UPDATES

വായന/സംസ്കാരം

ആരാണ് ശശി? എന്താണ് ശശി? എന്തുകൊണ്ടാണ് ശശി? ഇടതു ബുജികൾ മുതൽ ബാലചന്ദ്രമേനോൻ വരെ ഐക്യപ്പെടുന്ന ‘ശശി’യുടെ ജീവിതവും കാലവും

ശശി എന്ന പതിതമായ വാക്കിന്റെ സമീപകാല സാമൂഹ്യചരിത്രം അന്വേഷിക്കുന്നു.

പതിതമായ വാക്കുകളെ ചരിത്രത്തിലെമ്പാടും നമുക്ക് കണ്ടെത്താനാകും. പത്തെഴുന്നൂറ് കൊല്ലം മുമ്പ് നമ്മുടെ ഭാഷ ഉരുത്തിരിഞ്ഞു വന്നു തുടങ്ങിയ കാലം മുതലേ വാക്കുകളെ സംബന്ധിച്ച പതിതത്വം നിലവിലുണ്ട്. ജീവിതത്തിൽ നിന്നാണല്ലോ വാക്കുകളുണ്ടാകുന്നത്. ഒഴിച്ചുനിറുത്തപ്പെട്ട ജീവിതങ്ങൾ പതിതമായ വാക്കുകളെയും സ‍ൃഷ്ടിക്കുന്നു. പലതരത്തിലുള്ള തല്ലിയോടിക്കലുകളും കുടിയിറക്കലുകളും കുടിയേറ്റങ്ങളും നടക്കുന്ന നമ്മുടെ കാലത്ത് ഭാഷയിൽ അവരെ സൂചിപ്പിക്കുന്ന വാക്കുകൾ രൂപപ്പെടുകയും അവയ്ക്ക് അശ്ലീല പദവി ലഭിക്കുകയും ചെയ്യുന്നു. എങ്കിലും ഈ വാക്കുകള്‍ക്കൊന്നും തന്നെ പൂർണമായ സ്വീകാര്യത ലഭിക്കണമെന്ന് നിർബന്ധമില്ല. ചരിത്രത്തിൽ നീണ്ടകാലത്തെ ഉപയോഗത്തിലൂടെ മാത്രമേ ഏതാണ്ടൊരു പൊതുസമ്മതമുള്ളതെന്ന് വിളിക്കാവുന്ന തരത്തിൽ വാക്കുകൾ സ്ഥിരപ്രതിഷ്ഠ നേടാറുള്ളൂ. ഓരോ വാക്കും അധികാരങ്ങളും അവകാശങ്ങളുമുള്ള സ്ഥാപനങ്ങളായി പരിണമിക്കുന്നു. പ്രസ്തുത വാക്കുകൾ ആരെയെല്ലാം ലക്ഷ്യമാക്കുന്നുവോ അവരെല്ലാം ഏതാണ്ട് കീഴടങ്ങിക്കഴിഞ്ഞെിരിക്കുമെന്ന് ഈ സ്ഥാപനവൽക്കരണം സൂചിപ്പിക്കുന്നു. ആ വാക്കുകളുടെ ഇരകൾ പോലും അവയെ സാധാരണമെന്ന പോലെ ഉപയോഗിച്ചു തുടങ്ങുന്നു.

ആധുനിക മലയാളിയുടെ ‘പുരോഗമനപര’മായ ആധുനിക ജീവിതത്തിലും ഇത്തരം വാക്കുകൾ രൂപം കൊള്ളുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ‘പുരോഗമിച്ചു കഴിഞ്ഞെ’ന്ന ആധുനികമലയാളിയുടെ മധ്യവർഗ ജാഡയ്ക്ക് തികച്ചും ചേരുന്ന വിധത്തിൽ, സംഘടിത സ്വഭാവമുള്ളതോ ചിതറിക്കിടക്കുന്നതോ ആയ രൂപമുള്ള യാതൊന്നിനെയും നേരിട്ടാക്രമിക്കാതെ കാര്യം സാധിച്ചു വരുന്ന തരം ശേഷിയോടെ പതിതത്വം കൽപ്പിക്കപ്പെട്ട ഒരു വാക്കാണ്, നാമരൂപമാണ് ‘ശശി’.

സമീപകാലത്താണ് ഈ വാക്ക് രൂപപ്പെട്ടത്. സമൂഹത്തിലെ എല്ലാ തുറകളിൽ പെട്ടവരും ഈ വാക്കിന്റെ ഉടമസ്ഥത ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പുരോഗമന നിലപാടുകൾ പുലർത്തുന്ന ബുദ്ധിജീവികളും ഈ വാക്കിനെ അതിന്റെ ഉറവിടമന്വേഷിക്കാതെ, അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ ആരായാതെ ഉപയോഗിച്ചു വരുന്നു. സോഷ്യൽ മീഡിയയിലെ വിഖ്യാതരായ ഇടത് ബുദ്ധിജീവികൾ മുതൽ ബാലചന്ദ്രമേനോൻ വരെയുള്ളവർ ഈ വാക്കിനെ ഒരേ അർത്ഥത്തിൽ ഉപയോഗിക്കുന്നു. ഈ ‘ഐക്യം’ അത്രകണ്ട് സദുദ്ദേശ്യപരവും നിഷ്കളങ്കവുമാണെന്ന് ധരിക്കുക വയ്യ. തികച്ചും നിരപരാധിയായ ഒരു വാക്കിന് ഏതാണ്ട് നിരോധനത്തോളം പോന്ന പതിതത്വം സംഭവിച്ചിട്ടും അതിനെ എത്ര ലാഘവത്തോടെയാണ് മലയാളിയുടെ ബൗദ്ധികലോകം നോക്കിക്കാണുന്നതെന്ന് നോക്കൂ. എന്ത് കൊടിയ യുദ്ധക്കുറ്റമാണ് ‘ശശി’ എന്ന നാമം മലയാളികളോട് ചെയ്തതെന്ന് വിശകലനം ചെയ്യാൻ സമയമായിട്ടുണ്ടെന്നു തോന്നുന്നു. ഇവിടെ ലേഖകൻ ശ്രമിക്കുന്നത് ശശി എന്ന പതിതമായ വാക്കിന്റെ സമീപകാല സാമൂഹ്യചരിത്രം (വലിയ സന്നാഹങ്ങളുടെ പിൻബലമില്ലാതെ) അന്വേഷിക്കുകയാണ്.

ഈ ഗവേഷണത്തിൽ ശശിയെക്കുറിച്ച് ലഭിച്ച വിവരങ്ങൾ നൽകുന്ന സൂചനകൾ ഇപ്രകാരമാണ്: ശശി ഒരു മെയ്ക്കാട് പണിക്കാരനാണ്. ‘മെയ്ക്കാട് ശശി’ എന്നാണ് മുഴുവൻ പേര്. ‘മെയ്ക്കാട്’ എന്നത് കോൺക്രീറ്റ് പണിയെ സൂചിപ്പിക്കാൻ തിരു-കൊച്ചി ഭാഗത്ത് ഉപയോഗിച്ചുവരുന്ന വാക്കാണ്. മലബാറിൽ കോൺക്രീറ്റു പണിയെ വിശേഷിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കാറില്ല. അയാൾക്ക് ഒരു ഭാര്യയുണ്ടെന്നും അറിയുന്നു. ‘മെയ്ക്കാട് ശാന്ത’ എന്നാണ് പേര്. ഇവരും കോൺക്രീറ്റ് പണിക്കു പോകുന്നയാളാണ്. ഇവർക്ക് മക്കളുണ്ടോ എന്ന അന്വേഷണവും നടത്തുകയുണ്ടായി. ഇതിൽ നിന്ന് ദുരൂഹങ്ങളായ ചില സൂചനകൾ മാത്രമാണ് ലഭിച്ചത്. അതെക്കുറിച്ച് താഴെയുള്ള വിശകലനത്തിൽ പ്രതിപാദിക്കുന്നുണ്ട്.

വളരെ ചുരുങ്ങിയ കാലം മുമ്പു മാത്രമാണ് ശശി എന്ന നാമം ഇന്ന് പൊതുവിൽ മനസ്സിലാക്കപ്പെടുന്ന രീതിയിൽ ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. സലിംകുമാർ ഒരു സിനിമയിൽ ‘മധ്യ തിരുവിതാംകൂർ ഭരിച്ചിരുന്ന മഹാരാജാവിന്റെ പേര് ശശി’ എന്നൊരു വിഖ്യാതമായ നിർവചനം ശശിക്ക് നൽകുകയുണ്ടായി. ഇതാണ് ലഭ്യമായ ആദ്യ ആധികാരിക റഫറൻസ് എന്നു തോന്നുന്നു. ഈ നിർവചനത്തിന്റെ ധ്വനികളിൽ നിന്നു തന്നെ തന്നെ ശശി ആരാണെന്ന് വെളിപ്പെടുന്നുണ്ട്.

മധ്യവർഗകേന്ദ്രിതമായ കേരളത്തിന്റെ സാമൂഹികപരിസരങ്ങളിൽ ഒരു പുറമ്പോക്കാണ് ശശി എന്ന് ലളിതമായൊരു നിർവ്വചനം കൊടുക്കാവുന്നതാണ്. പുതിയ കാലത്തിന്റെ രീതികളോട് ശശിക്കുള്ള പ്രതികരണം തീർത്തും ‘ശശീയ’മായ ഒരു രീതിയിലാണ്. എല്ലാ കാര്യങ്ങളിലും അയാൾക്ക് സ്വന്തമായ അഭിപ്രായങ്ങളുണ്ടാകാം. അവ പക്ഷേ മുഖ്യധാരാ ഇടങ്ങളിൽ പരിഗണിക്കപ്പെടത്തക്ക നിലയിൽ ഭാരമുള്ളവയല്ല എന്നുമാത്രമല്ല, പരിഹസിക്കപ്പെടേണ്ടവ കൂടിയാണ്. അയാളെ പരിഹസിക്കുന്നതിലൂടെ താന്താങ്ങളുടെ ഉള്ളിലുണ്ടെന്ന് അവർ ഭയപ്പെടുന്ന ആ ‘ശശി’യെ മെരുക്കിനിറുത്തുവാൻ സാധിക്കുമെന്നും കണക്കുകൂട്ടലുണ്ട്. ഇക്കാരണങ്ങളാൽ ശശിയുടെ വചനങ്ങൾക്കായി, പ്രവൃത്തികൾക്കായി സമൂഹം ജാഗരൂകമാണ്.

ശശി സ്വന്തം തൊഴിലിൽ വേണ്ടത്ര വൈദഗ്ധ്യം നേടിയ ഒരാളല്ല. അയാളുടെ സൃഷ്ടികൾക്കെല്ലാം എന്തെങ്കിലുമൊരു ശരികേട് എപ്പോഴും കൂട്ടിനുണ്ടാകും. അയാളുടെ കുട്ടികളുടെ കാര്യത്തിൽ പോലും ഇത് ശരിയാണ്. ഈ പ്രഫഷണൽ വൈദഗ്ധ്യമില്ലായ്മയാണ് അയാൾ സമൂഹത്തിൽ പരിഹസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

അക്ഷരജ്ഞാനമുള്ള ഒരു മലയാളി തന്നെയാകാം ശശി. എന്നാൽ, അയാൾ നിറയെ അക്ഷരപ്പിശകുകൾ വരുത്താനിടയുണ്ട്. എപ്പോഴും മറ്റുള്ളവരാൽ കബളിപ്പിക്കപ്പെടുന്നു എന്നതാണ് ശശിയുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളിലൊന്ന്. എളുപ്പം പറഞ്ഞുപറ്റിക്കാവുന്ന ഒരാളാണയാൾ.

സോഷ്യൽ മീഡിയ ഇടങ്ങളിൽ ‘പാലാരിവട്ടം ശശി’ പോലുള്ളവ കൂടാതെ മെയ്ക്കാട് ഷാജി, മെയ്ക്കാട് ഷിബു മേസ്തിരി തുടങ്ങിയ പേരുകളിലും ശശിയെ കണ്ടെത്താവുന്നതാണ്. അവരുടെയെല്ലാം പ്രൊഫൈൽ ചിത്രങ്ങളടക്കമുള്ളവ ശശിയെ കൃത്യമായി കാണിച്ചുതരുന്നുണ്ട്. അയാൾ പുതിയകാല മധ്യവർഗമലയാളിയെ അപേക്ഷിച്ച് സാമാന്യത്തിലധികം കറുത്തിട്ടാണ്. അയാളുടെ നോട്ടത്തിൽ അർണാബ് ഗോസ്വാമിയെ കണ്ട രാഹുൽ ഗാന്ധിയുടെ കണ്ണിലുള്ളതിനെക്കാൾ പതിന്മടങ്ങ് അളവിൽ ശൂന്യതയുണ്ട് എന്നുതോന്നാം. തന്റെ ചിരി സ്വീകരിക്കപ്പെടുന്ന ഒന്നല്ലായെന്ന് അയാൾക്കുതന്നെ തോന്നുന്നുണ്ട്. ചിലപ്പോൾ മുഖം കുനിച്ച്, കൃഷ്ണമണികൾ ഒരു ആന്തരികവിസമ്മതത്തോടെ ഉയർത്തി പൊതുസമൂഹത്തെ നോക്കുന്നു. എല്ലാം അയാൾക്കു മനസ്സിലാകുന്നുണ്ട് എന്ന് മറ്റുള്ളവർക്ക് ബോധ്യം വരാത്തത്രയും അയാൾ  അപകർഷബാധിതനാണ്. പുതിയകാലം കൊണ്ടുവന്ന വൻതോതിലുള്ള സാമൂഹികമാറ്റങ്ങളിൽ ഒന്നുപോലും ശശിയെ ബാധിച്ചിട്ടില്ല. കടുത്ത മദ്യപാനിയാണ്. മദ്യപിക്കുക മാത്രമല്ല, വീട്ടിൽചെന്ന് ഭാര്യയെ നന്നായി തല്ലുകയും ചെയ്യുന്നു.

ശശിയുടെ ഭാര്യ ശാന്തയും മെയ്ക്കാടു പണിക്കാരിയാണ്. ലഭ്യമായ വിവരങ്ങളിൽ നിന്ന് മനസ്സിലാക്കാനാവുന്നത്, മധ്യവർഗ മലയാളിയുടെ വിക്ടോറിയൻ മൂല്യബോധത്തോട് ഇടഞ്ഞുനിൽക്കുന്ന ഒരാളാണ് ശാന്ത എന്നാണ്. അവർക്ക് പണിസ്ഥലത്ത് നിരവധി ‘അവിഹിത’മെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബന്ധങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി, മെയ്ക്കാട് ശാന്തയുടെ അവിഹിതങ്ങളിൽ പലതും ശശിയുടെ കാർമികത്വത്തിൽ നടക്കുന്നതാണ് എന്നതാകുന്നു. ഇതിന് അയാൾ പണം പറ്റുന്നുണ്ടായിരിക്കാം, അല്ലെങ്കിൽ കള്ള് പറ്റുന്നുണ്ടായിരിക്കാം.

ശാന്തയുടെ കുട്ടികളുടെ കാര്യം പരാമർശിക്കപ്പെടുമ്പോഴെല്ലാം മേൽപറഞ്ഞ സംഗതിക്ക് ഊന്നൽ ലഭിക്കുന്നു. അവിടെ ശശി പാട്രിയാർക്കൽ മധ്യവർഗകുടുംബങ്ങളിലെ ‘സർവാധികാരി’യായ പുരുഷനാവാൻ കഴിയാതെ പരാജയപ്പെട്ട് പിൻമടങ്ങുന്നതായി അഥവാ ‘ശശിയായി’ത്തീരുന്നതായി നമ്മൾ കാണുന്നു.

ശശിയുടെ സ്വത്വം ഇങ്ങനെയൊക്കെയാണെങ്കിലും ശശി എന്ന് പൊതുസമൂഹത്തിൽ വിളിക്കപ്പെടുന്ന എല്ലാവർക്കും അതേ സ്വത്വം ഉണ്ടാകണമെന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. പലപ്പോഴും ശശിയുടെതെന്ന് ആരോപിതമായ വഴിയുടെ നേർവിപരീതദിശയിൽ നടക്കുന്നവർ (അല്ലെങ്കിൽ അങ്ങനെ നടിക്കുന്നവർ) വരുത്തുന്ന അബദ്ധങ്ങളാണ് അവരെ ശശിയാക്കി മാറ്റുന്നത്. ‘വെള്ളികെട്ടിയ ചൂരൽവടിയുമായി വെളുത്ത കുതിരപ്പുറത്തേറി’* വിക്ടോറിയൻ കാലത്തിൽ നിന്നും നിങ്ങളുടെ അപകർഷതയിലേക്ക് സഞ്ചരിച്ചെത്തുന്ന, അല്ലെങ്കിൽ അത്രത്തോളം ആഴത്തിലേക്കു നീണ്ട വേരുകളുള്ള നിങ്ങളുടെ തന്നെ ഉപരിവർഗമോഹമാണ് ശശിയുടെ ‘പിതാവ്’. നിങ്ങൾക്കിടയിൽ ഇതൊരു വിമർശനോപാധിയായി ഉപയോഗിക്കപ്പെടുന്നു. നിങ്ങൾ നിങ്ങളുടെ സ്വയാരോപിതസ്വത്വത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്നതിന്റെ ഒരോർമപ്പെടുത്തലുകളാണ് എപ്പോഴും ആ വിമർശനം.

ഈപ്പറഞ്ഞ ശശിയുടെ ജനനത്തെ എതെങ്കിലും സർക്കാസം ഡിറ്റക്ഷൻ പദ്ധതികളുടെ തലയിലിട്ട് രക്ഷപ്പെടാൻ കഴിയില്ല മലയാളിക്ക്.

ആരാലും ചോദ്യം ചെയ്യപ്പെടാതെ പതിതനായ ശശി നമ്മുടെ ഭാഷയിൽ ഇനിയും ഏറെക്കാലം നിലനിന്നേക്കാം. ഉച്ചതിരിഞ്ഞ് വെൺമണിശ്ലോകം ശ്രവിച്ചുറങ്ങിയെണീറ്റതിനു ശേഷം നാലുംകൂട്ടിയൊന്നു മുറുക്കി മുറ്റത്തേക്ക് നീട്ടിത്തുപ്പുന്ന മലയാളി പുരുഷൻ എല്ലാ ഓണത്തിനും വിമാനം കയറിയെത്താറുണ്ടല്ലോ.

*വൈലോപ്പിള്ളിയുടെ കുടിയൊഴിക്കൽ
വര: സന്ദീപ് കരിയൻ

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍