UPDATES

വീഡിയോ

‘അധികാരത്തില്‍ പങ്കാളിത്തമുണ്ടെങ്കിലെ അവകാശങ്ങളും ലഭിക്കൂ’ എന്തു കൊണ്ട് ട്രാന്‍സ്‌ജെന്റേഴ്‌സ് രാഷ്ട്രീയത്തില്‍ ഇറങ്ങണം ചിഞ്ചു അശ്വതി-അഭിമുഖം

ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് ആനന്ദ് എന്ന പേരാണെങ്കിലും അറിയപ്പെടുന്നത് അശ്വതി രാജപ്പന്‍ എന്ന പേരിലാണ്.

ഇന്ത്യയില്‍നിന്നും ആദ്യമായി ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിച്ച  മിശ്രലിംഗ സ്ഥാനാര്‍ത്ഥിയാണ് ചിഞ്ചു അശ്വതി. എറണാകുളം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ചിഞ്ചു അശ്വതി ജനവിധി തേടിയത്. അധികാരത്തില്‍ പങ്കാളികളായെങ്കില്‍ മാത്രമെ അവകാശങ്ങിലും പങ്കാളിത്തം ലഭിക്കയുള്ളൂ എന്ന അംബേദ്കറിന്റെ ആശയത്തില്‍ വിശ്വസിക്കുന്ന ചിഞ്ചു, അരികുവത്കരിക്കപ്പെടുന്ന ട്രാന്‍സ്ജെന്റെഴ്സിന് അധികാരപങ്കാളിത്തത്തിന്റെ ആവശ്യമുണ്ട് എന്നും അതിനായി ഇനി എല്ലാ ഇലക്ഷനുകളിലും ട്രാന്‍സ്ജെന്റെഴ്സിന്റെ പങ്കാളിത്തം ഉറപ്പാക്കുമെന്നും പറയുന്നു. അശ്വതി രാജപ്പന്‍ എന്നാണ് സര്‍ട്ടിഫിക്കറ്റുകളിലെ പേര്. ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് ആനന്ദ് എന്ന പേരാണെങ്കിലും അറിയപ്പെടുന്നത് അശ്വതി രാജപ്പന്‍ എന്ന പേരിലാണ്.

ട്രാന്‍സ്ജെന്റെഴ്സിന്റെ രാഷ്ട്രീയ പങ്കാളിത്തം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

കേരളത്തില്‍ 20 വര്‍ഷത്തോളമായി പ്രമുഖ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ട്രാന്‍സ്‌ജെന്റ്‌റേഴ്‌സിന്റെ അവസ്ഥയില്‍ ഇപ്പോള്‍ കാണുന്ന മാറ്റം ഉണ്ടായിരിക്കുന്നതെന്ന് പറയാം. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തില്‍ ക്വുവര്‍ മൂവ്മെന്റ് നടക്കുന്നു. അതിന്റെയെല്ലാം ഭാഗമായാണ് കേരളത്തില്‍ ഇപ്പോള്‍ പല മാറ്റങ്ങളും ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന ഇവിടെ നടപ്പിലാവുന്നില്ല എന്നു തന്നെ പറയാം. ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്നത് വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്നാണ് അല്ലാതെ വീ ആര്‍ ദ മെയില്‍ ആന്റ് ഫീമെയില്‍ ഓഫ് ഇന്ത്യ എന്നല്ല. അതുകൊണ്ടു തന്നെ അതില്‍ പറയുന്ന പീപ്പിളില്‍ ഞങ്ങളും ഉള്‍പ്പെടുന്നുണ്ട്. പിന്നെ എന്തു കൊണ്ട് ഞങ്ങള്‍ക്കു ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു.

കേരളത്തിലെ ട്രാന്‍സ് ആക്ടിവിസ്റ്റുകള്‍ മന്ത്രിയായിരുന്ന കാലത്ത്  എംകെ മുനീറിനെ നേരിട്ടുകണ്ട് ഒരു ട്രാന്‍സ് സര്‍വ്വെ നടത്താന്‍ ആവശ്യപ്പെടുകയും മുനീര്‍ ഇടപെട്ട് അങ്ങനെ കേരളത്തില്‍ ഒരു ട്രാന്‍സ് ജെന്റെര്‍ സര്‍വ്വെ നടക്കുകയും ചെയ്തു അതിന്റെ ഭാഗമായി ഒരു ട്രാന്‍സ്ജെന്റെര്‍ പോളിസി നിലവില്‍ വരികയും ചെയ്തു. കൃത്യമായി ഒരു ട്രാന്‍സ് പ്രതിനിധി നമ്മുടെ മന്ത്രിസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ആവശ്യങ്ങള്‍ അയാള്‍ക്ക് തന്നെ ഉന്നയിക്കാമായിരുന്നു.

2015 ല്‍ ആണ് ട്രാന്‍സ് ജെന്റെര്‍ പോളിസി നിലവില്‍ വരുന്നത്. എന്നിട്ടും ഇന്നും സമൂഹത്തില്‍ ട്രാന്‍സ് ജെന്റേഴ്സിന്റെ അവസ്ഥ മാറിയിട്ടില്ല. നിയമപരമായി യാതൊരു വിധ പരിരക്ഷയും  ഞങ്ങള്‍ക്ക് ലഭിക്കുന്നുമില്ല. നല്ല ജോലിയൊ താമസിക്കാനൊരിടമൊ ലഭിക്കുന്നില്ല. അതു പോലെ തന്നെ മെയില്‍ ഫീമെയില്‍ എന്നതിനു പുറമെ സർക്കാർ രേഖകളിലെല്ലാം ട്രാന്‍സ്ജെന്റെര്‍ എന്നു കൂടി ഒരു കോളം വേണമെന്ന് നിയമുണ്ട്. അതും പൂര്‍ണ്ണമായി നടപ്പിലാക്കപ്പെട്ടിട്ടില്ല. മറ്റൊരു കാര്യം സ്ത്രീയാണൊ പുരുഷനാണൊ ട്രാന്‍സ്ജെന്റെറാണൊ എന്നത് ഒരു ട്രാന്‍സ് ജെന്റെര്‍ക്ക് സ്വയം തീരുമാനിക്കാം എന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. അത് അയാളുടെ അവകാശമാണ്. ആ സുപ്രീം കോടതിക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ഒരു ട്രാന്‍സ് ജെന്റെറായ ആള്‍ക്ക് ജെന്റെര്‍ മാറ്റണമെന്നുണ്ടെങ്കില്‍ ശസ്ത്രക്രിയ ചെയ്തു എന്നുള്ള സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ട്. അത് സുപ്രീംകോടതി വിധിയിലുള്ള ലംഘനമാണ്. ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കാനൊ ഒന്നും ട്രാന്‍സ്ജെന്റെഴ്സിന് എവിടെയും പ്രതിനിധികളില്ല.


ട്രാന്‍സ് വ്യക്തികള്‍ക്ക് പോലീസിന്റെ ഭാഗത്തു നിന്നും സമൂഹത്തിൻ്റെ  ഭാഗത്തുനിന്നും നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇതൊക്കെ നിയമത്തിന്റെ പരിരക്ഷയില്‍ കൊണ്ടു വരാൻ ആരെങ്കിലും വേണം. നിയമപരമായി തന്നെ ട്രാന്‍സ്ജെന്റെഴ്സിന് പ്രൊട്ടക്ഷന്‍ ആവശ്യമാണ്. ട്രാന്‍സ് ജെന്‍ഡര്‍ പോളിസിയില്‍ നാട്ടുകാരും പോലീസുമെല്ലാം ട്രാന്‍സ്ജെന്റെഴ്സിനെ ഉപദ്രവിക്കുന്നത് തെറ്റാണെന്ന് എന്നു പറയുന്നുണ്ട്. എന്നാലും അങ്ങനെയൊരു കുറ്റം ചെയ്താല്‍ എന്താണ് ശിക്ഷ എന്നതിനെപറ്റി ഒരു ഗൈഡ്ലൈന്‍ കൊണ്ടു വന്നിട്ടില്ല. കൊണ്ടു വന്നിട്ടുള്ളതിലാകട്ടെ രണ്ടുമാസം തടവ് മാത്രമാണ് പറഞ്ഞിട്ടുള്ളത്. അങ്ങനെ നിരവധി പ്രശ്നങ്ങള്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ ഇടയിലുണ്ട്.

ട്രാന്‍സ്ജെന്റെഴ്സിനെ കൂടി ഉള്‍ക്കൊള്ളിക്കുന്നതാണോ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍

മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്നത്തെ ഒരു സാഹചര്യത്തില്‍ ട്രാന്‍സ്‌ജെന്റെര്‍ ആളുകളെ അഡ്രെസ് ചെയ്യാതെ മുന്നോട്ട് പോകാന്‍ പറ്റില്ല എന്നുള്ള ഒരു സാമൂഹ്യ അന്തരീക്ഷം ഇവിടെ സൃഷ്ടിക്കപെട്ടിട്ടുണ്ട്. ഇപ്പോള്‍ എസ്എഫ്‌ഐ ട്രാന്‍സ്‌ജെന്റെര്‍ ആളുകള്‍ക്ക് മെമ്പര്‍ഷിപ് നല്‍കി, അവരുടെ മെംബെര്‍ഷിപ് ഫോമില്‍ ട്രാന്‍സ്‌ജെന്റെര്‍ കോളം കൊണ്ടു വന്നു. അതു പോലെ തന്നെ മറ്റു പല വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും അവരുടെ പാര്‍ട്ടിയില്‍ അംഗത്വവും യൂണിറ്റില്‍ ഉള്‍പ്പെടുത്തുകയും ഒക്കെ ചെയ്യുന്നു. എന്നിട്ടും അധികാര പങ്കാളിത്തം ഉണ്ടാക്കുന്നില്ല എന്നിടത്താണ് പ്രശ്‌നം. പാര്‍ട്ടികളോട് അനുഭാവം പുലര്‍ത്തുന്ന നല്ല കഴിവുള്ള വ്യക്തികള്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയിലുണ്ട്. എന്നാല്‍ അധികാരത്തില്‍ പങ്കാളിത്തം ലഭിക്കുന്നില്ല. സ്ത്രീകള്‍ക്ക് പങ്കാളിത്തം കൊടുക്കുന്നില്ല, അപ്പോള്‍ പിന്നെ ട്രാന്‍സ്‌ജെന്റെഴ്‌സിന്റെ കാര്യം പറയണ്ടല്ലോ. ഇനി വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും  ട്രാന്‍സ്‌ജെന്റെഴ്‌സ് മത്സരിക്കും. അത്തരത്തിലുള്ളൊരു തീരുമാനം ഞങ്ങള്‍ എടുത്തിട്ടുണ്ട്. അതു പോലെ തന്നെ കുറച്ചുകൂടി ആളുകള്‍ക്ക് ഫെമിലിയറായിട്ടുള്ളവരെയായിരിക്കും മത്സരിക്കാന്‍ തിരഞ്ഞെടുക്കുക.

ട്രാന്‍സ് വുമണ്‍, ട്രാന്‍സ് മെന്‍ പ്രശ്നങ്ങള്‍ അടയാളപ്പെടുത്തേണ്ടത് എങ്ങനെ

ട്രാന്‍സ്ജെന്റെര്‍ എന്നു പറയുമ്പോള്‍ അതില്‍ തന്നെ ട്രാന്‍സ് മാസ്‌കുലിന്‍ ആയിട്ടുള്ളവരുണ്ട്, ട്രാന്‍സ് ഫെമിനിയനായിട്ടുള്ളവരുണ്ട്. അതുകൊണ്ട് തന്നെ അവരുടെ രണ്ട് പേരുടെയും പ്രശ്നങ്ങള്‍ രണ്ടായി തന്നെ പറയേണ്ടതുണ്ട്. പലപ്പോഴും നമുക്ക് ട്രാന്‍സ്ജെന്റെര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ മെയില്‍ ടു ഫീമേല്‍ ആയവര്‍ മാത്രമാണുള്ളത് എന്നാണ് പൊതുധാരണ. ആ ധാരണ മാറേണ്ടതുണ്ട്. പൊതുവില്‍ ഈ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അധികാരനില വളരെ കുറവാണ്. അതു നമുക്കെല്ലാവര്‍ക്കുമറിയാം. ഇതു തന്നെയാണ് ട്രാന്‍സ് മെനിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഒരു ട്രാന്‍സ്മൊനായിട്ടുള്ള ആള്‍, ഞാന്‍ ഒരു പെണ്‍കുട്ടി അല്ല, ആണ്‍കുട്ടിയാണെന്നു പറഞ്ഞാല്‍ നീ ഒരു പെണ്ണാണ് എന്നാണ് ആദ്യം ഓര്‍മിപ്പിക്കുന്നത്. ആ ഒരു പ്രിവിലേജ് ഇല്ലായ്മയുണ്ട്. മറിച്ച് ട്രാന്‍സ് വുമണായിട്ടുള്ളവര്‍ക്ക് ഞാന്‍ ഒരു പുരുഷനാണ് എന്നു പറയുമ്പോള്‍ ഇത്രയും പ്രശ്നമുണ്ടാകുന്നില്ല. അവര്‍ക്കെന്തായാലും ട്രാന്‍സ്മെനിനെക്കാള്‍ പ്രിവിലേജുണ്ട്. എന്തെങ്കിലും കാരണം കൊണ്ട് വീടുവിട്ട് ഇറങ്ങേണ്ടി വരുമ്പോള്‍ ട്രാന്‍സ്മെനിന് ശാരീരിക അവസ്ഥവച്ച് ഒരിക്കലും വഴിയരികില്‍ കിടക്കാന്‍ സാധിക്കില്ല. വളരെ സുരക്ഷിതത്വമില്ലായ്മയാണ് അവര്‍ നേരിടേണ്ടിവരുന്നത്. അതിനാല്‍ തന്നെ ഇവരുടെ വിഷയങ്ങള്‍ രണ്ടും രണ്ടാണ്. അത് രണ്ടും രണ്ട് തരകത്തില്‍ തന്നെ അഡ്രസ് ചെയ്യണം. അത് ഉറപ്പായിട്ടും അങ്ങനെ തന്നെയാണ് വേണ്ടത്.

ഇന്റെര്‍സെക്സ് ആളുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണ്

ഇവിടെ എത്ര പെണ്‍ ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ട് എന്നുള്ളതിന് കണക്കുകളുണ്ട്. അതു തടയാനുള്ള മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. പക്ഷെ ഇവിടെ മരിച്ചു വീഴുന്ന ഇന്റെര്‍ സെക്സ് കുട്ടികള്‍ക്ക് കണക്കില്ല എന്നുള്ളതാണ് സത്യം. ഇവിടെ ജനിക്കാന്‍ പോകുന്ന കുട്ടിയുടെ ലിംഗ നിര്‍ണ്ണയം നടത്തുന്നത് തന്നെ തെറ്റാണ,് ഈ സാഹചര്യത്തിലാണ് ലിംഗ പരിശോധന നടത്തി ഇന്റെര്‍ സെക്സായുള്ള കുട്ടിയാണെങ്കില്‍ ഇത് വൈകല്യമാണെന്ന് ഡോക്ടര്‍ പറയുന്നത്. വൈകല്യമുള്ളൊരു കുട്ടിയെ സ്വീകരിക്കാന്‍ ഒരു മാതാപിതാക്കളും തയ്യാറാകില്ലല്ലൊ. അങ്ങനെ നിരവധി അബോഷനുകള്‍ ഇവിടെ നടക്കുന്നുണ്ട്. ഇതെല്ലാം നിയമം മൂലം തന്നെ നിരോധിക്കേണ്ടതിന്റെ ആവശ്യമുണ്ട്. അതിനൊരു നിയമ നിര്‍മ്മാണം ഉണ്ടാകുന്നില്ല. അതു പോലെ തന്നെ ഒരു കുട്ടി മിശ്രലിംഗത്തോടെയാണ് ജനിക്കുന്നത് എങ്കില്‍ ഉടനെ തന്നെ ശസ്ത്രക്രിയ ചെയ്യുകയും ആകുട്ടിയെ ആണിലേക്കൊ പെണ്ണിലേക്കൊ മാറ്റുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കുട്ടിയുടെ സമ്മതമില്ലാതെ നടക്കുന്ന സര്‍ജറികളും അബോഷനുകളുമെല്ലാം നിയമം മൂലം നിരോധിക്കേണ്ടതിന്റെ അത്യാവശ്യമുണ്ട്.

ഞാന്‍ തന്നെ എന്റെ 22 വയസ്സുവരെ വിചാരിച്ചിരുന്നത് ഞാന്‍ ഒരു പെണ്‍കുട്ടിയാണെന്നാണ്. പിന്നീടാണ് എനിക്കു മനസിലാകുന്നത് എന്റെ ശാരീരികാവസ്ഥയെ ഇന്റെര്‍ സെക്സ് എന്നാണ് പറയുന്നതെന്ന്. എന്നെപോലെ നിരവധിയാളുകള്‍ ഉണ്ടെന്നും ഞാന്‍ പിന്നീടാണ് അറിയുന്നത്. ഇതെല്ലാം നമ്മുടെ വിദ്യാഭ്യാസത്തിന്റെ കൂടി പ്രശ്നമാണ്. മെഡിക്കല്‍ സിലബസ് ഈ വര്‍ഷം പരിഷ്‌ക്കരിക്കുകയുണ്ടായി. അതില്‍ പോലും ഇന്റെര്‍സെക്സ് ആളുകളെപറ്റി അവര്‍ പറയുന്നത് ഹെര്‍മൊപ്രോഡേറ്റ് എന്നാണ്. ഇന്റെര്‍ സെക്സ് എന്ന് അവര്‍ പഠിക്കുന്നില്ല. അതു പോലെ തന്നെ മെഡിക്കല്‍ സിലബസ്സിനകത്ത് ട്രാന്‍സ്ജെന്റെര്‍ ആളുകളെക്കുറിച്ച് പറയുന്നതെ ഇല്ല. അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനും ഞങ്ങളുടെ കമ്മ്യൂണിറ്റിക്കകത്തേക്ക് ഒരു ശ്രദ്ധകിട്ടാനും വേണ്ടി ഞങ്ങളുടെ പ്രതിനിധികള്‍ അധികാരസ്ഥാനത്ത് ഉണ്ടായെ പറ്റൂ.

അശ്വതി രാജപ്പനില്‍ നിന്നും ചിഞ്ചു അശ്വതിയിലേക്ക് / ആനന്ദിലേക്ക്

2016 ലെ പ്രൈഡിനു ശേഷമാണ് ഞാന്‍ ഒരു ഇന്റെര്‍ സെക്സ് ആയിട്ടുള്ള വ്യക്തിയാണെന്നും എന്റെ ജെന്‍ഡര്‍ ട്രാന്‍സ് ആണെന്നുമെല്ലാമുള്ള ബോധം വന്നതും അതു പറഞ്ഞ് പുറത്തേക്കു വരുന്നതും അപ്പോഴാണ്. ശീതള്‍ ശ്യം, ഫൈസല്‍ അവരെയൊക്കെ കേട്ട് പഠിച്ചാണ് ഞാന്‍ പഠിച്ചത്. എന്റെ ഒരു കസിന്‍ സിസ്റ്ററുണ്ട് സതി അങ്കമാലി. ഒരിക്കല്‍ അവരെന്നോട് ചോദിച്ചു നീ എങ്ങനെയാണ് നിന്നെ സ്വയം മനസിലാക്കുന്നത് എന്ന്. എന്റെ ജീവിതം മാറ്റിയ ഒരു ചോദ്യമായിരുന്നു അത്. അതുവരെ എന്നോട് ആരും അങ്ങനെ ചോദിച്ചിട്ടില്ലായിരുന്നു. അന്ന് ഞാന്‍ കരഞ്ഞു, ആദ്യമായിട്ടും അവസാനമായിട്ടും എന്റെ ഐഡന്റിറ്റിയെ പറ്റി ഓര്‍ത്ത് ഞാന്‍ കരഞ്ഞത് അപ്പോഴാണ്. അന്ന് ഒരുപാട് സംസാരിച്ചു. ചേച്ചിക്ക് അറിയാം ഞാന്‍ ഒരു ഇന്റെര്‍ സെക്സ് ആയിട്ടുള്ള വ്യക്തിയാണെന്ന്. അങ്ങനെ ചേച്ചിയാണ് എന്നെ രേഖചേച്ചിയുടെ (രേഖരാജ്) അടുത്ത് കൊണ്ടു പോകുന്നത്. രേഖേച്ചിയാണ് എന്നോട് പറയുന്നത് നിന്റെ ശാരീരികാവസ്ഥയുടെ പേര് ഹെര്‍മൊപ്രോഡേറ്റ് എന്നാണെന്നും ഇങ്ങനെ നിരവധികുട്ടികള്‍ ഉണ്ടെന്നും. അങ്ങനെ എനിക്ക് ചില പുസ്തകങ്ങളും സിനിമകളുമെല്ലാം എനിക്കു നല്‍കി. അവിടെ നിന്നുമാണ് ഞാന്‍ സ്വയം പഠിക്കാനും അറിയാമനുമെല്ലാം തുടങ്ങിയത്. പിന്നീടെനിക്ക് മനസിലായി ഹെര്‍മൊപ്രോഡേറ്റ് എന്ന വാക്ക് ഇതിന് അനുയോജ്യമല്ലെന്നും ഇന്റെര്‍സെക്സ് അല്ലെങ്കില്‍ മിശ്രലിംഗം എന്നതാണ് കുറച്ചുകൂടി ശരിയായ വാക്കെന്നും. ഇത് എന്റെ തോന്നലാണ്. പിന്നീട് നിരവധിയാളുകളെ പരിജയപ്പെടുകയുമൊക്കെ ചെയ്തു. അങ്ങനെയങ്ങനെയാണ് ഞാന്‍ ഞാനായത്.

Read More :‘ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള കല്ലറ കൂടി ഒരുക്കൂ’; സുപ്രീം കോടതി പൊളിക്കാന്‍ അന്ത്യശാസനം നല്‍കിയ മരട് ഫ്ലാറ്റിലെ താമസക്കാര്‍

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍