UPDATES

സുഗതകുമാരിയുടേത് വാര്‍ധക്യത്തിലെത്തിയ കാരണവരുടെ മുറുമുറുപ്പ്- ജെ ദേവിക

പണ്ട് സ്വാതന്ത്ര്യ സമരമായിരുന്നു പ്രശ്‌നമെങ്കില്‍ ഇന്ന് അന്തസ്സായി തലയുയര്‍ത്തി നടക്കലാണ് ഒരു പ്രശ്‌നം. അതവര്‍ക്ക് മനസ്സിലായില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.

സുഗതകുമാരിയുടെ അഭിപ്രായ പ്രകടനം വാര്‍ധക്യത്തിന്റെ ലക്ഷണമാണെന്ന് ജെ. ദേവിക. നമുക്ക് പരിചിതമല്ലാത്തതിനെ ഭയക്കുന്നത് ഒരു വാര്‍ധക്യ ലക്ഷണമാണെന്നും ദേവിക അഴിമുഖത്തോട് പറഞ്ഞു. ‘അവര്‍ പ്രായമായ സ്ത്രീയാണ്. അവരെ അതില്‍ കൂടുതല്‍ കണക്കിലെടുക്കുകയോ നമ്മള്‍ അക്കാര്യത്തില്‍ കൂടുതല്‍ ആലോചനകളിലേക്ക് കടക്കുകയോ ചെയ്യേണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മറ്റാരെപ്പോലെയും അവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അതവര്‍ പറയുന്നു. വാര്‍ധക്യത്തിന്റെ മുറുമുറുപ്പെന്നതിനപ്പുറം ആ അഭിപ്രായത്തെ ഒരുതരത്തിലും സ്വീകരിക്കാവുന്നതായിട്ട് എനിക്ക് തോന്നുന്നില്ല’ ദേവിക പറഞ്ഞു.

Also Read: സുഗതകുമാരി ബോധവത്കരിച്ചുകൊള്ളു; ഉള്ള ബോധങ്ങളെ ഇല്ലായ്മ ചെയ്യരുത്: അനശ്വര കൊരട്ടിസ്വരൂപം

തോന്നിയതുപോലെ ജീവിക്കുന്നതാണ് സ്ത്രീസ്വാതന്ത്ര്യമെന്ന് വിചാരിക്കുന്ന ഒരു തലമുറ വളര്‍ന്ന് വരികയാണ്’ എന്ന തുടങ്ങുന്ന സുഗതകുമാരിയുടെ അഭിപ്രായ പ്രകടനം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ‘വഴിതെറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നടത്തി എന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യും എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. പതിനഞ്ച് കുട്ടികളെങ്കിലും ഇങ്ങനെ തന്നോട് പറഞ്ഞിട്ടുണ്ട്. ഒരു ബാങ്ക് ഓഫീസര്‍ ഒരു ദിവസം എന്റടുത്ത് വന്ന് സങ്കടത്തോടെ പറഞ്ഞു. കോളേജില്‍ പഠിയ്ക്കുന്ന മകള്‍ എന്നും വൈകിയേ വീട്ടിലെത്തുകയുള്ളൂ, ശാസിച്ചിട്ടും രക്ഷയില്ല. ഒരു ദിവസം രാത്രി അവള്‍ വന്നതേയില്ല. പത്ത് ദിവസം കഴിഞ്ഞ് ഒരു ദിവസം രാവിലെ വീട്ടില്‍ വന്ന് കയറി. മുഷിഞ്ഞുനാറിയ നിലയിലായിരുന്നു. അവള്‍ നേരെ ബാത്ത്‌റൂമിലേക്ക് പോയി. കുളിച്ച് പുതിയ വസ്ത്രമണിഞ്ഞ് വന്നു. മാതാപിതാക്കള്‍ ശിലപോലെ നിന്നുപോയി. സുഖലോലുപതയില്‍പ്പെട്ട് പെണ്‍കുട്ടികള്‍ അതിനൊപ്പം നീന്തുകയാണ്. ലഹരി ഉപയോഗിക്കുന്ന പുരുഷന്‍ കുടുംബത്തിലോ അയല്‍പ്പക്കത്തോ ഉണ്ടെങ്കില്‍ അമ്മമാരുടെ കണ്ണ് പെണ്‍കുട്ടികളിലുണ്ടാവണം’. തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുഗതകുമാരി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ദേവിക.


സുഗതകുമാരി ചെറുപ്പമായിരുന്നപ്പോള്‍, അവരുടെ ചെറുപ്പത്തില്‍ ചെയ്ത പലകാര്യങ്ങളെക്കുറിച്ചും പഴയ കാരണവന്‍മാര്‍ ഇത് തന്നെയായിരിക്കും പറഞ്ഞിരുന്നത്. സ്വാതന്ത്യസമരത്തെ പിന്തുണക്കുകയും പരസ്യമായിട്ട് തെരുവിലിറങ്ങി സമരം ചെയ്യുകയുമൊക്കെ ചെയ്തയാളാണ്. അന്ന് അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്താണെന്നറിയാതെ ഏതൊക്കെയോ തറവാടുകളില്‍ ഏതൊക്കെയോ കാരണവന്‍മാര്‍ മുറുമുറുത്തിട്ടുണ്ട്. അത് തോന്ന്യവാസമായിട്ട് അന്നത്തെ പലര്‍ക്കും തോന്നിയിട്ടുണ്ടാവാം. അത് തോന്ന്യവാസമല്ലെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ സുഗതകുമാരി മെനക്കെടാത്ത പോലെ നമ്മളും ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല. സുഗതകുമാരി എത്ര പ്രാധാന്യം അന്നത്തെ കാരണവന്‍മാര്‍ക്ക് കൊടുത്തോ അത്രയും പ്രാധാന്യം നമ്മള്‍ ഇക്കാര്യത്തില്‍ നല്‍കിയാല്‍ മതി.

എവിടെയെങ്കിലും ഇരുന്ന് മുറുമുറുക്കുന്ന കാരണന്‍മാര്‍ക്ക് വേണ്ടതിലധികം പ്രാധാന്യം നല്‍കേണ്ടതില്ലല്ലോ? അതിലും വലിയ വെല്ലുവിളികളും പ്രശ്‌നങ്ങളും നാട്ടിലുണ്ട്. വഴിതെറ്റിപ്പോവുന്ന പെണ്‍കുട്ടികളെ വിളിച്ച് പണ്ട് കാരണവന്‍മാര്‍ ഉപദേശിച്ചിരുന്നു. ഇപ്പോള്‍ കൗണ്‍സലിംഗ് എന്നൊരു പുതിയ വാക്കുണ്ടെന്നേയുള്ളൂ. ഉപദേശിച്ച് നന്നാക്കുക എന്നതാണ് അതിന്റെ പഴയ അര്‍ഥം. പിന്നെ, അന്ന് ഉപദേശിച്ച് നേര്‍വഴിക്കാക്കാന്‍ വന്നവര്‍ക്ക് സുഗതകുമാരി വഴങ്ങിയിട്ടില്ല. അതുപോലെ തന്നെയാണ് ഇന്നും. ഇന്നത്തെ കാലം വേറെയാണ്, വെല്ലുവിളികള്‍ വേറെയാണ്. പണ്ട് സ്വാതന്ത്ര്യ സമരമായിരുന്നു പ്രശ്‌നമെങ്കില്‍ ഇന്ന് അന്തസ്സായി തലയുയര്‍ത്തി നടക്കലാണ് ഒരു പ്രശ്‌നം. അതവര്‍ക്ക് മനസ്സിലായില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.‘ ദേവിക പ്രതികരിച്ചു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍