UPDATES

ബ്ലോഗ്

അദാനി വിജയ് മല്യയുടെ വഴിയിൽ? വിഴിഞ്ഞം ഇഴഞ്ഞുനീങ്ങുന്നതിനു പിന്നിൽ വൻ പ്രതിസന്ധി; പദ്ധതി വെള്ളത്തിലാകാനും സാധ്യത

വിഴിഞ്ഞത്തെ മാത്രമല്ല ഇത് ബാധിക്കുക. അദാനിയുടെ പോർട്ടുകളെ മുഴുവൻ ഇത് ബാധിക്കും.

കഴിഞ്ഞ രണ്ടു ദിവസമായി സ്റ്റോക്ക് മാർക്കറ്റിൽ ഏറ്റവും നഷ്ടം സംഭവിച്ചതും, ഇപ്പോഴും എപ്പോൾ വേണമെങ്കിലും ‘മൂക്കും കുത്തി ഡൌൺ’ എന്ന അവസ്ഥയിൽ നിൽക്കുന്നതുമായ കമ്പനിയാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളെല്ലാമെന്ന് കണക്കുകളെ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ മനസ്സിലാക്കാനാകും.

മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയതും, ഏറ്റവുമധികം വളർച്ച നിരക്ക് കൈവരിച്ച ഇന്ത്യൻ കമ്പനിയും അദാനി ഗ്രൂപ്പ് ആണെന്ന് ബ്ലൂംബെർഗ് പോലെയുള്ള സാമ്പത്തിക രംഗത്തെ പ്രശസ്തർ പോലും വിലയിരുത്തുകയുണ്ടായി. മുകേഷ് അംബാനിയുടെ റിലയൻസ് പോലും ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. 2017 ൽ മാത്രം അദാനിയുടെ വളർച്ചാ നിരക്ക് 124.6% ആണ്. 4.63 ബില്യൺ ഡോളർ കമ്പനി ഒറ്റ വർഷം കൊണ്ട് 10.4 ബില്യൺ ഡോളർ കമ്പനിയായി വളർന്നതിൽ അധികാരരാഷ്ട്രീയ പിൻബലം ഉണ്ടായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.

കഴിഞ്ഞ നാല് വർഷം കൊണ്ട് ഇന്ത്യയിലെ ഒട്ടുമിക്ക തുറമുഖങ്ങളുടെയും നടത്തിപ്പും ഉടമസ്ഥതയും ഏറ്റെടുക്കാൻ അദാനിക്കായി. എതിരാളികളെ മുഴുവൻ വിലക്കെടുക്കുകയോ ഇല്ലാതാക്കുകയോ ചെയ്തതായി കാണാം.

ഫോർബ്സ് മാസികയുടെ റാങ്കിങ് പ്രകാരം ഇന്ത്യയിലെ കോടീശ്വരന്മാരിൽ പത്താം സ്ഥാനത്താണ് അദാനി. 12.1 ബില്യൺ ഡോളർ ആണ് 2018ലെ അദാനിയുടെ സമ്പാദ്യം. വളർച്ചാനിരക്ക് 2017നെ അപേക്ഷിച്ച് വളരെ കുറവ്. 2017 ഇരട്ടിയിലധികം വളർന്ന കമ്പനി എങ്ങനെയാണ് അടുത്ത വർഷം തന്നെ വളർച്ചാ നിരക്കിൽ ഇത്ര പെട്ടെന്ന് തളരാൻ തുടങ്ങിയത്. സത്യം പറഞ്ഞാൽ അദാനി ഗ്രൂപ്പിൽ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് വിശദമായി കാര്യങ്ങളെ അപഗ്രഥിക്കുമ്പോൾ കാണാം

കഴിഞ്ഞവർഷം പ്രധാനമന്ത്രി മോദി നടത്തിയ വിദേശ യാത്രകൾ അതിനു മുന്നേയുള്ള യാത്രകളെ അപേക്ഷിച്ചു കുറവായിരുന്നു. നടത്തിയ തിരക്കു പിടിച്ചുള്ള യാത്രകളാകട്ടെ യൂറോപ്പിലെ ജർമ്മനി, ഫ്രാൻസ്,റഷ്യ, ചൈന, ഖസാക്കിസ്ഥാൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലേക്കായിരുന്നു. അതുകഴിഞ്ഞ് ജപ്പാൻ, മലേഷ്യ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളും മാത്രമാണ് സന്ദർശിച്ചത്. യുഎസ് യാത്ര ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു.

ജർമ്മനി, ഫ്രാൻസ്, റഷ്യ, ചൈന, ഖസാക്കിസ്ഥാൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലെ യാത്രയിൽ പ്രധാനമായും ചർച്ചയാക്കിയത് ഇന്ത്യയുടെ കയറ്റുമതി, ഷിപ്പിംഗ്, കാർഗോ എന്നീ മേഖലകളെപ്പറ്റി മാത്രമായിരുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പത്രകുറിപ്പുകൾ മാത്രം നോക്കിയാൽ മതി. ഈ യാത്രകൾ തീരുമാനിച്ചത് വളരെ തിരക്കു പിടിച്ചായിരുന്നു.

ഈ യാത്രകൾ മിക്കതും അദാനിയെ രക്ഷിക്കാനും അതുവഴി ഇന്ത്യൻ ബാങ്കിങ് വലിയ തകർച്ചയിൽ നിന്നും പിടിച്ചു നിർത്താനുമായിരുന്നു. ഭാവിയിൽ ഇന്ത്യയിലെ കയറ്റുമതി-ഉല്പാദന മേഖലകളെ പിടിച്ചു നിർത്തുക എന്നത് മാത്രമായിരുന്നു യാത്രകളുടെ ലക്ഷ്യം. പക്ഷെ അതെല്ലാം അവതാളത്തിലായ അവസ്ഥയിലാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ടുകൾ മുഴുവൻ പറയുന്നത്.

അദാനി തകർച്ചയുടെ വക്കിലാണെന്ന് പറയാൻ ഞാൻ കാണുന്ന ചില ഘടകങ്ങൾ പറയാം.

1. ഇന്ത്യയിലെ പരിപ്പിന്റെയും കൽക്കരിയുടെയും കുത്തക അദാനിക്കാണ്. താൻ തകരുമെന്നായ ഒരു ഘട്ടത്തിലാണ് 2017ൽ പരിപ്പിന്റെ വില ക്രമാതീതമായി കൂടുന്ന സന്ദർഭം ഉണ്ടായി. ഇത് സംഭവിച്ചത് ഓസ്‌ട്രേലിയയിലെ അദാനിയുടെ കൽക്കരി ഖനനവുമായി ബന്ധപ്പെട്ട് അവിടെ ഉയർന്ന ജനകീയ പ്രതിഷേധത്തിന്റെയും, ഓസ്ട്രലിയൻ പാർലമെന്റ് അദാനിയുടെ ഗ്രേറ്റ് ബാരിയർ വരെ ഇല്ലാതാക്കിയുള്ള ഖനന പദ്ധതിയുടെ അനുമതി നിഷേധിച്ചതിന്റെയും, ആഗോള ബാങ്കിങ് കൺസോർഷ്യം അദാനി ഗ്രൂപ്പിനുള്ള ലോൺ റദ്ദാക്കി നിരോധനം ഏർപ്പെടുത്തിയതിന്റെയും തൊട്ടു പിന്നാലെയായിരുന്നു.

ഇത് ഇന്തോനീഷ്യയിലെ അദാനിയുടെ കൽക്കരി വ്യവസായത്തെ പോലും ബാധിക്കുന്ന അവസ്ഥയിലെത്തിച്ചു. ആഗോള ബാങ്കിങ് മേഖല മൊറോട്ടോറിയം ഏർപ്പെടുത്തിയതിന് തൊട്ടു പിറകെയാണ് പരിപ്പിനു വില കൂട്ടി പിടിച്ചു നിൽക്കാനുള്ള ശ്രമം ഉണ്ടായത്. അതിലൂടെ ആയിരകണക്കിന് കോടികൾ ഉണ്ടാക്കാം എന്ന പദ്ധതി പൊളിഞ്ഞതിൽ പല ഘടകങ്ങൾ ഉണ്ടായിരുന്നു.

മോദി സർക്കാരിന് അതിൽ ഇടപെടാതിരിക്കാനുള്ള സാഹചര്യം തീർത്തും ഇല്ലാതാക്കിയത് അന്ന് നടക്കാനിരുന്ന ചില നിയമസഭാ ഇലക്ഷനുകൾ, കർഷക സമരങ്ങൾ എന്നിവയടക്കമുള്ള സാഹചര്യങ്ങൾ കാരണമാണ്. റിസൾട്ടിനെയടക്കം ബാധിക്കാൻ സാധ്യതയുണ്ട് എന്ന് പത്രങ്ങളും ചാനലുകളും ചർച്ചാവിഷയമായി ഉയർത്തിക്കൊണ്ടു വന്നു. പാർലമെന്റ് നടക്കുന്ന സമയമായതു കൊണ്ടുകൂടിയാണ് പരിപ്പിന്റെ പൂഴ്ത്തി വെപ്പ് ഇല്ലാതായതും മാസങ്ങൾക്ക് ശേഷമാണെങ്കിലും വില ഒരു പരിധി വരെ പഴയ നിലയിൽ പുനഃസ്ഥാപിച്ചതും. ഇതു കൂടാതെ ഉത്തരേന്ത്യയിൽ പെട്ടെന്നുണ്ടായ കർഷക പ്രതിരോധം കൂടി ആയപ്പോൾ പരിപ്പ് പൂഴ്ത്തി വെച്ച് വിലകൂട്ടി ലാഭം കൊയ്യാനുള്ള പദ്ധതി ഇല്ലാതായി.

2. അദാനിയുടെ വിവിധ കമ്പനികൾ ഇന്ത്യയിലെ പൊതുമേഖലാ-സ്വകാര്യ മേഖല ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തത് ഏകദേശം 80,000 കോടി രൂപായോളമാണെന്നു വാർത്ത പുറത്തു വന്നത് ഇതേ കാലഘട്ടത്തിലാണ്.

3. ഇന്ത്യയിലെ 3 പൊതുമേഖലാ ബാങ്കുകളെ പെട്ടെന്നു തന്നെ (2019 മാർച്ച് 31 ന് മുൻപ്) ലയിപ്പിച്ച് ഒറ്റ ബാങ്ക് ആക്കാനുള്ള നീക്കത്തിന് പിറകിൽ അദാനിയുടെ വലിയ ലോൺ കുടിശ്ശിക ഒരു കാരണമല്ലേ എന്ന് ഏതോ ബിസിനസ് പാത്രത്തിൽ വായിച്ചത് നോക്കുമ്പോൾ, ഒന്നുകിൽ അദാനിയും അനിൽ അംബാനിയും വേണുഗോപാൽ ദൂതും കൂടി എസ്‌ബിഐ, ഐസിഐസിഐ ബാങ്കുകളെ കുളിപ്പിച്ച് കിടത്താൻ സാധ്യതയുള്ളത് കൊണ്ട് ഇന്ത്യൻ ബാങ്കിങ് മേഖലക്ക് പിടിച്ചു നിൽക്കാൻ വേറൊരു വലിയ ബാങ്ക് സൃഷ്ടിക്കേണ്ട സാഹചര്യം വന്നു. അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ബാങ്കിനെ പരിപൂർണ്ണ തകർച്ചയിൽ നിന്നും രക്ഷിക്കുകയായിരുന്നിരിക്കാം എന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു.

ഇതേസമയം തന്നെയാണ് നീരവ് മോദി സംഭവവും വീഡിയോകോൺ സംഭവവും മാധ്യമങ്ങളിലും ഇന്ത്യൻ ബാങ്കിങ് രംഗത്തും ചലനങ്ങൾ സൃഷ്‌ടിച്ചത്. വീഡിയോകോൺ 40,000 കോടി രൂപയും അനിൽ അംബാനിയുടെ 65000 കോടിയും ചർച്ചാ വിഷയമാക്കാതെ നിരവിന്റെ 9000 കോടി ചർച്ചയാക്കി തല്ക്കാലം മാധ്യമങ്ങളെ അടക്കി നിർത്തുന്നതിൽ അതിലും വലിയ തട്ടിപ്പുകാർക്ക് സാധിച്ചു.

പക്ഷെ ഐസിഐസി ബാങ്ക് മേധാവിയായിരുന്ന ചന്ദ കൊച്ചാറിനെ സിബിഐ പൊക്കിയതും അടുത്ത തിരഞ്ഞെപ്പിൽ മോദി വീണ്ടും അധികാരത്തിൽ എത്താനുള്ള സാധ്യത ഇല്ലാതാകുന്നു എന്ന വാർത്തയും അതുവരെ പൊതിഞ്ഞു വെച്ചിരുന്ന പല അസ്ഥികൂടങ്ങളും പതുക്കെ പുറത്തു വരാൻ കാരണമായി

4. ആഗോള ഷിപ്പിംങ്, കാർഗോ, എക്സ്പോർട് മേഖലയിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അതിതീവ്രമായ ചില നീക്കങ്ങൾ, ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയെ ആയിരിക്കും. പിന്നീട് അത് ബാധിക്കുക അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളെ ആണ്. ഇത് തിരിച്ചറിഞ്ഞാണ് ജപ്പാനിൽ വെച്ച് ഈ അഞ്ച് രാഷ്ട്രത്തലവന്മാരും 2018 അവസാനം കണ്ടതും ഒന്നിച്ചു നിൽക്കാനുള്ള ഉടമ്പടി ഒപ്പു വെച്ചതും. ഇതിൽ ഏറ്റവും ശ്രദ്ധേയം ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്ത് ആയിരുന്ന റഷ്യയുടെ അഭാവം ആണ്. അടുത്ത കാലത്തായി രൂപം കൊണ്ട ചൈന-റഷ്യ അച്ചുതണ്ട് ഭാവിയിൽ ഇന്ത്യക്കുണ്ടാക്കുന്ന ഭീഷണി ചെറുതല്ല.

5 ചൈനയുടെ വൺ റോഡ് വൺ ബെൽറ്റ് പദ്ധതി, പുതിയ സിൽക്ക് റോഡ് പദ്ധതി, മുത്തുമാല പദ്ധതി, ചൈന പാക് സാമ്പത്തിക ഇടനാഴി, അതിവേഗ കാർഗോ ട്രെയിൻ പദ്ധതി എന്നിവയെല്ലാം ഒന്നായി കൂട്ടി വായിച്ചാൽ മാത്രമേ അദാനിയുടെ ഇപ്പോഴത്തെ അവസ്ഥയയ്ക്ക് കൃത്യമായ വിശദീകരണം നൽകാനാവൂ.

6. വിഴിഞ്ഞത്തെ മാത്രമല്ല ഇത് ബാധിക്കുക. അദാനിയുടെ പോർട്ടുകളെ മുഴുവൻ ഇത് ബാധിക്കും. പോർട്ടുകളുടെ ഡെവലൊപ്മെന്റ് മാത്രം ലക്ഷ്യമിട്ടാണ് അദാനി 50,000 കോടി രൂപയോളം ലോൺ എടുത്തിട്ടുള്ളത്. ഇത് മുഴുവൻ ഏതാനും വർഷങ്ങൾക്കുള്ളിൽ വെള്ളത്തിലാക്കാനാണ് സാധ്യത.

7. വിഴിഞ്ഞം പദ്ധതിയുടെ പണി ഏകദേശം നിർത്തി വെച്ച അവസ്ഥയിലാണ് ഇപ്പോൾ. പണി നടക്കുന്നത് സാവധാനത്തിലാകാൻ‌ കാരണം ഓഖി വരുത്തിയ നഷ്ടമാണെന്നും പാറയുടെ ലഭ്യതക്കുറവാണെന്നും (ഇന്നലെ 28.01.2019 നിയമസഭയിലും മുഖ്യമന്ത്രി ഇതാണ് പറഞ്ഞത്) പറയുന്നെണ്ടങ്കിലും കാരണം വേറെ ചിലതാണെന്നു വ്യക്തമാണ്. പണി നിർത്തി വെച്ചിട്ട് 6 മാസത്തിലധികമായി. വിഴിഞ്ഞത്തേക്കാൾ പ്രാധാന്യം ഇപ്പോൾ സ്വന്തം സാമ്രാജ്യം രക്ഷിക്കലാണെന്ന് അദാനി മനസിലാക്കുന്നു.

സ്വന്തം പണം (കേരള സർക്കാർ ആണ് ഇപ്പോൾ പണം ചെലവാക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും അദാനിക്ക് കൃത്യമായി ഇപ്പോഴും പണം കൊടുക്കുന്നുണ്ടെന്നു മറക്കരുത്) അല്ലാതിരുന്നിട്ട് കൂടി വിഴിഞ്ഞം ഇഴഞ്ഞു നീങ്ങുന്നതിൽ ആഗോള ഷിപ്പിംഗ് രംഗത്ത് വരുംവർഷങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളും, സ്വന്തം കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നതും മനസ്സിലാക്കി പിടിച്ചു നിൽക്കാനുള്ള അവസാന അങ്കത്തിന്റെ പിന്നാമ്പുറ കഥകൾ വായിച്ചെടുക്കാം

8. പാർലമെന്റ് തെരഞ്ഞെടുപ്പു വിജ്ഞാപനം അടുത്ത മാസം വന്നാൽ കാര്യങ്ങളുടെ കിടപ്പ് ഒന്നുകൂടി വ്യക്തമാകും. ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയില്ലെങ്കിൽ സംഭവിക്കാൻ സാധ്യതയുള്ള ഏറ്റവും പ്രധാന കാര്യം അദാനി, അനിൽ അംബാനി എന്നിവരുടെ ഭാവി ത്രിശങ്കുവിലായിരിക്കും എന്നതായിരിക്കും. ഇതിന്റെയെല്ലാം അവസാനം ഏറ്റവും ദയനീയമായി നാം കാണേണ്ടി വരിക തകർന്നടിയാൻ സാധ്യതയുള്ള ഇന്ത്യയിലെ ബാങ്കിങ് മേഖല ആയിരിക്കും.

ആഗോള സാമ്പത്തിക മാന്ദ്യത്തിൽ ഇന്ത്യ പിടിച്ചു നിന്നത് ഇന്ത്യയിലെ ചെറുകിട പൊതുമേഖലാ ബാങ്കുകളുടെ ശക്തി കാരണമായിരുന്നു. ചെറിയ പൊതുമേഖലാ ബാങ്കുകളെ ഒന്നാകെ ലയിപ്പിച്ചു വലിയ ബാങ്കുകളാക്കാൻ പറഞ്ഞ കാരണം വൻതോതിൽ ലോൺ കൊടുക്കാനുള്ള സാഹചര്യം ഇപ്പോൾ ഇല്ല എന്നതാണ്. അതിനുള്ള ഒരേയൊരു പോംവഴിയായിരുന്നു പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം. അവിടെ ഏതെങ്കിലും ഒരു ബാങ്ക് പാര വെച്ചാൽ സർക്കാർ പിന്തുണയോടെയുള്ള പകൽക്കൊള്ള വെളിച്ചത്താകും. ഇക്കാരണത്താൽ മാത്രമാണ് ഇതുവരെ നടന്ന ലോൺ കുംഭകോണങ്ങൾ മുഴുവൻ പുറത്തു വന്നത്. അത് ഒഴിവാക്കാനായുള്ള മാർഗം ഇനിയുള്ള പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് ഒന്നോ രണ്ടോ വലിയ ബാങ്കുകളെ ഉണ്ടാക്കുക എന്ന കുറുക്കുവഴിയാണ് ഉന്നതങ്ങളിൽ കണ്ടത്. തൽക്കാലം അത് മാറ്റി വെച്ചത് ബാങ്കിങ് മേഖലയിലെ തൊഴിലാളികളുടെ എതിർപ്പും, ഒറ്റയടിക്ക് ഇതെല്ലാം നടത്തിയാൽ പുറത്തു വരാനുള്ള കള്ളക്കളികളുടെ ഉള്ളുകളികളെയും പേടിച്ചാണെന്ന് സംശയിക്കേണ്ടി വരും.

അതെല്ലാം പുതിയ ഒരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഇല്ലാതാകും. അത് കൊണ്ട് ഇനിയുള്ള ചുരുങ്ങിയ ദിനങ്ങൾ ഇപ്പോൾ പാപ്പരാകാൻ സാദ്ധ്യതയുള്ള കുത്തകകൾ അരയും തലയും മുറുക്കി മോദിയുടെ തുടർഭരണത്തിന് ശ്രമിക്കും. അതായിരിക്കും നാം ഇനി കാണാൻ പോകുന്നത്.

വാൽക്കഷ്ണം: തിരുവനന്തപുരം വിമാനത്താവളം അടക്കമുള്ള പുതിയ വ്യോമയാന മേഖലയിലെ സ്വകാര്യവൽക്കരണത്തിലൂടെ ആ മേഖലയിൽ എത്തിപ്പെടാനുള്ള അദാനി ഗ്രൂപ്പിന്റെ താൽപ്പര്യം, പിടിച്ചു നിൽക്കാനുള്ള അദാനിയുടെ അവസാനത്തെ അടവായാണ് എനിക്ക് തോന്നുന്നത്. നിലനിൽക്കാനുള്ള അവസാനത്തെ കച്ചിത്തുരുമ്പ്.

രവിശങ്കർ കെവി

രവിശങ്കർ കെവി

മാധ്യമപ്രവർത്തകൻ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍