UPDATES

ബ്ലോഗ്

കൃപേഷിനും ശരത് ലാലിനും നീതി കിട്ടണമെന്നത് സിപിഎമ്മിന്റെ കൂടി ആവശ്യമാണ്

മുഖ്യമന്ത്രി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ പോകാൻ തീരുമാനിച്ചതുപോലും, നടന്നില്ല എങ്കിലും, ഒരു വലിയ മാറ്റമാണ്

കാര്യം ഡീൻ കുര്യാക്കോസിന്റെ വക്കീൽ കോടതിയിൽ പറഞ്ഞതുവച്ചു ട്രോളുമെങ്കിലും ഞാൻ അദ്ദേഹത്തിന്റെയൊപ്പമാണ്.

രണ്ടു ചെറുപ്പക്കാർ ക്രൂരമായി വധിക്കപ്പെട്ടാൽ നാട്ടിൽ രോഷമുയരും. അവരുടെ സംഘടനയിലെ സഹപ്രവർത്തകർക്ക് അത് ചിലപ്പോൾ നിയന്ത്രിക്കാനാകണമെന്നില്ല. അപ്പോൾ ആ സംഘടനയുടെ തലവൻ എന്ന നിലയിൽ ചെയ്യാൻ പാടുള്ളതേ ഡീനും ചെയ്തുള്ളൂ എന്ന് ഞാൻ കരുതും.

അത്തരം പ്രതിഷധപ്രകടനങ്ങൾ എങ്ങിനെ ആയിരിക്കണം; ആ പ്രതിഷേധം ഇത്തരം ഒരു കൃത്യം വീണ്ടും നടക്കാതിരിക്കേണ്ടതിലേക്കു ജനാഭിപ്രായം രൂപപ്പെടുത്തേണ്ടതായിരിക്കണ്ടതല്ലേ എത്തിപ്പെടേണ്ടത് എന്ന ചോദ്യം ഉയരാം. അതോടൊപ്പം കർശനമായ നിയമനടപടികൾക്ക് സർക്കാരിനെ നിർബന്ധിക്കാനും ഉപയോഗപ്പെടേണ്ടേ എന്നും. അത്തരമൊരു പ്രതിഷധരൂപം ഹർത്താലാണെന്ന അഭിപ്രായം എനിക്കില്ല. അത് കോടതി പറഞ്ഞതുകൊണ്ടല്ല. അത് പ്രതിഷേധത്തെ ഒട്ടും മുൻപോട്ടു കൊണ്ടുപോകുന്നില്ല എന്നതുകൊണ്ടാണ്.

എന്നാൽ യൂത്ത് കോൺഗ്രസ് മാത്രമായി ഒരു പുതിയ പ്രതിഷേധരൂപം കണ്ടുപിടിക്കണം എന്ന് ഞാൻ പറയില്ല; സമൂഹമെന്ന നിലയിൽ നമ്മളെല്ലാവരും അതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അതെത്തുന്നതുവരെ ഹർത്താൽ അതിങ്ങനെ തുടരും. അതിനപ്പുറത്തേക്കുള്ള, കൂടുതൽ മെച്ചമായൊരെണ്ണം കണ്ടെത്തുന്നതുവരെ.

ഇന്നു യൂത്ത്‌ കോൺഗ്രസുകാർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിയ്ക്കുന്നതു കണ്ടു. സത്യത്തിൽ സന്തോഷം തോന്നി. കെ എസ് യു-യൂത്ത് കോൺഗ്രസ്-കോൺഗ്രസ്- സമരപരിപാടികളോട് പൊതുവെ അനുഭാവം തോന്നാത്ത ആളാണ് ഞാൻ. പലപ്പോഴും ക്യാമറയ്ക്കുവേണ്ടി നടത്തുന്ന കാട്ടിക്കൂട്ടലായാണ് കണ്ടിട്ടുള്ളത്. എങ്കിലും അതീവരക്ഷാ സന്നാഹത്തോടെ പോകുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ തല്ലുകിട്ടാനുള്ള സാധ്യതയുള്ളപ്പോൾത്തന്നെ ചാടിവീഴാനും കരിങ്കൊടി കാണിക്കാനും തങ്ങളുടെ സഹപ്രവർത്തകനുണ്ടായ അനുഭവത്തിൽ പ്രതിഷേധിക്കാനും ഞങ്ങളുണ്ട് എന്ന് നാട്ടിലെ ചെറുപ്പക്കാർ തീരുമാനിക്കുന്നു എന്നത്, ജനാധിപത്യ പ്രതിഷേധരൂപങ്ങളിൽ അവർക്കു വിശ്വാസമുണ്ട് എന്നതിന്റെ സജീവ പ്രഖ്യാപനമാണ്. (പോലീസും കാര്യത്തിന്റെ ഗൗരവം മനസിലാക്കിയാണ് പെരുമാറുന്നത് കണ്ടത്. അനാവശ്യമായ ബലപ്രയോഗം കണ്ടില്ല.)

ഈ പ്രതിഷധ പ്രകടനം തുടരേണ്ടതുണ്ട് എന്ന് പറഞ്ഞാൽ സഖാക്കളായ സുഹൃത്തുക്കളും യൂത്ത് കോൺഗ്രസുകാരും പരിഭവിക്കരുത്. പാർട്ടി പ്രവർത്തകർ പ്രതികളായി ഉണ്ടാവുമ്പോമ്പോൾ സാധാരണ ഉണ്ടാകുന്ന പ്രതികരണമല്ല ഇത്തവണ സി പി എം നേതാക്കളില്നിന്നുണ്ടായത്. പോളിറ്റ് ബ്യൂറോ അംഗങ്ങളടക്കം, സംസ്‌ഥാന മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വളരെ ശക്തമായ സ്വരത്തിൽ ഈ ക്രിമിനൽ പരിപാടിയെ തള്ളിക്കളഞ്ഞു. ഒരാളും ന്യായീകരിക്കുകയോ മൗനമായിരിക്കുകയോ പോലും ചെയ്തില്ല. മുഖ്യമന്ത്രി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ പോകാൻ തീരുമാനിച്ചതുപോലും, നടന്നില്ല എങ്കിലും, ഒരു വലിയ മാറ്റമാണ്

ഈ മാറ്റം, മറ്റെല്ലാ മാറ്റങ്ങളെയും പോലെ, സാവധാനം ഉണ്ടായതാണ്, ആകസ്മികമല്ല. കൊലപാതകങ്ങളെ, അവയുടെ കാരണമേതായാലും, രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി കാണ്ടേണ്ടുന്ന അവസ്‌ഥയിലല്ല കേരളമിപ്പോൾ എന്ന കാര്യത്തിൽ രാഷ്ട്രീയനേതാക്കളുടെ ഇടയിൽപ്പോലും ഒരു സമവായമുണ്ട്. അതും ആകസ്മികമല്ല. കുറച്ചുകാലമായി ആര് കൊല്ലപ്പെട്ടാലും ശക്തിയായ പ്രതിഷധം നാട്ടിൽ ഉയരുന്നുണ്ട്. ശുഹൈബിന്റെ കൊലപാതകം ഒരുവിധം മനുഷ്യരെ ഞെട്ടിച്ചിരുന്നു; അഭിമന്യുവിന്റെ കൊലപാതകം അതിനു ആക്കം കൂട്ടി. ഇപ്പോൾ കൃപേഷിന്റേയും ശരത്ത്‌ലാലിന്റെയും അനുഭവത്തോടെ ഇനിയിത്തരം ഒരു കാര്യത്തോട് സന്ധിയില്ലാ എന്നൊരു പൊതുബോധം രൂപംകൊണ്ടുതുടങ്ങി. ഈ സമ്മർദ്ദത്തിന്റെകൂടി ഫലമായാണ് നേതാക്കൾ നിരനിരയായി വന്നു അതിനെ തള്ളിപ്പറഞ്ഞത്.

ഈ സമ്മർദ്ദം ഇനിയുമുണ്ടാകേണ്ടതുണ്ട്.

കാരണം, ‘ശാരീരികപ്രതിരോധത്തെക്കുറിച്ച്’ വലിയ ചെലവില്ലാതെ ഉദ്ബോധിപ്പിക്കുന്നവർ ഇപ്പോഴുമുണ്ട് നമ്മുടെ ഇടയിൽ. അത്തരം ആളുകൾ എല്ലാ പാർട്ടികളിലും ഉണ്ട്; അവയുടെ വാക്കുകൾ ശ്രദ്ധിക്കുന്നവർ ഓരോ പാർട്ടിയുടെയും മുകളിലുമുണ്ട്. ആ സമ്മർദ്ദം അങ്ങിനെ തുടരുന്ന കാലത്തോളം ഈ വർത്തമാനം പറയുന്ന നേതാക്കൾക്കുപോലും എത്രകണ്ട് പിടിച്ചു നിൽക്കാനാകും എന്നറിയില്ല. അതുകൊണ്ട്, ഏതു ചെറിയ വിട്ടുവീഴ്ചയും നിർദ്ദാക്ഷിണ്യം എതിർക്കപ്പെടും എന്നുള്ള സന്ദേശം സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്നത് ഇപ്പോൾ പ്രതിസ്‌ഥാനത്തുള്ള സി പി എമ്മിനും അതിന്റെ നേതാക്കൾക്കും തങ്ങളുടെ വാക്കിൽ ഉറച്ചുനിൽക്കാനുള്ള കാരണമാകും; വിട്ടുവീഴ്ചകൾക്കെതിരെയുള്ള പ്രതിരോധമാകും.

എന്നുവച്ചാൽ, കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബത്തിന് നീതി കിട്ടുക എന്നത് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും മാത്രം ആവശ്യമല്ല; അത് സി പി എമ്മിന്റെയും ആവശ്യമാണ്. കൊലപാതകങ്ങൾക്കും ഹർത്താലുകൾക്കും പകരംനിൽക്കാനുള്ള മെച്ചപ്പെട്ട രാഷ്ട്രീയ പ്രയോഗരൂപങ്ങൾ കണ്ടുപിടിക്കാനുള്ള സമൂഹത്തിന്റെ ഒന്നാകെയുള്ള ആവശ്യം.

അതുകൊണ്ടുതന്നെ കരിങ്കൊടി കാണിക്കുന്നവരും അത് കാണുന്ന മുഖ്യമന്ത്രിയുമൊക്കെ ആ ശ്രമത്തിന്റെ ഭാഗങ്ങളാണ് എന്ന് ഞാൻ കരുതുന്നു.

അവർ ഇരുകൂട്ടരും വിജയിക്കേണ്ടതുണ്ട്. തോൽക്കേണ്ടത് കൊലപാതകികളാണ്, അവരുടെ പിന്തുണക്കാരും.

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍