനി ദിവസങ്ങളോളം പുരുഷന്മാര്‍ക്ക് കടലില്‍ പോകാനാകില്ല. അതോടെ കടലില്‍ നിന്നും മത്സ്യം ലഭിക്കാതെയാകുകയാണ്. അതോടെ സ്ത്രീകള്‍ നടത്തിവന്നിരുന്ന മത്സ്യക്കച്ചവടം ഇല്ലാതാകുന്നു.

ഓഖി ദുരന്തവും ഓര്‍മ്മിപ്പിക്കുന്നത്; ആ മറൈന്‍ ആംബുലന്‍സ് പദ്ധതി എന്തായെന്നാണ്

മത്സ്യം സൂക്ഷിക്കുന്നതിനായി ഐസ് വില്‍ക്കുന്നവര്‍ക്കും വരുമാനം നിലയ്ക്കുകയാണ്. ചുമടെടുക്കുന്നവര്‍ക്ക് ചുമട്ടുകൂലിയില്ലാതെയാകുന്നു, മത്സ്യം മാര്‍ക്കറ്റിലെത്തിക്കാന്‍ സഹായിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും കൂലി നിലയ്ക്കുന്നു, കമ്പോളത്തിലെത്തുമ്പോള്‍ മത്സ്യം ഇറക്കിവയ്ക്കുന്ന ചുമട്ടുതൊഴിലാളികള്‍ക്കും ഇതില്‍ നിന്നുള്ള വരുമാനം ഇല്ലാതാകുന്നു. അങ്ങനെ പലതരത്തിലും പലര്‍ക്കും ഇനിയുള്ള നാളുകളില്‍ ജീവിതമില്ലാതാകുകയാണെന്ന് ചൂണ്ടിക്കാട്ടുന്നത് പൂന്തുറ സ്വദേശിയും മത്സ്യക്കച്ചവടക്കാരിയുമായ സരോജമാണ്. മത്സ്യത്തൊഴിലാളികളെന്നാല്‍ കടലില്‍ പോകുന്നവര്‍ മാത്രമല്ല, അവരെ ആശ്രയിച്ച് കഴിയുന്നവര്‍ കൂടിയാണ്. സര്‍ക്കാര്‍ ദുരിതാശ്വാസം പ്രഖ്യാപിക്കുമ്പോള്‍ ഇവരെക്കുറിച്ചു കൂടിയാണ് പറയേണ്ടത്. കാരണം ഇനിയുള്ള ദിവസങ്ങളില്‍ ഈ കരയെ വീണ്ടും ജീവനുള്ളതാക്കേണ്ടത് ഇവരാണ്.

കരയിലെ ആണുങ്ങള്‍ പണിക്ക് പോയാല്‍ മാത്രമേ ഇവിടുത്തെ സ്ത്രീകള്‍ക്കും പണിക്ക് പോകാനാകൂവെന്ന സത്യമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒഖി ദുരന്തം പലരുടെയും ജീവനെടുത്തപ്പോള്‍ ഒരുനേരത്തെ ഭക്ഷണത്തിനായി വരിനില്‍ക്കേണ്ട അവസ്ഥയാണ് കരയില്‍ ജീവനോടിരിക്കുന്നവര്‍ക്ക് സമ്മാനിച്ചത്. തങ്ങളുടെ പലരെയുടെയും കുടുംബങ്ങളില്‍ പണിക്ക് പോയ രണ്ടും മൂന്നും പേരെയാണ് കാണാതായിരിക്കുന്നതെന്ന് സരോജ പറയുന്നു. ഇനിയും തിരിച്ചുവരാത്തവരില്‍ മൂന്ന് പേര്‍ സരോജയുടെ കുടുംബത്തില്‍ നിന്നുള്ളവരാണ്. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ എടുത്തു ചെലവാക്കാന്‍ പോലുമുള്ള പണം തങ്ങളുടെ കൈവശമില്ലെന്നും അവര്‍ അഴിമുഖത്തോട് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ ആരുടെ കൈവശവും ഇപ്പോള്‍ പണമില്ലാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാരും മറ്റുള്ള ജനങ്ങളും എത്തിക്കുന്ന സഹായമാണ് ഇപ്പോള്‍ അവരുടെ ജീവനെ പിടിച്ചു നിര്‍ത്തുന്നത്. ആരൊക്കെയാണ് തങ്ങള്‍ക്ക് ഓരോ നേരത്തെയും ഭക്ഷണമെത്തിക്കുന്നതെന്ന് ഇവര്‍ക്ക് അറിയില്ല.

മുന്നറിയിപ്പ് കൊടുക്കേണ്ട ശാസ്ത്രജ്ഞന്‍ വിദേശത്ത് പോയാല്‍ ഉറങ്ങുന്ന ദുരന്തനിവാരണ അതോറിറ്റിയാണ് പ്രശ്നം

അതേസമയം ഇനിയുള്ള ദിവസങ്ങളില്‍ തങ്ങള്‍ എങ്ങനെ കഴിയുമെന്ന് ഇവര്‍ക്ക് അറിയില്ല. മത്സ്യത്തൊഴിലുമായി ബന്ധപ്പെട്ടല്ലാതെ മറ്റൊരു തൊഴിലും ഇവര്‍ക്കറിയില്ല. കടല്‍ത്തീരങ്ങളില്‍ ജീവനോടിരിക്കുന്നവര്‍ ഇവിടെ കിടന്ന് തന്നെ മരിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

അതോടൊപ്പം, ഈ ദുരന്തം സ്ത്രീകളെയും കുട്ടികളെയും വലയ്ക്കുമ്പോള്‍ ഇവിടുത്തെ പുരുഷന്മാരില്‍ പലരും എങ്ങനെയാണ് മദ്യപിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു. ഈ ദുരന്തദിനങ്ങളില്‍ പോലും മദ്യപിക്കാന്‍ ഈ പുരുഷന്മാര്‍ക്ക് എവിടെ നിന്ന് പണം ലഭിക്കുന്നു. മദ്യപാനത്തെ കടല്‍ത്തീരങ്ങളില്‍ നിന്നും ഒഴിവാക്കിയാല്‍ തന്നെ തങ്ങളുടെ കുടുംബങ്ങളില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇത്തരം ദുരന്തങ്ങള്‍ ഇനിയുമുണ്ടായാല്‍ അപ്പോഴത്തേക്ക് നീക്കിയിരിപ്പുകള്‍ സൂക്ഷിക്കാനും തങ്ങള്‍ക്ക് സാധിക്കും. കടലില്‍ പോകുന്ന പുരുഷന്മാര്‍ തങ്ങളുടെ വരുമാനത്തിന്റെ നാലില്‍ മൂന്നു പങ്കും മദ്യപാനത്തിനായാണ് മാറ്റിവയ്ക്കുന്നത്. സ്ത്രീകള്‍ മത്സ്യം മാര്‍ക്കറ്റില്‍ കൊണ്ട് പോയി വില്‍ക്കുന്നതിനാലാണ് പല വീടുകളിലും അടുപ്പു പുകയുന്നതെന്നും ഇവര്‍ പറയുന്നു. ഉപ്പു മുതലുള്ള ഓരോ വീട്ടു സാധനങ്ങള്‍ക്കും വില കൂടുകയാണ്. ഈ ക്ഷാമകാലത്ത് തങ്ങളുടെ മക്കളെ എങ്ങനെ വയറ് നിറച്ച് ഭക്ഷണം നല്‍കി ഉറക്കുമെന്നാണ് ഈ സ്ത്രീകള്‍ ഓരോരുത്തരും ചോദിക്കുന്നത്. ഇവര്‍ക്ക് സ്വന്തമായുള്ള മത്സ്യം പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പുറത്തുനിന്നും അമിത വില നല്‍കി വാങ്ങേണ്ട അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങളുടെ വിലകൂടി കുറച്ചു നല്‍കിയാലേ തങ്ങള്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ ജീവിതം മുന്നോട്ട് പോകൂവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം തങ്ങളെ സഹായിക്കേണ്ട പള്ളി ഇപ്പോള്‍ വരുമാനം കുറവായതിനാല്‍ സഹായിക്കാനാകാത്ത അവസ്ഥയിലാണെന്നാണ് ഇവര്‍ പറയുന്നത്. കടലില്‍ പോക്കുള്ളപ്പോഴാണ് പള്ളിക്ക് കുത്തക കമ്മിഷന്‍ നല്‍കുന്നത്. നൂറ് രൂപയ്ക്ക് അഞ്ച് രൂപ വീതമാണ് കുത്തക കമ്മിഷന്‍. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയാണ് ഓരോ കടല്‍ത്തീരത്തുനിന്നും പള്ളികള്‍ക്ക് ഈ വകയില്‍ ലഭിക്കുന്നത്. എന്നാല്‍ കടലില്‍ പോകാത്തപ്പോള്‍ പള്ളിക്കുള്ള ഈ വരുമാനം ഇല്ലാതായിരിക്കുകയാണ്. അതേസമയം മുന്‍വര്‍ഷങ്ങളിലെ കുത്തക കമ്മിഷന്റെ നീക്കിയിരിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ സ്ത്രീകള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ സാധിക്കുന്നില്ല.

ബോട്ട് ഉടമസ്ഥര്‍ക്കും ഇവരെ സഹായിക്കാനാകില്ല. കാരണം ലക്ഷങ്ങളാണ് അവര്‍ക്ക് ഈ ദുരന്തത്തിലൂടെ അവര്‍ക്ക് നഷ്ടമായത്. ബോട്ടുടമകളില്‍ ചിലര്‍ ചൊവ്വാഴ്ച വരെയും തങ്ങളെ ഇങ്ങോട്ട് വിളിച്ചിരുന്നു. എന്നാല്‍ ഇന്ന് തങ്ങള്‍ അവരെ അങ്ങോട്ട് വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ലെന്ന് സരോജം പറയുന്നു. അവരെയും കുറ്റപ്പെടുത്താനാകില്ലെന്നാണ് ഇവരുടെ നിലപാട്. പള്ളി കേന്ദ്രീകരിച്ച് സൗജന്യ ഭക്ഷണ വിതരണം നടക്കുന്നുണ്ടെങ്കിലും നാണക്കേട് പറഞ്ഞ് പല വീടുകളിലും കഴിയുന്ന കുട്ടികളും സ്ത്രീകളും അത് വന്ന് വാങ്ങുന്നില്ല. വീടുകളില്‍ കൊണ്ടുപോയി കൊടുക്കുന്ന പൊതികളാണ് അവര്‍ക്ക് ലഭിക്കുന്നത്.

മരിയ പുഷ്പത്തിന്റെ മരുമകന്‍ സേവ്യറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മുപ്പതാം തീയതിക്ക് മുമ്പുണ്ടായിരുന്ന ജീവിതമല്ല ഇപ്പോള്‍ തങ്ങളുടേതെന്നും ഇവര്‍ കരഞ്ഞുകൊണ്ട് പറയുന്നു. ഒരുനേരത്തെ ഭക്ഷണത്തിനായി ആരെന്ന് പോലുമറിയാത്തവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയാണ്. ഈമാസം 30 വരെയും ഇതേ നില തുടരുമെന്നും ഉറപ്പ് ലഭിക്കാതെ കടലില്‍ പോകരുതെന്നുമാണ് ഇവര്‍ക്ക് പള്ളിയില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശം. കടലില്‍ നിന്നും അമ്പത് രൂപയും ഒരു കത്തി മീനും കൊണ്ടുവന്നാല്‍ തങ്ങളുടെ കുടുംബങ്ങളില്‍ അന്ന് ഭക്ഷണമുണ്ടാകും. എന്നാല്‍ കടലില്‍ പോകാനാകാത്ത ഇനിയുള്ള ദിവസങ്ങളില്‍ തങ്ങളെങ്ങനെ ജീവിക്കുമെന്നാണ് മരിയ പുഷ്പവും കടലമ്മയെ നോക്കി നെടുവീര്‍പ്പിടുന്നത്. അന്നന്ന് കടലില്‍ പോയി ലഭിക്കുന്നതാണ് തങ്ങളുടെ ജീവിതമെന്നും ഇവര്‍ പറയുന്നു. കടലില്‍ പോയി മരിച്ച് പോയവര്‍ക്ക് 20 ലക്ഷവും തിരികെയെത്തി പരിക്കേറ്റ് കിടക്കുന്നവര്‍ക്ക് 5 ലക്ഷവുമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അനുബന്ധ മത്സ്യത്തൊഴിലാളികള്‍ ഇനിയുള്ള ദിവസങ്ങളില്‍ എങ്ങനെ ജീവിക്കുമെന്ന് മരിയ പുഷ്പം ചോദിക്കുന്നു. കടലില്‍ പോകാനാകുന്നതുവരെ ഞങ്ങള്‍ ഇങ്ങനെ കൈനീട്ടി ജീവിക്കണമോ?

ഈ ഫോട്ടോയില്‍ കാണുന്നവരെ ഇനിയൊരിക്കലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്ലെന്നാണ് എല്‍സി പറയുന്നത്. കടലിന്റെ വരുമാനവുമില്ല, കരയിലെ വരുമാനവുമില്ലാതെ തങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ പട്ടിണി കിടന്ന് മരിക്കേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. ഈ കടല്‍ത്തീരത്തും വീടുകളിലുമായി സ്ത്രീകളും കുട്ടികളും വിശന്ന് ചീഞ്ഞ് നാറിയിരിക്കുകയാണെന്നും അവര്‍ പറയുന്നു. ജോണ്‍സണ്‍, ജെയിംസ് എന്നീ രണ്ട് മക്കളെ കഴിഞ്ഞ ഒമ്പത് ദിവസമായി കാത്തിരിക്കുകയാണ് രത്‌നമ്മ എന്ന അമ്മ. ഇവരുടെ ഒരു മകന്‍ ഇനി തിരിച്ചുവരില്ലെന്ന് കരക്കാര്‍ ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഇവര്‍ക്കത് അംഗീകരിക്കാനാകില്ല. രണ്ട് പേരും ഇന്നോ നാളെയോ മടങ്ങിയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. നാല് മാസം മുമ്പാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്. അഞ്ച് ആണ്‍മക്കളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ട് പേര്‍ മാത്രമായിരുന്നു മത്സ്യത്തൊഴിലാളികള്‍.

ഈ തുറകളില്‍ വിദ്യാഭ്യാസമുള്ള അനേകം പെണ്‍കുട്ടികളുണ്ട്. തീരദേശങ്ങളിലെ കുടുംബങ്ങളിലെ കഷ്ടപ്പാടുകള്‍ മൂലം ആണ്‍കുട്ടികള്‍ പത്ത് വയസ്സു മുതല്‍ തന്നെ ജോലിയ്ക്ക് പോയി തുടങ്ങുന്നു. ഇപ്പോഴും തിരിച്ചുവരാത്ത 29 പേരില്‍ ഒരാള്‍ 15 വയസ്സ് മാത്രം പ്രായമുള്ള വിനീഷ് ആണ്. വിനീഷിന്റെ അമ്മ ആ കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ്. അച്ഛന്‍ കിഡ്‌നി രോഗിയും; അതിനാലാണ് അവന്‍ 12 വയസ്സുമുതല്‍ കടലില്‍ പണിക്കിറങ്ങിയതെന്ന് ബിയാട്രിസ് പറയുന്നു. അമ്മമ്മയാണ് വിനീഷിനെയും സഹോദരങ്ങളെയും വളര്‍ത്തി വലുതാക്കിയത്. മൂന്ന് പ്രാവശ്യം കൂട്ടംതിരിഞ്ഞ് പോയിട്ടും വിനീഷും കൂട്ടരും ഒത്തുചേര്‍ന്നതായി ഇവരില്‍ നിന്നും രക്ഷപ്പെട്ട് വന്ന വ്യക്തി പറഞ്ഞത്. ഏറെ പ്രായമുള്ള ഇയാളെ രക്ഷിക്കാന്‍ വിനീഷ് തന്റെ ഉടുപ്പ് ഊരി നല്‍കിയിരുന്നു. ചുഴിയിലേക്ക് വീഴാന്‍ പോയ ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിനീഷും കൂട്ടുകാരനും കടലില്‍ വീണത്.

ഓരോ ദിവസം ചെല്ലുന്തോറും പൂന്തുറയിലെ കുടിലുകളുടെ അവസ്ഥ മോശമായി വരികയാണ്. കോളനികളിലെ വീടുകളിലാണ് ദുരിതങ്ങള്‍ ഏറെയും. ഒരുകാലത്ത് ഇവരില്‍ ആവേശം നിറച്ചിരുന്ന കടലിന്റെ മണത്തിന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളുടെ മണമുണ്ടോയെന്ന സംശയമാണ് ഇവര്‍ക്കിന്ന്. ആ പേടിയില്‍ കുടിലുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും ഇവര്‍ തയ്യാറാകുന്നില്ല. അധികൃതരുടെ ഇടപെടല്‍ എത്രയും വേഗം ഫലപ്രദമായുണ്ടായില്ലെങ്കില്‍ ഇനി കടലില്‍ നിന്നല്ല, ഈ കുടിലുകളില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുക്കേണ്ട ഗതികേടാണ് നമ്മെ കാത്തിരിക്കുന്നത്.

ചിത്രങ്ങള്‍: സുര്‍ജിത്ത് കാട്ടായിക്കോണം

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനിടെ മാധ്യമങ്ങള്‍ക്ക് വിമര്‍ശനം: ലൈവ് സെന്‍സര്‍ ചെയ്ത് മനോരമ

ദുരന്തത്തിന്റെ ആറാം ദിവസം വന്ന പ്രധാനമന്ത്രിയുടെ ആദ്യ ഒഖി ട്വീറ്റ്; പേടിപ്പിക്കുന്നത് തെരഞ്ഞെടുപ്പോ?

മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം

ഇതൊന്നും ഓർക്കാനാഗ്രഹിക്കാതെ വീണ്ടും ഞങ്ങടെ അപ്പനപ്പൂപ്പന്മാർ കടലിൽ പോവും; കാരണം ഞങ്ങൾ മുക്കുവരാണ്

മുഖ്യമന്ത്രിയോട്, ജനങ്ങളെ ചെന്നു കാണുക എന്നത് ജനാധിപത്യത്തിലെ മോശം ആചാരമല്ല

ഒഖി: നമ്മുടെ ദുരന്തനിവാരണ വകുപ്പ് ഒരു ‘ദുരന്തമോ’? വ്യാപക വിമര്‍ശനം

കടലില്‍ പോയവര്‍ക്കായി അവരിപ്പോഴും കാത്തിരിക്കുകയാണ്; പൂന്തുറയിലെ കണ്ണീരുണങ്ങുന്നില്ല

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍