“മറ്റൊരാളോട് എനിക്ക് ഉള്ളിൽ അടുപ്പമുണ്ടായിരുന്നു.”
പഠനകാലത്ത് കവി ചങ്ങമ്പുഴ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെന്ന് കെആർ ഗൗരി. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ഗൗരി ഇക്കാര്യം പറഞ്ഞത്. ഇന്റർമീഡിയറ്റിന് എറണാകുളം മഹാരാജാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം.
ക്ലാസ്സെടുക്കുന്നതിനിടയിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയാണ് പഠിക്കാനായി എത്തിയവർക്കിടയിൽ ചങ്ങമ്പുഴയുമുണ്ടെന്ന് പറയുന്നത്. ചങ്ങമ്പുഴയെ കാണണോയെന്ന് ചോദിച്ചപ്പോൾ വേണമെന്ന് ക്ലാസ് മുഴുവൻ വിളിച്ചു കൂവി. കുറ്റിപ്പുഴ അദ്ദേഹത്തോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. ജുബ്ബയിട്ട മെലിഞ്ഞൊരാൾ എഴുന്നേറ്റു നിന്നു. പെൺകുട്ടികൾ പിന്നീട് കവിയുടെ പിന്നാലെയായിരുന്നെന്ന് ഗൗരിയമ്മ പറയുന്നു.
“ഒരുദിവസം കവി എന്നോടച് പ്രണയാഭ്യർത്ഥനയുമായി വന്നു. ഞാൻ നിരസിച്ചു. അന്ന് മറ്റൊരാളോട് എനിക്ക് ഉള്ളിൽ അടുപ്പമുണ്ടായിരുന്നു,” ഗൗരി വിശദീകരിച്ചു.
എംഎൻ ഗോവിന്ദൻ നായർ, എകെജി തുടങ്ങിയവരൊക്കെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിരുന്നെന്നും കെആർ ഗൗരി പറഞ്ഞു. ടിവി തോമസ് തന്നെ പിന്നാലെ നടന്ന് വീഴ്ത്തിയതാണെന്നും അവർ പറഞ്ഞു.