UPDATES

വീഡിയോ

ചേച്ചി പാട്ട് പറഞ്ഞു കൊടുക്കും, അങ്ങനെയാണ് പാട്ടുകള്‍ പഠിക്കുന്നത്; സോഷ്യല്‍ മീഡിയയില്‍ താരമായ കുഞ്ഞുഗായിക അനന്യയുടെ ഇഷ്ടങ്ങള്‍

മൂന്ന് വയസ്സു മുതലേ അനന്യ ചെറിയ പാട്ടുകള്‍ പാടുമായിരുന്നു. സിനിമ ഗാനങ്ങള്‍ പാടാന്‍ തുടങ്ങിയത് ഒന്നാം ക്ലാസ് മുതലാണ്.

പാട്ടുകാരിയാവണന്നും സിനിമയില്‍ പാടണന്നുമെല്ലാം എനിക്ക് ആഗ്രഹണ്ട്. രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയ കുട്ടി പാട്ടുകാരി അനന്യ പറഞ്ഞു തുടങ്ങി. ചിത്ര ചേച്ചിയെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ചിത്രച്ചേച്ചിയുടെ രാജഹംസമേ എന്നപാട്ട് ഒരുപാട് ഇഷ്ടമാണ്…

അനന്യ ഉയരെ എന്ന സിനിമയിലെ ‘നീ മുകിലൊ’ എന്ന ഗാനം പാടുന്നതാണ് ആദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അതിനു പിന്നാലെ ‘ഇന്നെനിക്ക് പൊട്ടു കുത്താന്‍’ എന്ന ഗാനവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇപ്പൊ എല്ലാരും മോളുടെ പാട്ടിനെക്കുറിച്ചാണ് പറയുന്നത്. ഒരുപാട് പേര്‍ക്ക് ഇഷ്ടമാവുകയും ചെയ്തു. വളരെ സന്തോഷാണ് ഞങ്ങള്‍ക്കൊക്കെ. അനന്യയുടെ അമ്മ പ്രജിത അഴിമുഖത്തോട് പറഞ്ഞു.

ജന്മനാ കാഴ്ച നഷ്ടപ്പെട്ട അനന്യ വളരെ ചെറുപ്പത്തില്‍ തന്നെ പാട്ടിനോട് താല്‍പര്യമുള്ള കുട്ടിയായിരുന്നു. മൂന്ന് വയസ്സു മുതലേ അനന്യ ചെറിയ പാട്ടുകള്‍ പാടുമായിരുന്നു. സിനിമ ഗാനങ്ങള്‍ പാടാന്‍ തുടങ്ങിയത് ഒന്നാം ക്ലാസ് മുതലാണ്. ഫോണിലും റേഡിയോയിലുമെല്ലാം കേട്ടാണ് പാട്ടുകള്‍ പഠിച്ചെടുക്കുന്നത്. ചേച്ചി അതുല്യ പാട്ടിന്റെ വരികള്‍ പറഞ്ഞു പഠിപ്പിക്കാറുമുണ്ട്.

വീട്ടില്‍ എല്ലാരും അനന്യയ്ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. ചേച്ചിയാണ് എല്ലാത്തിനും കൂടെ നില്‍ക്കുന്നത്. പാടാനുള്ള പാട്ടിന്റെ വരികള്‍ പറഞ്ഞു കൊടുക്കുന്നതും പഠിപ്പിക്കുന്നതുമെല്ലാം ചേച്ചിയാണ്. അതു പോലെ തന്നെ അനന്യയുടെ ക്ലാസ് ടീച്ചര്‍ രവീണ ടീച്ചറും അനന്യയ്ക്ക് ഫുള്‍ സപ്പോര്‍ട്ടാണ്. വീട്ടില്‍ അനന്യയ്ക്ക് സ്വന്തമായൊരു റേഡിയോയുണ്ട്. സാധാരണ റേഡിയൊ തന്നെ. അതില്‍ മെമ്മറി കാര്‍ഡ് ഇടാന്‍ പറ്റും. അവള്‍ക്കാവശ്യമുള്ള പാട്ടെല്ലാം മെമ്മറി കാര്‍ഡിലുണ്ട്. റേഡിയൊ അവള്‍ സ്വന്തമായി  കൈകാര്യം ചെയ്യും. പാട്ടും കഥയുമെല്ലാം കേള്‍ക്കുന്നത് അതിലൂടെയാണ്. അമ്മ പ്രജിത പറഞ്ഞു.

സ്‌കൂളില്‍ സ്ഥിരമായി പാട്ടുപാടാറുണ്ട് അനന്യ. ഒരു ദിവസം പാടിയപ്പോള്‍ ഒരു കുട്ടി എടുത്ത വീഡിയോയാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വീട്ടില്‍ ആരും പാടുന്നവരില്ല. എല്ലാവരും പാട്ട് ആസ്വദിക്കുന്നവരാണ്. റേഡിയോയിലെ പാട്ട് കേട്ട് വളരെ ചെറുപ്പത്തില്‍ തന്നെ അവള്‍ പാടുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഞങ്ങള്‍ എല്ലാവരും അവള്‍ക്ക് ഫുള്‍ സപ്പോര്‍ട്ടാണ്. അച്ഛന്‍ പുഷ്പന്‍ പറഞ്ഞു.

നടക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ട് അനന്യയ്ക്ക്. ഒറ്റയ്ക്ക് നടക്കാനാകില്ല, ആരെങ്കിലും കൈപിടിച്ചാല്‍ നടക്കും. ഒരു വയസ്സു മുതലേ ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഫിസിയൊ തെറാപ്പിയോട് അനന്യയ്ക്ക് ഒരു ഇഷ്ടക്കൂടുതലുണ്ട്. വലുതാകുമ്പോള്‍ പാട്ടുക്കാരിക്കൊപ്പം ഫിസിയോ തെറാപ്പിസ്റ്റ് ആകണം എന്നൊരു ആഗ്രഹവും തനിക്കുണ്ടെന്ന് അനന്യ പറയുന്നു.

ധര്‍മശാല ബ്ലൈന്റ് സ്‌കൂളിലെ 4-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനന്യയിപ്പോള്‍. ചക്കരക്കല്ലിലെ രാകേഷ് ഹരിശ്രീയുടെ കീഴില്‍ 2 വര്‍ഷമായി അനന്യ പാട്ടു പഠിക്കുന്നുണ്ട്. കണ്ണൂരുകാരിയാണ് അനന്യ. അച്ഛന്‍ പുഷ്പന്‍, അമ്മ പ്രജിത, ചേച്ചി അതുല്യ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.

Read More :‘നീ മുകിലോ..”ഇന്നെനിക്ക് പൊട്ടുകുത്താന്‍..’ അനന്യയുടെ പാട്ടുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍