UPDATES

വാജ്‌പേയിയുടെ ‘നിര്യാണ’ത്തില്‍ ഒഡീസയില്‍ സ്‌കൂളിന് അവധി

അഴിമുഖം പ്രതിനിധി

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഫോട്ടോയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി നീര യാദവിന്റെ നടപടി ഏറെ വിവാവദമുണ്ടാക്കിയിരുന്നു. അബ്ദുള്‍ കാലാമിനുണ്ടായ അതേ ദുര്‍ഗതി ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിക്കും ഉണ്ടായിരിക്കുന്നു. അദ്യത്തേതില്‍ നിന്ന് അല്‍പ്പം കൂടിപ്പോയെന്നുമാത്രം. വാജ്‌പേയിയുടെ ‘നിര്യാണ’ത്തിന്റെ പേരില്‍ ഒരു സ്‌കൂളിന് അവധി തന്നെ കൊടുത്തു കളഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച ഈ വാര്‍ത്തയനുസരിച്ച്‌ ഒഡീസയിലെ തീരദേശ ജില്ലയായ ബാലസോറിലാണ് സംഭവം. ജില്ലയിലെ ഔപാട ബ്ലോക്കിലുള്ള ബുഡകുന്ത പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച വാജ്‌പേയിയുടെ പേരില്‍ അവധി കിട്ടിയത്. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ തന്നെയാണ് മുന്‍ പ്രധാനമന്ത്രിയുടെ ‘മരണം’ മറ്റ് അധ്യാപകരെ വിളിച്ചറിയിച്ചതും സ്‌കൂള്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചതും. അധ്യാപകരാകട്ടെ ഒരനുശോചന യോഗം കൂടിച്ചേര്‍ന്നിട്ടാണ് പിരിഞ്ഞത്.

സംഭവം അറിഞ്ഞ ചില ഗ്രാമവാസികളാണ് വിവരം ജില്ല കളക്ടറെ അറിയിച്ചത്. ഈകാര്യത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്നറിയാന്‍ കളക്ടര്‍ സര്‍വശിക്ഷ അഭയാന്റെ ജില്ലാതല പ്രൊജക്ട് ഓഫിസറെ നിയോഗിച്ചിട്ടുണ്ട്. പ്രധാന അധ്യാപകനായ കമലാ ദാസിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് വേണ്ടി വന്നാല്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇത്തരമൊരു വിവരം വിളിച്ചറിയിക്കുന്ന ദിവസം പ്രധാന അധ്യാപകനായ കമല ദാസ് സന്താരഗാഡിയായില്‍ സംഘടിപ്പിച്ച അധ്യാപകപരിശീലന പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. അവിടെ നിന്നാണ് സ്‌കൂളിലേക്ക് അദ്ദേഹം ഫോണ്‍ ചെയ്തത്.

ഡിപിഒയുടെ അന്വേഷണത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. വാജ്‌പേയി മരിച്ചെന്ന സന്ദേശം കിട്ടിയ ഉടനെ തന്നെ തങ്ങള്‍ നിര്യാണത്തില്‍ അനുശോചിക്കാന്‍ സ്‌കൂള്‍ അസംബ്ലി വിളിച്ചു കൂട്ടുകയും അതിനുശേഷം കുട്ടികളോടു വീടുകളിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് അധ്യപകര്‍ വിവരിക്കുന്നു.

ജീവിച്ചിരിക്കുന്നൊരാള്‍ മരിച്ചെന്നു പറഞ്ഞ് സ്‌കൂളിന് അവധി നല്‍കിയ പരിപാടിക്കെതിരെ സ്‌കൂളിലെ പിടിഎയും നാട്ടുകാരുമെല്ലാം രോഷത്തിലാണ്. എല്ലാം പ്രധാന അധ്യാപകന്റെ കുറ്റമാണെന്നും സംഭവത്തില്‍ അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നുമാണ് എല്ലാവരുടെയും ആവശ്യം. അപ്പോഴും ഒരു സംശയം മാത്രം ബാക്കി നില്‍ക്കുകയാണ്; എന്തിനയാള്‍ വാജ്‌പേയി മരിച്ചെന്നു വിളിച്ചു പറഞ്ഞു?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍