UPDATES

‘ഞങ്ങൾ പാടാൻ അനുമതി കൊടുത്തയാൾ’ എന്നതായിരുന്നു ബ്രാഹ്മണ്യത്തിന് യേശുദാസിനോടുള്ള സമീപനം; അദ്ദേഹത്തിന്റെ പാഠഭേദങ്ങൾക്ക് പിന്തുടര്‍ച്ച ഉണ്ടായില്ല: ടിഎം കൃഷ്ണ

സംഗീതത്തിൽ നിലവിൽ പിന്തുടരപ്പെടുന്ന ശ്രേണീബദ്ധതയും യഥാർത്ഥത്തിൽ അധികാരത്തിന്റേതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കർണാടക സംഗീതത്തിന് പരമ്പരാഗതമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള പാഠങ്ങള്‍ക്കു പുറത്തേക്ക് നീങ്ങാൻ ഗായകൻ യേശുദാസ് നടത്തിയ ശ്രമങ്ങള്‍ക്ക് വേണ്ടത്ര പിന്തുടർച്ചയുണ്ടായില്ലെന്ന് സംഗീതജ്ഞൻ ടിഎം കൃഷ്ണ. ഇതിന് കാരണങ്ങൾ പലതാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യേശുദാസിന്റെ അത്തരം ശ്രമങ്ങൾ എതിര്‍ക്കപ്പെട്ടിരുന്നിരിക്കാമെങ്കിലും കർണാടക സംഗീതത്തിലെ ബ്രാഹ്മണ്യത്തിൽ നിന്ന് കടുത്ത എതിർപ്പുകളെ നേരിടേണ്ടി വന്നില്ല. ഇതിനു കാരണം അദ്ദേഹം വ്യവസ്ഥയ്ക്ക് പുറത്തു നിന്നും വന്നയാൾ എന്ന പ്രത്യേകതയായിരുന്നെന്നും കൃഷ്ണ നിരീക്ഷിച്ചു. കർണാടക സംഗീതരംഗത്ത് ‘തങ്ങൾ പാടാൻ അനുവാദം കൊടുത്തയാൾ’ എന്നതായിരുന്നു ബ്രാഹ്മണ്യത്തിന് യേശുദാസിനോടുള്ള മനോഭാവം. എന്നാൽ, അതേ പാട്ടുകൾ താൻ പാടുകയാണെങ്കിൽ അത് താരതമ്യേന കൂടിയ തോതിൽ പ്രശ്നവൽക്കരിക്കപ്പെടുന്നു. താൻ പ്രസ്തുത വ്യവസ്ഥയ്ക്കകത്ത് ‘അധികാരമുള്ള ബ്രാഹ്മണ പുരുഷൻ’ ആണ് എന്നതാണ് ആ എതിർപ്പിന് കാരണം.

കർണാടക സംഗീത കച്ചേരികളിൽ നിലവിൽ പിന്തുടരപ്പെടുന്ന ശ്രേണീബദ്ധത യഥാർത്ഥത്തിൽ അധികാരത്തിന്റേതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമൂഹത്തെ ശ്രേണീകരിക്കലാണ് യഥാർത്ഥത്തിൽ അതിനകത്ത് നടക്കുന്നത്. വർണത്തിൽ തുടങ്ങുകയും കീർത്തനത്തിലൂടെ തുടരുകയും കൽപ്പനാസ്വരങ്ങളിലൂടെയും രാഗാലാപനത്തിലൂടെയും പുരോഗമിക്കുകയും ചെയ്യുന്ന നിലവിലെ വ്യവസ്ഥയെ കർശനമായി പിന്തുടരണമെന്ന വാശിക്ക് അന്തർലീനമായി നില്‍ക്കുന്നത് അധികാരഘടന തന്നെയാണെന്ന് കൃഷ്ണ വിശദീകരിച്ചു. ‘അരിയക്കുടി പദ്ധതി’യെ പിൻപറ്റാതിരിക്കുന്നതിലൂടെ താൻ ചോദ്യം ചെയ്യാനാഗ്രഹിക്കുന്നതും ഈ അധികാര വ്യവസ്ഥയെയാണെന്നും അദ്ദേഹം പറഞ്ഞു.

കർണാടക സംഗീതത്തിലേക്ക് പുതിയ പാഠങ്ങളെ കൊണ്ടു വരാന്‍ 80കളിൽ യേശുദാസ് നടത്തിയ ശ്രമങ്ങളെക്കുറിച്ച് ഡിസി ബുക്സ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘സ്‌പേസസ് ഫെസ്റ്റ് 2019’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടിഎം കൃഷ്ണ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍