UPDATES

ദനാ മാജി വീണ്ടും; ഒഡീഷയില്‍ അമ്മയുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ കയറ്റി യുവാവ്

അഴിമുഖം പ്രതിനിധി

അമ്മയുടെ മൃതദേഹവുമായി യുവാവ് സൈക്കിള്‍ റിക്ഷയില്‍. ഒഡിഷയിലാണ് ആംബുലന്‍സിന് പണം നല്‍കാന്‍ ഇല്ലാത്തതിന്‍റെ പേരില്‍ മകന് അമ്മയുടെ മൃതദേഹവുമായി സൈക്കിള്‍ റിക്ഷ ചവിട്ടേണ്ടി വന്നത്.

ഭാര്യയുടെ മൃതദേഹം തോളില്‍ ചുമന്നു യാത്രചെയ്യേണ്ടി വന്ന ദനാ മാജിക്ക് ശേഷം മറ്റൊരു ആദിവാസി കുടുംബത്തിനാണ് വീണ്ടും ദുരനുഭവം ഉണ്ടായത്.

65 വയസുകാരിയായ പനാ തിരിക എന്ന ആദിവാസി സ്ത്രീയെ കടുത്ത വയറുവേദനയെ തുടര്‍ന്നാണ്‌ ശനിയാഴ്ച ജാജ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ രോഗിയെ ഡോക്ടര്‍മാര്‍ കട്ടക്കിലെ എസ്‌സിബി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചെങ്കിലും മരണമടയുകയായിരുന്നു.

ഒഡീഷ സര്‍ക്കാര്‍ നിര്‍ധന കുടുംബങ്ങളില്‍ മരണമടയുന്നവര്‍ക്കായി സൗജന്യമായി മഹാപ്രയാണ എന്ന ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജില്ലാ ആശുപത്രിയില്‍ ഒരു ആംബുലന്‍സ് പോലും ഇല്ലായിരുന്നു. വിശ്വകര്‍മ്മ പൂജ ആയിരുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ മറ്റ് ആംബുലന്‍സുകളും ലഭിച്ചില്ല. പണം നല്‍കി നാലു കിലോമീറ്റര്‍ അകലെയുളള അങ്കുളയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കാന്‍ ദരിദ്രനായ യുവാവിനു കഴിയുമായിരുന്നില്ല. സൈക്കിള്‍ റിക്ഷയില്‍ പനാ തിരികയുടെ മൃതദേഹവുമേറ്റി മകന്‍ ഗുണ നാട്ടിലേക്ക് തിരിക്കുന്നത് അങ്ങനെയാണ്.

ആഗസ്റ്റ് അവസാനമാണ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച ഭാര്യയുടെ മൃതദേഹം ആംബുലന്‍സില്‍ നാട്ടിലെത്തിക്കാന്‍ പണമില്ലാത്തതിനാല്‍ ദനാ മാജി പത്തു കിലോമീറ്ററോളം മൃതദേഹം തോളിലേറ്റി മകള്‍ക്കൊപ്പം നടന്ന സംഭവമുണ്ടായത്. ഈ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ദനാ മാജിയുടെ നിസ്സഹായതകണ്ട ബഹ്‌റൈന്‍ രാജാവ് ദാനാ മാജിക് സാമ്പത്തിക സഹായം നല്‍കുകയുണ്ടായി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍