UPDATES

ട്രെന്‍ഡിങ്ങ്

ഈ കാർട്ടൂണിൽ ലിംഗവൃഷണാദികളുടെ സ്ഥാനത്ത് മോദിയെയോ പിണറായിയെയോ സങ്കൽപ്പിക്കാമോ? കത്തോലിക്കാ സഭയെ വിമർശിക്കുന്നവരോടാണ്

ഇഎംഎസ്സിന്റെ രൂക്ഷ വിമർശകനായിരുന്നു കാർട്ടൂണിസ്റ്റ് ഒവി വിജയൻ. ഇഎംഎസ്സിലുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന ബ്രാഹ്മണ്യത്തെ ഇടക്കിടെ തോണ്ടി പുറത്തിടുന്നതിൽ വിജയൻ വലിയ ആഹ്ലാദം കണ്ടെത്തിയിരുന്നു.

അമേരിക്കൻ പ്രസിഡണ്ടായിരുന്ന റിച്ചാർഡ് നിക്സനെ ഏറ്റവുമധികം വേട്ടയാടിയത് ആരായിരുന്നുവെന്ന് ചോദിച്ചാൽ ചിലരെങ്കിലും ഹെർബ്ലോക്കിന്റെ (ഹെർബെർട്ട് ബ്ലോക്ക്) പേര് പറയും. വാഷിങ്ടൺ പോസ്റ്റിന്റെ കാർട്ടൂണിസ്റ്റായിരുന്നു ഹെർ‌ബ്ലോക്ക്. ദയാലേശമില്ലാത്ത ഹെർബ്ലോക്കിന്റെ കാർട്ടൂണ്‍ ആക്രമണങ്ങൾ അക്കാലത്ത് വാഷിങ്ടൺ പോസ്റ്റിന്റെ വായനക്കാരെ പിടിച്ചു നിർത്തിയിരുന്ന ഘടകങ്ങളിലൊന്നായിരുന്നു. ഹെർബെർട്ട് ബ്ലോക്കിന്റെ നിക്സൺ ആക്രമണത്തെ വിഷയമാക്കി മൈക്ക് പീറ്റേഴ്സ് വരച്ച കാർട്ടൂണാണ് മുകളിൽ കാണുന്നത്. കോട്ട് വിടർത്തിപ്പിടിച്ച് തന്റെ നഗ്നത പ്രദർശിപ്പിക്കുന്നത് കാർട്ടൂണിസ്റ്റായ ഹെർബെർട്ട് ബ്ലോക്ക് തന്നെയാണ്. ലിംഗവൃഷണാദികളുടെ സ്ഥാനത്ത് സാക്ഷാൽ റിച്ചാർഡ് നിക്സണെയും കാണാം. ഈ കാർട്ടൂണിൽ ആര് ആരെയാണ് തുറന്നുകാട്ടുന്നത് എന്നതു സംബന്ധിച്ച ചർച്ചകൾ രസകരമായി നടക്കുന്നുണ്ട്. റിച്ചാർഡ് നിക്സണില്ലാത്ത ഒരു കാർട്ടൂണിസ്റ്റ് ഹെർബ്ലോക്കിനെ സങ്കൽപ്പിക്കാൻ പ്രയാസമാണ്. നമ്മുടെ വിഷയം മറ്റൊന്നായതു കൊണ്ട് ആ ചർച്ച അവിടെ നിൽക്കട്ടെ.

നമുക്ക് കേരളത്തിലേക്കു വരാം. ഇഎംഎസ്സിന്റെ രൂക്ഷ വിമർശകനായിരുന്നു കാർട്ടൂണിസ്റ്റ് ഒവി വിജയൻ. ഇഎംഎസ്സിലുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന ബ്രാഹ്മണ്യത്തെ ഇടക്കിടെ തോണ്ടി പുറത്തിടുന്നതിൽ വിജയൻ വലിയ ആഹ്ലാദം കണ്ടെത്തിയിരുന്നു. ഇഎംഎസ്സിനെ വരയ്ക്കുമ്പോഴെല്ലാം ഒരു പൂണൂലും അതിൽ തൂക്കിയിട്ട അരിവാൾ ചുറ്റിക നക്ഷത്രവും വരയ്ക്കാതെ വിജയന് സമാധാനം വരില്ലായിരുന്നു. ഈ കാർട്ടൂണിങ് കാലത്തെ ഒരു പുതിയകാല കാർട്ടൂണിസ്റ്റ് ഓർത്തെടുക്കുന്നുവെന്ന് വിചാരിക്കുക. ഒവി വിജയനെയും ഇഎംഎസ്സിനെയും മൈക്ക് പീറ്റേഴ്സ് ഹെർബ്ലോക്കിനെയും റിച്ചാർഡ് നിക്സനെയും ഓർത്തെടുത്ത രീതിയിൽ വരച്ചുവെന്ന് വിചാരിക്കുക. എന്തായിരിക്കും കക്ഷിരാഷ്ട്രീയഭേദം കൂടാതെ മലയാളിയുടെ പ്രതികരണം? ഒന്ന് സങ്കൽപ്പിക്കൂ.

കാർട്ടൂണിങ് എന്ന കലയുടെ സൗന്ദര്യങ്ങളുലൊന്ന് അവയുടെ ആക്രമണശേഷിയാണ്. മറ്റൊരു മാധ്യമത്തിനും ഇനിയും സാധ്യമായിട്ടില്ലാത്ത തരത്തിലുള്ള ആക്രമണശേഷി കാർട്ടൂണുകൾക്കുണ്ട്. ഒരു പത്രത്താളിലെ മറ്റേതു വിഭവത്തെക്കാളും ആകർഷണം ഒരു കാർട്ടൂൺ എളുപ്പത്തിൽ നേടിയെടുക്കുന്നു.

കാർട്ടൂണുകളുടെ ആക്രമണപരതയോട് സഹിഷ്ണുത പുലർത്തുകയെന്നത് നെഹ്രുവിയൻ ജനാധിപത്യ മൂല്യങ്ങളിൽ ഉൾച്ചേർന്ന ഘടകങ്ങളിലൊന്നായിരുന്നു. നെഹ്റു കാർട്ടൂണുകൾക്കും കാർട്ടൂണിസ്റ്റുകൾക്കും വേണ്ടി മനപ്പൂർവ്വം നടത്തിയ ശ്രമങ്ങൾ നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ കെട്ടുറപ്പ് വർധിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടിയായിരുന്നു. കാർട്ടൂണിസ്റ്റുകളോട് നെഹ്റു പുലർത്തിയിരുന്ന സൗഹൃദത്തിന്റെ അർത്ഥവ്യാപ്തി നമുക്ക് ഇത്രയാഴത്തിൽ മറ്റൊരു കാലത്തും മനസ്സിലായിട്ടില്ല.

ഇന്ത്യൻ രാഷ്ട്രീയം പ്രതിസന്ധികളെ നേരിട്ട ഘട്ടങ്ങളിലെല്ലാം രൂക്ഷമായ പ്രതികരണം നടത്തിയ കാർട്ടൂണിസ്റ്റുകളിൽ മലയാളികളുമുണ്ട്. അടിയന്തിരാവസ്ഥാ കാലത്തെ അബു അബ്രഹാമിന്റെ കാർട്ടൂണുകൾ അവയിൽ ശ്രദ്ധേയങ്ങളാണ്. എന്നാൽ മലയാളിക്ക് ഏറെ പ്രിയപ്പെട്ട അടിയന്തിരാവസ്ഥാ കാർട്ടൂണുകൾ ഒവി വിജയന്റേതാണ്. ഇവയ്ക്ക് ആരാധകർ ഏറെയുണ്ടെങ്കിലും ഒരു കാർട്ടൂണിസ്റ്റിനോട് ചോദിച്ചാൽ വിജയൻ ഒളിച്ചോടുകയായിരുന്നെന്നേ പറയൂ. തുറന്നൊരു വാക്കും അദ്ദേഹം അക്കാലത്ത് പറയുകയുണ്ടായില്ല. സെൻസറിങ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് മനസ്സിലാകാതിരിക്കാൻ എന്ന നാട്യത്തിൽ അദ്ദേഹം വരച്ച കാർട്ടൂണുകൾ ജനസാമാന്യത്തിനും മനസ്സിലാകുകയുണ്ടായില്ല. യഥാര്‍ത്ഥത്തിൽ സംഭവിച്ചതെന്താണ്? പ്രസ്തുത കാർട്ടൂണുകൾക്ക് ജനസാമാന്യത്തിനിടയിൽ പ്രവർത്തിക്കാവുന്ന വ്യാപ്തി ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. സാമാന്യജനങ്ങൾക്ക് മനസ്സിലാകാത്ത കാര്‍ട്ടൂൺ അതിന്റെ ശരിയായ കർത്തവ്യം നിർവ്വഹിക്കുന്നില്ല.

ഫ്രാങ്കോയെയും കത്തോലിക്കാസഭയുടെ ലോകത്തെമ്പാടുമുള്ള ഇടയന്മാരെയും അപമാനിക്കുംവിധം കാർട്ടൂൺ വരച്ചുവെന്ന കെസിബിസിയുടെ ആരോപണമുയരുമ്പോൾ പ്രതിഭാഗവും വാദിഭാഗവുമുണ്ട് എന്നതിൽ അത്ഭുതപ്പെടാൻ വകയുണ്ട്. അവരെ കല്ലെറിയാൻ യോഗ്യതയുള്ള ജനാധിപത്യപരമായ വളർച്ച കാർട്ടൂണിങ് രംഗത്തോ മറ്റേതെങ്കിലും ആക്ഷേപഹാസ്യ രംഗത്തോ നമുക്കുണ്ടോയെന്നതാണ് ചോദ്യം. ഇതൊന്ന് പരിശോധിക്കാൻ ഒരു ചെറിയ പരീക്ഷ കൂടി മുമ്പോട്ടു വെക്കട്ടെ: മുകളിലെ മൈക്ക് പീറ്റേഴ്സന്റെ കാർട്ടൂണിൽ ലിംഗവൃഷണാദികളുടെ സ്ഥാനത്ത് പിണറായി വിജയന്റെയോ നരേന്ദ്രമോദിയുടെയോ രാഹുൽ ഗാന്ധിയുടെയോ കാരിക്കേച്ചർ മുഖം സങ്കൽപ്പിച്ചു നോക്കൂ. ഇനി എന്തായിരിക്കും അവരുടെ അണികളുടെ പ്രതികരണമെന്ന് ആലോചിച്ചുനോക്കൂ. ഇതിന് നിങ്ങൾക്ക് കിട്ടുന്ന ഉത്തരത്തിൽ നമ്മുടെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വളർച്ചയുടെ തോത് കാണാം.

Avatar

വാനവരമ്പന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍