UPDATES

“ഈ സ്ഥാനത്ത് ഒരു ജവാന്‍ ആയിരുന്നെങ്കില്‍ വീരചക്രം കൊടുത്തേനെ”: സ്വന്തം ലൈഫ് കളഞ്ഞും ജീവന്‍ തിരിച്ചുപിടിക്കുന്ന ലൈഫ് ഗാര്‍ഡുകൾ പറയുന്നു

തിരുവന്തപുരത്തെ ശംഖുമുഖം ബീച്ചില്‍ കടലിലേക്കു ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടയില്‍ ജോണ്‍സണ്‍ ഗബ്രിയേല്‍ എന്ന ലൈഫ് ഗാര്‍ഡ് തിരയില്‍പ്പെട്ടു മരിച്ചു

“ലൈഫ് കളഞ്ഞ് ലൈഫ് കൊടുത്ത ലൈഫ് ഗാര്‍ഡാണ് ഞങ്ങളുടെ ജോണ്‍സണ്‍. ലൈഫ് ഗാര്‍ഡുമാരുടെ ലൈഫിന് ഒരു വിലയുമില്ല. മറ്റുള്ളവരുടെ ലൈഫിന് മാത്രമെ വിലയുള്ളൂ. അത് ജോണ്‍സണിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. വെയിലായാലും മഴയായാലും ഞങ്ങള്‍ ബീച്ചില്‍ തന്നെ നില്‍ക്കണം. എന്തിന് ഒരു ഇടിമിന്നല്‍ ഉണ്ടായാല്‍ പോലും ലൈഫ് ഗാര്‍ഡുമാര്‍ ഇവിടെയുണ്ടാവണം. സുനാമി വരുന്നെന്ന് അറിഞ്ഞാല്‍ എല്ലാവര്‍ക്കും ഓടി രക്ഷപ്പെടാം. എന്നാല്‍ ലൈഫ് ഗാർഡുമാരായ ഞങ്ങള്‍ക്ക് പോകാനാവില്ല. എന്നിട്ടും ഞങ്ങളെ തിരിഞ്ഞു നോക്കാന്‍ ഇവിടെ ആരും ഇല്ലാത്തതില്‍ വിഷമമുണ്ട്,” ഇത്രയും പറഞ്ഞപ്പോള്‍ തന്നെ റോജിന്റെ കണ്ണു നിറഞ്ഞിരുന്നു.

ഈ മാസം 21നാണ് തിരുവന്തപുരത്തെ ശംഖുമുഖം ബീച്ചില്‍ കടലിലേക്കു ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടയില്‍ ജോണ്‍സണ്‍ ഗബ്രിയേലിനെ കാണാതാവുന്നത്. പെണ്‍കുട്ടി കടലില്‍ ചാടുന്നതു കണ്ട ജോണ്‍സണ്‍ രക്ഷിക്കുന്നതിനായി കടലിലേക്ക് ഓടിയിറങ്ങി. പെണ്‍കുട്ടിയെ രക്ഷിച്ച് സഹപ്രവര്‍ത്തകരുടെ കൈയ്യില്‍ ഏല്‍പ്പിച്ച ശേഷം പൊടുന്നനെ ജോണ്‍സണ്‍ തിരയില്‍പ്പെട്ടു പോവുകയുമായിരുന്നു. ഇതിനിടയില്‍ ജോണ്‍സന്റെ തല കല്ലില്‍ ഇടിച്ചെന്നും പറയുന്നുണ്ട്. മൂന്നാമത്തെ ദിവസം ഉച്ചയോടെ ജോണ്‍സന്റെ മൃതദേഹം വലിയതുറ തീരത്തു നിന്നും കണ്ടെത്തി. മൃതദേഹത്തിന്റെ തലയിലും മറ്റ് ശരീര ഭാഗങ്ങളിലുമെല്ലാം മുറിവുകള്‍ ഉണ്ടായിരുന്നു. ജോണ്‍സണെ കാണാതായി രണ്ട് മണിക്കൂറിന് ശേഷമാണ് തെരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ട് എത്തിയത്. ഇതിനെതിരെ നാട്ടുകാരുടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് ശംഖുമുഖത്ത് വലിയതോതില്‍ തീരശോഷണം സംഭവിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഈ ഭാഗത്ത് അപകട സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം മറികടന്നാണ് പെണ്‍കുട്ടി കടലില്‍ ചാടിയത്.

“ജോണ്‍സണ്‍ ഗബ്രിയേലും ഞാനും ഒരുമിച്ചാണ് ജോലിക്കു കയറുന്നത്. അവന്‍ ഇപ്പോള്‍ കൂടെയില്ല. മൂന്നാറുകാരിയായ പെണ്‍കുട്ടിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. സുരക്ഷാ വേലികള്‍ ഉണ്ടായിരുന്നെങ്കിലും ആ കുട്ടി അത് മറികടന്നു കടലിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇതുകണ്ട ജോണ്‍സണും രക്ഷിക്കുന്നതിനായി കൂടെ എടുത്തു ചാടി. ജോണ്‍സണെ തിര വന്ന് തൂക്കിയടിക്കുകയായിരുന്നു. ശംഖുമുഖത്തെ സൈഡ് പാളികളെല്ലാം തന്നെ പൊളിഞ്ഞു കിടക്കുകയാണ്. അതിന്റെ കോണ്‍ക്രീറ്റ്‌ കട്ടയിലൊ മറ്റൊ തലയിടിച്ചോ എന്ന് സംശയിക്കുന്നുണ്ട്. എന്നിട്ടും ജോണ്‍സണ്‍ പെണ്‍കുട്ടിയെ പിടി വിടാതെ രക്ഷിക്കുകയായിരുന്നു.” സഹപ്രവര്‍ത്തകനായ റോജിന്‍ പറഞ്ഞു.

ജോലിക്കിടയില്‍ മരണപ്പെടുന്ന ലൈഫ് ഗാര്‍ഡുമാര്‍ക്ക് യാതൊരു ആനുകൂല്യവും സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതാണ് ഇവരുടെ പ്രധാന ആക്ഷേപം. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവിതം നഷ്ടപ്പെടുത്തുന്ന ലൈഫ് ഗാര്‍ഡിനെ ആരും ഓര്‍ക്കില്ല. അയാളുടെ കുടുംബം പിന്നീട് എങ്ങനെ ജീവിക്കുന്നു എന്നതും ആരേയും ബാധിക്കുന്ന വിഷയമല്ല. “ജോണ്‍സന്റെ കുടുംബത്തിന് എന്തെങ്കിലും സഹായം കിട്ടും എന്ന ഒരു പ്രതീക്ഷയും ഞങ്ങള്‍ക്കില്ല. കാരണം മറ്റൊന്നുമല്ല ഇതുവരെ ഞങ്ങള്‍ക്ക് ഒരു ഇന്‍ഷൂറന്‍സ് പോലും ഇല്ല. ബീച്ച് കാണാന്‍ വരുന്നവര്‍ക്ക് മാത്രമല്ലല്ലോ ഞങ്ങള്‍ക്കും അപകടങ്ങള്‍ സംഭവിക്കാം. അങ്ങനെ സംഭവിച്ചാലും ഞങ്ങള്‍ക്ക് ഒരു സഹായവും ലഭിക്കാറില്ല. ഇതിനു മുന്‍പ് പലര്‍ക്കും അപകടം സംഭവിച്ചിട്ടുണ്ട്. അന്നെല്ലാം ചികിത്സിച്ചത് സ്വന്തം കൈയില്‍ നിന്നും പണം എടുത്താണ്,” റോജിന്‍ പറഞ്ഞു.

ഓരോ ദിവസവും രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണിവരെ ബീച്ചില്‍ എത്തുന്ന ഓരോ മനുഷ്യ ജീവനും കാവല്‍ നില്‍ക്കുകയാണിവര്‍. നിരവധിപേരുടെ ജീവന്‍ രക്ഷിക്കുമ്പോഴും ഇവരുടെ ജീവനും ജീവിതത്തിനും ഒരുറപ്പും എവിടെ നിന്നും ലഭിക്കുന്നില്ല. 180ല്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡ്‌സാണ് കേരളത്തില്‍ ആകെയുള്ളത്. ദിവസക്കൂലിക്കാണ് ഇവര്‍ ഓരോരുത്തരും ജോലി ചെയ്യുന്നത്. 30 വര്‍ഷത്തില്‍ കൂടുതലായി ജോലി ചെയ്യുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. എന്നിട്ടും ഇതുവരെ ജോലി സ്ഥിരപ്പെടുത്തുകയോ, പേരിനൊരു ഇന്‍ഷൂറന്‍സ് പോലും ഇല്ല. അപകടം പറ്റി കിടപ്പിലായാലും എവിടെ നിന്നും സഹായം പ്രതീക്ഷിക്കരുതെന്ന് ചുരുക്കം.

“ഒരാള്‍ അപകടത്തില്‍ പെട്ടു കിടക്കുമ്പോള്‍ ഞങ്ങളുടെ ജീവന്‍ പണയം വെച്ചാണ് രക്ഷിക്കാന്‍ പോകുന്നത്. ചിലപ്പോള്‍ തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും അപകടം പറ്റിയെന്നിരിക്കും. ഒരിക്കല്‍ ഒരാളെ രക്ഷിക്കാന്‍ കടലില്‍ പോയി. ആളെ രക്ഷപ്പെടുത്തി കൊണ്ടു വന്നു. പക്ഷെ എന്റെ കാലിന് പരിക്കു പറ്റി. മൂന്ന് മാസമാണ് ഞാന്‍ വീട്ടില്‍ കിടന്നത്. ഒരു സഹായവും എനിക്കു കിട്ടിയിട്ടില്ല. ഒരു രൂപ പോലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ലഭിച്ചില്ല. അന്ന് ലൈഫ് ഗാര്‍ഡുമാര്‍ എല്ലാവരും ചേര്‍ന്ന്‌ കുറച്ച് പൈസ പിരിച്ച് എനിക്കു തന്നു. അതു മാത്രമാണ് അന്നു ലഭിച്ച സഹായം. അന്ന് സഹായത്തിനായി ഞാന്‍ അപേക്ഷിച്ചെങ്കിലും ഒന്ന് പരിഗണിക്കുക പോലും ചെയ്തില്ല. ഒരു പരിഗണനയും എവിടെ നിന്നും ലഭിക്കുന്നില്ല. ഒരു മോട്ടര്‍ ബോട്ടെങ്കിലും അത്യാവശ്യമായി ഞങ്ങള്‍ക്കു വേണം എന്നാണ് എനിക്കു പറയാനുള്ളത്. ഞങ്ങള്‍ക്കൊരു ബോട്ട് ഉണ്ടായിരുന്നെങ്കില്‍ ജോണ്‍സണെ തിരഞ്ഞു പോകാന്‍ ബോട്ട് വാടകയ്ക്ക് എടുക്കേണ്ടി വരില്ലായിരുന്നു,” 29 വര്‍ഷമായി ലൈഫ് ഗാര്‍ഡായി ജോലി ചെയ്യുന്ന അശോകന്‍ പറഞ്ഞു.

“ഒരുപാട് മനുഷ്യ ജീവിതങ്ങള്‍ ഞങ്ങള്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഞങ്ങളുടെ ജീവിതത്തിന് എവിടെ നിന്നും രക്ഷ ലഭിക്കുന്നില്ല എന്നതാണ് സത്യം. ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകനാണ് ഇവിടെ ജീവത്യാഗം ചെയ്തിരിക്കുന്നത്. ഈ സ്ഥാനത്ത് ഒരു ജവാന്‍ ആയിരുന്നെങ്കില്‍ വീരചക്രം കൊടുത്തേനെ. ഞങ്ങളായതു കൊണ്ട് ഒന്നുമില്ല. ആരും ശ്രദ്ധിക്കുന്നതു പോലുമില്ല. സ്വന്തം ജീവന്‍ കളഞ്ഞാണ് ജോണ്‍സണ്‍ മറ്റൊരാള്‍ക്ക് ജീവന്‍ കൊടുത്തിരിക്കുന്നത്. ഞങ്ങള്‍ രക്ഷപ്പെടുത്തിയ ജീവനുകള്‍ക്ക് ഒരു കണക്കുമില്ല. അതിന് ഞങ്ങള്‍ കണക്ക് പറയുകയുമില്ല. ഞങ്ങളെ ഇനിയെങ്കിലും പരിഗണിക്കണം എന്നുമാത്രമെ എനിക്കു പറയാനുള്ളൂ,” ലൈഫ് ഗാര്‍ഡ്‌സ് സൂപ്പര്‍വൈസറായ ശങ്കര്‍ പറഞ്ഞു നിര്‍ത്തി.

ജിസ്‌ക്കി, വാക്കി ടോക്കി, ബൈനോക്കുലര്‍, ബോട്ട് തുടങ്ങിയവയെല്ലാമാണ് ഇപ്പോള്‍ ഇവരുടെ പ്രധാന ആവശ്യങ്ങള്‍. കടലില്‍ കുറച്ചു ദൂരെ അപകടം നടന്നാല്‍ അത് അറിയാനും അവിടെ പോയി രക്ഷിക്കാനും ഈ സാധങ്ങള്‍ അത്യാവശ്യമാണ് താനും. ഇപ്പോള്‍ ഇവര്‍ക്ക് കടലിലേക്ക് പോകണമെന്നുണ്ടെങ്കില്‍ നീന്തുക മാത്രമെ വഴിയുള്ളൂ.

“34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരു അപകടം ഉണ്ടാവുന്നത്. ഇവിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു ലഭിക്കുന്ന പരിഗണന പോലും ഞങ്ങള്‍ക്കു ലഭിക്കുന്നില്ല. 1986ലാണ് ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്നത് അന്നു മുതല്‍ ദിവസക്കൂലിക്കാണ് പണിയെടുക്കുന്നത്. ഒരുമാസം 750 രൂപയായിരുന്നു ആദ്യകാലത്ത് ലഭിച്ചിരുന്ന വേതനം. എനിക്ക് 58 വയസ്സായി ഈ ജോലിവെച്ച് ഞാന്‍ ഒന്നും നേടിയിട്ടില്ല. ഞങ്ങള്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. ഇത്രവര്‍ഷമായിട്ടും ജോലിയില്‍ സ്ഥിരപ്പെടുത്തിയിട്ട് പോലുമില്ല. ഞങ്ങളുടെ സുരക്ഷയ്ക്കായി ഒരു സംവിധാനവും ഇവിടെയില്ല,” സിസില്‍ പെരേര അഴിമുഖത്തോട് പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങളെല്ലാം തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിരന്തരമായി ഇവര്‍ അറിയിക്കുന്നുണ്ട്. എന്നിട്ടും ഇതുവരെ ഇവര്‍ക്കുവേണ്ട ഒരു സംവിധാനവും ആരും ഒരുക്കികൊടുത്തിട്ടില്ല.

“ഇന്ന് ജോണ്‍സണ് സംഭവിച്ചത് നാളെ എനിക്കും സംഭവിച്ചെന്നു വരാം, ജോണ്‍സണ്‍ന്റെ മരണം കൊണ്ടെങ്കിലും ഞങ്ങളുടെ സര്‍വീസിന് എന്തെങ്കിവും മാറ്റം സംഭവിക്കുമൊ എന്നറിയില്ല. പറയേണ്ടതൊക്കെ ഞങ്ങള്‍ എല്ലാവരോടും പറയുന്നുണ്ട്. എന്നിട്ടും ഒരു മാറ്റവും ഇല്ല. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കു പോലും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. എന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു പോലും നോക്കുന്നില്ല. വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവരുടെ പോലും ജീവന്‍ രക്ഷിക്കുന്ന ലൈഫ് ഗാര്‍ഡുമാര്‍ക്ക്‌ ഇവിടെ ഒരു ലൈഫില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജോണ്‍സണ്‍ ഗബ്രിയേലിന്റെ മരണം,” സിസില്‍ പെരേര പറയുന്നു.

സ്ഥിരം ജോലിയല്ലാത്തതിനാല്‍ തന്നെ ഒരു ലോണ്‍ പോലും എടുക്കാനിവര്‍ക്കാവുന്നില്ല. ലോണ്‍ അപേക്ഷയുമായി ചെല്ലുമ്പോള്‍ സാലറി സര്‍ട്ടിഫിക്കറ്റ് ചോദിക്കും അതെടുത്തു കാണിക്കാനില്ലാത്തതിനാല്‍ ലോണും ഇല്ല. “ഞങ്ങളുടെ സര്‍വ്വീസ് സ്ഥിരപ്പെടുത്തി ഞങ്ങളെ സ്ഥിരം ജീവനക്കാരാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ആവശ്യം. അങ്ങനെയാവുമ്പോള്‍ സ്ഥിരം ജോലി എന്നെങ്കിലും പറയാമല്ലൊ. ഞങ്ങള്‍ ഏതെങ്കിലും സാഹചര്യത്തില്‍ മരണപ്പെടുകയാണെങ്കില്‍ വീട്ടുകാര്‍ക്ക് എന്തെങ്കിലും ലഭിക്കുമല്ലൊ. ഞങ്ങള്‍ കടപ്പുറത്ത് താമസിക്കുന്നവരാണ് ഒരു വീട് വേണമെങ്കില്‍, ലോണ്‍ എടുക്കാന്‍ പോലും ഞങ്ങള്‍ക്കാവില്ല. ബാങ്കില്‍ കൊടുക്കാന്‍ ഒരു സാലറി സര്‍ട്ടിഫിക്കറ്റ്‌ പോലും ഇല്ല,” റോജിന്‍ പറഞ്ഞു.

“വരുന്ന മീഡിയാക്കാരോടും പത്രക്കാരോടുമെല്ലാം ഞങ്ങള്‍ ഞങ്ങളുടെ അവസ്ഥ പറയുന്നുണ്ട്. എന്നിട്ടും ഞങ്ങളുടെ ജീവിതത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഞാന്‍  29 വര്‍ഷമായി ലൈഫ് ഗാര്‍ഡായി ജോലി ചെയ്യുന്നു. ഇക്കാലമത്രയും കാണാന്‍ വരുന്നവരോട് മുഴുവന്‍ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ഞങ്ങളുടെ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ല. എന്നിട്ടും അപകടത്തില്‍ പെടുന്ന ഒരാളെ രക്ഷിക്കാന്‍ ഞങ്ങള്‍ ഒരു മടിയും കാണിക്കാറില്ല. ഞങ്ങള്‍ക്കെന്തെങ്കിലും സംഭവിക്കുമൊ എന്ന് രക്ഷിക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ ആലോചിക്കാറുപോലും ഇല്ല. എങ്ങനെയെങ്കിലും ആ ജീവനെ രക്ഷിക്കണം എന്നു മാത്രമെ ഞങ്ങള്‍ ഓര്‍ക്കാറുള്ളൂ,” അശോകന്‍ പറഞ്ഞു നിര്‍ത്തി.

1986ല്‍ ജിം ഹൈന്‍ മാന്‍ എന്ന വിദേശിയാണ് കടലിലെ അപകടങ്ങള്‍ കണ്ട് കേരളത്തില്‍ ആദ്യമായി ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നത്. ആദ്യം അദ്ദേഹത്തിന്റെ കൈയില്‍ നിന്നും പണമെടുത്തായിരുന്നു ലൈഫ് ഗാര്‍ഡുമാര്‍ക്ക്‌ വേതനം നല്‍കിയിരുന്നത്. പിന്നീട് ഇത് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ഗവണ്‍മെന്റ് ഏറ്റെടുക്കുകയും ചെയ്തു. കേരളത്തില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നത് ഒരു മത്സരത്തിലൂടെയാണ്. കടലിലേക്ക് നീന്തിപോയി കനമുള്ള ഒരു സാധനം തിരിച്ചെത്തിക്കണം ഇതാണ് മത്സരം ഈ മത്സരത്തില്‍ വിജയിക്കുന്നവരെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കുകയും ലൈഫ് ഗാര്‍ഡായി നിയമിക്കുകയും ചെയ്യുന്നു. മത്സരത്തിനെത്തുന്നവരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണനയും ഉണ്ട്.

തിരുവന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ശംഖുമുഖം തീരം. ഇവിടം ഇപ്പോള്‍ ഒരു അപകടത്തുരുത്താണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 15 പേരാണ് ഇവിടെ കടലില്‍ വീണിരിക്കുന്നത്. അതില്‍ തന്നെ നാലു പേരെ കണ്ടെത്താനായിട്ടില്ല. പോരാത്തതിന് ഓരോ സീസണിലും ഇവിടുത്തെ തീരം കടലെടുക്കാറുമുണ്ട്. തകര്‍ന്നു വീഴുന്ന ഇരിപ്പിടങ്ങളും നടപ്പാതകളും. തെരുവു വിളക്കുകളൊ സുരക്ഷാ സൗകര്യങ്ങളൊ ഇല്ലാത്ത അവസ്ഥ. ഏറെ നിയന്ത്രണങ്ങളാണ് ഇപ്പോല്‍ ശംഖുമുഖത്തുള്ളത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കടലിലേക്കിറങ്ങിയ ജോണ്‍സണ്‍ന്റെ ജീവനെടുക്കാന്‍ കാരണവും ഇവിടത്തെ സുരക്ഷയില്ലായ്മ തന്നെ. പെണ്‍കുട്ടി ഇറങ്ങിയ സ്ഥലത്തെ പൊട്ടിയ ഇരിപ്പിടങ്ങളും കോണ്‍ക്രീറ്റുമെല്ലാം രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായിരുന്നു. ഇവ നന്നാക്കേണ്ടത് സഞ്ചാരികളുടെ മാത്രമല്ല ലൈഫ് ഗാര്‍ഡുമാരുടെയും സുരക്ഷയ്ക്കും അത്യാവശ്യം തന്നെ.

മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ ഇവര്‍ക്കുള്ളത് ആകെ ഒരു ലൈഫ് ബോയും ട്യൂബും മാത്രം. ഇത് കേവലം തിരുവന്തപുരത്തെ ശംഖുമുഖം ബീച്ചിലെ ലൈഫ് ഗാര്‍ഡുമാരുടെ മാത്രം അവസ്ഥയല്ല. കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള ബീച്ചുകളിലെ എല്ലാ ലൈഫ് ഗാര്‍ഡുമാരുടെയും അവസ്ഥയാണ്. കടലിലിറങ്ങാന്‍ സുരക്ഷിതമായ യാതൊരു അത്യാധുനിക സംവിധാനങ്ങളും ഇല്ലാത്ത ഇവര്‍ സ്വന്തം ജീവിതം പണയപ്പെടുത്തിയാണ് മറ്റൊരാളുടെ ജീവിതം രക്ഷിക്കുന്നത്. ആദ്യകാലത്ത് ഒരു ദിവസം 25 രൂപയായിരുന്നു ഇവരുടെ കൂലി. അതിന്ന് ഒരു ദിവസം 800 രൂപയായിട്ടുണ്ട്. തുക നോക്കിയാല്‍ അതൊരു വലിയ വര്‍ധനവായി തോന്നാം. എന്നാല്‍ അവര്‍ ചെയ്യുന്ന ജോലി പരിഗണിക്കുമ്പോള്‍ ഇതൊരു വര്‍ധനവേയല്ലെന്ന് മനസിലാകും. ശമ്പളത്തിലുള്ള വര്‍ദ്ധനകൊണ്ട് മാത്രമായില്ല. കടലുകാണാന്‍ വരുന്നവരുടെ മാത്രമല്ല ഇവരുടെ ജീവനും വിലയുണ്ട്. മനുഷ്യ ജീവനെ രക്ഷപ്പെടുത്തുന്ന ജോലിയാണിത്. അതിനാല്‍ തന്നെ ഒരു ജോലി എന്നതിനപ്പുറം ഇതിനെ തങ്ങളുടെ കടമയായിക്കൂടി കാണുന്നവരാണ് ഇവര്‍ ഓരോരുത്തരും. എന്നിട്ടും ആരും പരിഗണിക്കാത്തതിന്റെ നിരാശയും ദുഃഖവും മാത്രമാണ് ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ ഇവര്‍ക്കു കൂട്ടായുള്ളത്.

Read More :വെയിലും മഴയും കൊള്ളുന്നവരല്ലേ, കാട്ടില്‍ കിടന്നാലെന്ത്, ഷീറ്റില്‍ കിടന്നാലെന്ത്; ക്യാമ്പുകളില്‍ നിന്നിറങ്ങിയാല്‍ പോകാനൊരിടമില്ലാത്ത നിലമ്പൂരിലെ ആദിവാസികള്‍

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍