UPDATES

ഭാര്യയുടെ മൃതദേഹം ചുമക്കേണ്ടി വന്ന ഒഡീഷ സ്വദേശിക്ക് ബഹ്‌റിന്‍ പ്രധാനമന്ത്രി 9 ലക്ഷം നല്‍കി

അഴിമുഖം പ്രതിനിധി

ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ മകള്‍ക്കൊപ്പം ഭാര്യയുടെ മൃതദേഹവും ചുമന്ന് 12 കിലോമീറ്റര്‍ നടക്കേണ്ടി വന്ന ഒഡീഷ സ്വദേശിക്ക് ബഹ്‌റിന്‍ പ്രധാനമന്ത്രി 9 ലക്ഷം രൂപ നല്‍കി. ആഗസ്റ്റ് 24നാണ് ആദിവാസി വിഭാഗക്കാരനായ ധനാ മാജി(45) ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യ അമംഗയുടെ മൃതദേഹവുമായി ആശുപത്രിയില്‍ നിന്ന് 60 കി.മീ അകലെയുള്ള വീട്ടിലേക്ക് നടന്നത്. ഒരുപാടാളുകളോട് യാചിച്ചെങ്കിലും പണം കിട്ടിതാതിനെ തുടര്‍ന്നാണ് ഭാര്യയുടെ മൃതദേഹം ദനാ മാജിക്ക് ചുമക്കേണ്ടി വന്നത്.

മാധ്യമങ്ങളില്‍ വന്ന ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബഹ്‌റിന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് ധനാ മാജിക്ക് സഹായധനവുമായി എത്തിയത്. 8.9 ലക്ഷം രൂപയുടെ ചെക്കാണ് പ്രിന്‍സ് ഖലീഫ ന്യൂഡല്‍ഹിയിലെ ബഹ്‌റിന്‍ എംബസി വഴി ധനാ മാജിക്ക് നല്‍കിയത്. പ്രിന്‍സ് ഖലീഫയുടെ സഹായ ധനത്തെക്കുറിച്ച് ധനാ മാജി പ്രതികരിച്ചത് ഇങ്ങനെയാണ് ‘എനിക്ക് സന്തോഷം തോന്നുന്നുണ്ട്. എന്റെ മൂന്ന് പെണ്‍ക്കുട്ടികളുടെയും പഠനത്തിനായി ഈ തുക സൂക്ഷിക്കും. എനിക്ക് പ്രതീക്ഷയുണ്ട് അവര്‍ക്ക് നല്ല വിദ്യാഭ്യാസവും ജോലിയും കിട്ടുമെന്ന്.’

പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന വഴി ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ 75,000 രൂപ ധനാ മാജിയുടെ കുടുംബത്തിന് അനുവദിച്ചിരുന്നു. കൂടാതെ ദേശീയ കുടുംബ പദ്ധതി മുഖേനെ 20,000 രൂപയും, റെഡ് ക്രോസ് ഫണ്ട് വഴിയും മറ്റും 50,000 രൂപയും ധനാ മാജിക്ക് നല്‍കിയിരുന്നു.ധനാ മാജിയുടെ മൂന്ന് പെണ്‍മക്കളുടെയും വിദ്യാഭ്യാസം സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ഹോസ്റ്റല്‍ സൗകര്യമടക്കം സൗജന്യമായി നല്‍കുമെന്ന് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

പക്ഷെ ഇപ്പോഴുള്ള അനുഭവങ്ങളില്‍ പകച്ചു നില്‍ക്കുകയാണ് ധനാ മാജി. അതിനുള്ള കാരണങ്ങള്‍ ധനാ മാജിയുടെ വാക്കുകളില്‍ തന്നെയുണ്ട് ‘ഞാനൊരു ആദിവാസിയാണ്. ഒരു ലക്ഷം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. സഹോദരിയോടും ബന്ധുക്കളോടുമൊപ്പം നല്ല വിളവിനായി പാടത്ത് ഞാനിപ്പോഴും പണിയെടുക്കുകയാണ്. പക്ഷെ ഞാന്‍ പണക്കാരനായി എന്നും പറഞ്ഞ് അയല്‍ക്കാര്‍ കളിയാക്കുകയാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍