UPDATES

ട്രെന്‍ഡിങ്ങ്

മണിയനെ മറക്കില്ല, പൂതാടി, നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന കാട്ടനയ്ക്ക് സ്മാരകം ഒരുക്കുന്നു

മണിയന് മറ്റൊരു പ്രത്യേകതയുണ്ട് പൂതാടി പഞ്ചായത്തു വിട്ട് മറ്റൊരിടത്തേക്ക് ഇത് പോയിതായി അറിവില്ല.

ഒരു മനുഷ്യൻ മരിക്കുമ്പോൾ ഒരു നാട് മുഴുവൻ കരയുന്നതിൽ വലിയ വാർത്തയൊന്നുമില്ല.  എന്നാൽ ഒരു കാട്ടാന മരിക്കുമ്പോൾ ഒരു നാടുമുഴുവൻ കരയുന്നത് പതിവു കാഴ്ചകളിൽ നിന്നും വ്യത്യസ്ഥമാണ്. അങ്ങനെ ഒരുപാട് വ്യത്യസ്ഥതകളുള്ള കാട്ടാനയായിരുന്നു വയനാട്ടുകാർ മണിയൻ എന്നു ചെല്ലപ്പേരു നൽകിയ കാട്ടാന. ഈയിടെ ചെരിഞ്ഞ മണിയനോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവുന്നതല്ല. ഏറെ ദുഃഖത്തോടെയാണ് മണിയനെ നാട്ടുകാർ യാത്രയാക്കിയത്.  മണിയനോടുള്ള സ്നേഹം കാരണം സ്മാരകം നിർമ്മിക്കാനൊരുങ്ങുകയാണ് നാട്ടുകാർ, പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ.

പൂതാടി പഞ്ചായത്താണ്  ഒരു പക്ഷെ ഇതാദ്യമായി കാട്ടാനയ്ക്കായി സ്മാരകം നിർമ്മിക്കാനൊരുങ്ങുന്നത്.  ഈ തീരുമാനം യഥാർത്ഥത്തിൽ  പഞ്ചായത്ത് അധികാരികളുടെതായിരുന്നില്ല. ഒരു ഗ്രാമത്തിന്റെ മുഴുവൻ ആഗ്രഹമായിരുന്നു.

ഇത് ഞങ്ങളുടെ ഒരാളുടെ ആശയമൊ തീരുമാനമൊ ഒന്നും ആയിരുന്നില്ല. മണിയന്റെ സ്മാരകത്തിനു വേണ്ടി ഒരു ജനകീയ കാഴ്ചപ്പാടുണ്ടാവുകയായിരുന്നു. ഒരു വലിയ സമൂഹം മുഴുവൻ ചേര്‍ന്നാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ശോഭന സുബ്രഹ്മണ്യൻ പറഞ്ഞു.

നിലവിൽ സ്മാരക നിർമ്മിക്കണം എന്ന തീരുമാനം മാത്രമെ എടുത്തിട്ടുള്ളൂ. അത് എങ്ങനെ വേണമെന്നോ അതിനായി എത്ര തുക ചിലവഴിക്കേണ്ടി വരുമെന്നോ തീരുമാനമായിട്ടില്ല. അതിനായി ഈ മാസം  16 ന് പൂതാടി പഞ്ചായത്ത്തല യോഗം പ്രസിഡന്റ് വിളിച്ചു ചേർത്തിട്ടുണ്ട്.

തീരുമാനം എടുത്തു കഴിഞ്ഞു. ഇനി എങ്ങനെ കെട്ടിട നിർമ്മാണം നടത്തണം, അതിനായി എത്ര രൂപ ചെലവഴിക്കേണ്ടി വരും, പഞ്ചായത്തിൽ നിന്നും നിര്‍മാണത്തിനായുള്ള പണം അനുവദിക്കുമൊ എന്നെല്ലാം തീരുമാനിക്കുന്നത് 16നായിരിക്കും. ജനകീയ കമ്മിറ്റിയാണ് സ്മാരകം വേണം എന്ന തീരുമാനം ഇപ്പോൾ എടുത്തിരിക്കുന്നത്. വനം വകുപ്പിൻ്റെയും  ഗ്രാമ പഞ്ചായത്തിന്റെയും അംഗീകാരം ഉണ്ടെങ്കിൽ മാത്രമെ സ്മാരക നിർമ്മാണത്തിന്റെ മറ്റ് കാര്യങ്ങളിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂ. ശോഭന സുബ്രഹ്മണ്യൻ കൂടിച്ചേർത്തു.

സ്മാരകം നിര്‍മ്മിക്കുന്നത് ഒരു മൃഗത്തിനായതിനാൽ തന്നെ ഫണ്ട് അനുവദിക്കുന്നതിന്  സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടോ എന്നൊന്നും വ്യക്തമല്ല. സ്പോൺസർ ഷിപ്പിൽ നിർമ്മിക്കാന്‍ ആണെങ്കിലും സഹായിക്കാൻ ഒരുപാട് പേര്‍ തയ്യാറാണെന്നും അതിന് മനസ്സുളള ഒരുപാട് പേർ ഇവിടെ തന്നെ ഉണ്ടെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. ഫണ്ട് സ്വരൂപിക്കുന്നത് സംബന്ധിച്ചും 16 ന് തീരുമാനമെടുക്കും

ഇരുളം ഫോറസ്സ് ഓഫീസിനോട് ചേർന്ന് സ്മാരകം നിർമ്മിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.

ഒരു മൃഗത്തിന്, അതും ഒരു കാട്ടാനയ്ക്ക് സ്മാരകം നിർമ്മിക്കുന്നതെന്തിന് എന്നു ചിന്തിക്കുന്നവർ ഉണ്ടായേക്കാം. എന്നാല്‍ ഞങ്ങൾക്കൊരിക്കലും ഒരു മൃഗത്തിന്റെ ലേബലിൽ അതിനെ കാണാൻ കഴിയില്ല. അത്രയും സ്നേഹമായിരുന്നു അതിന് ഞങ്ങളോടും ഞങ്ങൾക്ക് അതിനോടും. ഞങ്ങളൊക്കെ വരുമ്പോഴും പോകുമ്പോഴും റോഡിൽ ഞങ്ങളെ നോക്കി നിൽക്കുമായിരുന്നു മണിയൻ. ഞങ്ങള്‍ ഒരിക്കലും ഒരു മൃഗമായി അതിനെ കണ്ടിട്ടില്ല. ഒരു മനുഷ്യനെ പോലെ തന്നെയായിരുന്നു. ഇന്നു വരെ ഒരാളെ പോലും ഈ ആന ഉപദ്രവിച്ചിട്ടില്ല. മനുഷ്യൻമാർ അതിനെ കുളിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട്. ഒരിക്കലും  അത് ഒരു ഉപദ്രവും ഇന്നു വരെ ചെയ്തിട്ടില്ല. ശോഭന പറയുന്നു.

മണിയന്‍റെ കൊമ്പുകൾ രണ്ടും കൂടി പോയതിനാൽ തന്നെ തുമ്പികൈ മുകളിലോട്ട് പൊക്കാൻ സാധിക്കില്ലായിരുന്നു. അതിനാൽ തന്നെ നിലത്തു കിടക്കുന്ന ഭക്ഷണ സാധനങ്ങളൊ അല്ലെങ്കിൽ ആരെങ്കിലും കൊടുക്കുന്ന ഭക്ഷണമൊ മാത്രമെ അതിന് ലഭിക്കയുള്ളൂ. ആദ്യമൊക്കെ എല്ലാവർക്കും നല്ല പേടിയായിരുന്നു. പിന്നെ പിന്നെ ആളുകൾ ഭക്ഷണമൊക്കെ എറിഞ്ഞു കൊടുക്കാൻ തുടങ്ങി. അങ്ങനെ എറിഞ്ഞു കൊടുത്ത് കൊടുത്താണ് മനുഷ്യരുമായി മണിയന് ഇണക്കം വന്നത്. ഒരു കാട്ടാന സധാണ മനുഷ്യരോട് ഇണങ്ങുക എന്നത് സാധ്യതയില്ലാത്ത ഒന്നാണ്. പോറ്റാനകള്‍ മാത്രമാണല്ലൊ മനുഷ്യരുമായി ഇണങ്ങാറുള്ളൂ. അല്ലാത്ത ആനകളെല്ലാം പൊതുവില്‍ ആക്രമ സ്വഭാവികളായിരിക്കും. ഇവിടെമണിയന്‍റെ കാര്യം ശരിക്കും അത്ഭുതമാണ്. ടൗണിലേക്ക് പോലും പലപ്പോഴും ഇറങ്ങി വരുമായിരുന്നു അവന്‍. സാധാരണയായി ഒരുപാട് ആനകൾഇറങ്ങുന്ന ഒരു സ്ഥലമാണ് ഇവിടം. ആനകളുടെ ഘോഷയാത്രയായിരക്കും. അക്രമകാരികളായിരിക്കും ഇത്തരത്തിൽ ഇറങ്ങുന്ന ആനകൾ അധികവും. അങ്ങനെ വന്ന ആന തന്നെയാണ് മണിയനെ ആക്രമിച്ചതും. ഒരു ആക്രമണത്തെ ചെറുത്തു നിൽക്കാൻ മാത്രമുള്ള ആരോഗ്യം മണിയന് ഇല്ലായിരുന്നു. ശോഭന പറഞ്ഞു.

മണിയന് മറ്റൊരു പ്രത്യേകതയുണ്ട് പൂതാടി പഞ്ചായത്തു വിട്ട് മറ്റൊരിടത്തേക്ക് അത് പോയിതായി അറിവില്ല. മൂടക്കൊല്ലി മുതൽ ചേലക്കൊല്ലി, ഇരുളം, തുടങ്ങി ഈ പഞ്ചായത്തിന്റെ അങ്ങോളം ഇങ്ങോളമാണ് ഇത് നടക്കുന്നത്. നെയ്ക്കുപ്പ, ഇരുളം, ചേലക്കൊല്ലി, മൂടക്കൊല്ലി, കക്കടം കുന്ന് ഇത്രയും പ്രദേശങ്ങളാണ് പഞ്ചായത്തിന്റെ അതിർത്തി. ഈ അതിര്‍ത്തി വിട്ട് മണിയൻ എങ്ങും പോകാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഒരു നാടിന്റെ മുഴുവൻ പൊന്നോമനയായ മണിയൻ കഴിഞ്ഞ ശനിയാഴ്ചയാണ് മറ്റൊരു കാട്ടാനയുടെ ആക്രമണത്തിനിരയായി ചരിഞ്ഞത്.കാട്ടിനുള്ളിലാണെങ്കിൽ പോലും മണിയൻറെ സംസ്കാരത്തിന് വലിയ ജനക്കൂട്ടം എത്തിയിരുന്നു

Read More : ‘ആനമാറാട്ടം നടത്തി കാട്ടിലെത്തിയവനായിരുന്നോ മണിയന്‍’; പുല്‍പ്പള്ളിക്കാരുടെ സ്വന്തം കാട്ടാന ‘മരിച്ചു’

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍